2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

സുഹൃത്ത് പറഞ്ഞ കഥ.

ഒരു സുഹൃത്ത് പറഞ്ഞ കഥ.
-------------------------------------
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുൻപൊരു മാനേജർ ഉണ്ടായിരുന്നു. അയാൾ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിൽ ആയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തതും സ്റ്റൊക്കിൽ കെട്ടിക്കിടന്ന പല ഉല്പന്നങ്ങളും അദ്ദേഹം നഷ്ട വിലക്ക് വിറ്റു കളഞ്ഞു. മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും കാശിന്റെ ഒഴുക്ക് സാധ്യമാവുകയും പുതിയ ഉൽപന്നങ്ങൾ സ്റ്റൊക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ സാവധാനം വില്പന കൂടാൻ തുടങ്ങി. സ്ഥാപനം ചെറിയ തോതിൽ വീണ്ടും പച്ച പിടിച്ചു..
ആ സ്ഥാപനത്തിൽ ഒരു ചായക്കാരനും ഉണ്ടായിരുന്നു. ചായ അടിക്കാനുള്ള അറിവല്ലാതെ മറ്റൊരു യോഗ്യതയും ഇല്ലെങ്കിലും ഒരിക്കൽ സ്ഥാപനത്തിന്റെ മുദീർ ആയിത്തീരും എന്ന് അയാൾ സ്വപ്നം കണ്ടു. ഈ ലക്ഷ്യം വച്ച് മുതലാളി വരുമ്പോൾ അയാൾ മുതലാളിയുടെ മുൻപിൽ വളരെ ആക്റ്റിവ് ആവും. നിലം തുടക്കും. പൊടി തട്ടും. കിടിലൻ ചായ ഉണ്ടാക്കി മുതലാളിയെ സൽകരിക്കും. സമയം കിട്ടുമ്പോൾ മാനേജരെ കുറിച്ചുള്ള ഇല്ലാകഥകൾ ഉണ്ടാക്കി മുതലാളിയെ തെറ്റിദ്ധരിപ്പിക്കും. ചെങ്ങായിക്ക് തന്റെ ഭാഷയല്ലാതെ അറബിയോ ഇന്ഗ്ലീഷോ ഒന്നും അറിയില്ലെങ്കിലും വാചകമടിക്ക് ഒരു കുറവും ഇല്ലാത്തതിനാൽ മുതാലാളി കൌതുകത്തോടെ അതൊക്കെ കേട്ടിരിക്കും.
അങ്ങനെ ആ സമയം വന്നെത്തി. ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോൾ മാനേജർ രാജി വച്ച് ഒഴിഞ്ഞു പോയി. നമ്മുടെ ചായക്കരാൻ മുതലാളിയെ ചെന്ന് കണ്ടു പറഞ്ഞു.
"മുതലാളിക്ക് വിരോധം ഇല്ലെങ്കിൽ സ്ഥാപനം ഞാൻ നടത്തിക്കോളം. പഴയ മാനേജരുടെ ശമ്പളം ഒന്നും എനിക്ക് വേണ്ട.മുതലാളി എന്താ ആഗ്രഹിക്കുന്നത് എന്ന് വച്ചാൽ അത് തന്നാൽ മതി".
"അതിന് എന്താ നിന്റെ യോഗ്യത". മുതലാളി.
"ചായപ്പണി ആണെങ്കിലും ബിരുദമൊക്കെനേരെത്തെ തന്നെ എനിക്കുമുണ്ട്".
ഇടക്ക് കാശു കൊടുത്ത് ഒപ്പിച്ചു വച്ച വ്യാജ ബിരുദവും എടുത്ത് കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. ചായക്കാരന് ഒരു ചാൻസ് കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. അങ്ങനെ ചായക്കാരൻ മുദീറായി.
അധികാരമേറ്റ ഉടനെ മറ്റു ജോലിക്കാരെ എല്ലാം വിളിച്ചു വരുത്തി അയാൾ പറഞ്ഞു.
"ഞാൻ ഈ സ്ഥാപനം ഉടച്ചു വാർക്കാൻ പോവുകയാണ്. നിങ്ങൾ എല്ലാവരും ഇനി മേൽ 12 മണിക്കൂർ ജോലി ചെയ്യണം. ഞാൻ 16 മണിക്കൂർ ജോലി ചെയ്യും. കക്കൂസെല്ലാം അവനവൻ തന്നെ വൃത്തിയാക്കണം. ഇന്ന് ഞാൻ തന്നെ ഇവിടത്തെ കക്കൂസ് വൃത്തിയാക്കും. ഊഴം വച്ച് ഓരോരുത്തരും ഓരോ ദിവസം അത് ചെയ്യണം".
അതും പറഞ്ഞ് അയാൾ ചൂലുമെടുത്ത് പോയി. കക്കൂസ് ക്ലീൻ ചെയ്യുന്ന രംഗം ഫോട്ടോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കാനും മറന്നില്ല.
മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അത് അധികം നീണ്ടു നിന്നില്ല. കാരണം ചായക്കാരൻ ബോസ് അധിക സമയവും ഓഫീസിൽ ഉണ്ടാവാറില്ല. അയാൾ കിട്ടിയ വണ്ടിയും എടുത്ത് ഉഗ്രൻ കൊട്ടും വാങ്ങിയണിഞ്ഞു പർച്ചേസിങ്ങിനെന്നും പറഞ്ഞു ഊരു തെണ്ടൽ തുടങ്ങി. വല്ലപ്പോഴും ഓഫീസിൽ അത്തിയാൽ ആയി. മറ്റു ജീവനക്കാരും അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ മുതലാളിക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
-----------------------------
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും ആയി വല്ല സാമ്യവും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല

