2015, മാർച്ച് 28, ശനിയാഴ്‌ച

മാംസാഹാരം വർജ്ജിക്കുക....


ഇന്ത്യയിൽ ചില ഇടങ്ങളിൽ ചില മൃഗങ്ങളെ കൊന്ന് ഭക്ഷിച്ചാൽ 5 വർഷം വരെ ജയിലിൽ കിടത്തി സസ്യാഹാരം ശീലിപ്പിക്കും. ചിലപ്പോൾ പ്രാകൃതമായ രീതിയിൽ ആക്രമിക്കപ്പെട്ടു എന്നും വരാം.
മാംസാഹാരം വർജ്ജിക്കുക എന്നത് വെറും സംഘ പരിപാർ ആഹ്വാനം ഒന്നുമല്ല. മഹാത്മാ ഗാന്ധി മുതൽ സെക്യുലർ ചിന്ത വച്ച് പുലർത്തുന്ന ഒട്ടേറെ ആളുകൾ ഇത് പറഞ്ഞിട്ടുണ്ട്. ചില കോണുകളിൽ നിന്ന് മനുഷ്യൻ ജനിതകമായി തന്നെ സസ്യ ബുക്ക് ആണെന്നും ആണയിട്ടു പറയുന്നു. ഇത് ചരിത്രപരമായി തെറ്റാവാൻ ആണ് സാധ്യത. കാരണം മനുഷ്യൻ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷം ആവുന്നതേ ഉള്ളൂ. അതും വലിയ തോതിൽ തുടങ്ങിയത് ഏതാണ്ട് 5000 വർഷം മുൻപ് മാത്രം. തീ കണ്ടെത്തിയത് മുതൽ നാം മാംസം പ്രാധാന ആഹാരം ആയി ഭക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതാവട്ടെ ഇന്നത്തെ മനുഷ്യ വർഗ്ഗം രൂപ്പെടുന്നതിനും മുൻപാണ്. അതിനാൽ തന്നെ നമ്മുടെ തലച്ചോർ ചോറും ചപ്പാത്തിയും ഒന്നും അല്ല ആവശ്യപ്പെടുന്നത് മാംസം തന്നെയാണ്. ഇറച്ചി വയറു മുട്ടെ തിന്നാൻ കഴിയില്ല. എന്നാൽ ചോറോ ബിരിയാണിയോ ഒക്കെ കുറച്ചു കൂടുതൽ തിന്നാലും തലച്ചോർ അറിയുന്നും ഇല്ല. ഇതിനു കാരണം നമ്മുടെ തലച്ചോറിനു പൂർവ്വികമായി തന്നെ ഇറച്ചി തീറ്റിക്കുന്നതിൽ ആണ് ട്രെയിനിംഗ് കിട്ടിയത് എന്നത് തന്നെ. അപ്പോൾ പിന്നെ പ്രമേഹം പോലുള്ള അസുഖങ്ങളുടെ മൂല കാരണവും അധികം വേറെ അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ. ഇതിനൊക്കെ വേണ്ടി വലിയ ഗവേഷണം ഒന്നും നടത്തേണ്ട ആവശ്യം ഇല്ല. ആധുനിക മനുഷ്യന്റെ ആദിമ ശേഷിപ്പ് ഇന്നും ഉണ്ടല്ലോ. അവരുടെ ആഹാര രീതി ഒന്ന് പോയി നോക്കിയാൽ മാത്രം മതിയാവും. ഇന്നും ചുരുങ്ങിയ ചിലവിൽ ഇരുമ്പും മറ്റു പോഷകങ്ങളും കിട്ടാൻ മനുഷ്യന് മാംസം അല്ലാതെ വേറെ വഴി ഇല്ല. എങ്കിലും മൃഗങ്ങളെ കൊല്ലുമ്പോൾ ഇന്ന് ചില വികസിത രാജ്യങ്ങൾ ഒക്കെ സ്വീകരിച്ചു വരുന്ന പോലുള്ള അവയ്ക്ക് പരമാവധി വേദന അറിയാത്ത രീതിയിൽ ഉള്ള രീതികൾ കണ്ടെത്തുക എന്നതിൽ ആവണം മനുഷ്യത്വം.

2015, മാർച്ച് 27, വെള്ളിയാഴ്‌ച

ജീവിതം ഒരു തിരിനാളം

എരിഞ്ഞുതീരുമാ വിളക്കിൻ തിരിനാളം
പിടഞ്ഞിടുന്നോരതിൻ കാര്യമെന്തേ........?
ഇരുളടഞ്ഞിടും തൻ ചുറ്റിനെയോർത്തോ,
സ്വയമൊടുങ്ങിടുമതിൻ വ്യഥയതാലോ..?

