2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒരു പഴയ അറബികഥ:

1983 ലെ മെയ് മാസം. ജ്യേഷ്‌ഠന്‍ ഗൾഫിൽ നിന്ന് ആദ്യമായി ലീവിൽ വന്ന രാത്രി ഇന്നും ഓർമ്മയുണ്ട്. വലിയ പെട്ടി നിറയെ സാധനങ്ങൾ. പാതിരാവായപ്പോൾ ഞങ്ങൾ ബാക്കി സഹോദരങ്ങൾ എല്ലാവരും വട്ടമിട്ടിരുന്നു. ജ്യേഷ്‌ഠന്‍ പെട്ടി തുറന്നു. അവരവർക്ക് ഫിറ്റായ ടീഷർട്ടും ജട്ടിയും എല്ലാം ഓരോ ജോഡി വീതം തിരഞ്ഞെടുത്തോളാൻ പറഞ്ഞു. ഞങ്ങൾ ആവേശത്തോടെ എല്ലാം ഇട്ടു നോക്കി പറ്റിയത് തിരഞ്ഞെടുത്ത് കൊണ്ടിരുന്നു. എന്നാൽ ചിലരെല്ലാം മേൽക്കു മേൽ ഇട്ടു കൊണ്ട് അതി ബുദ്ധി കാണിക്കുന്നുമുണ്ടായിരുന്നു. ജട്ടി ഇട്ടു ശീലമില്ലാത്ത ഞാനന്ന് അഞ്ച് ജട്ടി ഒരുമിച്ചിട്ടു.
എല്ലാവരും വളരെ സന്തോഷത്തോടെ ഉറങ്ങാൻ പോവുമ്പോൾ സുബഹി ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ജ്യേഷ്‌ഠന്‍ പോയി കുളിച്ചു വലിയ ഒരു തോപ്പും ഇട്ടു കൊണ്ട് എല്ലാവരെയും വിളിച്ചുണർത്തി സുബഹി നിസ്ക്കരിച്ച ശേഷം മതി ഉറക്കം എന്ന് കൽപ്പിച്ചു. വേനലവധിയാണ് സ്കൂളിൽ പോവേണ്ടതില്ല. അങ്ങനെ നിസ്കാരവും കഴിഞ്ഞു ഞങ്ങൾ ഉച്ച വരേ പതിവു പോലെ ഒന്നിച്ചുറങ്ങി. കൂടെ ജ്യേഷ്‌ഠനും. ഉച്ച തിരിഞ്ഞു ഞാനും ജ്യേഷ്‌ഠനും പുറത്തേക്ക് പോയി. വലിയ ടേപ്പ് റെക്കോർഡർ കൊണ്ട് വന്നിട്ടുണ്ട് രണ്ട് കാസറ്റ് ഇടാം. മൈക്കും ഉണ്ട് അതൊക്കെ ഒന്ന് ഉപയോഗിച്ചു നോക്കണം.ആ ത്രില്ലിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങളും വാങ്ങി ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ എത്താറായപ്പോൾ മുറ്റത്ത് കൂടി അറബി വേഷത്തിൽ ഒരാൾ ഉലാത്തുന്നത് കണ്ടു. പിന്നാലെ മറ്റു അനിയന്മാരും ഉണ്ട്. ജ്യേഷ്‌ഠൻ രാവിലെ നിസ്ക്കരിക്കുമ്പൊൾ ധരിച്ച അറബിത്തോപ്പാണത്. തലയിൽ വെള്ളത്തട്ടം. കയ്യിൽ തസ്ബിഹ് മാല. കറുത്ത സോക്സ്‌ ഒന്നു കൊണ്ട് തലയിൽ വട്ടും കെട്ടിയിട്ടുണ്ട്. ജ്യേഷ്‌ഠന്‍ പുറത്തിറങ്ങുമ്പോൾ എടുക്കാൻ മറന്നു പോയ കൂളിംഗ് ഗ്ലാസും കക്ഷി അണിഞ്ഞിട്ടുണ്ട്. അയൽപക്കത്തുള്ള ഖദീശയിത്താത്ത മുറ്റത്തുണ്ട്. അവർ അറബിയുടെ മുഖം ഒന്ന് കാണണം എന്നവശ്യപ്പെട്ടപ്പോൾ ശിങ്കിടിയായി നടക്കുന്ന അനിയന്റെ മറുപടി.
'അറബി പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ല, ഇത്താത്ത അകത്തു പോകി'.
‘എടാ വയസ്സായ ഇന്നേ കണ്ടാൽ അറബിക്കെന്താ അയാള് മുണ്ടൂലെ..?’