2015 ജൂലൈ 16, വ്യാഴാഴ്‌ച

സംഘ പരിവാർ വളർച്ചയിൽ കൊണ്ഗ്രസ്സിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തിന്?

നാം ചരിത്രത്തെ മനസ്സിലാക്കുമ്പോൾ ഇന്ത്യൻ ഉപഭൂഗണ്ഡം ഒരിക്കലും മതേതരം ആയിരുന്നില്ല എന്നു തന്നെ മനസ്സിലാവും. മാത്രമല്ല മതേതരത്വം പുതിയ ഒരാശയമാണ്. ആ നിലയിലേക്ക് വളരാൻ നമുക്കിനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. ഇവിടെ വർഗ്ഗ വിഭജനം ജാതീയ സ്വഭാവത്തിൽ ഉള്ളതായിരുന്നു. എങ്കിലും മതെതരർ ആയ നെഹ്‌റു. അംബെദ്ക്കർ തുടങ്ങിയ ഏതാനും ചില നേതാക്കളുടെ ശ്രമ ഫലവും കൊളോണിയലിസം കൊണ്ടുവന്ന ചില ജനാധിപത്യ മൂല്യങ്ങളും നമുക്ക് ആ രീതിയിൽ ഉള്ള ഒരു ഭരണഘടന സംഭാവന ചെയ്തു. അതിനെ ആ രീതിയിൽ സംരക്ഷിക്കുക എന്നതായിരുന്നു കോണ്ഗ്രസ് സർക്കാരുകൾ നേരിട്ട വെല്ലുവിളി. കുറെ കാലം അതിലവർ വിജയിച്ചു. പക്ഷെ രണ്ട് കാര്യങ്ങളിൽ ദയനീയമായി പരാജയപ്പെട്ടു.
1. ശാസ്ത്ര ബോധവും ശാസ്ത്രീയ ചിന്തയും വളർത്തി ആധുനിക ലോകത്തിന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു ജനതായക്കി മാറ്റുന്നതിൽ.
2. വർണ്ണ വ്യവസ്ഥ തകർത്തു അതിൽ കെട്ടിപ്പടുക്കപ്പെട്ട സാമൂഹിക സാമ്പത്തിക അസമത്വം ലഘൂകരിക്കുന്നതിൽ.
ഇത് രണ്ടും നില നിൽക്കുവോളം അത് സമൂഹത്തിലെ അസംത്രുപ്തരുടെ സംഖ്യ കൂട്ടിക്കൊണ്ടിരിക്കും. അങ്ങനെ രൂപപ്പെട്ട ഭരണ വിരുദ്ധ വോട്ടുകൾ പെറുക്കി സ്വരൂപിച്ചു കൂട്ടി സംഘ പരിവാർ ഒരു വശത്ത് വളർന്നു വന്നു. ജനാധിപത്യത്തിൽ ഒരു മറു ശക്തി ആവശ്യമാണ്‌. അത് കൊണ്ഗ്രസ്സിനു പകരം വേറൊന്ന് എന്ന നിലക്ക് ഉണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാൽ കോണ്ഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ ശക്തിയും പ്രധാന പ്രതിപവും ആയിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ആ സ്ഥാനത്തേക്ക് ഉയർന്നു വരാതെ പോയത് മേൽ പറഞ്ഞ ഇന്ത്യൻ സാഹചര്യങ്ങളുടെ ഒപ്പം തന്നെ അവരുടെ കൂടി കഴിവു കേടിന്റെ ഫലമായിരുന്നു.
ഇന്ത്യയുടെ യാത്ര ഇനി നിലവിലെ യാഥാർത്യങ്ങളിൽ ഊന്നിക്കൊണ്ട് തന്നെയായിരിക്കും. അച്ഛാ ദിനത്തിന്റെ ആൾക്കാർ ഇനിയും കുറെ കാലം ഭരണം നിയന്ത്രിക്കാൻ തന്നെ ആണ് സാധ്യത. നാം ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം നടത്തും. പൂജയും വഴിപാടും ഒക്കെ നടത്തി ആയാലും നമ്മൾ ഇനിയും ആകാശ ഗോളങ്ങളെ കീഴടക്കും. ലോകത്തിലെ ഏറ്റവും വലിയ മാനവ വിഭവ ശേഷികളായ ഇന്ത്യയും ചൈനയും തന്നെ ആയിരിക്കും നാളത്തെ ലോകത്തെ നിയന്ത്രിക്കുക. മനുഷ്യൻ അവന്റെ കഴിവിന്റെ മികവ് കൊണ്ട് ഉണ്ടാക്കി എടുക്കുന്ന ജീവിത സമാധാനം ഒന്നിന് മാത്രമേ വർഗ്ഗീയതയെ നിയന്ത്രിക്കാൻ കഴിയൂ....

