2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രതീക്ഷ

ഇരുളിൻ ശക്തികൾ 
മുഖം മൂടികൾ 
ഭീരുക്കൾ അവർ 
മുറിച്ചെടുക്കും ശിരസ്സുകൾ
മണ്ണിലൊഴുക്കും നിണം,
കെടുത്തില്ല ഭൂവിൽ
സ്നേഹത്തിൻ തിരിനാളം
വിടരുമതിൻ പ്രതീക്ഷ
പടരുമതിൻ പ്രകാശം
തകരുമതിൻ നേരിൽ
മൂഢന്മാർ അവർ തൻ
നരക സ്വപ്‌നങ്ങൾ

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

അച്ചി വീട്ടിലെ മോഷ്ടാവ്

വിവാഹ ശേഷം ആദ്യമായി ലീവിൽ നാട്ടിൽ പോയ കുഞ്ഞു മുഹമ്മദിനോട് ഭാര്യ പറഞ്ഞു.
" നിങ്ങളെ എന്റെ ബന്ധുക്കൾക്ക് അധികം പരിചയം ഇല്ലല്ലോ. കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോയതല്ലേ? എന്റെ വീടിനടുത്ത് ഒരു വിവാഹ സല്ക്കാരം ഉണ്ട്. നമുക്ക് ഒരുമിച്ചു പോവാം എല്ലാവരെയും ഒന്ന് പരിചയപ്പെടുകയും ആവാലോ"
കുഞ്ഞു മുഹമ്മദ്‌ സമ്മതിച്ചു. ലീവിന് നാട്ടിൽ ഉള്ളപ്പോൾ കല്യാണം കൂടാൻ കിട്ടുന്നത് പ്രവാസിക്ക് ഒരു ഭാഗ്യമാണ്. ഇരുവരും കല്യാണ വീട്ടിൽ എത്തി. പക്ഷെ ബിരിയാണി വയറ്റിൽ കേറിയതും കുഞ്ഞു മുഹമ്മദിനു കണ്ണിൽ ഉച്ചമയക്കത്തിന്റെ ആലസ്യം. ഗൾഫിലെ ചിട്ടകൾ പെട്ടെന്ന് മാറില്ലല്ലോ. ഭാര്യയെ ഈ സമയം വിളിച്ചാൽ ആളുകൾ ഗൾഫുകാരന്റെ ആക്രാന്തം ആണെന്ന് വിചാരിക്കും. അതിനാൽ ആരോടും പറയാതെ അയാൾ ഭാര്യ വീട്ടിലേക്കു തിരിച്ചു.
വീട് പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരും കല്യാണ വീട്ടിൽ തന്നെ. പക്ഷെ കുഞ്ഞു മുഹമ്മദിനു ഉള്ളിൾ കടക്കാൻ അറിയാം. മുൻപൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഭാര്യയോന്നിച്ചു വന്നപ്പോൾ അകത്തു കടക്കുന്ന രീതി അവൾ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാൾ അതോർത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നീങ്ങി. കയ്യിൽ ഒരു വടിയുമെടുത്ത് ജനാലയിൽ കയറി ഉള്ളിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് തട്ടിനീക്കി അകത്ത് കയറി.
വീടിനു പുറത്ത് മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ഒരു ഗൾഫുകാരൻ. കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുടെ ബന്ധു. അയാൾ കുഞ്ഞു മുഹമ്മദിനെ പരിചയപ്പെടാൻ വന്നതാണെങ്കിലും ഇരുവർക്കും പരസ്പരം അറിയില്ല. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു തിരിച്ചു പോവാൻ നിന്ന കക്ഷി പരിചയം ഇല്ലാത്ത മറ്റൊരാൾ പിൻവാതിൽ തുറന്നു അകത്ത് പോവുന്നത് കണ്ടു ഉടനെ തന്നെ അടുക്കള വാതിൽ പുറത്ത് നിന്ന് താഴിട്ടു. അടുത്ത അയല്ക്കാരെ വിളിച്ചു വിവരം അറീച്ചു. അകത്തു കടന്ന കുഞ്ഞു മുഹമ്മദ്‌ ഉടനെ മയക്കത്തിൽ വീണു. അത് അധികം നീണ്ടില്ല. അയാളുടെ മൊബൈൽ ശബ്ദിച്ചു. ഭാര്യ വിളിക്കുന്നു.
"നിങ്ങൾ എവിട്യാ നമുക്ക് വേഗം പോവണം. ഇന്റെ വീട്ടിൽ കള്ളൻ കയറീട്ടുണ്ട്‌. പോലീസ് ഇപ്പൊ വരും. കള്ളൻ പുറത്ത് കടന്നിട്ടില്ല. ഉള്ളിൽ തന്നെയുണ്ട്‌ ആളുകൾ പുറത്ത് കാവലുമുണ്ട്".
അല്പം ഒന്ന് അന്ധാളിച്ച കുഞ്ഞു മുഹമ്മദ്‌ ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കി . പിന്നെ നെഞ്ചിടിപ്പ് കൂടി. അയാൾ ഉറപ്പിച്ചു.
'ഇന്ന് എല്ലാവരെയും പരിചയപ്പെടാം. കുടുംബക്കാർ മാത്രമല്ല അയല്ക്കാരും നാട്ടുകാരും എല്ലാം ഉണ്ട് മുട്ടൻ വടികളുമായി'.
-00-

