2015, നവംബർ 11, ബുധനാഴ്‌ച

ഒരു ചൊറിയൻ കഥ

കോളേജ് ജീവിത കാലം തിരക്കേറിയതായിരുന്നു. അതിരാവിലെ അങ്ങാടിയിലെ ഷട്ടിൽ കളി, പിന്നെ ഉച്ച വരെ ക്ലാസ്. ഉച്ച കഴിഞ്ഞു ക്രിക്കറ്റ് ബാറ്റും പിടിച്ചുള്ള മല കയറ്റം. വൈകീട്ട് പാർട്ടി ഓഫീസിലെ കാരംസ് കളി. അതുകഴിഞ്ഞ് അയൽ ഗ്രാമങ്ങളിലെ ആറേഴു ടാക്കീസുകളിൽ പാതിരാ ഷോ. പിന്നെ ചിലപ്പോഴൊക്കെ പച്ചക്കറിക്കടയിലെ നൈറ്റ് ഡ്യുട്ടി. അന്നൊക്കെ ഈ ഫേസ്‌ ബുക്കും മറ്റും ഉണ്ടായിരുന്നേൽ എന്താവുമായിരുന്നു സ്ഥിതി എന്ന് ആലോചിക്കാനേ വയ്യ. ഇപ്പോൾ തൊഴിലിൽ വിശ്രമിക്കുന്നതിനാൽ ഇതൊക്കെ സാധിച്ചു പോവുന്നു. എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ എന്നാണല്ലോ പ്രമാണം.
ഞാൻ ഷട്ടിൽ കളിയിൽ കേമനായിരുന്നു പക്ഷെ കോയ എന്നെക്കാൾ മിടുക്കനായിരുന്നതിനാൽ ബെറ്റ് വെക്കുന്ന പോറാട്ടയുടെയും മീൻ കറിയുടെയും കാശ് എന്നും എന്റെ പോക്കറ്റിൽ നിന്ന് തന്നെ പോവും. പലപ്പോഴും കാശ് തികയാതെ വരുമ്പോൾ എന്റെ പൊറാട്ടക്ക്‌ കറി കാണില്ല. മറ്റു ചിലപ്പോൾ പോറാട്ടയും. എങ്കിലും നല്ലവനായ കോയ കഷണം പൊറാട്ടയും ഇച്ചിരി കറിയും ഒഴിച്ചു തരും. പക്ഷെ മീൻ തരില്ല. അവൻ മീൻ തല കടിച്ചീമ്പുമ്പോൾ ഹോട്ടൽ മുറ്റത്തെ കാടൻ പൂച്ചക്കുക്കും എനിക്കും ഒരേ മുഖഭാവമാണെന്ന് കോയ പലപ്പോഴും അഭിപ്രായപ്പെട്ടിടുണ്ട്.
അന്നൊരിക്കൽ പതിവുപോലെ കളിയും തോറ്റ് ഹോട്ടലിൽ കയറി മത്തി മുളകിട്ടതും പോറാട്ടയും കഴിച്ചു കൊണ്ടിരിക്കെ കോയ പറഞ്ഞു.
‘നീ എന്നെങ്കിലും ജയിച്ചു കാണാൻ എനിക്കും ആഗ്രഹമണ്ട്. എന്തേ പൊറാട്ട പോലും വേണ്ടെന്നു വെച്ചത്, കശില്ലേ?’.