2015 ജൂലൈ 12, ഞായറാഴ്‌ച

ഭൂഗോള റിപ്പബ്ലിക്ക്

നമ്മുടെ ആവാസ ഗോളമായ ഭൂമിയിൽ നമ്മുടെ വർഗ്ഗം രൂപപ്പെട്ടിട്ട് അധിക കാലമൊന്നും ആയിട്ടില്ല. അതിനു മുൻപ് ഇതൊരു ഭൂഗോള റിപ്പബ്ലിക് ആയിരുന്നു സകല ജീവ വർഗ്ഗങ്ങളുടെയും.
തലച്ചോറിനു കിട്ടിയ മേൽകൈ കൊണ്ട് നാം ഭൂമിയിലെ രാജാക്കന്മാരും അടിമകളും ആയി. കൃഷി നമ്മെ സംസ്കൃതരും ഭൂമിയുടെ ഉടമസ്ഥരുമാക്കി. പിന്നെ വെട്ടിപ്പിടിച്ച ഭൂമികൾ രാജ്യങ്ങളായി വളർന്നു പരിണമിച്ചു. നമ്മുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നാം മറ്റുള്ള ജീവ വർഗ്ഗങ്ങളിൽ നമുക്ക് ആവശ്യം ഉള്ളവയെ വളർത്തി ആവശ്യം ഇല്ലാത്തവയുടെ ആവാസ വ്യവസ്ഥ പിടിച്ചെടുത്ത് മുന്നേറി. കാരണം നാമാണ് ഭൂമിയിലെ അധിപന്മാർ എന്ന് നാം തന്നെ നമ്മോട് നിരന്തരം ബോധിപ്പിച്ചുകൊണ്ടിരുന്നു...
അങ്ങിനെയെങ്കിൽ സ്വവർഗ്ഗത്തിന് പതിച്ചു കിട്ടിയ ഈ ഭൂഗോളത്തിലെ നമ്മുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു എന്നത് അത്ര അധിക കാലം ഒന്നും ആയിട്ടില്ലാത്ത നമുക്കും ഭാവിയിൽ പ്രശ്നമായെക്കാം. ഇപ്പോൾ പരമ സുഖത്തിൽ കഴിയുന്ന നമ്മിൽ ചിലരെ പോലെ എല്ലാവർക്കും ജീവിക്കാൻ കഴിയില്ല. ഒരുപാട് പേർ കഷ്ടപ്പെട്ട് ജീവിച്ചു പോവുന്നതിനാൽ കുറച്ചു പേർ സുഖിച്ചു ജീവിച്ചു പോവുന്നു. ഇങ്ങനെ പോയാൽ നാളെ സുഖിച്ചവരുടെ തലമുറ മാത്രം അതിജീവനം നേടും.
പക്ഷെ നമുക്ക് വളർന്നത് തലച്ചോർ ആണ്. വിശേഷ ബുദ്ധി. അത് പല പ്രകൃതി നിയമങ്ങളെയും അതിജീവിക്കാൻ നമ്മെ ഇടക്കിടെ ഓർമ്മിപ്പിക്കുന്നു സഹജീവികളെ, കൂട്ടത്തിൽ കാലിടറിയവരെ കൂടെ കൂട്ടാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. അത് നമ്മുടെ സങ്കുജിത ജനിതക സ്വഭാവത്തെ കീഴ്പ്പെടുത്തില്ലേ...?. വെട്ടിപ്പിടിച്ചു വളച്ചു കെട്ടിയ അതിരുകൾ പരസ്പരം പൊളിച്ചെറിയില്ലേ....?. നാമോരിക്കൽ വീണ്ടും ഒരു ആഗോള റിപ്പബ്ലിക് ആയി മാറില്ലേ......?

2015 മാർച്ച് 28, ശനിയാഴ്‌ച

മാംസാഹാരം വർജ്ജിക്കുക....


