2014, ജൂലൈ 15, ചൊവ്വാഴ്ച

ആദ്യത്തെ കൊച്ചി യാത്ര.....

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. നേവിയിലും എയർ ഫൊർസിലും ഒക്കെ ആളെ എടുക്കുന്ന പരസ്യം കാണുമ്പോൾ വെറുതെ നോക്കി ചിരിക്കും. കാരണം അതിനു വേണ്ട നെഞ്ചളവും ആരോഗ്യവും ഒന്നും പണ്ടേ ഇല്ല. എന്നാലും ഒരിക്കൽ ഒന്നപേക്ഷിച്ചു. വായു സേനയിലേക്ക് . കൊച്ചിയിൽ ആദ്യ എഴുത്ത് പരീക്ഷ. അത് കഴിഞ്ഞു ജയിച്ചാൽ മാത്രം ഫിസിക്കൽ ടെസ്റ്റ്‌. പരീക്ഷ എഴുതാനുള്ള കത്ത് കിട്ടിയതും വളരെ സന്തോഷത്തിലായി. മറ്റൊന്നും കൊണ്ടല്ല. കൊച്ചിയും കപ്പലും ഒക്കെ കാണാലോ.....

ഉമ്മ സമ്മതം മൂളിയില്ല എന്ന് മാത്രമല്ല 'നീ അവിടെ പരീക്ഷക്ക് എത്താതെ ആയിപ്പോട്ടെ' എന്ന് പ്രാകുകയും ചെയ്തു. അതിന് കാരണമുണ്ട് മൂത്ത മകൻ നിലവിൽ വായുസേനയിൽ ഉണ്ട്. രണ്ടു മക്കളെ രാജ്യസേവനത്തിനു വിട്ടു കൊടുക്കാൻ വേണ്ട മനോവിശാലതയോന്നും നമ്മുടെ ഉമ്മക്കില്ല.

അമ്മാവൻ കൊച്ചിയിൽ ഉണ്ട്.ഏറണാകുളം കെ എസ് ആർ ടി സി ഡിപ്പോയിൽ ആണ് ജോലി.അവിടെയെത്തിയാൽ പിന്നെ മറ്റു കാര്യങ്ങൾ മൂപ്പർ നോക്കിക്കോളും. എന്നാലും സുഹൃത്ത് കൂടിയായ മറ്റൊരു സഹോദരൻ നിരന്തരം എന്നെ ഭയപ്പെടുത്തി. അതിൽ ചിലത് ഇങ്ങനെ;

'നീ കോഴിക്കോട് ജില്ല വിട്ട് പുറത്ത് പോയിട്ടുണ്ടോ? പോണ വഴിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും? പിന്നെ ഞമ്മക്ക് നിന്റെ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസം അവിടെ തങ്ങാം. കപ്പൽ ശാല കാണാം. വിവരണം നീണ്ടു പോയപ്പോൾ കക്ഷിയെ കൂടി കൂടെ കൂട്ടാൻ തീരുമാനിച്ചു.

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും വൈകുന്നേരത്തോടെ യാത്ര തിരിച്ചു. രാത്രി കുറച്ചായപ്പോൾ കുറ്റിപ്പുറം സ്റ്റാൻഡിൽ എത്തി.

 ' അര മണിക്കൂർ ഭക്ഷണ സമയം'. കണ്ടക്ടർ പറഞ്ഞു.

ഞങ്ങൾ ഡ്രൈവറും കണ്ടക്ടറും കയറിയ ഹോട്ടലിൽ തന്നെ കയറി. പോക്കറ്റിൽ 50 രൂപയുണ്ട് . അത് തന്നെ ധാരാളം. കൊച്ചിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെയൊക്കെ അമ്മാവൻ നോക്കിക്കൊള്ളുമല്ലോ.
ഞങ്ങൾ ബീഫ് ഫ്രൈയിയും പൊറാട്ടയും ഒർഡർ ചെയ്തു.