പെട്ടെന്ന് അറബി തസ്ബിഹ് മാല കറക്കി കൊണ്ട് മുഖം തിരിക്കാതെ തന്നെ;
'വലൈക്കും സലാം.. വലൈക്കും സലാം'.
അതിന് അറബിനോട് ഇപ്പളാരാ സലാം പറഞ്ഞത്'.
ഖദീശയിത്താത്തയുടെ ചോദ്യം ന്യായമായിരുന്നു. കൊച്ചു പെങ്ങൾ ചിരി പുറത്ത് വരാതിരിക്കാൻ കോലായിലെ ഗ്രിൽസിൽ കടിച്ചു നിന്നു.
അറബി ജ്യേഷ്‌ഠന്റെ കൂടെ വന്നതാണ്. അകത്തെ കൊടിയ ചൂടു കൊണ്ടാണ് പുറത്തു കൂടെ നടക്കുന്നത്, കുറെ ദിവസം ഇവിടെ തന്നെ കാണും ഉടനെ പോവില്ല എന്നെല്ലാം ഖദീശയിത്താത്തയെ പറഞ്ഞു ധരിപ്പിച്ചപ്പോൾ അവർക്ക് സമാധാനമായി. അവർ റേഷൻ വാങ്ങാൻ അങ്ങാടിയിലേക്ക് പോയി. പോവുന്ന വഴിക്ക് കാണുന്നവരോടെല്ലാം എടക്കുനിയിൽ അറബി വന്ന വിവരം പറഞ്ഞിരുന്നു. ഇന്നത് വാർത്തയല്ല. എന്നാൽ മുപ്പത് കൊല്ലം മുൻപത്തെ കാര്യം അങ്ങനെയല്ലല്ലോ. കേട്ടവരിൽ ചിലർ വീട്ടിലേക്ക് പുറപെട്ടു . അറബി വേഷക്കാരൻ സഹോദരൻ കുളിമുറിയിൽ ഒളിച്ചു. അറബി കുളിക്കാൻ പോയെന്ന് പറയാൻ പറഞ്ഞു.
വീട്ടിൽ ഉള്ളവ തികയാഞ്ഞതിനാൽ അയൽപക്കത്ത്‌ നിന്ന് കസേരകൾ കൊണ്ട് വന്നു മുറ്റത്ത് ഇട്ടു. മുറ്റം നിറയെ ആളുകൾ. പലരും വന്നത് മുറ്റത്തെ ആൾക്കൂട്ടം കണ്ടാണ്‌ . ഉമ്മയും മറ്റും കരുതിയത് ആളുകൾ ജ്യേഷ്ഠനെ കാണാൻ വന്നതാണ്‌ എന്നും. ഒടുവിൽ ജ്യേഷ്ഠനും തന്റെ കൂടെ അറബി വന്ന വിവരം അങ്ങാടിയിൽ നിന്നറിഞ്ഞു വീട്ടിലേക്ക് തിരിച്ചു. ജ്യേഷ്ഠൻ എത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. കുളിമുറിയിൽ പോയ അറബി അപ്പോഴേക്കും തോപ്പും കളഞ്ഞു സ്ഥലം വിട്ടിരുന്നു. കക്ഷി ഇപ്പോൾ റിയാദിൽ ഉണ്ട്. ഏഷ്യാനെറ്റിന്റെ അവിടത്തെ റിപ്പോർട്ടർ ആണ് 
പേര് നാസർ കാരന്തൂർ Asianet Riyadh

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കാള രാത്രി.....


ഇന്നലെത്തെ രാത്രി നിലാവുള്ളതാവാൻ ഇടയില്ല. പക്ഷെ എനിക്ക് പൌർണ്ണമിയായിരുന്നു. നാട്ടിൽ ലീവിന് എത്തിയതാണ്. കഷ്ടിച്ച് 15 ദിവസത്തേക്ക്. എവിടെയെങ്കിലും പോവാനോ ആരെയെങ്കിലും കാണാനോ ഒന്നും സമയമില്ല. അതിനിടക്കാ കൂട്ടുകാരൻ കുഞ്ഞി മുഹമ്മദിന്റെ ക്ഷണം വന്നത്. ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. ദീർഘ കാലം ഒരുമിച്ചു കഴിഞ്ഞതാണ്. അങ്ങനെ അവന്റെ വീട് വരേയൊന്നു പോയി. തൊട്ടടുത്ത ഗ്രാമമാണ് അവന്റെത്‌. പുഴ കടന്നു പോണം. വീടെത്തിയതും സന്ധ്യ കഴിഞ്ഞിരുന്നു. ചായ സൽക്കാരം കഴിഞ്ഞു ഗൾഫ് ജീവിത കാലത്തെ ഓർമ്മകൾ ഞങ്ങൾ പരസ്പരം അയവിറക്കി. പിന്നെ ഇഷാ ബാങ്ക് വിളിച്ചതും കുഞ്ഞി മുഹമ്മദ്‌ ആ കാര്യം ഓർമിപ്പിച്ചു.
