2014, ജൂൺ 20, വെള്ളിയാഴ്‌ച

അവധിക്കാലം

കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. ക്ളാസ് മുറിയിലെ ജനാലക്കപ്പുറത്തെ കാഴ്ചയിൽ ഉച്ച വെയിലിൽ പോള്ളിപ്പതച്ച സ്കൂൾ മുറ്റവും ബാബുമോന്റെ കവിൾത്തടങ്ങളും ഒരുപോലെ കാണപ്പെട്ടു. ഉപ്പ അവസാനമായി ഗൾഫിൽ നിന്ന് വന്നപ്പോൾ സമ്മാനമായിത്തന്ന പാർക്കർ പേനകൊണ്ട് ഉത്തരക്കടലാസിലെ അവസാന വരിയും എഴുതിത്തീർത്തപ്പോൾ, ഓരോ വരിയിലുമവൻ ഉപ്പയുടെ അനുഗ്രഹം കണ്ടു. 

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൂട്ടുകാരെല്ലാം വലിയ ആഹ്ലാദത്തിൽ . ചിലർ കൂട്ടം ചേർന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നു. മറ്റു ചിലർ പരസ്പരമിരുന്ന് ചോദ്യപ്പേപ്പർ നോക്കി ഉത്തരം ചർച്ച ചെയ്യുന്നു. പിന്നെ അവധിക്കാലത്തെ പരിപാടികൾക്ക് രൂപം നൽകുന്നു. കൊയിത്ത് കഴിഞ്ഞുണങ്ങി വരണ്ട പാടങ്ങളെല്ലാം ഇനി രണ്ടു മാസത്തേക്ക് അവർക്കുള്ളതാണ്‌. ചിലർക്ക് ഉല്ലാസ യാത്ര പോണം. മറ്റു ചിലർ അവധിക്കാലമൊരു വഴിക്കാക്കാൻ വരുന്ന ട്യുഷൻ മാഷേക്കുറിച്ചുള്ള ഭയത്തിലാണ് . 

ബാബുമോനും അനാഥാലയത്തിൽ നിന്നും സ്കൂളിൽ വരുന്ന മറ്റ് കൂട്ടുകാരും മാത്രമാണ് ഇപ്പോൾ ക്ളാസിൽ. സനാഥരായ കൂട്ടുകാരുടെ വർണ്ണനകളിൽ വിരിഞ്ഞ അവധിക്കാലം അവനെയും ചിലയോർമ്മകളിലേക്ക് കൊണ്ട് പോയി.

എല്ലാ സ്കൂൾ അവധിയിലും ഉപ്പ നാട്ടിൽ വരുമായിരുന്നു. അന്നെല്ലാം ഉപ്പ തന്നെയായിരുന്നു അവന്റെ കൂട്ടുകാരൻ. പോകുന്നിടത്തെല്ലാം കൊണ്ട് പോകും. എന്നും ഉല്ലാസ യാത്രകൾ . അന്നൊക്കെ ഉമ്മക്കും അടുക്കളക്കവധിയായിരുന്നു. 

ആ മധുര ചിന്തകൾക്കധികം ആയുസ്സ് നൽകാനനുവദിക്കാതെ വാർഡൻ അബു മാഷിന്റെ നിർദ്ദേശം വന്നു. അതനുസരിച്ച് എല്ലാവരും ഒറ്റ വരിയായി തങ്ങളുടെ താമസ സ്ഥലത്തേക്ക് നടന്നു. എന്നും അതാണ്‌ രീതി. ക്ളാസ്സിൽ വരുന്നതും പോകുന്നതും ഇതേ രീതിയിൽ. താമസ ഹാളിൽ എത്തിയതും അവിടത്തെ മറ്റു കൂട്ടുകാരെല്ലാം നല്ല ആവേശത്തിൽ. രണ്ടു മാസം ഇനി വീട്ടിൽ തന്നെ. അവരിൽ പലരെയും കൊണ്ട്പോകാൻ അടുത്ത ബന്ദുക്കൾ എത്തിയിട്ടുണ്ട്. ബാബുമോന്റെ മുഖത്ത് മാത്രം മ്ളാനത. അവൻ വീണ്ടും ചിന്തയിൽ മുഴുകി. 

ആറ് മാസം മുൻപ് വല്യുപ്പ കൂടി മരിക്കുന്നത് വരെ അവൻ ഉപ്പാന്റെ വീട്ടിൽ തന്നെയായിരുന്നു. ഉമ്മയും കൊച്ചു പെങ്ങൾ നസ്രിയും ഉമ്മായുടെ വീട്ടിലും. ഉപ്പയുടെ ആകസ്മിക വേർപാടോടെ ഉമ്മക്കങ്ങനെ വേണ്ടി വന്നു. ബാബുവിനെയും നസ്രിയെയും ഏറ്റെടുക്കാൻ പല യതീംഖാനക്കാരും വന്നു വിളിച്ചെങ്കിലും വല്യുപ്പ വിട്ടില്ല. താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കൊച്ചു മക്കൾ അനാഥരല്ലെന്നായിരുന്നു നിലപാട്. എന്നാൽ അദ്ദേഹം കൂടി വിട പറഞ്ഞപ്പോൾ ഭാഗം വെപ്പ് നടന്നു. ഓരോരുത്തരും അവരവരുടെ ഭാഗം എടുത്തപ്പോഴാണറിഞ്ഞത് ബാബുവും നസ്രിയും ഇനിമേൽ തറവാട് സ്വത്തിലവകാശികളല്ല. പിന്നീട് ഉമ്മ തന്നെയാണാ തീരുമാനമെടുത്തത്. 

"മോൻ അവിടെപ്പോയി നന്നായി പഠിച്ചു വരണം. ഉമ്മക്കും പെങ്ങക്കും തണലാവണം". കണ്ണീരിൽ കുതിർന്ന ആ വാക്കുകളെ മറ്റാരും എതിർത്തതുമില്ല. 

അനാഥാലയത്തിന്റെ പരുക്കൻ ഭിത്തികൾക്കുള്ളിൽ നിന്ന് കൊണ്ട് ജനാലകൾക്കപ്പുറത്തെ ഉദ്യാന ശലഭങ്ങളെ തെല്ലൊരസൂയയോടെ നോക്കിയങ്ങനെ ചിന്തയിൽ മുഴുകിയിരിക്കെ, അബു മാഷ് വീണ്ടും വന്നു വിളിച്ചു. ബാബുവിനെ കൊണ്ട് പോകാൻ അമ്മാവൻ വന്നിരിക്കുന്നു. അവന്റെ മനസ്സ് തണുത്തു. വസ്ത്രമെല്ലാം പെട്ടിയിലാക്കി ഉമ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീണു കിട്ടിയ അവധിക്കാലം ഉമ്മയുടെയും നസൃവിന്റെയും കൂടെ കഴിയാൻ, കർക്കശ ജീവിത ചിട്ടകളിൽ നിന്ന് നഷ്ടബാല്യത്തിന്റെ ഓർമകളിലേക്കുള്ളൊരു തീര്‍ത്ഥയാത്രയെന്നോണം.