2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

അച്ചി വീട്ടിലെ മോഷ്ടാവ്

വിവാഹ ശേഷം ആദ്യമായി ലീവിൽ നാട്ടിൽ പോയ കുഞ്ഞു മുഹമ്മദിനോട് ഭാര്യ പറഞ്ഞു.
" നിങ്ങളെ എന്റെ ബന്ധുക്കൾക്ക് അധികം പരിചയം ഇല്ലല്ലോ. കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോയതല്ലേ? എന്റെ വീടിനടുത്ത് ഒരു വിവാഹ സല്ക്കാരം ഉണ്ട്. നമുക്ക് ഒരുമിച്ചു പോവാം എല്ലാവരെയും ഒന്ന് പരിചയപ്പെടുകയും ആവാലോ"
കുഞ്ഞു മുഹമ്മദ്‌ സമ്മതിച്ചു. ലീവിന് നാട്ടിൽ ഉള്ളപ്പോൾ കല്യാണം കൂടാൻ കിട്ടുന്നത് പ്രവാസിക്ക് ഒരു ഭാഗ്യമാണ്. ഇരുവരും കല്യാണ വീട്ടിൽ എത്തി. പക്ഷെ ബിരിയാണി വയറ്റിൽ കേറിയതും കുഞ്ഞു മുഹമ്മദിനു കണ്ണിൽ ഉച്ചമയക്കത്തിന്റെ ആലസ്യം. ഗൾഫിലെ ചിട്ടകൾ പെട്ടെന്ന് മാറില്ലല്ലോ. ഭാര്യയെ ഈ സമയം വിളിച്ചാൽ ആളുകൾ ഗൾഫുകാരന്റെ ആക്രാന്തം ആണെന്ന് വിചാരിക്കും. അതിനാൽ ആരോടും പറയാതെ അയാൾ ഭാര്യ വീട്ടിലേക്കു തിരിച്ചു.
വീട് പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരും കല്യാണ വീട്ടിൽ തന്നെ. പക്ഷെ കുഞ്ഞു മുഹമ്മദിനു ഉള്ളിൾ കടക്കാൻ അറിയാം. മുൻപൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഭാര്യയോന്നിച്ചു വന്നപ്പോൾ അകത്തു കടക്കുന്ന രീതി അവൾ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാൾ അതോർത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നീങ്ങി. കയ്യിൽ ഒരു വടിയുമെടുത്ത് ജനാലയിൽ കയറി ഉള്ളിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് തട്ടിനീക്കി അകത്ത് കയറി.
വീടിനു പുറത്ത് മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ഒരു ഗൾഫുകാരൻ. കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുടെ ബന്ധു. അയാൾ കുഞ്ഞു മുഹമ്മദിനെ പരിചയപ്പെടാൻ വന്നതാണെങ്കിലും ഇരുവർക്കും പരസ്പരം അറിയില്ല. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു തിരിച്ചു പോവാൻ നിന്ന കക്ഷി പരിചയം ഇല്ലാത്ത മറ്റൊരാൾ പിൻവാതിൽ തുറന്നു അകത്ത് പോവുന്നത് കണ്ടു ഉടനെ തന്നെ അടുക്കള വാതിൽ പുറത്ത് നിന്ന് താഴിട്ടു. അടുത്ത അയല്ക്കാരെ വിളിച്ചു വിവരം അറീച്ചു. അകത്തു കടന്ന കുഞ്ഞു മുഹമ്മദ്‌ ഉടനെ മയക്കത്തിൽ വീണു. അത് അധികം നീണ്ടില്ല. അയാളുടെ മൊബൈൽ ശബ്ദിച്ചു. ഭാര്യ വിളിക്കുന്നു.
"നിങ്ങൾ എവിട്യാ നമുക്ക് വേഗം പോവണം. ഇന്റെ വീട്ടിൽ കള്ളൻ കയറീട്ടുണ്ട്‌. പോലീസ് ഇപ്പൊ വരും. കള്ളൻ പുറത്ത് കടന്നിട്ടില്ല. ഉള്ളിൽ തന്നെയുണ്ട്‌ ആളുകൾ പുറത്ത് കാവലുമുണ്ട്".
അല്പം ഒന്ന് അന്ധാളിച്ച കുഞ്ഞു മുഹമ്മദ്‌ ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കി . പിന്നെ നെഞ്ചിടിപ്പ് കൂടി. അയാൾ ഉറപ്പിച്ചു.
'ഇന്ന് എല്ലാവരെയും പരിചയപ്പെടാം. കുടുംബക്കാർ മാത്രമല്ല അയല്ക്കാരും നാട്ടുകാരും എല്ലാം ഉണ്ട് മുട്ടൻ വടികളുമായി'.
-00-

5 അഭിപ്രായങ്ങൾ:

  1. മൊബൈല്‍ ഉള്ളതോണ്ട്‌ പകുതി രക്ഷപ്പെട്ടു.
    ആര്‍ക്കും പറ്റാവുന്ന കാര്യാ.
    എങ്കിലും അവതരണം രസകരമായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചതിനും ആശംസ അറിയിച്ചതിനും നന്ദി സാർ

    മറുപടിഇല്ലാതാക്കൂ
  3. അപ്പൊ ഇനി വിശദമായി പരിചയപ്പെടാം. :) :)

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അക്ബർ ഭായി

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അക്ബർ ഭായി

    മറുപടിഇല്ലാതാക്കൂ