ഇന്ത്യയിൽ ചില ഇടങ്ങളിൽ ചില മൃഗങ്ങളെ കൊന്ന് ഭക്ഷിച്ചാൽ 5 വർഷം വരെ ജയിലിൽ കിടത്തി സസ്യാഹാരം ശീലിപ്പിക്കും. ചിലപ്പോൾ പ്രാകൃതമായ രീതിയിൽ ആക്രമിക്കപ്പെട്ടു എന്നും വരാം.
മാംസാഹാരം വർജ്ജിക്കുക എന്നത് വെറും സംഘ പരിപാർ ആഹ്വാനം ഒന്നുമല്ല. മഹാത്മാ ഗാന്ധി മുതൽ സെക്യുലർ ചിന്ത വച്ച് പുലർത്തുന്ന ഒട്ടേറെ ആളുകൾ ഇത് പറഞ്ഞിട്ടുണ്ട്. ചില കോണുകളിൽ നിന്ന് മനുഷ്യൻ ജനിതകമായി തന്നെ സസ്യ ബുക്ക് ആണെന്നും ആണയിട്ടു പറയുന്നു. ഇത് ചരിത്രപരമായി തെറ്റാവാൻ ആണ് സാധ്യത. കാരണം മനുഷ്യൻ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷം ആവുന്നതേ ഉള്ളൂ. അതും വലിയ തോതിൽ തുടങ്ങിയത് ഏതാണ്ട് 5000 വർഷം മുൻപ് മാത്രം. തീ കണ്ടെത്തിയത് മുതൽ നാം മാംസം പ്രാധാന ആഹാരം ആയി ഭക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതാവട്ടെ ഇന്നത്തെ മനുഷ്യ വർഗ്ഗം രൂപ്പെടുന്നതിനും മുൻപാണ്. അതിനാൽ തന്നെ നമ്മുടെ തലച്ചോർ ചോറും ചപ്പാത്തിയും ഒന്നും അല്ല ആവശ്യപ്പെടുന്നത് മാംസം തന്നെയാണ്. ഇറച്ചി വയറു മുട്ടെ തിന്നാൻ കഴിയില്ല. എന്നാൽ ചോറോ ബിരിയാണിയോ ഒക്കെ കുറച്ചു കൂടുതൽ തിന്നാലും തലച്ചോർ അറിയുന്നും ഇല്ല. ഇതിനു കാരണം നമ്മുടെ തലച്ചോറിനു പൂർവ്വികമായി തന്നെ ഇറച്ചി തീറ്റിക്കുന്നതിൽ ആണ് ട്രെയിനിംഗ് കിട്ടിയത് എന്നത് തന്നെ. അപ്പോൾ പിന്നെ പ്രമേഹം പോലുള്ള അസുഖങ്ങളുടെ മൂല കാരണവും അധികം വേറെ അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ. ഇതിനൊക്കെ വേണ്ടി വലിയ ഗവേഷണം ഒന്നും നടത്തേണ്ട ആവശ്യം ഇല്ല. ആധുനിക മനുഷ്യന്റെ ആദിമ ശേഷിപ്പ് ഇന്നും ഉണ്ടല്ലോ. അവരുടെ ആഹാര രീതി ഒന്ന് പോയി നോക്കിയാൽ മാത്രം മതിയാവും. ഇന്നും ചുരുങ്ങിയ ചിലവിൽ ഇരുമ്പും മറ്റു പോഷകങ്ങളും കിട്ടാൻ മനുഷ്യന് മാംസം അല്ലാതെ വേറെ വഴി ഇല്ല. എങ്കിലും മൃഗങ്ങളെ കൊല്ലുമ്പോൾ ഇന്ന് ചില വികസിത രാജ്യങ്ങൾ ഒക്കെ സ്വീകരിച്ചു വരുന്ന പോലുള്ള അവയ്ക്ക് പരമാവധി വേദന അറിയാത്ത രീതിയിൽ ഉള്ള രീതികൾ കണ്ടെത്തുക എന്നതിൽ ആവണം മനുഷ്യത്വം.

