2014, മേയ് 12, തിങ്കളാഴ്‌ച

മരണത്തിന്റെ മാലാഖ


രാത്രി വളരെ വൈകിക്കാണും.  ഔക്കുവിനു ഉറക്കം വരുന്നില്ല. ഒന്നാം വാർഡിലെ അതുവരെ ഉള്ള കാഴ്ചകൾ അത്രക്കും ഭീതിജനകം ആയിരുന്നു. വൈകുന്നേരം ആണ് അവൻ  അവിടെ  എത്തിയത്. പത്താം ക്ളാസ്  പൊതു പരീക്ഷ കഴിഞ്ഞതും ആഹ്ളാദ തിമർപ്പിൽ പുഴയിൽ ചെന്ന് ഒന്ന് നീന്തി തുടിക്കാൻ കൂട്ട്കാരോടൊപ്പം പോയതാ. കുളിച്ചു കൊണ്ടിരിക്കെ കണ്ണും മുഖവും ചുവന്നു വരുന്നത് അവരിൽ ഒരാൾ പറഞ്ഞപ്പോഴും ഔക്കു അതത്ര ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ എത്തിയതും ശരീരമാസകലം ചുവന്നു തുടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി അടുത്ത് തന്നെ ഉള്ളതിനാൽ ഒന്ന് വന്നു കാണിച്ചു പോകാം എന്ന് കരുതിയിരുന്നെങ്കിലും  അഡ്മിറ്റ് ആവുമെന്ന്   കരുതിയിരുന്നില്ല.

ഓ പി സമയം കഴിഞ്ഞതിനാൽ അത്യാഹിത വിഭാഗത്തിൽ ആണ് ഔക്കു  എത്തിയത് . ഡോക്ടർമാർ അതിവേഗം എക്സ്റെയും ഇ സി ജി യും ഒക്കെ നോക്കി രണ്ടു ദിവസം നിരീക്ഷണത്തിൽ ഇരിക്കണം എന്ന തീരുമാനത്തിൽ കൊണ്ട് ഇട്ടതാ. തല്ക്കാലം നിലത്തു തന്നെ കിടത്തം. അങ്ങനെ ഓരോന്നാലോചിച്ച് കൊണ്ട് കിടക്കുമ്പോൾ  ബ്ളും ... ബ്ളും... എന്ന ശബ്ദം കേട്ട ഭാഗത്തേക്ക് ഔക്കു നോക്കി. തൊട്ടടുത്ത് തന്നെ, തന്നെ പോലെ   നിലത്ത് കിടക്കാൻ വിധിക്കപ്പെട്ട  ഒരു ചെറുപ്പക്കാരൻ അതാ രക്തം  ഛര്‍ദ്ദിക്കുന്നു. രക്തം ഔക്കു കിടന്ന പായയിലെക്കും തെറിച്ചു.  അധികം താമസിയാതെ ഡോക്ടർമാരും നർസുമാരും എല്ലാം എത്തി അയാളുടെ നെഞ്ചിൽ  അമർത്തിക്കൊണ്ടിരുന്നു. പിന്നെ  ഡോക്ടർമാർ കൈ എടുത്തു.   പുതപ്പ് അയാളുടെ മുഖത്തെ  മൂടി.   ഒരു കൂട്ടക്കരച്ചിൽ കേട്ടു . ഔക്കു പേടിച്ചരണ്ടു. ജീവിതത്തിൽ ആദ്യമായാണ് അവൻ മരണത്തെ നേരിൽ കാണുന്നത്. അവന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കണ്ടിട്ടും   നേരെ മുകളിലെ കട്ടിലിൽ മൂക്കിൽ ഒക്സിജൻ പൈപ്പും ഇട്ടു സുജായിയെ പോലെ ഒരുത്തൻ കിടപ്പുണ്ട് . ഖാദർക്ക. ഔക്കുവിന്  അയാളെ നേരത്തെ അറിയാം. 
 "അല്ല ഖാദർക്കാ,  ഇങ്ങൾ അല്ലെ പറഞ്ഞത് അസ്രായീൽ (മരണത്തിന്റെ മാലാഖ) വിളിക്ക്യാനായോരെയാണ്   കട്ടിലിൽ കിടത്തുന്നതുന്ന് . ഇന്നിട്ടിപ്പോ നിലത്തുന്നും ഒരാൾ പോയല്ലോ" ഔക്കുവിന്റെ ചോദ്യത്തിൽ പരിഭ്രമം.

