കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 19, ശനിയാഴ്‌ച

ധർമ്മം തൂക്കുകയറിൽ

അല്ലയോ മഹാ തരു നിൻ
ശാഖയിൽ തന്നെയോ 
സ്വാതന്ത്ര്യമൊരു വശം
മറു വശം ധർമ്മവും
ഒരുപോൽ തൂങ്ങിയാടിയിട്ടും
എന്തെയീ ശാന്തത?
എന്തെയീ മൂകത?
മർദ്ദകർ, ഭീകരർ 
പറിച്ചെറിയും
നിൻ കായ് കനികൾ
മുറിച്ചെടുക്കും
നിൻ താഴ് വേരുകൾ.
നീതി തൻ മൗനത്തിൽ
മൂക സാക്ഷിയായൊടുവിൽ
സ്വയമൊടുങ്ങീടുന്നോ
നീയും മഹാ ഭാരതേ....?

2015, മാർച്ച് 27, വെള്ളിയാഴ്‌ച

ജീവിതം ഒരു തിരിനാളം

എരിഞ്ഞുതീരുമാ വിളക്കിൻ തിരിനാളം
പിടഞ്ഞിടുന്നോരതിൻ കാര്യമെന്തേ........?
ഇരുളടഞ്ഞിടും തൻ ചുറ്റിനെയോർത്തോ,
സ്വയമൊടുങ്ങിടുമതിൻ വ്യഥയതാലോ..?

വാനിൽ തിളങ്ങുന്ന താരാഗണങ്ങൾക്കും
ഒരുനാൾ വിട ചൊല്ലി പോവണല്ലോ..
വിശ്വ പ്രകൃതി തൻ താളത്തിനൊത്തുള്ള
ദ്രവ്യ  പരിണാമ  ബിന്ദുക്കൾ നാം  .

അകലെയാ പുണ്യ സരസ്സിൻ ബലമതിൽ
അരികിലേ ചേറിലാറാടിടും ബാലിശൻ.
മിഥ്യയാ പൊയ്കയെന്നറിയുന്ന മാനവൻ
നിയതമാം തൻശുദ്ധി കാത്തീടുമെന്നുമേ
വീഴില്ലഴുക്കിലും പോവില്ലൊഴുക്കിലും
ജീവിതം തന്നെയൊഴുക്കല്ലെ മണ്ണിതിൽ.
ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം 

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രതീക്ഷ

ഇരുളിൻ ശക്തികൾ 
മുഖം മൂടികൾ 
ഭീരുക്കൾ അവർ 
മുറിച്ചെടുക്കും ശിരസ്സുകൾ
മണ്ണിലൊഴുക്കും നിണം,
കെടുത്തില്ല ഭൂവിൽ
സ്നേഹത്തിൻ തിരിനാളം
വിടരുമതിൻ പ്രതീക്ഷ
പടരുമതിൻ പ്രകാശം
തകരുമതിൻ നേരിൽ
മൂഢന്മാർ അവർ തൻ
നരക സ്വപ്‌നങ്ങൾ

2014, നവംബർ 18, ചൊവ്വാഴ്ച

മാ നിഷാദ:

2014, നവംബർ 9, ഞായറാഴ്‌ച

ഉമ്മ....ഉണ്മ...നന്മ

ഉമ്മയിലെന്നും ഉണ്മയതെങ്ങും കാണുക മാളോരേ ..
നന്മയതാണതിൻ നേരിൽ നിറയും മാനവ സന്ദേശം
ഇരു മനമൊന്നായി മാറും നേരമതനർഘ നിമിഷങ്ങൾ
പ്രണയ പരാഗം വാനിൽ വിതറും പ്രകാശ വർണ്ണങ്ങൾ
പ്രശോഭ തീർക്കും തരളിതമാക്കും ഇരുളിൻ കോട്ടകളെ...

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഇന്നിലല്ലോ ജീവിതം.

ഇന്നലെകൾ മറന്നേക്കൂ
നാളെ അതാർക്കരിയാം?
ഇന്നിലല്ലോ ജീവിതം.
മരണമാം കാമുകി തൻ
മാറിടം വരേയെത്തും
യാത്രയല്ലോ ജീവിതം.

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

മുക്കുറ്റി ചെടി

ഞാനൊരു മുക്കുറ്റി ചെടിയല്ലേ..
അരുകിലായങ്ങു കഴിഞ്ഞോട്ടെ
പാഴ്ച്ചെടിയെന്നു വിളിക്കല്ലേ...
കളയെന്നു കണ്ടു കളയല്ലെ...

ഉദ്യാന വീഥിക്കലങ്കാരമല്ല ഞാൻ,
ഉല്ലാസ്സകാഴ്ചക്കായുള്ളതുമല്ല ഞാൻ
എന്നിലെ പൂവൊരു കൊച്ചു പീതം
എന്നാലുമതിലാണെൻ ജീവരാഗം.