കാശില്ലാത്തത് കൊണ്ടാണെന്ന് അവനും അറിയാം. എങ്കിലും ആ ദൈന്യത കൂടി അവന് ആസ്വദിക്കണം അതിനാണാ ചോദ്യം. ഹോട്ടലിൽ നിന്നിറങ്ങി ഞാൻ പതിപുപോലെ വീട്ടിൽ എത്തി കുളിച്ചു പ്രാതലും കഴിച്ചു കോളേജിൽ പോയി. അന്ന് കോളേജിൽ സമരമായിരുന്നു. ഇന്ന് കോയയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം. അവന്റെ കാശ് കൊണ്ട് പോറാട്ടയും മത്തിക്കറിയും വാങ്ങി കഴിക്കണം. അങ്ങാടിയിൽ എത്തിയതും കോയയെ കിട്ടി. കളിയും തുടങ്ങി. ഉച്ച വരെ കളി നീണ്ടു. നാലഞ്ച് ദിവസത്തേക്കുള്ള പ്രാതൽ എന്റെ ചിലവിൽ അവൻ ഉറപ്പിച്ചു. എങ്കിലും അവസാനത്തെ സെറ്റിലെ ചിലവ് രൊക്കം കിട്ടണം എന്ന് അവൻ നിർബന്ധം പിടിച്ചു. ഹോട്ടലിൽ കയറി ഒരു സെറ്റ് കപ്പയും അയലയും ഓർഡർ ചെയ്തു. രാവിലെ മത്തിയും പോറാട്ടയും ആയിരുന്നല്ലോ. അവൻ തിന്നു തീരുന്നത് വരെ ഞാനും ഇരിക്കണം അതും കൂടി ഒരു വ്യവസ്ഥയാണ്‌. അവൻ പതിവു പോലെ അയലയുടെ തല വരേ ഈമ്പി തിന്നു തീരുന്നത് വരെ എന്റെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങി കോയ കയ്യും കാലും ചൊറിയാൻ തുടങ്ങി. പിന്നെ അവന്റെ ചൊറിച്ചിൽ കൂടി വന്നു.
ചൊറി കൂടി വന്നപ്പോൾ ഞങ്ങൾ അടുത്ത ബസിൽ കയറി തൊട്ടടുത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിട്ടു. ബസിൽ വച്ചും കോയ നെഞ്ചും പുറവും മാറി മാറി ചൊറിഞ്ഞു കൊണ്ടിരുന്നു. ബസ് രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ പുറത്തൊരു ബോർഡ് കണ്ടു. അതൊരു ത്വക് രോഗ വിദഗ്ദയായ ലേഡി ഡോക്ടറുടെതാണ്. ഡോക്ടർ ഇപ്പോൾ ആശുപത്രി വിട്ടു വീട്ടിൽ എത്തിക്കാണും. ഞങ്ങൾ ബസ് നിർത്തിച്ചു ഇറങ്ങി. ഗേറ്റ് അകത്തു നിന്ന് പൂട്ടിക്കിടക്കുന്നു. കോയ ഗേറ്റ് എടുത്ത് ചാടി ഉള്ളിൽ കടന്നു, ഡോക്ടറുടെ വീട്ടിലേക്ക് ഓടിച്ചെന്ന് ബെല്ലിന്റെ ബട്ടണിൽ അമർത്തി പിടിച്ചു. ഞാനും ഒരുവിധം ഗേറ്റ് ചാടിക്കടന്ന് ഉള്ളിലെത്തി.
ബെല്ലടിയുടെ ശബ്ദം സഹിക്കവയ്യാതെയാവണം ജോലിക്കാരിയാണെന്ന് തോന്നുന്ന ഒരു സ്ത്രീ ജനാലയുടെ കർട്ടണ്‍ മാറ്റിക്കൊണ്ട് ഉള്ളിൽ നിന്ന് ദേഷ്യത്തിൽ പറഞ്ഞു. 'പുറത്തെ ബോർഡ് വായിച്ചില്ലേ? ഡോക്ടർ വൈകീട്ട് അഞ്ചു മണിക്ക് ശേഷമേ പരിശോധന തുടങ്ങൂ. വൈകീട്ട് വരൂ.'
'ഇതൊരു അർജന്റ് കേസാണ്, ഇയാൾക്ക് പെട്ടെന്ന് ചൊറി വന്നു ഡോക്ടറോട് ഒന്ന് വന്നു പരിശോധിക്കാൻ പറയൂ'. എന്റെ ആവശ്യം കേട്ടിട്ടാവണം സ്ത്രീയുടെ തല പെട്ടെന്ന് മറഞ്ഞു. അധികം താമസിയാതെ ജനാലയുടെ കർട്ടണ്‍ വീണ്ടും നീങ്ങി.
'നിങ്ങൾ ഉടനെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പോയി കാണിക്കാൻ ഡോക്ടർ പറഞ്ഞു'.
'അതിന് നിങ്ങളുടെ സമ്മതം ഒന്നും വേണ്ട. മാഡത്തിനോട് പറയണം ഡോക്ടർ ആയാൽ മാത്രം പോര ഒരു മനുഷ്യൻ കൂടി ആവണം'. എന്റെ ശബ്ദം കുറച്ച് കനത്തിൽ തന്നെയായിരുന്നു.