വാനിൽ തിളങ്ങുന്ന താരാഗണങ്ങൾക്കും
ഒരുനാൾ വിട ചൊല്ലി പോവണല്ലോ..
വിശ്വ പ്രകൃതി തൻ താളത്തിനൊത്തുള്ള
ദ്രവ്യ  പരിണാമ  ബിന്ദുക്കൾ നാം  .

അകലെയാ പുണ്യ സരസ്സിൻ ബലമതിൽ
അരികിലേ ചേറിലാറാടിടും ബാലിശൻ.
മിഥ്യയാ പൊയ്കയെന്നറിയുന്ന മാനവൻ
നിയതമാം തൻശുദ്ധി കാത്തീടുമെന്നുമേ
വീഴില്ലഴുക്കിലും പോവില്ലൊഴുക്കിലും
ജീവിതം തന്നെയൊഴുക്കല്ലെ മണ്ണിതിൽ.
ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം 

2015, മാർച്ച് 20, വെള്ളിയാഴ്‌ച

വില്ലേജ് ആപ്പീസർ

രണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ടു മാസം അവധി. അതിനിടക്ക് നാട്ടിൽ എത്തിയാൽ ചെയ്യേണ്ടത് നൂറു കൂട്ടം കാര്യങ്ങൾ. അയാൾ വിമാനത്തിൽ ഇരുന്നു കൊണ്ട് തന്നെ അവധിക്കാല പരിപരികൾ ഓരോന്നായി പ്ലാൻ ചെയ്യാൻ തുടങ്ങി. അതിൽ ആദ്യം ഓർമ്മയിൽ വന്നത് കുറെ മുൻപ് വാങ്ങിയ ഒരു ഭൂമിയുടെ കാര്യമാണ്. വർഷങ്ങൾ ആയി അതിന്റെ ഭൂനികുതി അടച്ചിട്ടില്ല. അതാദ്യം ചെയ്യണം.
തീരുമാനിച്ച പോലെ നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ ആധാരവും അതുവരെ അടച്ച നികുതി ശീട്ടുകളും എല്ലാം എടുത്ത് അയാൾ വില്ലജാഫീസിലേക്ക് തിരിച്ചു.
ആപ്പീസിൽ എത്തിയതും ഒരു കാര്യം അയാളെ സമാധാനിപ്പിച്ചു. കസേരയിൽ ഒരു സ്ത്രീ ആണ്. സ്ത്രീ ഉദ്യോഗസ്ഥർ അധികം ബുദ്ധിമുട്ടിക്കില്ല എന്നാണല്ലോ വെപ്പ്. നിര കയറി തുടങ്ങിയ മുടിയിഴകളിൽ വിരലുകൾ ഒന്ന് പായിച്ചു കൊണ്ട് ആപ്പീസർ പറഞ്ഞു.
"ഇരിക്കൂ."
അയാൾ ഇരുന്നു. ആപ്പീസർ മുഖം ഉയർത്താതെ ഫയലുകൾ മറച്ചു കൊണ്ടിരിക്കുന്നു. നേരത്തെ മുൻപിൽ വന്ന അപേക്ഷകൾ വായിക്കുന്നു. അതിൽ ചിലതിൽ ഒപ്പിടുന്നു. മറ്റു ചിലത് മാറ്റി വെക്കുന്നു. പിന്നെ കണ്ണടക്ക് മുകളിലൂടെ അയാളെ നോക്കി ചോദിച്ചു.
"എന്താ വന്നത്". കയ്യിലെ ഡോക്യുമെന്റുകൾ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ഭൂനികുതി അടക്കാൻ വന്നതാ".
ആപ്പീസർ ആധാരം എടുത്ത് വായന തുടങ്ങി. പിന്നെ അയാൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു.
"അബ്ദുൽ റാഷീദ്. കുന്നുമ്മൽ വീട്ടിൽ"
"റാഷിദ് അല്ല മാഡം, സ്കൂൾ രജിസ്റ്റരിൽ അങ്ങനെ ആയിരുന്നു പക്ഷെ ആധാരത്തിൽ റഷീദ് എന്ന് തന്നെയാണ്".അയാൾ തിരുത്താൻ ശ്രമിച്ചു.
ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ ആപ്പീസർ വീണ്ടും
"നമ്പർ അഞ്ച്, ടെൻത്ത് ബി"