'നീ പോത്ത് വരട്ടിയതും ബിരിഞ്ചിയും കഴിച്ചിട്ട് എത്ര കാലായി?'
'അതിപ്പോ ഒരുപാടായി കാണും. പണ്ടെങ്ങോ ഏതെങ്കിലും നേർച്ചക്കോ മരണാടിയന്തിരത്തിനോ കഴിച്ച ഓർമ്മയേ ഒള്ളൂ. എന്താ ഇവിടെ ആരെങ്കിലും മരിച്ചോ?'
'അതല്ല പോത്തേ... നിനക്ക് ഇഷാ നിസ്കാരം ഇവിടെ കൂടിയിട്ടു പോവാം. അതു കഴിഞ്ഞ് പള്ളിയിൽ സ്വലാത്തും ദിക്റും ഉണ്ട്. അതു കഴിഞ്ഞാൽ ഉടനെ ഭക്ഷണം വിളമ്പും. ഇന്ന് വെള്ളിയാഴ്ച്ച രാവല്ലേ?'
'അത് പറ്റില്ല. രാത്രി വൈകി തിരിച്ചു പോയാൽ പ്രശ്നമാണ് പുഴ തിരിച്ചു കടക്കണ്ടേ? ഇടുങ്ങിയ ഇടവഴിയുമാണ് ഞാൻ പോവ്വാ'
'നീ എന്തിനാ പുഴ കടന്നു പോവണത്. തെക്ക് റോഡു വഴി പാലം കടന്നു പോവാം. ഞാൻ ബൈക്കിൽ കൊണ്ട് വിടാം നീ സ്വലാത്ത് കഴിഞ്ഞു ഭക്ഷണവും കഴിച്ചു പോയാൽ മതി'
കുഞ്ഞു മുഹമ്മദിന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. ഇഷാ നിസ്കാരവും കഴിഞ്ഞു ആളുകൾ ഓരോ ഗ്ലാസ് പായസവും അകത്താക്കി സ്വലാത്തിന്റെ ഒരുക്കത്തിലേക്ക് നീങ്ങി. ഞാനൊന്ന് മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങി. പോത്ത് വരട്ടിയതിന്റെയും ബിരിഞ്ചിയുടെയും മണം പിടിച്ചു വെപ്പുകാരനെ സഹായിച്ചു കൊണ്ട് ഒരു പയ്യൻ ചുറ്റി നടക്കുന്നുണ്ട്. വള്ളി ട്രൌസർ മാത്രമാണ് വേഷം. ഏതാണ്ട് 10 വയസ്സിനു ചുവടെ പ്രായം കാണും. കാലിൽ ചെരുപ്പില്ല. ഊരി വീഴുന്ന ട്രൌസറിന്റെ വള്ളി ഇടക്കിടെ നേരെയാക്കി വെക്കുന്നുണ്ട്. ഈ കാലത്തും വള്ളി ട്രൌസർ ഇടുന്ന കുട്ടികളോ? ഞാൻ അത്ഭുതപ്പെട്ടു.
ഉടനെ കുഞ്ഞു മുഹമ്മദിന്റെ വിളി വന്നു. ഞാൻ വുളു ഉണ്ടാക്കി വീണ്ടും പള്ളിയിലേക്ക്.
സ്വലാത്ത് തുടങ്ങി. ജനം ഭക്തി ലഹരിയിൽ. ഞാൻ വിശപ്പിന്റെ കാളലിലും. സമയം രാത്രി 12 മണി ആവാറായി. മൂത്രശങ്ക ഭാവിച്ചു ഞാൻ വീണ്ടും പുറത്തേക്കിറങ്ങി. ട്രൌസർ വാല പയ്യൻ അപ്പോഴും അവിടെയുണ്ട്. എന്നെ കണ്ടതും നല്ല പരിചയ ഭാവത്തിൽ അവൻ പറഞ്ഞു.