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

നല്ലവരിൽ നല്ലവൻ കുഞ്ഞി മുഹമ്മദ്‌

അതായിരുന്നു കുഞ്ഞി മുഹമ്മദ്‌. പുക വലിക്കില്ല, പെപ്സി കുടിക്കില്ല. നാട്ടിലേക്ക് ഫോണ്‍ പോലും ചെയ്തു കാശ് കളയില്ല. വന്നിട്ട് നാല് കൊല്ലമായി നാട്ടിൽ പോയിട്ടില്ല, എന്തിനു പറയുന്നു ഭാര്യക്ക്‌ കത്ത് പോലും എഴുതുന്നത് ബാപ്പയുടെ പേർക്ക്. ഇതിന്റെ ഗുട്ടൻസ് അവനോരിക്കൽ പറഞ്ഞു.
"ഭാര്യക്ക് എഴുതുമ്പോൾ ബാപ്പാക്കും എഴുത്തില്ലേൽ മൂപ്പർ ചൂടാവും. ബാപ്പക്ക് വായിക്കാൻ അറിയില്ല. രണ്ടു പേർക്കും കൂടി ഒരു കവറിൽ ഇട്ടു അയച്ചാൽ രണ്ടും വായിച്ചു കൊടുക്കുക ഭാര്യ തന്നെ. അങ്ങനെ ആ കാശും ലാഭിക്കാം. ഇങ്ങനെ പിശുക്കി ജീവിച്ചിട്ടെന്തു കാര്യം എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ കിട്ടിയ മറുപടി;
"അതുകൊണ്ടെന്തായി 10 സെന്റ്‌ സ്ഥലം വാങ്ങി, വീട് പണി തീരാറായി. നിങ്ങളുടെ ഒക്കെ കാര്യമോ? എന്നെ കണ്ടു പടിക്ക്".
അവന് കൊടുക്കാൻ ആർക്കും മറുപടി ഇല്ലായിരുന്നു.
അങ്ങനെ നാളുകൾ കഴിഞ്ഞു പോയി. ബലി പെരുന്നാൾ വന്നു. ഇത്തവണ കുഞ്ഞി മുഹമ്മദിന് ഒരു പണി കൊടുക്കണം. എല്ലാവരും തീരുമാനിച്ചു. അക്കാലത്ത് മൊബൈൽ ഫോണൊന്നും പ്രചാരത്തിൽ വന്നിട്ടില്ല. എല്ലാവരും കൂടി നിർബന്ദിച്ചു അവനെ ടെലഫോണ്‍ ബൂത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി. കുഞ്ഞി മുഹമ്മദിന്റെ വീട്ടിൽ ഫോണില്ല. അടുത്ത വീട്ടിലേക്കു വിളിച്ചു. വീട്ടുകാരെ വിളിക്കാൻ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു കാത്തിരുന്നു. എന്നാൽ ആദ്യം ബാപ്പ മാത്രം വന്നു. ഞങ്ങളിൽ ഒരാൾ ഫോണെടുത്ത് സംസാരിച്ചു. കഫീലിന്റെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്. പെരുന്നാൾ ആയതിനാൽ ജോലിക്കാർക്ക് എല്ലാം ഫ്രീ ആയിട്ട് നാട്ടിലേക്ക് വിളിക്കാൻ അനുമതി ഉണ്ട് എന്നങ്ങ് തട്ടി വിട്ടു. ബാപ്പാക്ക് സന്തോഷം. ഫോണ്‍ വീണ്ടും കട്ട് ചെയ്തു കക്ഷി ഉമ്മാനെയും ഭാര്യയേയും മക്കളെയും പിന്നെ അടുത്ത സുഹൃത്തുക്കളെയും ഒക്കെ കൂട്ടി വന്നു. ഓരോരുത്തർ ആയി സംസാരം തുടർന്നു. ഫോണ്‍ കട്ട് ചെയ്യാൻ കുഞ്ഞി മുഹമ്മദ്‌ ആവശ്യപ്പെടുമ്പോഴും അപ്പുറത്ത് നിന്ന് ആരും കേട്ട ഭാവം ഇല്ല. ഒടുവിൽ ബൂത്തിൽ നിന്ന് പുറത്ത് വരുമ്പഴേക്കും അവൻ വിയർത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കൌണ്ടറിൽ ചെന്ന് ബില്ലടിച്ചു പുഞ്ചിരിയോടെ വരുന്ന കുഞ്ഞി മുഹമ്മദിനെ കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു.