2015 മാർച്ച് 27, വെള്ളിയാഴ്‌ച

ജീവിതം ഒരു തിരിനാളം

എരിഞ്ഞുതീരുമാ വിളക്കിൻ തിരിനാളം
പിടഞ്ഞിടുന്നോരതിൻ കാര്യമെന്തേ........?
ഇരുളടഞ്ഞിടും തൻ ചുറ്റിനെയോർത്തോ,
സ്വയമൊടുങ്ങിടുമതിൻ വ്യഥയതാലോ..?

വാനിൽ തിളങ്ങുന്ന താരാഗണങ്ങൾക്കും
ഒരുനാൾ വിട ചൊല്ലി പോവണല്ലോ..
വിശ്വ പ്രകൃതി തൻ താളത്തിനൊത്തുള്ള
ദ്രവ്യ  പരിണാമ  ബിന്ദുക്കൾ നാം  .

അകലെയാ പുണ്യ സരസ്സിൻ ബലമതിൽ
അരികിലേ ചേറിലാറാടിടും ബാലിശൻ.
മിഥ്യയാ പൊയ്കയെന്നറിയുന്ന മാനവൻ
നിയതമാം തൻശുദ്ധി കാത്തീടുമെന്നുമേ
വീഴില്ലഴുക്കിലും പോവില്ലൊഴുക്കിലും
ജീവിതം തന്നെയൊഴുക്കല്ലെ മണ്ണിതിൽ.
ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം 