'നാളെ പരീക്ഷ ഒക്കെ എഴുതനുള്ളതല്ലേ നല്ല സ്റ്റാമിന വേണം നന്നായി തട്ടിക്കൊ'

സഹോദരന്റെ വാക്കുകളിൽ ഞാനും പരീക്ഷയുമായുള്ള ബന്ധം വ്യക്തം. വയറു നിറച്ചും കഴിച്ചു. ആദ്യം കൈ കഴുകാൻ പോയത് ഞാനാണ്. കയ്യിൽ തുവാല ഉണ്ടായിരുന്നില്ല. കയ്യും മുഖവും കഴുകിയതും മൂക്കിൽ നിന്നും ചീരാപ്പ് വരാൻ തുടങ്ങി. കുറെ ഒക്കെ കുപ്പായത്തിൽ തുടച്ചു. എന്നാൽ ചീരാപ് നിക്കുന്നില്ല. ഒന്ന് തഴൊട്ട് നോക്കിയപ്പോൾ കാണുന്നത് ചീരാപ്പല്ല ചോര.... അന്നിട്ട പുതിയ കുപ്പായം നിറയെ ചോര...... മൂക്കിൽ നിന്നും മലവെള്ളം പോലെ വരുന്നു.

മറ്റു യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ഒക്കെ ഓടിയെത്തി. തൊട്ടടുത്ത നർസിംഗ് ഹോമിൽ എന്നെ എത്തിച്ചു. ഡ്രൈവറും കണ്ടക്ടറും ഒരേ സ്വരത്തിൽ പറഞ്ഞു ആക്സിഡന്റ്റ് അല്ല. ബ്ളീഡിംഗ് ആണ്. ആശാസത്തോടെ നർസുമാർ പ്രാഥമിക ശുശ്രൂഷ ആരംഭിച്ചു. മുഖത്തും വായിലും ഐസ് വെച്ചു നോക്കി. ഫലമില്ല രക്തം വായിലൂടെ കട്ടയായി തുപ്പുന്നു. ഞാനുടനെ അവരോടു ചോദിച്ചു.

'ഇവിടെ ചോര കിട്ടുമോ? എന്റെ ഗ്രൂപ്പ് അറിയില്ല. ആദ്യം അത് നോക്കൂ. എന്നിട്ട് ഉടനെ രക്തം സംഘടിപ്പിക്കൂ. എന്റെ ചോര ഇപ്പോത്തീരും.ഇത് പുതിയ കുപ്പായമാണ് ഇതിലെ ചോരക്കറ ഇനി പോകില്ല.'

നെർസുമാർ നിർദയം പരസ്പരം നോക്കി ചിരിച്ചു. ഉടനെ ഡോക്ടറും എത്തി. ഞാൻ ഡോക്ടറോടും ചോദ്യം ആവർത്തിച്ചു. അദ്ധേഹം എന്റെ മൂക്കിലേക്ക് കയറ്റി വെക്കാനുള്ള തുണിക്കഷണം ചുറ്റുന്ന തിരക്കിലാണ്. അങ്ങനെ അത് മുഴുവനും മൂക്കിൽ തിരുകി കയറ്റി. പിന്നെ പറഞ്ഞു. ' മിണ്ടരുത്'.
ഞാൻ വായ തുറക്കാൻ ശ്രമിച്ചപ്പോൾ ഡോക്ടർ ആവർത്തിച്ചു. 

' മിണ്ടിയാൽ താൻ തുമ്മും. തുമ്മിയാൽ മൂക്കിലെ തുണി തെറിക്കും. പിന്നെ രക്തം വീണ്ടും വരും'. 

ഡോക്ടർ സഹോദരനും പണി കൊടുത്തു. 'കുറച്ചു നേരത്തേക്ക് ഇവന്റെ മൂക്ക് പൊത്തി പിടിക്കുക. വായ വഴി ശ്വസിച്ചോളും'. 