ബില്ല് നോക്കിയപ്പോൾ വെറും രണ്ടു റിയാൽ. പെരുന്നാൾ ആയതിനാൽ തിരക്ക് കാരണം അവൻ ആദ്യം വിളിച്ച ബില്ലാണ് കിട്ടിയത് മറ്റു ബില്ലുകൾ സ്ഥലം മാറി വച്ചു കാണണം. എങ്കിലും മുഹമ്മദ്‌ അത് തിരുത്താൻ പോയില്ല.

പിന്നെ മൊബൈൽ ഫോണ്‍ ഒക്കെ വന്ന ശേഷം അവൻ നിത്യവും ഭാര്യയെ വിളിക്കുമായിരുന്നു. ചില്ലിക്കാശിന്റെ ചിലവില്ലാതെ. അവൻ ആദ്യമേ ചില കാര്യങ്ങൾ ഭാര്യയോടു പറഞ്ഞിട്ടുണ്ട്. ആദ്യം വിളിച്ചാൽ ഫോണ്‍ എടുക്കരുത്. പിന്നെ വീണ്ടും വിളിക്കും. അപ്പോഴും എടുക്കരുത് . മൂന്നാമതും വിളിച്ചാൽ എടുക്കണം. അതായത് ആദ്യത്തെ വിളിയുടെ അർത്ഥം ഇവിടെ സുഖമാണ് എന്ന് അറിയിക്കാൻ,. രണ്ടാമത്തെ വിളി അവിടെ സുഖം ആണോ എന്ന് ചോദിക്കാൻ ആണ്. അപ്പോഴും ഫോണ്‍ എടുത്തില്ലെങ്കിൽ അവിടെയും സുഖം എന്ന് കരുതും. മൂന്നാമത്തെ വിളി കൊണ്ട് ഉദ്ദേശിക്കുന്നത് കുഞ്ഞി മുഹമ്മദിന് എന്തോ പറയാനുണ്ട് എന്നാണ്. അപ്പോൾ ഫോണ്‍ എടുക്കണം. 

ഒരിക്കൽ കുഞ്ഞു മുഹമ്മദിന്റെ റൂമിൽ കള്ളൻ കയറി. അവൻ കുളിക്കാൻ പോയ നേരത്ത് നല്ലവനായ കള്ളൻ ഇഖാമ അവിടെ ഇട്ട് അവന്റെ 500 റിയാലും കൊണ്ട് പോയി. കുഞ്ഞു മുഹമ്മദ്‌ കരച്ചിലോടു കരച്ചിൽ. കമ്പനി ജോലി കൂടാതെ പലയിടത്തും പാർട്ട് ടൈം പണി കൂടി എടുത്ത് ഇറുക്കി പിടിച്ചാണ് പാവം പത്ത് കാശുണ്ടാക്കുന്നത്. എല്ലാവർക്കും സങ്കടമായി. വിവരം അറിഞ്ഞവർ എല്ലാം അവന് 10 ഉം 50 ഉം എക്കെ ആയി കാശ് നൽകി സഹായിച്ചു. ഒടുവിൽ 500 പോയതിന് 1000 കിട്ടി. കുഞ്ഞു മുഹമ്മദിന് എന്നിട്ടും വലിയ സന്തോഷം ആയില്ല. അവൻ സങ്കടത്തോടെ പറഞ്ഞു;
"ആ പോയ 500 കൂടി കിട്ടിയിരുന്നീൽ റിയാൽ 1500 കയ്യിൽ ആവുമായിരുന്നില്ലെ......?".
   --00--