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കളിപ്പാട്ടം


ജീവചക്രം.

2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

വർണ്ണക്കുടകൾ

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

നിൽപ്പു സമരം

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

അഹിംസ

ഏതൊരാ ചിന്ത തൻ ക്ഷുദ്ര ശക്തി 
അവിടുത്തെ മാറിൽ നിറയൊഴിച്ചോ; ആ,
വാദഗണത്തിൻ തൻ പിൻഗാമി തന്നെ,
അങ്ങു തൻ വിശ്രമ മന്ദിരത്തിൽ 
കുമ്പിട്ടു വന്നു വണങ്ങീടുന്നു.  
അവിടുത്തെ നാമം വാഴ്ത്തിടുന്നു.
മാപ്പു നൽകീടൂ മഹാപ്രഭൂവേയങ്ങു
മണ്ണിതിൽ കാരുണ്യ ദര്‍ശിയല്ലേ
ചൊല്ലിടാമവിടുത്തെ ജന്മ നാളിൽ
വാഴ്ത്തിടാമങ്ങു തൻ ജീവ മന്ത്രം
ലോകാ ജയാമാം, അഹിംസ മന്ത്രം.

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കാട്ടു മൂപ്പൻ

പൊന്നീയെൻ പെണ്ണെ  പൊന്നമ്പിളിമാനേ
തിന്നാനും കുടിക്കാനും തന്നില്ലോട്യേയ്...

മൂപ്പത്തിപ്പെണ്ണെ  മൂക്കുത്തിപ്പെണ്ണെ
പഴവും കനിയൊന്നും വന്നില്ലോട്യേയ്...

കാക്കോത്തിപ്പെണ്ണെ കാക്കക്കറുമ്പീ
പണികളായിട്ടോന്നും വരണില്ലോട്യേയ്...

നാട്ടിലെ തമ്പ്രാക്കൾ വേല  തരണില്ല
കാട്ടിലെ മൂപ്പനായി പോയില്ലേയേൻ 

കാട്ടിലേയടിയങ്ങൾ  പണികളവർക്കൂല്ല
പട്ടയടിച്ചവരാടുന്നല്ലോ....

കാട്ടു മരങ്ങളും കാടിന്റെ സമ്പത്തും 
നാട്ടു പ്രമാണിമാർ കട്ടെടുത്തേ... 

കാട്ടിലെ പെണ്ണിന്റെ മാനം പറിച്ചതാ 
നാട്ടിലെ ചെന്നായിക്കളോരീടുന്നേ...