'ഇക്കാ നിങ്ങൾ ലീവിൽ വന്നതല്ലേ... ഇവിടെ പരിപാടി പുലർച്ച വരെ നീളും. നിങ്ങൾക്ക് വേണേൽ ഭക്ഷണം ഞാൻ പൊതിയാക്കി തരാം. നല്ല നിലവുണ്ടല്ലോ വേഗം പുഴ കടന്നു വീട്ടിലേക്ക് വിട്ടോളൂ'.
ഈ പയ്യൻ ആള് കൊള്ളാലോ എന്റെ മനസ്സ് ഇവൻ നന്നായി വായിച്ചെടുത്തിരിക്കുന്നു. ഞാൻ അവന്റെ അടുത്ത് ചെന്ന് ഒന്നും പറയാതെ ഭക്ഷണ ചെമ്പിലേക്ക് നോക്കി അങ്ങനെയിരുന്നു. വെപ്പുകാരനും സ്വലാത്തിൽ ആണ്. പയ്യൻ ഒരു വാഴയില വെട്ടി അതിൽ ഒന്നിൽ പോത്ത് വരട്ടിയതും മറ്റൊന്നിൽ ബിരിഞ്ചി ചോറും പൊതിഞ്ഞെടുത്ത് എനിക്കു നീട്ടി പറഞ്ഞു;
'വേഗം തടി സലാമത്താക്കിക്കൊളീ'.
'എനിക്ക് വഴി അത്ര ഉറപ്പില്ല. പുഴ വരെ നീയൊന്ന് കൂടെ വരുമോ?'
കേൾക്കേണ്ട താമസം ഒരു പൊതി എന്നിൽ നിന്നും വാങ്ങി അവൻ മുന്നിൽ നടന്നു. ഇടവഴിയിലേക്ക് നീങ്ങിയതും എനിക്കാ കാര്യം ഓർമ്മ വന്നു. എന്റെ ബാല്യകാല സഹപാഠിയായ ആമിനയെ കല്യാണം കഴിച്ചയച്ചത് ഇവിടെ അടുത്തെവിടെയോ ആണല്ലോ. പയ്യനോട് അവളെ കുറിച്ചന്വേഷിച്ചപ്പോൾ വീട് കാണിച്ചു തരാമെന്ന് അവനേറ്റു. ഈ പാതിരാത്രി തന്നെ കാണണോ എന്നൊരു മറു ചോദ്യവും.
ആമിനയുടെ വീടെത്തിയതും വലിയൊരു തൊഴുത്ത് മുന്നിൽ കണ്ടു. പയ്യൻ വീട്ടിലേക്ക് കയറി ഉറക്കെ വിളിച്ചു.
'ഉമ്മാ വാതില് തുറക്ക് ഒരാള് കാണാൻ വന്നിരിക്കുന്നു'
.
വാതിൽ തുറന്നു പുറത്തു വന്ന ആമിന രാത്രി വീടണയാത്ത മകനെ ശകാരിച്ചു കൊണ്ട് എന്നെ തുറിച്ചു നോക്കി ചോദിച്ചു.
'ആരാ? എന്താ ഈ പാതിരാക്ക്‌?'
ഞാൻ കാര്യങ്ങൾ പറഞ്ഞു അവൾക്ക് എന്നെ മനസ്സിലായി. പരസ്പരം കുടുംബ കാര്യങ്ങൾ എല്ലാം സംസാരിച്ചു. ആമിനയുടെ ഭർത്താവ് ഗൽഫിലാണ്‌ . ഒളിച്ചോട്ടക്കാരൻ എന്നാണ് അയാളെ അവൾ വിശേഷിപ്പിച്ചത്. ഭർത്താവ് ഗൾഫിൽ ആയിട്ട്‌ 20 വർഷമായി. ആമിനാക്ക്‌ പത്തോളം പശുക്കൾ ഉണ്ട്. സ്വന്തമായി വീടും അത്യാവശ്യം കൃഷിയിടവും എല്ലാമുണ്ട്. ഭർത്താവ് ഗൽഫിൽ ഉണ്ടാക്കുന്നതിനെക്കാൾ കാശു് അമിന പാല് വിറ്റ് സമ്പാദിക്കുന്നുണ്ട്‌. ഇവിടെ നിന്നാൽ ചാണകത്തിന്റെ മണത്തിൽ അധ്വാനിക്കെണ്ടി വരുമല്ലോ അതാണ്‌ കക്ഷി നിർത്തി പൊരാൻ മടിക്കുന്നതെന്ന ആമിനയുടെ പരിഭവത്തിൽ നിരാശയും നിസ്സഹായതയും നിഴലിച്ചു.