അയാൾ ആകെ അങ്കലാപ്പിൽ. ഇവർ ആധാരത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ കൂടി വായിക്കുന്നു. ഈ പെണ്ണുമ്പിള്ള പത്ത് മുപ്പത് കൊല്ലം മുൻപത്തേക്ക് ആണല്ലോ പോവുന്നത്. ഇവർക്കെങ്ങനെ തന്റെ സ്കൂൾ രജിസ്റ്റരിലെ പേരും ക്ലാസ് നമ്പരും ഓർമ്മ വന്നു. ഒരു പക്ഷെ ഇവർ കൂടെ പഠിച്ചതായിരിക്കുമോ? പ്രായം ഏതാണ്ട് തന്റെതിനോട് അടുത്ത് തോന്നിപ്പിക്കുന്നുമുണ്ട്. പക്ഷെ ആ അടുപ്പം ഒന്നും പെരുമാറ്റത്തിൽ കാണുന്നുമില്ല.
"അഞ്ചു കൊല്ലായിട്ട് നികുതി ഒന്നും അടച്ചിട്ടില്ല അല്ലെ"?
ആപ്പീസർ വീണ്ടും ഗൌരവ ഭാവത്തിൽ.
അതിനിടക്ക് ആപ്പീസർക്ക് ചായയും കടിയും വന്നിരുന്നു.
പക്ഷെ അയാൾ തന്റെ മനസ്സിനെ 30 വർഷം മുൻപത്തെ ക്ലാസ് മുറിയിൽ തിരയുകയായിരുന്നു അപ്പോഴും. ദാരിദ്ര്യം നിറഞ്ഞ സ്ക്കൂൾ ജീവിത കാലം.. സഹപാഠികൾ എല്ലാം ഉച്ച ഭക്ഷണത്തിന് പോവുമ്പോൾ സ്കൂൾ കിണറ്റിലെ പച്ച വെള്ളവും കുടിച്ചു ഡെസ്ക്കിൽ തല ചാഴ്ച്ചു വിശപ്പിനെ മറക്കാൻ ശ്രമിച്ചിരുന്ന നാളുകൾ. അന്നൊക്കെ പല ദിവസങ്ങളിലും തന്റെ ഉറക്ക നാട്യത്തെ തോണ്ടി ഉണർത്തി കൊണ്ട് കുപ്പി വളയിട്ട ഒരു കൊച്ചു കൈ നീണ്ടു വരുമായിരുന്നു. കൂടെ കഴിക്കാൻ വിളിക്കും. വേണ്ടെന്നു പറഞ്ഞാൽ പിന്നെ കൊണ്ട് വന്ന എന്തെങ്കിലും പലഹാരം എടുത്ത് 'ഇതെങ്കിലും കഴിക്ക്' എന്ന് പറഞ്ഞു നീട്ടും.
"ചായ കുടിക്കുന്നോ?" ആപ്പീസറുടെ ചോദ്യം അയാളെ വീണ്ടും വില്ലേജ് ആപ്പീസിൽ എത്തിച്ചു.
"ഒരു ചായ അല്ലെ ഉള്ളൂ. അത് നിങ്ങൾ തന്നെ കുടിക്ക്. ഞാൻ വീട്ടിൽ നിന്ന് കുടിച്ചു ഇറങ്ങിയതാ".
അയാൾ മനസ്സിനെ വീണ്ടും സ്കൂളിലേക്ക് തന്നെ കൊണ്ടുപോയി. തലയും താഴ്‌ത്തി ഇരുന്നു ചിന്തയിൽ മുഴുകി. അതിനിടക്ക് ആപ്പീസർ വീണ്ടും.
" എന്നാ ഇതെങ്കിലും കഴിക്ക്"
ആ വാക്കുകൾ അയാളെ സ്ഥലകാലബോധത്തിൽ നിന്നും മാറ്റി. നേരെ നീണ്ടു വന്ന കൈകളിൽ നിന്ന് സ്വർണ്ണ വളകൾക്ക് പകരം കുപ്പി വളകളുടെ കിലുക്കം അയാൾ കേട്ടു. പിന്നെ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
"മീനാ കുമാരി. പുതിയോട്ടിൽ. നമ്പർ ഇരുപത്തൊന്ന്. ടെൻത്ത് ബി".
ഇരുവരുടെയും കണ്ണടകൾ പതുക്കെ ഉയർന്നു. പിന്നെ തുവാലകൾ നീർ കണങ്ങൾ ഒപ്പിയെടുത്ത് കൊണ്ടിരുന്നു.
******************************************************************************************************************************

2015, മാർച്ച് 2, തിങ്കളാഴ്‌ച

സ്വപ്നാടനം:

കണ്ണ് സ്വയം കാണുന്നില്ല, ചെവി സ്വയം കേൾക്കുന്നില്ല. ഇന്ദ്രിയങ്ങൾ തലച്ചോറിന്റെ പുറം ലോകവുമായുള്ള ശൃംഗലാംഗം മാത്രം. തലച്ചോർ നാം ഉണർന്നിരിക്കുമ്പോൾ കണ്ണിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തും. എന്നാൽ ചിലപ്പോൾ സ്വപ്നത്തിലും ചിന്താവേളകളിലും അത് മുൻപ് റെക്കോർഡ്‌ ചെയ്ത കാര്യങ്ങളെ അല്പം അതിശയോക്തിയോടെ അവതരിപ്പിച്ചു തരും. ഇതും രണ്ടു വിധം ഉണ്ട്. സ്വപനത്തിൽ കാണുന്ന കാര്യത്തിൽ നമുക്ക് നിയന്ത്രണം ഇല്ല. ഉണർന്നിരിക്കുമ്പോൾ നെയ്യുന്ന ഭാവനക്ക് കടിഞ്ഞാൻ നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയും ചെയ്യും.
എന്നാൽ ഇത് രണ്ടും കൂടി ചേർത്ത് വച്ചുകൊണ്ട് സ്വപ്ന യാത്ര ചെയ്യാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? എനിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ അത് സ്വപ്നം തന്നെ ആണെന്ന് തിരിച്ചറിയും. പിന്നെ ആ സ്വപ്നത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യും. ഇത് കൌമാരത്തിൽ തുടങ്ങിയതാണ്‌. പലപ്പോഴും വായുവിലൂടെ ഒഴുകി നടക്കും ശരീരം തീർത്തും ഭാര രഹിതം ആയിരിക്കും. കാലൊന്നു ഉയർത്തിയാൽ ശരീരം മുഴുവൻ വായുവിലേക്ക് പൊങ്ങി പോവും. പിന്നെ വായുവിലൂടെ നടക്കാം. പലപ്പൊഴൂം വീട്ടിൽ നിന്ന് കൊഴിക്കൊട്ട് അങ്ങാടി വരെ ഇങ്ങനെ പറന്നു പോയിട്ടുണ്ട്. സിനിമക്ക് ടിക്കറ്റ് എടുക്കാൻ ഉള്ള കാശ് മാത്രം കയ്യിൽ ഉള്ളപ്പോൾ ബസ് യാത്ര ഇങ്ങനെ ഒഴിവാക്കിയിരുന്നു.
ഈയിടെ നാട്ടിലേക്ക് പോയി. വിമാനത്തിൽ കയറി ഇരുന്നു ജനാല വഴി മുകിൽ പടലങ്ങളെ നോക്കിയിരിക്കെ സ്വീറ്റിനു തൊട്ടടുത്ത് തന്നെയുള്ള ഡോർ പെട്ടെന്ന് തുറന്നു പോയി. ഞാൻ സ്വീറ്റിൽ നിന്ന് തെറിച്ചു മേഘങ്ങളിൽ മുങ്ങി താണു. അപ്പോൾ എനിക്കറിയാം ഇത് സ്വപ്നമാണ്. പിന്നെ ആലോചിച്ചില്ല വായുവിലൂടെ ഒന്ന് നീന്താൻ തന്നെ ഉറച്ചു. നല്ല തണുപ്പ്. താഴെ അറബിക്കടൽ. വിമാനം പറന്നകലുന്നത് കാണാം. എങ്കിലും ഇന്ത്യയുടെ കര കാണുന്നുണ്ട്. പിന്നെ കരയോടടുപ്പിച്ചു കൊണ്ട് താഴ്‌ന്നു നീങ്ങി. താഴെ എത്താറായപ്പോൾ ബുർജ് ഖലീഫ പോലെ തോന്നിപ്പിക്കുന്ന ഒരു കൂറ്റൻ സ്തൂപം കടലിൽ കൂർത്തു പൊങ്ങി കിടക്കുന്നു. പിന്നെ സംശയം.നാടെത്തിയില്ലേ? താഴെ ദുബായി ആണോ? എന്തായാലും ഇറങ്ങണം. നേരം പുലർന്നു വരുന്നതേയുള്ളൂ. പതുക്കെ അതിന്റെ മുനമ്പിൽ ഇറങ്ങി. അതൊരു കുത്തനെയുള്ള പർവ്വതം. കുറച്ചകലെ കോഴിക്കോടിന്റെ തീരം കാണാം. കോഴിക്കോട് മെഡിക്കൽ കോളേജ് ക്ലോക്ക് ടവർ കണ്ടതോടെ സമാധാനമായി. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ കൂടി പറന്നാൽ വീട്ടിൽ എത്താം. അപ്പോഴാണ്‌ ആ കാര്യം ഓർമ്മ വന്നത്. പാസ്സ്പോർട്ട് കയ്യിൽ ഇല്ല. ഇനി തരിച്ചു പോരണേൽ ഇതുപോലെ പറക്കെണ്ടേ...