2015 മാർച്ച് 20, വെള്ളിയാഴ്‌ച

വില്ലേജ് ആപ്പീസർ

രണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ടു മാസം അവധി. അതിനിടക്ക് നാട്ടിൽ എത്തിയാൽ ചെയ്യേണ്ടത് നൂറു കൂട്ടം കാര്യങ്ങൾ. അയാൾ വിമാനത്തിൽ ഇരുന്നു കൊണ്ട് തന്നെ അവധിക്കാല പരിപരികൾ ഓരോന്നായി പ്ലാൻ ചെയ്യാൻ തുടങ്ങി. അതിൽ ആദ്യം ഓർമ്മയിൽ വന്നത് കുറെ മുൻപ് വാങ്ങിയ ഒരു ഭൂമിയുടെ കാര്യമാണ്. വർഷങ്ങൾ ആയി അതിന്റെ ഭൂനികുതി അടച്ചിട്ടില്ല. അതാദ്യം ചെയ്യണം.
തീരുമാനിച്ച പോലെ നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ ആധാരവും അതുവരെ അടച്ച നികുതി ശീട്ടുകളും എല്ലാം എടുത്ത് അയാൾ വില്ലജാഫീസിലേക്ക് തിരിച്ചു.
ആപ്പീസിൽ എത്തിയതും ഒരു കാര്യം അയാളെ സമാധാനിപ്പിച്ചു. കസേരയിൽ ഒരു സ്ത്രീ ആണ്. സ്ത്രീ ഉദ്യോഗസ്ഥർ അധികം ബുദ്ധിമുട്ടിക്കില്ല എന്നാണല്ലോ വെപ്പ്. നിര കയറി തുടങ്ങിയ മുടിയിഴകളിൽ വിരലുകൾ ഒന്ന് പായിച്ചു കൊണ്ട് ആപ്പീസർ പറഞ്ഞു.
"ഇരിക്കൂ."
അയാൾ ഇരുന്നു. ആപ്പീസർ മുഖം ഉയർത്താതെ ഫയലുകൾ മറച്ചു കൊണ്ടിരിക്കുന്നു. നേരത്തെ മുൻപിൽ വന്ന അപേക്ഷകൾ വായിക്കുന്നു. അതിൽ ചിലതിൽ ഒപ്പിടുന്നു. മറ്റു ചിലത് മാറ്റി വെക്കുന്നു. പിന്നെ കണ്ണടക്ക് മുകളിലൂടെ അയാളെ നോക്കി ചോദിച്ചു.
"എന്താ വന്നത്". കയ്യിലെ ഡോക്യുമെന്റുകൾ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ഭൂനികുതി അടക്കാൻ വന്നതാ".
ആപ്പീസർ ആധാരം എടുത്ത് വായന തുടങ്ങി. പിന്നെ അയാൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു.
"അബ്ദുൽ റാഷീദ്. കുന്നുമ്മൽ വീട്ടിൽ"
"റാഷിദ് അല്ല മാഡം, സ്കൂൾ രജിസ്റ്റരിൽ അങ്ങനെ ആയിരുന്നു പക്ഷെ ആധാരത്തിൽ റഷീദ് എന്ന് തന്നെയാണ്".അയാൾ തിരുത്താൻ ശ്രമിച്ചു.
ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ ആപ്പീസർ വീണ്ടും
"നമ്പർ അഞ്ച്, ടെൻത്ത് ബി"