"അത് ഇയ്യി അസ്രായീൽ വരുമ്പം ചോയിക്ക്യി"   അയാൾ ജനാൽ വഴി പുറത്തേക്ക്  കൈ നീട്ടി ആർക്കോ  എന്തോ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

അപ്പോൾ തന്നെ  മറ്റൊരു കൂട്ടക്കരച്ചിൽ കൂടി  കേട്ടു . അതിൽ ഒരു വൃദ്ധൻ നെഞ്ചത്തടിച്ചു കൊണ്ട് വിലപിക്കുന്നത്  കൂടുതൽ വ്യക്തമായി കേൾക്കാം. 

"പടച്ചോനെ ഈ വയസ്സനെ ഇവിടെ ഇട്ടു കൊണ്ട് ഇന്റെ കുട്ടിനെ കൊണ്ട് പോയല്ലോ. ആ  ചോര പൈതലിനെ യത്തീം ആക്കി കളഞ്ഞല്ലോ"

ആ ചെറുപ്പക്കാരൻ ഗൾഫിൽ ആയിരുന്നു. ഭാര്യയെ പ്രസവത്തിനു കൊണ്ട് വന്നപ്പോൾ നെഞ്ച് വേദന മൂലം   ഈ മരണ വാർഡിൽ എത്തിയതാ. ഐ സി യു വിലേക്ക് എടുക്കും മുൻപ് തന്നെ അസ്രായീൽ വന്നു കൂട്ടി കൊണ്ട് പോയി. ഭാര്യ പ്രസവ വാർഡിൽ കുഞ്ഞുമായി ഉണ്ട്. ഈ വിവരം എല്ലാം ഖാദർക്കാ വഴി ആണ് ഔക്കു അറിയുന്നത് . ആപ്പോഴും ജനൽ വഴി  പുറത്തേക്കുള്ള  ആംഗ്യം  കാണിക്കാൻ ഖാദർക്ക മറക്കുന്നില്ല. 

അന്ന് രാത്രി തന്നെ മൂന്നാമതും അസ്രായീൽ വന്നു. ഖാദർക്കയിൽ നിന്നുള്ള വിവരം വെച്ച് അതൊരു ആദിവാസി യുവാവ്‌ ആയിരുന്നു. പനി മൂത്ത് കൊണ്ട് വന്നതാണ്.  പതിവ് പോലെ ഡോക്ടർമാർ എത്തി നെഞ്ചിൽ അമർത്തി നോക്കി.  പിന്നെ നിർത്തി . അയാളുടെ കൊച്ചു മകളും ഭാര്യയും അപ്പോഴും അയാളുടെ കാൽ പാദങ്ങൾ ഉഴിഞ്ഞു കൊണ്ടിരുന്നു. ധാരയായി ഒഴുകി വീണ അവരുടെ മിഴിനീർ തുള്ളികൾ   അയാളുടെ കാലുകളെ അനക്കിയില്ല. മറ്റാരും അത് കണ്ടതും ഇല്ല. പുറത്തേക്കുള്ള  ആംഗ്യം അപ്പോഴും ഖാദർക്ക കാണിക്കുന്നുണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഒരു തുടർക്കഥ പോലെ ആയി. ഖാദർക്കായെ പോലെ തന്നെ ഔക്കുവിനും മരണംഒരു  ദൈനംദിന കാഴ്ച മാത്രം ആയി.