ഞങ്ങൾ തിരിച്ചു ഗേറ്റിൽ എത്തിയതും പിറകിൽ നിന്ന് വിളി വന്നു. അത് ഡോക്ടർ തന്നെ. ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. ഞാൻ കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. അപ്പോഴേക്കും കോയ ചൊറിഞ്ഞ് മാന്തി മുഖവും കയ്യും കാലും എല്ലാം ഒരു പരുവത്തിൽ ആക്കി വച്ചിട്ടുണ്ടായിരുന്നു. ചില ഭാഗങ്ങളിൽ രക്തവും പൊടിയാൻ തുടങ്ങി.
ഞാൻ പറയുന്നതോ കോയ ചൊറിയുന്നതോ ഒന്നും ഡോക്ടർ ശ്രദ്ധിക്കുന്നില്ല മട്ടില്ല.
'നിങ്ങൾ ആണുങ്ങൾക്ക് എന്തറിയാം ഞാനും ഒരുമനുഷ്യ സ്ത്രീയാണ്. രാവിലെ കുട്ടികളെ ഒരുക്കി ഭക്ഷണം കഴിപ്പിച്ചു സ്കൂളിലേക്ക് വിടണം. അതുകഴിഞ്ഞ് ആശുപത്രിയിൽ പോവണം. വീട്ടിൽ തിരിച്ചെത്തിയാൽ കിട്ടുന്ന ഈ രണ്ടു മണിക്കൂർ ആണ് വിശ്രമ സമയം. ഇവിടെയുമുണ്ട് നിങ്ങളെ പോലെ ഒരു കക്ഷി. അങ്ങേരുടെ വിചാരം അങ്ങേര് മാത്രാ ഡോക്ടർ. വീട്ടിലെ ഒരു കാര്യത്തിലും ശ്രദ്ധിക്കില്ല'.
ഡോക്ടറുടെ പരിഭവം ഏതാണ്ട് പിടി കിട്ടി. ഒപ്പം സഹതാപവും തോന്നി. പക്ഷെ കോയയുടെ അവസ്ഥ അതല്ലല്ലോ.
'നിങ്ങളുടെ കുടുംബ പുരാണം കേൾക്കാനല്ല ഞങ്ങൾ വന്നത്. ഡോക്ടറെ എന്റെ ചൊറിയൊന്ന് നിർത്തി തരി'. കോയയുടെ വാക്കുകളിൽ കോപവും സങ്കടവും.
ഡോക്ടർ ഉടനെ കോയക്ക് മരുന്ന് കുത്തിവെക്കാനായി എണീറ്റു.
'ഹോട്ടലിൽ നിന്ന് എന്ത് മീൻ കഴിച്ചെന്നാ പറഞ്ഞത്?' കോയയുടെ ചന്തിക്ക് സിറിഞ്ച് കേറ്റുന്നതിനിടെ ഡോക്ടറുടെ ചോദ്യം.
'അയല മുളകിട്ടത്'. എന്റെ മറുപടി പെട്ടെന്നായിരുന്നു.
മറ്റു മരുന്നുകൾ കുറിക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു, 'അയലയും മറ്റും ഹോട്ടലുകളിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ സൂക്ഷിക്കണം. നന്നായി കഴുകി വൃത്തിയാക്കി കാണില്ല. ചിലർക്കത് അലർജിയുണ്ടാക്കും'.
ബെറ്റിന്റെ വ്യവസ്ഥയിൽ ചൊറിയും ഡോക്ടറുടെ ഫീസും ഒന്നും ഇല്ലാതിരുന്നതിനാൽ ഫീസ്‌ കോയ തന്നെ കൊടുത്തു. അൽപം കഴിഞ്ഞതും അവന്റെ ചൊറി പതുക്കെ മാറാൻ തുടങ്ങി. ഡോക്ടർക്ക് നന്ദി പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
പിന്നീടെപ്പോഴും വീട്ടിൽ നിന്ന് ഭക്ഷണത്തോടൊപ്പം മീൻ കഴിക്കുമ്പോൾ മീനിന്റെ തലയെങ്കിലും അടുത്തിരുന്നു നോക്കി അയവിറക്കുന്ന പൂച്ചക്ക് അവകാശപെട്ടതാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കോയയുടെ കാര്യം ഇപ്പോഴും അറിയില്ല.
                                                                          -00-