അയാൾ ആകെ അങ്കലാപ്പിൽ. ഇവർ ആധാരത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ കൂടി വായിക്കുന്നു. ഈ പെണ്ണുമ്പിള്ള പത്ത് മുപ്പത് കൊല്ലം മുൻപത്തേക്ക് ആണല്ലോ പോവുന്നത്. ഇവർക്കെങ്ങനെ തന്റെ സ്കൂൾ രജിസ്റ്റരിലെ പേരും ക്ലാസ് നമ്പരും ഓർമ്മ വന്നു. ഒരു പക്ഷെ ഇവർ കൂടെ പഠിച്ചതായിരിക്കുമോ? പ്രായം ഏതാണ്ട് തന്റെതിനോട് അടുത്ത് തോന്നിപ്പിക്കുന്നുമുണ്ട്. പക്ഷെ ആ അടുപ്പം ഒന്നും പെരുമാറ്റത്തിൽ കാണുന്നുമില്ല.
"അഞ്ചു കൊല്ലായിട്ട് നികുതി ഒന്നും അടച്ചിട്ടില്ല അല്ലെ"?
ആപ്പീസർ വീണ്ടും ഗൌരവ ഭാവത്തിൽ.
അതിനിടക്ക് ആപ്പീസർക്ക് ചായയും കടിയും വന്നിരുന്നു.
പക്ഷെ അയാൾ തന്റെ മനസ്സിനെ 30 വർഷം മുൻപത്തെ ക്ലാസ് മുറിയിൽ തിരയുകയായിരുന്നു അപ്പോഴും. ദാരിദ്ര്യം നിറഞ്ഞ സ്ക്കൂൾ ജീവിത കാലം.. സഹപാഠികൾ എല്ലാം ഉച്ച ഭക്ഷണത്തിന് പോവുമ്പോൾ സ്കൂൾ കിണറ്റിലെ പച്ച വെള്ളവും കുടിച്ചു ഡെസ്ക്കിൽ തല ചാഴ്ച്ചു വിശപ്പിനെ മറക്കാൻ ശ്രമിച്ചിരുന്ന നാളുകൾ. അന്നൊക്കെ പല ദിവസങ്ങളിലും തന്റെ ഉറക്ക നാട്യത്തെ തോണ്ടി ഉണർത്തി കൊണ്ട് കുപ്പി വളയിട്ട ഒരു കൊച്ചു കൈ നീണ്ടു വരുമായിരുന്നു. കൂടെ കഴിക്കാൻ വിളിക്കും. വേണ്ടെന്നു പറഞ്ഞാൽ പിന്നെ കൊണ്ട് വന്ന എന്തെങ്കിലും പലഹാരം എടുത്ത് 'ഇതെങ്കിലും കഴിക്ക്' എന്ന് പറഞ്ഞു നീട്ടും.
"ചായ കുടിക്കുന്നോ?" ആപ്പീസറുടെ ചോദ്യം അയാളെ വീണ്ടും വില്ലേജ് ആപ്പീസിൽ എത്തിച്ചു.
"ഒരു ചായ അല്ലെ ഉള്ളൂ. അത് നിങ്ങൾ തന്നെ കുടിക്ക്. ഞാൻ വീട്ടിൽ നിന്ന് കുടിച്ചു ഇറങ്ങിയതാ".
അയാൾ മനസ്സിനെ വീണ്ടും സ്കൂളിലേക്ക് തന്നെ കൊണ്ടുപോയി. തലയും താഴ്‌ത്തി ഇരുന്നു ചിന്തയിൽ മുഴുകി. അതിനിടക്ക് ആപ്പീസർ വീണ്ടും.
" എന്നാ ഇതെങ്കിലും കഴിക്ക്"
ആ വാക്കുകൾ അയാളെ സ്ഥലകാലബോധത്തിൽ നിന്നും മാറ്റി. നേരെ നീണ്ടു വന്ന കൈകളിൽ നിന്ന് സ്വർണ്ണ വളകൾക്ക് പകരം കുപ്പി വളകളുടെ കിലുക്കം അയാൾ കേട്ടു. പിന്നെ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
"മീനാ കുമാരി. പുതിയോട്ടിൽ. നമ്പർ ഇരുപത്തൊന്ന്. ടെൻത്ത് ബി".
ഇരുവരുടെയും കണ്ണടകൾ പതുക്കെ ഉയർന്നു. പിന്നെ തുവാലകൾ നീർ കണങ്ങൾ ഒപ്പിയെടുത്ത് കൊണ്ടിരുന്നു.
******************************************************************************************************************************