ഖാദർക്ക നല്ല സംസാരപ്രിയൻ ആണ് . രാത്രിയായാൽ  ഔക്കുവിനോട് ഓരോ തമാശകൾ പറഞ്ഞ് കിടക്കും.  കക്ഷിക്ക് ആസ്തമ ആണ്. മീൻ വിഴുങ്ങിയിട്ടൊന്നും ഫലം ഇല്ലാത്തതിനാൽ ഇടയ്ക്കിടെ ഇവിടെ വന്ന്  കിടക്കും. ശ്വാസകോശം അൽപം ഒന്ന് വികസിച്ചാൽ ഡിസ്ചാർജ് ആകും. ഭക്ഷണമായി കിട്ടുന്ന റൊട്ടിയും പാലും ഒന്നും ഖാദർക്ക  കഴിക്കാറില്ല. എല്ലാം ഔക്കുവിന് കൊടുക്കും. മൂപ്പർക്ക്  വേണ്ട ഭക്ഷണം വീട്ടിൽ നിന്ന് വരും. മൂപ്പരുടെ ജ്യേഷ്ഠൻ ആണ് കൊണ്ട് വരാറ്. പിന്നെ അയാൾ വാർഡ്‌ മുഴുവൻ ഒന്ന് നടക്കും. ഓരോദിവസവും  അസ്രായീൽ വരാനുള്ള സാധ്യത ഖാദർക്കയുമായി ചർച്ച ചെയ്യും. ഔക്കുവിന്റെ മരണ വാർഡിലെ കിടത്തം നീണ്ടു പോയി.  ദിവസവും രാവിലെ ഡോക്ടർമാർ വരും. ഓരോരോ പരിശോധനകൾ നിർദേശിക്കും. കാര്യമായ കുഴപ്പം ഒന്നും ഇല്ല. ഇടയ്ക്കു കഴിച്ച ഏതോ ഗുളികയുടെ അലർജി ആണെന്ന നിഗമനത്തിൽ അവർ എത്തിയിട്ടുണ്ട് . രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പോകാം എന്ന് കൂടി കേട്ടപ്പോൾ ഔക്കുവിന്  ആശ്വാസം ആയി. അവന് വേണ്ട ഭക്ഷണം കുശാൽ ആയി കിട്ടുന്നതിനാൽ ഉമ്മ ദിവസവും വന്നു പോകും. കൂടെ കിടക്കാൻ സ്ഥലം ഇല്ലല്ലോ. 

മരണം ഔക്കുവിന് പരിഭ്രമുള്ള കാര്യം അല്ലാതായി. ഓരോ ദിവസവും അവനത് കാണുന്നു. പ്രസവ വാർഡിൽ നിന്നും മരണ വാർഡിലേക്കുളള യാത്ര മാത്രമാണ് ജീവിതം എന്ന് ഇതിനകം അവൻ മനസ്സിലാക്കിയിരുന്നു.

ഔക്കുവിന്  കാര്യമായി ഒരു വിഷമമേ ഉണ്ടായിരുന്നള്ളൂ. പരീക്ഷ ആയതിനാൽ രണ്ടാഴ്ച സിനിമക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച  ആയി. ക്രൌണ്‍ തിയേറ്ററിൽ ഒരു നല്ല പടം ഓടുന്നുണ്ട്.  ഒരു പക്ഷെ നാളെ മാറിയേക്കാം.  അക്കാര്യം അവൻ ഖാദർക്കാനെ ധരിപ്പിച്ചു. 

"ഇവിടെ ഓരോരുത്തരും മരിക്കാൻ കെടക്കുന്നു.  അയിന്റെ എടക്ക് അനക്ക് സിനിമ മാറുന്ന വെഷമം.  സിനിമ കാണാത്ത സങ്കടത്തിൽ ഇയ്യി മരിക്കണ്ട.  ഡോക്ടർമാർ വന്നു പോയല്ലോ.  നൂണ്‍ ഷോക്ക് പോയിക്കോ, ഉച്ച കഴിഞ്ഞു തിരിച്ചു പോന്നാൽ മതി" 

ഖാദർക്കാൻറെ ഉറപ്പിൽ ഔക്കു  പോയി സിനിമ കണ്ടു വന്നു. തിയേറ്ററിൽ നാട്ടുകാരൻ  ആയ ശശിയെ  കണ്ട കഥ അവൻ ഖാദർക്കയുമായി പങ്കു വെച്ചു. എന്നാൽ ഔക്കുവിന്റെ ഉമ്മ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് ശശിയെ കാണുന്നത്. ഔക്കു ആശുപത്രിയിൽ ആണെന്ന കാര്യം ശശി നിഷേധിച്ചു. തിയേറ്ററിൽ കണ്ട കാര്യവും പറഞ്ഞു. ഉമ്മക്ക്‌ വിശ്വസിക്കാൻ ആയില്ല. ഒടുവിൽ തർക്കം മൂത്തപ്പോൾ ഇരുവരും ആശുപത്രിയിൽ എത്തി.ഉമ്മയുടെ കൂടെ  ശശിയെ കണ്ടതും ഔക്കു കൂടുതൽ ക്ഷീണം അഭിനയിച്ചു. 

"ശശിയേ ഇന്റെ കുട്ടീനെ പറ്റി ഇല്ലാത്തത് പറയാൻ അനക്ക് എങ്ങനെ ധൈര്യം വന്നു." ഉമ്മ ശശിയോട്‌  പരിഭവിച്ചു 

"ഓൻ ഇവടുന്ന്  എങ്ങോട്ടും  പോയിട്ടില്ല ഇങ്ങക്ക് ആള് മാറിയതാ" ഖാദർക്കാന്റെ സാക്ഷ്യപത്രം കൂടി ആയപ്പോൾ ശശി ശരിക്കും ശശിയായി 

"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ആശുപത്രി വിട്ടു വാ" ശശി ഔക്കുവിന്റെ ചെവിട്ടിൽ പറഞ്ഞു. 