ഇനി; കാട്ടിലെ മക്കളെ  കൂട്ടത്തിൽ  കൂട്ടാനായി 
നാട്ടിലേ ദൈവക്കാരിങ്ങു വന്നാൽ,

കാട്ടു തുവ്വായുടെ മാലയണീച്ചിട്ട്‌, 
കാട്ടിലൂടങ്ങോളമോടിക്കേണം 

കാട്ടൂ മുരിക്കത്തിൻ തണ്ട് മുറിച്ചതാൽ 
ആട്ടിയോടിച്ചു തുരത്തീടണം  

2014, മേയ് 20, ചൊവ്വാഴ്ച

പ്രവാസം

വെണ്മണൽത്തരിയിട്ടു മൂടിയാ
കൻ മരുഭൂവിന്നുള്ളിലായ്
ദൂരെയങ്ങകൽ ദിക്കിലേക്കായി
നീട്ടി വച്ചൊരാപാതയിൽ.....
ജീവിത ഭാരം കൈകൾക്കേകിയാ
ചക്ര വീണയിൽ മീട്ടി ഞാൻ
ചക്രവാളത്തിന്നപ്പുറത്തുള്ള
പൊൻ കിനാവിനെയോർത്തു പോയി.
സ്വന്തമായോരാമന്ദിരത്തിനായ്
വന്നതല്ലെയീ മണ്ണിതിൽ
ആഗ്രഹിച്ചോരാഗൃഹാ  സാഫല്യം
ആയിടാനാവതാകുമോ?...
ചൊല്ലിടട്ടെയെൻ പാതി ജീവനോ-
ടുള്ളിലുള്ളോരാ  സങ്കടം.
ഒഴികഴിവത് ചൊല്ലീടാനെനി-
ക്കർഹതയൊന്നുമില്ലേലും
എത്ര കാലമതെത്ര കാലമീ യാത്ര-
യെന്നതറിയില്ല .
ജീവിത സഖി കാത്തു നില്ക്ക നീ
സാന്ദ്രമായൊരാ രാവിനെ.
നഷ്ട ജീവിത ദാഹ മോഹങ്ങൾ
തീർത്തിടുന്നൊരാ നാളിനെ.
നാടണഞ്ഞോരാ നാളതിൽ കണ്ടോ-
രോർമ്മകൾ തിര തള്ളുമ്പോൾ,
കുഞ്ഞു മോളവൾ പുഞ്ചിരിയതെൻ
നെഞ്ചകം നിറകൊള്ളുമ്പോൾ,
ആർദ്രമാവുമെൻ മിഴിയിണകളി -
ലാശാ മന്ത്രം ചൊരിയൂ നീ....
അമ്പിളിയവൾ തന്നിടുന്നോരാ
ചുംബന മണി മുത്തുകൾ
ശോകമാർന്ന നിൻ കന്ദളങ്ങളിൽ
പൂവിതൾ സ്പർശമേകുമ്പോൾ,
പ്രേയസീ നിൻ  മാനസമതിൽ
ചന്ദനക്കുളിർ വീശില്ലേ?....
അത്ര പൊലുമൊരാശ്വാസമെനി-
ക്കേകീടാനാരുമില്ലല്ലോ.
ഏകനാണു ഞാനേകനാണു ഞാനീ
മരുഭൂവിൻ പാതയിൽ.
അർത്ഥമെത്തിര വന്നണഞ്ഞാലും,
വ്യർത്ഥമാകുമീ യൌവനം,
വ്യർത്ഥമാകുമീ ജീവിതം.
 ഓഡിയോ ഈ ലിങ്കിൽ ലഭ്യമാണ്

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

തീവണ്ടി യാത്ര


ഇന്നലെ ഞാനൊരു യാത്ര പോയി 
തീ വണ്ടിയിലായൊരു യാത്ര പോയി
നിദ്രയിൽ മുങ്ങിയാ സ്വപ്ന രാവിൽ.

വണ്ടിയിൽ കണ്ടൊരാ കാഴ്ചകളും,
നിറ ജാലകം തന്നൊരാ കാഴ്ചകളു-
മതിലോർമ്മയിൽ തങ്ങിയ ഭാവമെത്രാ...

നീർ, വറ്റി വരോണ്ടോരാ പുഴകളെത്രാ
ഇല പൊഴിയാലുണങ്ങിയ വൃക്ഷമെത്രാ
മഴ കനിയാതുണങ്ങിയ പാടമെത്ര
കവിൾ വാടി ചുളുങ്ങിയ ജീവനെത്ര

പിന്നെയു മുണ്ടാതാ കാഴ്ചകൾ വേറെയു-
മോടീ മറയുന്ന ജീവിത ചിത്രങ്ങൾ.
മേടകൾ ഫ്ളാറ്റുകൾ മന്ദിരങ്ങൾ തിരു-
മോടിയിൽ തീർത്തൊരാർഭാടമെത്രാ...

ആരാധനാലയ കൂട്ടങ്ങളും ബഹു-
കേമത്തിനോട്ടും പിറകിലല്ല.
വിണ്ണിലെ ദേവനും മണ്ണിലിറങ്ങിയാൽ
ധനവാന്റെ  ബന്ധുവായ് തീർന്നിതല്ലൊ .

ഉച്ച വെളിച്ചമെൻ മിഴികളെ തട്ടി-
യുണർത്തിയകറ്റിയീ വെള്ളി ദിനത്തിലെ
ഉച്ചപ്പിരാന്തിന്റെ നിദ്രയും സ്വപ്നവും.

ജാലകം പിന്നിട്ട കാഴ്ചകൾ വിട്ടോരാ
വണ്ടിതന്നുള്ളിലെ ജീവിതം കണ്ടു നേർ-
ചൊല്ലിടാൻ സാധ്യമതില്ലാതെ പോയല്ലോ.

                        -0-

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാട് വിട്ട് പോകണം പോൽ !!!

ശംഖു വിളിച്ചവൻ പാടുന്നു കരിഷത്താൽ 
ശൂലം പിടിച്ചവനാടുന്നു പരുഷത്തിൽ 
ഗർഭം പറിച്ചവൻ ചൊല്ലുന്നരീശത്തിൽ,
സ്വത്വത്തെ വിട്ടുടൻ പോയിടേണം
നാടിനെ വിട്ടുടൻ പോയിടേണം
അമ്മയേ വിട്ടുടൻ പോയിടേണം
മറു നാടിനെ തേടി നീ പോയിടേണം.
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മണ്ണിടം വിട്ടതെങ്ങും.
കയ്യിലെ ശൂലമെൻ ചങ്കിൽ തറച്ചാലും
കത്തിച്ച പന്തമെൻ ജീവനെടുത്താലും
മങ്കകൾ മാനം നീ പിച്ചിയെറിഞ്ഞാലും,
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മാറിടം വിട്ടതെങ്ങും.
എങ്കിലും ചൊല്ലിടുമന്ത്യശ്വാസത്തിലും
എന്നമ്മ,  നിന്നമ്മയൊന്നു തന്നെ,
എൻ  മണ്ണും നിൻ മണ്ണുമൊന്നു തന്നെ.
പാഷാണഹൃദയത്തിൽ വേദാന്തമേൽക്കില്ല-
യെങ്കിലും ചൊല്ലിടാം മദമൊന്നു നില്ക്കുകിൽ,
മക്കൾ തൻ ചോരകൊണ്ടർപ്പണം ചെയ്യുകിൽ,
അമ്മ തൻ മാറും പിളർന്നൊലിക്കും
ചുടു ചോരയിൽ നാമങ്ങോലിച്ചു പോകും.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