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആമിന കൂടെ പുറത്തേക്കിറങ്ങി തൊഴുത്തിൽ ഒന്ന് ടോർച്ചടിച്ചു നോക്കി. പത്ത് പശുക്കൾക്കും കൂടി ആകെ ഉണ്ടായിരുന്ന ആണ്‍ തുണയെ കാണാനില്ല. അവൻ കയറ് പൊട്ടിച്ചു എങ്ങോ ഓടിയിരിക്കുന്നു.
'പത്ത് ബീവിമാർ ഉണ്ടായിട്ടും അവൻ മതിലു ചാടിയോ?' എന്റെ തമാശക്കുള്ള ആമിനയുടെ മറുപടി പെട്ടെന്നായിരുന്നു.
'ആണ്‍ വർഗ്ഗം അങ്ങനെ തന്നെയാ ഇനിയിപ്പോൾ കന്നു കാലികൾക്ക് മാത്രം എന്തിനാ ഒരു കിഴിവ്'.
വടി കൊടുത്ത് അടി വാങ്ങിയ ജാള്യതയിൽ ഞാൻ ചോദിച്ചു, 'ഇനിയിപ്പോ എന്ത് ചെയ്യും'.
ആമിന മറുപടി നൽകിയത് വള്ളി ട്രൌസർകാരൻ മകനോടായിരുന്നു.
'എടാ നീ ഇക്കാനെ പുഴവക്ക് കാണിച്ചു കൊടുക്കുമ്പോൾ നമ്മുടെ മൂരിയും അവിടെ എങ്ങാനും ചുറ്റി തിരിയുന്നുണ്ടോ എന്ന് നോക്കണം. ഭയങ്കര കൊമ്പനാ പലരെയും കുത്തി വീഴ്ത്തിയിട്ടുണ്ട്'.
അത് കൂടി കേട്ടതോടെ ഭയം ഇരട്ടിച്ചു. വഴിയിലൊന്നും ആ സാധനത്തെ കാണരുതേ എന്നായിരുന്നു എന്റെ തേട്ടം. പയ്യൻ മുന്നിലും ഞാൻ പിന്നിലുമായി ഇടുങ്ങിയ ഇടവഴിയിലൂടെ പുഴ വക്കത്തെക്ക് നീങ്ങി. പുഴ അടുക്കാറായതും കാളയെ കണ്ടു. വെളുത്ത നിറം നീണ്ടു വളഞ്ഞ കൂർത്ത കൊമ്പുകൾ. നല്ല നെടുപ്പമുള്ള ശരീരം കയറിന്റെ ചെറിയൊരു ഭാഗം കഴുത്തിലുണ്ട്. അവൻ ഞങ്ങളുടെ നേരെ തന്നെ വരുന്നു. ഞങ്ങൾ ഇടവഴി മറികടന്നു തൊട്ടടുത്ത പറമ്പിലൂടെ ഓടി. പിന്നാലെ കാളയും. ഓട്ടത്തിന്റെ ദിശ മാറി എത്തിപ്പെട്ടത് കുഞ്ഞി മുഹമ്മദ്‌ പറഞ്ഞ റോട്ടിൽ തന്നെ. അവിടെ റോഡരുകിൽ പഴയ ഒരു എസ് ടി ഡി ബൂത്ത് കണ്ടു. പയ്യൻ ഉടനെ ബൂത്തിൽ കയറി കൂടെ ഞാനും.
അതിനകത്ത് ഫോണ്‍ ഒന്നുമില്ല. ഈ മൊബൈൽ യുഗത്തിൽ അതിന്റെ ആവശ്യമെന്ത് എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ബൂത്തിനുള്ളിൽ നിറയെ മട്ടലും ചികരിയും മറ്റു വിറകുകളും ആണുള്ളത് ആകെ മാറാല പിടിച്ചിരിക്കുന്നു. കാള ഞങ്ങളെ വിടുന്ന ലക്ഷണമില്ല. ഞാൻ ബൂത്തിന്റെ വാതിൽ അടച്ചു പിടിച്ചു. പക്ഷെ അതിന് കൊളുത്തില്ലായിരുന്നു. വാതിലിലെ ഗ്ലാസ് വഴി പുറത്തേക്ക് നോക്കുമ്പോൾ കാള കൊമ്പു കൊണ്ട് വാതിൽ കുത്തി പൊളിക്കാനുള്ള ശ്രമത്തിലാണ് എന്ന് മനസ്സിലായി. ആമിനയുടെ മകൻ വിറകിനുള്ളിൽ ഒളിച്ചു.
'കാളക്ക് നിന്നോടും ദേഷ്യം അണോടോ? ഉപദ്രവിക്കാതെ പോവാൻ പറ. നീ പറഞ്ഞാൽ കാള കേൾക്കുമായിരിക്കും'.