 അന്ന് ഖാദർക്കാക്ക്  നല്ല ക്ഷീണം കാണപ്പെട്ടു. സമയം രാത്രിയായി.

"മോനെ ഔക്കൂ ഞാൻ ഉറങ്ങിപ്പോയാൽ നീ ശ്രദ്ധിക്കണം. അസ്രായീൽ പുറത്തുണ്ട്. ഓൻ ചെലപ്പോ ആളറിയാതെ ഇന്റെ മൂക്കിലെ പൈപ്പ് തന്നെ ജനാലക്കു ഉള്ളിലേക്ക് കയ്യിട്ടു വലിച്ചെടുക്കും. പഹയന്  അറിയൂല, ഇതിന്റെ പൈസ  ഓന് കിട്ടൂലാന്ന്. വണ്ടി പോരെലേക്കു തന്നെ എത്തുവല്ലോ." ക്ഷീണത്തിലും പതിവ് നർമ്മം വിടാതെ ഖാദർക്കാ പറഞ്ഞു നിർത്തി. പിന്നെ മയക്കത്തിലേക്ക് വീണു. 

ഔക്കു ഒന്നും മനസ്സിലാവാതെ പുറത്തേക്ക് നോക്കി. ഖാദർക്കാൻറെ ജ്യേഷ്ഠൻ ആംബുലൻസിൽ ഇരിക്കുന്നു.അന്നത്തെ  ഇരയെയും തേടിയുള്ള പ്രാർത്ഥനയിൽ എന്ന പോലെ. ഖാദർക്കാ ഇടയ്ക്കിടെ പറയുന്ന അസ്രായീലിനെ ഔക്കു അപ്പോൾ കണ്ടു. ഔക്കു ഖാദർക്കാനെ തന്നെ നോക്കി ഉറങ്ങാതെ ഇരുന്നു. ഖാദർക്ക ഉണർന്നില്ല. ഡോക്ടർമാർ തന്നെ അദ്ധേഹത്തിന്റെ മൂക്കിലെ പൈപ്പ് എടുത്ത് മാറ്റി.ഇത്തവണ ജനലിനു പുറത്തേക്കുള്ള ആംഗ്യം കാണിച്ചത് ഔക്കു തന്നെയായിരുന്നു.  സിഗ്നൽ കിട്ടിയതും  ഖാദർക്കാ പറഞ്ഞ  ആ മയ്യിത്തിന്റെ അസ്രായീൽ വന്നു.  അന്നത്തെ ഇരയും കൂലിയും അയാൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.                          

                                                                                           -0-

11 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഒഴുക്കോടെ പറഞ്ഞു , നല്ല ശൈലി. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. വായിക്കാൻ സൗമനസ്യം കാണിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും തങ്കപ്പൻ സാറിനും, പ്രദീപ്‌ മാഷിനും, ഫൈസൽ ഭായിക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. പ്രസവ വാര്‍ഡില്‍ നിന്നും മരണവാര്‍ഡിലേക്കുള്ള യാത്ര ...ഇഷ്ടപെട്ടു വീണ്ടും എഴുതു..വീണ്ടും വരാം...

    മറുപടിഇല്ലാതാക്കൂ
  5. ഫേസ്ബുക്കില്‍ വായിച്ചിരുന്നു ,,നന്നായി

    മറുപടിഇല്ലാതാക്കൂ
  6. ആശുപത്രികൾക്ക് പുറത്തു കാത്തു കിടക്കുന്ന ആംബുലൻസുകാരുടെ മനസ്സിലെ വികാരം എന്തായിരിക്കുമെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. കഥ നന്നായി. മരണം ഒരു ജീവിത സത്യമാണ്. ജീവിക്കാനുള്ള വകക്കായി മരണത്തെ കാത്തിരിക്കുന്നവരും ഉണ്ട്. അതൊക്കെ ചേർന്നതാണ് ഈ ലോകം. വ്യത്യസ്തമായ ഒരു പ്രമേയത്തെ കഥയുടെ ഫ്രൈമിൽ ഒതുക്കിപ്പറഞ്ഞു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അക്ബർ ഭായി

      ഇല്ലാതാക്കൂ
  7. Relate ചെയ്യാന്‍ പറ്റുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