വിഷുക്കാലം


കണിക്കൊന്ന പൂത്തല്ലോ
വിഷുപ്പുലരിയിന്നല്ലോ

തേൻവരിക്ക കായിച്ചല്ലോ
മേടമാസമായല്ലോ

കണിക്കായികൾ  മൂത്തല്ലോ
വർഷകാലം വന്നല്ലോ.

നിലമുഴൂതു കൂട്ടട്ടെ 
വിത്തെറിഞ്ഞു പാകട്ടെ

പുള്ളുവത്തി പാടട്ടെ
പുള്ളുവൻ ചിരിക്കട്ടെ.

പൂത്തിരീകൾ  കത്തട്ടെ
കുഞ്ഞു കൈകളാടട്ടെ.

നന്മയെങ്ങും  വാഴട്ടെ
വിഷുക്കാലം വന്നാട്ടെ 

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പൂവിൻ ധർമ്മം

ചൂടാ മലരേ വാടാ തളിരേ...
നിന്നെ കാണാനെന്തു രസം.
പൂന്തേൻ രസമെ കരളിൻ  കുളിരേ....
നിന്നെ ചൂടാനെന്തു കൊതി.

നിൻ മണമെന്നുടെ മേനിയിലെന്നും,
സുരഭില ഗന്ധമതേകട്ടെ.
നീയൊരു നാളിൽ വാടിടുമെങ്കിലും,
നിറവും മണവുമെനിക്കല്ലെ.

നിന്നിലെ പരിമളമെന്നിൽ മാത്രം-
വന്നു പതിക്കണമെന്നൊരു മോഹം.
പ്രേമവുമല്ലത് സ്നെഹവുമല്ലത്,
സ്വാർത്ഥതയാണത് സ്വാർത്ഥത മാത്രം.

നിന്നിലെ തേൻ കനിയൂറ്റിയെടുത്താ-
വണ്ടുകൾ പാറി നടക്കട്ടെ.
നിൻ ജനിപുടമതിലോടി നടന്നവർ,
നിന്നിലെ ദാഹം തീർക്കട്ടെ.

പ്രായമതെത്തും കാലമതോളം,
സ്നേഹമതേകീ മോഹമതെകീ.                            
നീ തൻ ധർമ്മം കായായ് കനിയായ്,
ചെടിയായ് മലരായ് വരൂ നീ വീണ്ടും.
-0-                                                                                           വര - മാർജിൻ സാക്കി 

2014, മാർച്ച് 31, തിങ്കളാഴ്‌ച

നേർവഴി



ശരി താനെന്നതിലുണ്ടൊരു ശരിയത്-
ശരമായപരന് ഗതമായില്ലേൽ..
ശരിയായിന്നലെ കരുതിയ പലതും- 
പിശകായിന്നൊരു വശമായില്ലേ ...
ശരിയായിന്നും കരുതും പലതും- 
പിഴവായൊഴിവായി  തെളിയാം നാളെ.
കാലികമായൊരു ശരിവഴിയതുവഴി-
കാലുകൾ നീക്കുക  മാനവ നേർവഴി.

2014, മാർച്ച് 26, ബുധനാഴ്‌ച

കുറവ്

കുറവില്ലായിമയിലുണ്ടൊരു കുറവ്
കുറവേറിയാലതുമൊരു കുറവ്.

കറവന്മാരിലുമില്ലൊരു കുറവ്
കറവപ്പശുവാമതുമൊരു കുറവ് .

അറിവില്ലായിമയിലുണ്ടൊരു കുറവ്
പറയാഞ്ഞില്ലേലതുമൊരു കുറവ് .

കറിയിലയില്ലേലതിനൊരു  കുറവ്
കറിയിലയായാലതുമൊരു കുറവ്.

കറുമുറ തിന്നാലുണ്ടൊരു കുറവ്
പറപറ പോകണമെന്നൊരു കുറവ്.

                    -0-