'അറിയില്ല ഇക്കാ.. ഇത്ര ക്രോധത്തോടെ അവനെ ഇതുവരെ കണ്ടിട്ടില്ല'. എന്റെ ദയനീയമായ അപേക്ഷക്ക് അവന്റെ മറുപടി.
അതിനിടയിൽ കാള ബൂത്ത് കുത്തി മറിച്ചിട്ടു. തുറന്നു പോയ വാതിൽ വഴി ഞങ്ങൾ ഒരു വിധം ജീവനും കൊണ്ടോടി. പക്ഷെ ബീഫും ബിരിഞ്ചിയും അപ്പോഴും കയ്യിൽ നിന്ന് വീണു പോയിരുന്നില്ല. വീണ്ടും പുഴ വക്കിൽ എത്തി. അവിടെ പുഴയിലേക്ക് ചാഞ്ഞു നീണ്ടു പിന്നെ നിവർന്നു വളർന്ന 'എൽ' ആകൃതിയിൽ ഉള്ള ഒരു തെങ്ങുണ്ട്.
പണ്ട് പത്ത് മുപ്പത്തഞ്ചു വർഷം മുൻപ് അതുപോലെ തന്നെയുള്ള ഒരു തെങ്ങുണ്ടായിരുന്നു അവിടെ. അത് ഇപ്പോൾ വീണു പോയിക്കാണും. അവിടെ ഞങ്ങൾ കുട്ടിക്കാലത്ത് കുളിക്കാൻ പോവുമ്പോൾ ആ തെങ്ങിന്റെ മുകളിൽ കയറി വെള്ളത്തിലേക്ക് ചാടി കളിക്കാറുണ്ടായിരുന്നു. താഴെ നല്ല ആഴമുള്ള കഴമാണ്.
ഒരിക്കൽ മുസ്തഫ എന്ന പേരുള്ള കൂട്ടുകാരനും ഒത്ത് അങ്ങനെ ചാടാൻ പോയി. അവൻ തെങ്ങിൽ നിന്നും വെള്ളത്തിൽ ചാടിയതും പിന്നെ കുറേ നേരത്തേക്ക് പൊന്തിയില്ല. അതൊരു വെള്ളിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച കഴത്തിൽ റൂഹാനീങ്ങൾ ഉണ്ടാവുമെന്നും അവ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ കഴുത്തിനു പിടിച്ചു വലിക്കുമെന്നും പണ്ട് വീട്ടുകാർ പറഞ്ഞു പേടിപ്പിച്ചിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞു പൊന്തി വന്ന മുസ്തഫയും അത് തന്നെ പറഞ്ഞു. അവനെ ഒരു റൂഹാനി വന്നു കഴുത്തിനു പിടിച്ചു താഴോട്ടു വലിച്ചു പോൽ. അതിനാലാണ്  പൊങ്ങാതെ പോയത്. ഒരു വിധം കുതറി ആണ് അവൻ മുകളിലെത്തിയത്. അവൻ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ പനി വന്നു. മുസ്തഫയുടെ ബാപ്പ അവനെ പല സിദ്ധൻ മാരുടെയും അടുത്ത്  കൊണ്ടുപോയെങ്കിലും അസുഖം മാറിയില്ല. തുടക്കത്തിൽ മാനസിക അസ്വാസ്ത്യങ്ങൾ പ്രകടിച്ച അവൻ പിന്നീട് അത് മൂർച്ചിച്ചു മരണപ്പെട്ടു.
പെട്ടെന്ന് തെങ്ങിലേക്ക് പാഞ്ഞു കയറുന്നതിനിടയിൽ ഈ കഥകലെല്ലാം എന്റെ മനസ്സിലൂടെ മിന്നി മറിഞ്ഞു പോയി. മുന്നിൽ ഓടിക്കയറിയ വള്ളി ട്രൌസറുകാരൻ തെങ്ങിന്റെ മണ്ടയിൽ പിടിച്ചു ഇരു കാലുകളും കീഴ്പ്പോട്ടിട്ടു ഇരിപ്പാണ്. തൊക്കിൽ ബിരിഞ്ചി പൊതിയും ഉണ്ട്. ഞാൻ ആണെങ്കിൽ വരട്ടിയ ബീഫ് പൊതി താഴെ വെള്ളത്തിൽ വീണു പോവാതെ എങ്ങനെ തെങ്ങിൽ പറ്റിപ്പിടിച്ചിരിക്കാം എന്ന ബദ്ധപ്പാടിലും. പക്ഷെ കാള പോവുന്ന ലക്ഷണമില്ല. അവൻ കരയിൽ അങ്ങനെ നിപ്പുണ്ട്. എന്തിനാണവന്റെ ദേഷ്യം? അതിനിടെ പയ്യൻ പതുക്കെ താഴോട്ടിറങ്ങി വന്നു. തെങ്ങിന്റെ വളഞ്ഞ ഭാഗത്ത് ഞാനും ഒരു വിധം ഇരിപ്പുറപ്പിച്ചു.