2015 മാർച്ച് 2, തിങ്കളാഴ്‌ച

സ്വപ്നാടനം:

കണ്ണ് സ്വയം കാണുന്നില്ല, ചെവി സ്വയം കേൾക്കുന്നില്ല. ഇന്ദ്രിയങ്ങൾ തലച്ചോറിന്റെ പുറം ലോകവുമായുള്ള ശൃംഗലാംഗം മാത്രം. തലച്ചോർ നാം ഉണർന്നിരിക്കുമ്പോൾ കണ്ണിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തും. എന്നാൽ ചിലപ്പോൾ സ്വപ്നത്തിലും ചിന്താവേളകളിലും അത് മുൻപ് റെക്കോർഡ്‌ ചെയ്ത കാര്യങ്ങളെ അല്പം അതിശയോക്തിയോടെ അവതരിപ്പിച്ചു തരും. ഇതും രണ്ടു വിധം ഉണ്ട്. സ്വപനത്തിൽ കാണുന്ന കാര്യത്തിൽ നമുക്ക് നിയന്ത്രണം ഇല്ല. ഉണർന്നിരിക്കുമ്പോൾ നെയ്യുന്ന ഭാവനക്ക് കടിഞ്ഞാൻ നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയും ചെയ്യും.
എന്നാൽ ഇത് രണ്ടും കൂടി ചേർത്ത് വച്ചുകൊണ്ട് സ്വപ്ന യാത്ര ചെയ്യാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? എനിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ അത് സ്വപ്നം തന്നെ ആണെന്ന് തിരിച്ചറിയും. പിന്നെ ആ സ്വപ്നത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യും. ഇത് കൌമാരത്തിൽ തുടങ്ങിയതാണ്‌. പലപ്പോഴും വായുവിലൂടെ ഒഴുകി നടക്കും ശരീരം തീർത്തും ഭാര രഹിതം ആയിരിക്കും. കാലൊന്നു ഉയർത്തിയാൽ ശരീരം മുഴുവൻ വായുവിലേക്ക് പൊങ്ങി പോവും. പിന്നെ വായുവിലൂടെ നടക്കാം. പലപ്പൊഴൂം വീട്ടിൽ നിന്ന് കൊഴിക്കൊട്ട് അങ്ങാടി വരെ ഇങ്ങനെ പറന്നു പോയിട്ടുണ്ട്. സിനിമക്ക് ടിക്കറ്റ് എടുക്കാൻ ഉള്ള കാശ് മാത്രം കയ്യിൽ ഉള്ളപ്പോൾ ബസ് യാത്ര ഇങ്ങനെ ഒഴിവാക്കിയിരുന്നു.
ഈയിടെ നാട്ടിലേക്ക് പോയി. വിമാനത്തിൽ കയറി ഇരുന്നു ജനാല വഴി മുകിൽ പടലങ്ങളെ നോക്കിയിരിക്കെ സ്വീറ്റിനു തൊട്ടടുത്ത് തന്നെയുള്ള ഡോർ പെട്ടെന്ന് തുറന്നു പോയി. ഞാൻ സ്വീറ്റിൽ നിന്ന് തെറിച്ചു മേഘങ്ങളിൽ മുങ്ങി താണു. അപ്പോൾ എനിക്കറിയാം ഇത് സ്വപ്നമാണ്. പിന്നെ ആലോചിച്ചില്ല വായുവിലൂടെ ഒന്ന് നീന്താൻ തന്നെ ഉറച്ചു. നല്ല തണുപ്പ്. താഴെ അറബിക്കടൽ. വിമാനം പറന്നകലുന്നത് കാണാം. എങ്കിലും ഇന്ത്യയുടെ കര കാണുന്നുണ്ട്. പിന്നെ കരയോടടുപ്പിച്ചു കൊണ്ട് താഴ്‌ന്നു നീങ്ങി. താഴെ എത്താറായപ്പോൾ ബുർജ് ഖലീഫ പോലെ തോന്നിപ്പിക്കുന്ന ഒരു കൂറ്റൻ സ്തൂപം കടലിൽ കൂർത്തു പൊങ്ങി കിടക്കുന്നു. പിന്നെ സംശയം.നാടെത്തിയില്ലേ? താഴെ ദുബായി ആണോ? എന്തായാലും ഇറങ്ങണം. നേരം പുലർന്നു വരുന്നതേയുള്ളൂ. പതുക്കെ അതിന്റെ മുനമ്പിൽ ഇറങ്ങി. അതൊരു കുത്തനെയുള്ള പർവ്വതം. കുറച്ചകലെ കോഴിക്കോടിന്റെ തീരം കാണാം. കോഴിക്കോട് മെഡിക്കൽ കോളേജ് ക്ലോക്ക് ടവർ കണ്ടതോടെ സമാധാനമായി. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ കൂടി പറന്നാൽ വീട്ടിൽ എത്താം. അപ്പോഴാണ്‌ ആ കാര്യം ഓർമ്മ വന്നത്. പാസ്സ്പോർട്ട് കയ്യിൽ ഇല്ല. ഇനി തരിച്ചു പോരണേൽ ഇതുപോലെ പറക്കെണ്ടേ...