കുറച്ചു കഴിഞ്ഞപ്പോൾ രക്തമൊക്കെ വരുന്നത് നിന്നു. എങ്കിലും നേരം പുലരുവോളം സഹോദരൻ മൂക്ക് പിടിച്ചു തന്നെയിരുന്നു.

നർസിങ്ങ് ഹോമിൽ അഡ്മിറ്റായ വിവരം വീട്ടുകാരെ അറിയിക്കണമല്ലോ. തൊട്ടടുത്ത കട്ടിലിലിൽ ഒരു വൃദ്ധൻ കിടക്കുന്നുണ്ട്. മൂപ്പർ പതുക്കെ എണീറ്റ് എന്റെ അടുത്ത് വന്നു. എന്നിട്ട് ഒരു പാത്രം നീട്ടി പറഞ്ഞു.

'വായ തുറക്കെടാ... ത്തിരി പോടിയരിക്കഞ്ഞിയാ ഇതാട്ട് കുടിച്ചേ'.

'ചോര ഇനിയും വന്നാലോ? ഗ്ളുകോസ് കേറുന്നുണ്ടല്ലോ അത് മതിയാവും'. എനിക്ക് ചോര കണ്ട പേടി പോയിട്ടില്ല.

' ഒരു പെട അങ്ങ് വെച്ചുതരും. മിണ്ടാതെ കഞ്ഞി കുടിയെടാ'. അദ്ധേഹത്തിന്റെ ഗൌരവ ഭാവം എന്നെ ഭയപ്പെടുത്തി. കഞ്ഞി വാങ്ങി വലിച്ചു കുടിച്ചു. പിന്നെ ഞാൻ നാട്ടിൽ വിവരം അറിയിക്കേണ്ടതിനെ പറ്റി മൂപ്പരോട് ചോദിച്ചു.

'നീ മിണ്ടാതിരി അതിനൊക്കെ ആള് പോയിട്ടുണ്ട്. ഇന്റെ മോൻ ഇപ്പൊ അവിടെ എത്തിക്കാണും'.

വൈകുന്നേരം ആവുമ്പഴെക്കും വീട്ടിൽ നിന്ന് ആളെത്തി. ഞങ്ങളെ കാണാണ്ട് യാത്ര തിരിച്ച അമ്മാവനെയും സഹോദരൻ കുറ്റിപ്പുറത്ത് വച്ച് തന്നെ കണ്ടു. ഒരു ദിവസം കൂടി നർസിങ്ങ് ഹോമിൽ തങ്ങി. ഉമ്മ പറഞ്ഞ പോലെ തന്നെ കൊച്ചി കാണാതെ വീട്ടിലേക്ക് മടങ്ങി.

മൂന്ന് ദിവസം മുൻപ് വിട പറഞ്ഞ അമ്മാവനെ ഓർത്തപ്പോൾ മനസ്സിൽ വന്ന ഒരു സംഭവമാണിത് . എങ്കിലും 28 വർഷങ്ങൾക്കിപ്പുറവും വേദനയോടെ ഒരു കുറ്റബോധം മനസ്സിൽ കിടക്കുന്നു. അന്ന് സഹായിച്ച ആ വൃദ്ധനോട് സ്വന്തം അസുഖം എന്തെന്ന് പോലും ചോദിച്ചിരുന്നില്ല. ആ നല്ല മനുഷ്യന്റെ ഓർമ്മകൾക്ക് മുൻപിലും ഈ കുറിപ്പ് സമർപ്പിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മക്കുറിപ്പുകള്‍ തുടരട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ആരായിരിക്കും അത്??? വായിച്ചു തീര്‍ന്നപ്പോള്‍ ഉത്തരമില്ലാത്ത ഈ ചോദ്യം മാത്രം....

    മറുപടിഇല്ലാതാക്കൂ