'ഈ ഭക്ഷണം തണുത്ത് പോവുന്നതിനിടക്ക് നമുക്കതങ്ങ് തിന്നാം. കുറെ ഓടിയതല്ലേ. അതിനിടക്ക് കാള തിരിഞ്ഞു പോയാലോ'.
പയ്യന്റെ അഭിപ്രായം ഞാനും അംഗീകരിച്ചു. കത്തുന്ന വിശപ്പ്‌ അത് തന്നെ ശരിയെന്ന്‌ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു . പൗർണ്ണമി തിളങ്ങുന്ന ആകാശം. താഴെ ശാന്തമായി ഒഴുകുന്ന പുഴ. കരയിൽ കുത്തി മലർത്താൻ കൊമ്പും കുലുക്കി നിൽക്കുന്ന കാളക്കൂറ്റൻ. ഇതെല്ലാം സാക്ഷിയാക്കി ഞങ്ങൾ അത്താഴത്തിലേക്ക് പ്രവേശിച്ചു.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പയ്യൻ പറഞ്ഞു.
'ഇക്കാ ഇത് പോത്തല്ല. ഉമ്മാക്ക് ഒരു മൂരിക്കുട്ടൻ കൂടിയുണ്ടായിരുന്നു. അത് ഇന്നലെ ഉമ്മ പള്ളിയെലെ സ്വലാത്തിന് സംഭാവന നൽകിയിരുന്നു. അതാണ്‌ നമ്മൾ ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നത്'.
ഞാൻ വീണ്ടും ഒന്ന് കൂടി കരയിലേക്ക് നോക്കി കാള അവിടെയില്ല. ഒരു നെടു വീർപ്പോടെ ഭക്ഷണത്തിലേക്കു വീണ്ടും കൈ വയ്ക്കുന്നതിനിടെ വെള്ളത്തിൽ നിന്നും വായു പുറത്ത് വരുന്ന പോലുള്ള ശബ്ദവും പിന്നെ കുമിളകളും. പെട്ടെന്ന് ആ കുമിളകൾക്കിടയിലൂടെ ഒരു കൈ ഉയർന്നു എന്റെ നേരെ നീണ്ടു. അത് മുസ്തഫയ്ടെത് ആയിരുന്നു. അവൻ എന്നെ പിടിച്ചു വലിച്ചു താഴേക്ക് കൊണ്ടു പോവുന്നന്നത് കണ്ടു പൊട്ടിച്ചിരിക്കുന്ന പയ്യനെ ഒന്ന് കൂടി നോക്കി. അത് ഞാൻ തന്നെയായിരുന്നു. എന്റെ കുട്ടിക്കാലം. വല്ലാത്തൊരു സ്വപ്നം തന്നെ ആയിരുന്നു ഇന്നലത്തെ രാത്രി എനിക്ക് സമ്മാനിച്ചത്.

************************************

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

സുഹൃത്ത് പറഞ്ഞ കഥ.

ഒരു സുഹൃത്ത് പറഞ്ഞ കഥ.
-------------------------------------
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുൻപൊരു മാനേജർ ഉണ്ടായിരുന്നു. അയാൾ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിൽ ആയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തതും സ്റ്റൊക്കിൽ കെട്ടിക്കിടന്ന പല ഉല്പന്നങ്ങളും അദ്ദേഹം നഷ്ട വിലക്ക് വിറ്റു കളഞ്ഞു. മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും കാശിന്റെ ഒഴുക്ക് സാധ്യമാവുകയും പുതിയ ഉൽപന്നങ്ങൾ സ്റ്റൊക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ സാവധാനം വില്പന കൂടാൻ തുടങ്ങി. സ്ഥാപനം ചെറിയ തോതിൽ വീണ്ടും പച്ച പിടിച്ചു..
