2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

തീവണ്ടി യാത്ര


ഇന്നലെ ഞാനൊരു യാത്ര പോയി 
തീ വണ്ടിയിലായൊരു യാത്ര പോയി
നിദ്രയിൽ മുങ്ങിയാ സ്വപ്ന രാവിൽ.

വണ്ടിയിൽ കണ്ടൊരാ കാഴ്ചകളും,
നിറ ജാലകം തന്നൊരാ കാഴ്ചകളു-
മതിലോർമ്മയിൽ തങ്ങിയ ഭാവമെത്രാ...

നീർ, വറ്റി വരോണ്ടോരാ പുഴകളെത്രാ
ഇല പൊഴിയാലുണങ്ങിയ വൃക്ഷമെത്രാ
മഴ കനിയാതുണങ്ങിയ പാടമെത്ര
കവിൾ വാടി ചുളുങ്ങിയ ജീവനെത്ര

പിന്നെയു മുണ്ടാതാ കാഴ്ചകൾ വേറെയു-
മോടീ മറയുന്ന ജീവിത ചിത്രങ്ങൾ.
മേടകൾ ഫ്ളാറ്റുകൾ മന്ദിരങ്ങൾ തിരു-
മോടിയിൽ തീർത്തൊരാർഭാടമെത്രാ...

ആരാധനാലയ കൂട്ടങ്ങളും ബഹു-
കേമത്തിനോട്ടും പിറകിലല്ല.
വിണ്ണിലെ ദേവനും മണ്ണിലിറങ്ങിയാൽ
ധനവാന്റെ  ബന്ധുവായ് തീർന്നിതല്ലൊ .

ഉച്ച വെളിച്ചമെൻ മിഴികളെ തട്ടി-
യുണർത്തിയകറ്റിയീ വെള്ളി ദിനത്തിലെ
ഉച്ചപ്പിരാന്തിന്റെ നിദ്രയും സ്വപ്നവും.

ജാലകം പിന്നിട്ട കാഴ്ചകൾ വിട്ടോരാ
വണ്ടിതന്നുള്ളിലെ ജീവിതം കണ്ടു നേർ-
ചൊല്ലിടാൻ സാധ്യമതില്ലാതെ പോയല്ലോ.

                        -0-

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാട് വിട്ട് പോകണം പോൽ !!!

ശംഖു വിളിച്ചവൻ പാടുന്നു കരിഷത്താൽ 
ശൂലം പിടിച്ചവനാടുന്നു പരുഷത്തിൽ 
ഗർഭം പറിച്ചവൻ ചൊല്ലുന്നരീശത്തിൽ,
സ്വത്വത്തെ വിട്ടുടൻ പോയിടേണം
നാടിനെ വിട്ടുടൻ പോയിടേണം
അമ്മയേ വിട്ടുടൻ പോയിടേണം
മറു നാടിനെ തേടി നീ പോയിടേണം.
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മണ്ണിടം വിട്ടതെങ്ങും.
കയ്യിലെ ശൂലമെൻ ചങ്കിൽ തറച്ചാലും
കത്തിച്ച പന്തമെൻ ജീവനെടുത്താലും
മങ്കകൾ മാനം നീ പിച്ചിയെറിഞ്ഞാലും,
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മാറിടം വിട്ടതെങ്ങും.
എങ്കിലും ചൊല്ലിടുമന്ത്യശ്വാസത്തിലും
എന്നമ്മ,  നിന്നമ്മയൊന്നു തന്നെ,
എൻ  മണ്ണും നിൻ മണ്ണുമൊന്നു തന്നെ.
പാഷാണഹൃദയത്തിൽ വേദാന്തമേൽക്കില്ല-
യെങ്കിലും ചൊല്ലിടാം മദമൊന്നു നില്ക്കുകിൽ,
മക്കൾ തൻ ചോരകൊണ്ടർപ്പണം ചെയ്യുകിൽ,
അമ്മ തൻ മാറും പിളർന്നൊലിക്കും
ചുടു ചോരയിൽ നാമങ്ങോലിച്ചു പോകും.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

വിഷുക്കാലം


കണിക്കൊന്ന പൂത്തല്ലോ
വിഷുപ്പുലരിയിന്നല്ലോ

തേൻവരിക്ക കായിച്ചല്ലോ
മേടമാസമായല്ലോ

കണിക്കായികൾ  മൂത്തല്ലോ
വർഷകാലം വന്നല്ലോ.

നിലമുഴൂതു കൂട്ടട്ടെ 
വിത്തെറിഞ്ഞു പാകട്ടെ

പുള്ളുവത്തി പാടട്ടെ
പുള്ളുവൻ ചിരിക്കട്ടെ.

പൂത്തിരീകൾ  കത്തട്ടെ
കുഞ്ഞു കൈകളാടട്ടെ.

നന്മയെങ്ങും  വാഴട്ടെ
വിഷുക്കാലം വന്നാട്ടെ 

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പൂവിൻ ധർമ്മം

ചൂടാ മലരേ വാടാ തളിരേ...
നിന്നെ കാണാനെന്തു രസം.
പൂന്തേൻ രസമെ കരളിൻ  കുളിരേ....
നിന്നെ ചൂടാനെന്തു കൊതി.

നിൻ മണമെന്നുടെ മേനിയിലെന്നും,
സുരഭില ഗന്ധമതേകട്ടെ.
നീയൊരു നാളിൽ വാടിടുമെങ്കിലും,
നിറവും മണവുമെനിക്കല്ലെ.

നിന്നിലെ പരിമളമെന്നിൽ മാത്രം-
വന്നു പതിക്കണമെന്നൊരു മോഹം.
പ്രേമവുമല്ലത് സ്നെഹവുമല്ലത്,
സ്വാർത്ഥതയാണത് സ്വാർത്ഥത മാത്രം.

നിന്നിലെ തേൻ കനിയൂറ്റിയെടുത്താ-
വണ്ടുകൾ പാറി നടക്കട്ടെ.
നിൻ ജനിപുടമതിലോടി നടന്നവർ,
നിന്നിലെ ദാഹം തീർക്കട്ടെ.

പ്രായമതെത്തും കാലമതോളം,
സ്നേഹമതേകീ മോഹമതെകീ.                            
നീ തൻ ധർമ്മം കായായ് കനിയായ്,
ചെടിയായ് മലരായ് വരൂ നീ വീണ്ടും.
-0-                                                                                           വര - മാർജിൻ സാക്കി