ആ സ്ഥാപനത്തിൽ ഒരു ചായക്കാരനും ഉണ്ടായിരുന്നു. ചായ അടിക്കാനുള്ള അറിവല്ലാതെ മറ്റൊരു യോഗ്യതയും ഇല്ലെങ്കിലും ഒരിക്കൽ സ്ഥാപനത്തിന്റെ മുദീർ ആയിത്തീരും എന്ന് അയാൾ സ്വപ്നം കണ്ടു. ഈ ലക്ഷ്യം വച്ച് മുതലാളി വരുമ്പോൾ അയാൾ മുതലാളിയുടെ മുൻപിൽ വളരെ ആക്റ്റിവ് ആവും. നിലം തുടക്കും. പൊടി തട്ടും. കിടിലൻ ചായ ഉണ്ടാക്കി മുതലാളിയെ സൽകരിക്കും. സമയം കിട്ടുമ്പോൾ മാനേജരെ കുറിച്ചുള്ള ഇല്ലാകഥകൾ ഉണ്ടാക്കി മുതലാളിയെ തെറ്റിദ്ധരിപ്പിക്കും. ചെങ്ങായിക്ക് തന്റെ ഭാഷയല്ലാതെ അറബിയോ ഇന്ഗ്ലീഷോ ഒന്നും അറിയില്ലെങ്കിലും വാചകമടിക്ക് ഒരു കുറവും ഇല്ലാത്തതിനാൽ മുതാലാളി കൌതുകത്തോടെ അതൊക്കെ കേട്ടിരിക്കും.
അങ്ങനെ ആ സമയം വന്നെത്തി. ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോൾ മാനേജർ രാജി വച്ച് ഒഴിഞ്ഞു പോയി. നമ്മുടെ ചായക്കരാൻ മുതലാളിയെ ചെന്ന് കണ്ടു പറഞ്ഞു.
"മുതലാളിക്ക് വിരോധം ഇല്ലെങ്കിൽ സ്ഥാപനം ഞാൻ നടത്തിക്കോളം. പഴയ മാനേജരുടെ ശമ്പളം ഒന്നും എനിക്ക് വേണ്ട.മുതലാളി എന്താ ആഗ്രഹിക്കുന്നത് എന്ന് വച്ചാൽ അത് തന്നാൽ മതി".
"അതിന് എന്താ നിന്റെ യോഗ്യത". മുതലാളി.
"ചായപ്പണി ആണെങ്കിലും ബിരുദമൊക്കെനേരെത്തെ തന്നെ എനിക്കുമുണ്ട്".
ഇടക്ക് കാശു കൊടുത്ത് ഒപ്പിച്ചു വച്ച വ്യാജ ബിരുദവും എടുത്ത് കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. ചായക്കാരന് ഒരു ചാൻസ് കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. അങ്ങനെ ചായക്കാരൻ മുദീറായി.
അധികാരമേറ്റ ഉടനെ മറ്റു ജോലിക്കാരെ എല്ലാം വിളിച്ചു വരുത്തി അയാൾ പറഞ്ഞു.
"ഞാൻ ഈ സ്ഥാപനം ഉടച്ചു വാർക്കാൻ പോവുകയാണ്. നിങ്ങൾ എല്ലാവരും ഇനി മേൽ 12 മണിക്കൂർ ജോലി ചെയ്യണം. ഞാൻ 16 മണിക്കൂർ ജോലി ചെയ്യും. കക്കൂസെല്ലാം അവനവൻ തന്നെ വൃത്തിയാക്കണം. ഇന്ന് ഞാൻ തന്നെ ഇവിടത്തെ കക്കൂസ് വൃത്തിയാക്കും. ഊഴം വച്ച് ഓരോരുത്തരും ഓരോ ദിവസം അത് ചെയ്യണം".
അതും പറഞ്ഞ് അയാൾ ചൂലുമെടുത്ത് പോയി. കക്കൂസ് ക്ലീൻ ചെയ്യുന്ന രംഗം ഫോട്ടോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കാനും മറന്നില്ല.
മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അത് അധികം നീണ്ടു നിന്നില്ല. കാരണം ചായക്കാരൻ ബോസ് അധിക സമയവും ഓഫീസിൽ ഉണ്ടാവാറില്ല. അയാൾ കിട്ടിയ വണ്ടിയും എടുത്ത് ഉഗ്രൻ കൊട്ടും വാങ്ങിയണിഞ്ഞു പർച്ചേസിങ്ങിനെന്നും പറഞ്ഞു ഊരു തെണ്ടൽ തുടങ്ങി. വല്ലപ്പോഴും ഓഫീസിൽ അത്തിയാൽ ആയി. മറ്റു ജീവനക്കാരും അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ മുതലാളിക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
-----------------------------
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും ആയി വല്ല സാമ്യവും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല