പ്രവാസ ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രവാസ ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആട് തന്ന പണി

കഴിഞ്ഞ വ്യായാഴ്ച രാത്രി നടന്ന സംഭവമാണ്. വ്യായാഴ്ച രാവുകൾ സുഹൃദ് കുടുംബങ്ങളുമൊന്നിച്ച് ഔട്ടിംഗും ഒരുമിച്ച് ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം പതിവുള്ളതാണ്.

അന്നും അതിനുള്ള ഒരുക്കത്തിലിരിക്കെ മറ്റാരു സുഹൃത്തിൻ്റെ ഫോൺ. ഒരു അറബിക്കല്യാണ പാർടിയിൽ നിന്നും ആടും മന്തിയും കിട്ടിയിട്ടുണ്ട്. ഉടനെ വന്നാൽ ചൂടോടെ തട്ടാം. തീറ്റി കഴിഞ്ഞാൽ പതിവ് നാടൻ പാട്ടും കളിയുമെല്ലാം കാണും.

ആകെ കൺഫ്യൂഷനിലായി. സ്ഥിരം വിഭവങ്ങളുമായുള്ള ഫാമിലി പാർടി വേണോ? ചൂരുള്ള  ഇളയ ആടും മന്തിയും വെച്ചുള്ള ബാച്ചിലർ പാർടി വേണോ?

ആദ്യം ആട്. അത് കഴിഞ്ഞ് വയറ്റിൽ സ്ഥലമുണ്ടെങ്കിൽ മറ്റുള്ളവയും ആവാം. രാത്രി നീണ്ടങ്ങനെ കിടക്കുകയല്ലേ... ഭാര്യയേയും കുട്ടികളേയും പാർക്കിലേക്ക് വിട്ട് ഉsനെ എത്തിക്കോളാമെന്നും പറഞ്ഞ് ഞാൻ ആടിൻ്റെ മണം പിടിച്ച് പോയി.

ആട് തീറ്റ കഴിയാറായതും വിളി വന്നു. അടുത്ത തീറ്റക്കുള്ളതും റെഡിയായിട്ടുണ്ട്. എല്ലാവരും എത്തിക്കഴിഞ്ഞു. ഉടനെ പാർക്കിലേക്കും പുറപ്പെട്ടു.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈഫിൻ്റെ ഫോൺ കാണാനില്ല. റിംഗ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.  ആ ഫോൺ പാർക്കിലേക്ക് എടുത്തിട്ടില്ലെന്ന് വൈഫ് ആണയിടുന്നു. എന്നെ വിളിച്ചതും മറ്റൊരു ഫോണിൽ നിന്നാണ്. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ. വീണ്ടും പാർക്കിലേക്ക്.. അരിച്ചു പെറുക്കി നോക്കി. അവിടെങ്ങുമില്ല. അതങ്ങ് പോയിക്കിട്ടി എന്ന് കരുതി ഉറങ്ങാൻ കിടന്നു. അതിനിടക്ക് വൈഫ് നഷ്ടപ്പെട്ട ഫോൺ ഉടനെ കിട്ടാൻ സ്വലാത്തും നേർച്ചയാക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് ഉച്ചക്കെണിറ്റ് ഒന്നുകൂടി ഡയൽ ചെയ്തു നോക്കി. അപ്പോഴും റിംഗ് ചെയ്യുന്നുണ്ട്. പിന്നെ ഒരു സംശയം. തലേന്നത്തെ ആട് പാർടിയിലേക്ക് ആ ഫോണും കൂടെ പോന്നിരുന്നോ? താമസിച്ചില്ല. പാർടിക്ക് വിളിച്ച സുഹൃത്തിനെ ഡയൽ ചെയ്തു. അവൻ കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഫോൺ കട്ടിലിൻ്റെ സൈഡിൽ വീണു കിടപ്പുണ്ട്. സൈലൻ്റ് മോഡിലാണ്.

സംഭവിച്ചതെന്തെന്നാൽ എൻ്റെ ഫോൺ പാൻ്റിൻ്റെ കീശയിൽ ഉള്ളതറിയാതെ വൈഫിൻ്റെ ഫോണും കയ്യിൽ എടുത്തോണ്ടായിരുന്നു ആട് പാർടിക്ക് പോയത്. പിന്നീട് വൈഫിൻ്റെ കോൾ വന്നപ്പോൾ സ്വന്തം ഫോൺ തന്നെ എടുത്ത് ആൻസർ ചെയ്യുകയും ചെയ്തു. അപ്പോൾ പിന്നെ അറിയാതെ കയ്യിൽ എടുത്ത് പിടിച്ച മറ്റേ ഫോണിനേകുറിച്ച് ഓർക്കാൻ വഴിയില്ലല്ലോ....

ഫോൺ കയ്യിൽ കൊണ്ടു കൊടുത്തപ്പോൾ  ഭാര്യ:

"സ്വലാത്തിൻ്റെ ഫലം ഇപ്പഴെങ്കിലും ബോധ്യമാ‌യോ?".

ആട് എന്ന് കേൾക്കുമ്പോൾ ബോധം പോയാലുള്ള ഫലം ഇപ്പോൾ ബോധ്യമായി എന്ന് ഞാൻ...

2016, ജൂലൈ 8, വെള്ളിയാഴ്‌ച

ഡോക്ടർ സുഹൃത്ത്....

വർഷങ്ങൾക്ക് മുമ്പ് എനിക്കിവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ഹൈദരാബാദി ഡോക്ടർ. എനിക്ക് കാറില്ലായിരുന്നു. ഇപ്പഴും ഇല്ല. ഓടിക്കാൻ അറിയാത്തത് തന്നെ കാരണം.

അന്നൊക്കെ എൻ്റെയും കുടുംബത്തിൻ്റെയും ഏത് അവശ്യത്തിനും ഡോക്ടർ സുഹൃത്ത് സ്വന്തം കാറുമായി വരുമായിരുന്നു. മാർക്കറ്റിൽ പോവുമ്പോഴും മീൻ വാങ്ങാനും എല്ലാം കൂടെ വരും. എന്ന് വേണ്ട കുടിക്കാനുള്ള വെള്ളം വരേ അദ്ധേഹം എത്തിച്ച് തരുമായിരുന്നു. ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ ഇരു ഫാമിലികളും ഒന്നിച്ച് പുറത്ത് പോവും.

ഈ ഡോക്ടർ നല്ലൊരു ഭക്തൻ കൂടിയാണ്. നീണ്ട താടി. തലയിൽ എപ്പാഴും തൊപ്പി കാണും. പാൻ്റ്സ് നെരിയാണിക്ക് മുകളിൽ കയറി കിടക്കും.

ഒരു ദിവസം ഞങ്ങൾ ഡോക്ടറുടെ വീട്ടിൽ പോയപ്പോൾ രണ്ടു ദിവസം മുമ്പ് അവർ വാങ്ങിയ TV അവിടെ കണ്ടില്ല. അത് കാണാൻ കൂടിയായിരുന്നു  പോയത്. പറ്റുമെങ്കിൽ അതുപോലൊന്ന് വാങ്ങിക്കാനും. കാരണം ആ സമയത്ത് മാർക്കറ്റിൽ ഇറങ്ങിയ മികച്ചയിനങ്ങളിൽ ഒന്നായിരുന്നു അത്.

ഡോക്ടറുടെ ഭാര്യ, മുഖത്തെ സങ്കടം മറച്ചു വെക്കാതെ പറഞ്ഞു. ഡോക്ടർ അതെടുത്ത് ബലദിയ പെട്ടിയിൽ കളഞ്ഞു. TV കാണൽ ഹറാം ആണെന്ന ഫത്വ അദ്ധേഹത്തിന് എവിടെ നിന്നോ കിട്ടി പോൽ.

ഞാനുടനെ ജനാല വഴി താഴെ റോട്ടിലുള്ള ബലദിയ പെട്ടിയിലേക്ക് നോക്കി. അപ്പോൾ ഡോക്ടറുടെ ഭാര്യ പറഞ്ഞു.

'നോക്കിയിട്ട് കാര്യമില്ല. അതപ്പോൾ തന്നെ ബലദിയ ജീവനക്കാർ എടുത്ത് കൊണ്ട് പോയിരുന്നു'.

ഇനി ഫ്രിഡ്ജ്, വാഷിംഗ് മഷീൻ തുടങ്ങിയ വല്ലതിനും എതിരെ ഫത്വ കിട്ടിയാൽ ഉടനെ അറീക്കണേന്ന് പറഞ്ഞു കൊണ്ട് നിരാശയോടെ ഞങ്ങൾ അവിടെ നിന്നും  തിരിച്ചു പോന്നു.

രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറെ നേരിൽ കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോഴദ്ദേഹം പറഞ്ഞു.

'ജോലി കഴിഞ്ഞു വന്നാൽ എനിക്കിപ്പോൾ ഒരു ഗ്ലാസ് ചായ കിട്ടുന്നുണ്ട്'.
...........................

2016, ഏപ്രിൽ 3, ഞായറാഴ്‌ച

മൂന്ന് ഭ്രാന്തന്മാർ

സ്ഥലം മദീനയിലെ ഒരു തുർക്കി ബാർബർ ഷോപ്പ് . സമയം രാത്രി. ഞാനും ഒരു മിസിരിയും (ഈജിപ്ഷ്യൻ) മാത്രമേയുള്ളൂ ബാർബറുടെ അടുത്ത വിളിക്കായി കാത്തിരിക്കുന്നത്.
ഞങ്ങൾ ഇരുവരും പക്ഷേ തിരക്കിൽ തന്നെയാണ് അവരവരുടെ മൊബൈൽ ഫോണുകൾ കയ്യിലും കാതിൽ ഇയർ ഫോണും ഫിറ്റ് ചെയ്തു കൊണ്ടാണ് ഇരുത്തം. മിസിരി സുഹൃത്ത് ഫുട്ട്ബാൾ കളിയാണ്‌ കാണുന്നത്. എന്റെത് പ്രത്യേകം പറയണ്ടല്ലോ. ഇത് തന്നെ. ഞാൻ ഒരു തമാശ വായിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിസിരി സുഹൃത്തിന്റെ ടീം പന്തുമായി ഗോൾ വലയത്തിൽ എത്തിയതും അയാളുടെ കോലവും മാറിത്തുടങ്ങി. പുള്ളി കൈ കൊണ്ടും കാലുകൊണ്ടും എല്ലാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇടയ്ക്കിടെ സ്വയം തലക്കടിച്ചു കൊണ്ട് പലതും വിളിച്ചു പറയുന്നുന്മുണ്ട്. ബാർബർ സുഹൃത്തും ഫുട്ട്ബാൾ സ്നേഹിയാണ്. ആയാളും മുടി വെട്ടുന്നതിനിടയിലൂടെ കളിയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക് അതത്ര ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. അയാൾ ഒരു അഫ്ഗാനിയാണ് .
അപ്പോഴാണ് മനോരോഗിയായ ഒരാൾ കയറി വന്നത്. മുഷിഞ്ഞ വേഷം. മുടി വെട്ടലല്ല ലക്ഷ്യം. ഒരു സിഗരട്ട്. അതാണ് ആവശ്യം. കക്ഷിയെ എനിക്കറിയാം. പതിവായി കണാറുള്ളതാണ്. ഞാൻ വലി നിർത്തിയതിനാൽ എന്റെ കയ്യിൽ സിഗരറ്റില്ല. പക്ഷെ മിസിരിയുടെ കീശയിൽ ഉണ്ട്. എന്നാൽ മിസിരിയുണ്ടോ കേൾക്കുന്നു.
ഞങ്ങളുടെ മട്ടും കളിയും കണ്ട അയാൾ താടിക്ക് കയ്യും കൊടുത്തു കൊണ്ട് കുറച്ചു നേരം ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു.
പിന്നെ ഒരു ചോദ്യം, ഞങ്ങൾ രണ്ടിനെയും എപ്പോൾ പുറത്ത് വിട്ടൂ എന്ന്. ആ ചോദ്യം കേട്ട തുർക്കി ബാർബറും ചിരിയോടു ചിരി. മിസിരി അപ്പോഴും തന്റെ പുറം കളിയിൽ തന്നെ. കസേരയിൽ കെട്ടി ഇട്ടിരിക്കുന്ന അഫഗാനിയുടെ ക്ഷമ നശിക്കുന്ന ഘട്ടമെത്തി.
പിന്നെ കണ്ടത് ഞങ്ങൾ മൂന്ന് പേരുടെയും ഒരുമിച്ചുള്ള പ്രകടനം ആയിരുന്നു. മാനസിക രോഗി നൃത്തം വയ്ക്കുന്നു. മിസിരി താളം പിടിക്കുന്നു. ഞാൻ ചിരിക്കുന്നു. ഒടുവിൽ തുർക്കിക്ക് തന്നെ ഇടപെടേണ്ടി വന്നു. മൂന്നു രോഗികളിൽ അവസാനം വന്ന രോഗിയെ തന്നെ രണ്ടു സിഗരറ്റും കീശയിൽ ഇട്ടു കൊടുത്തു കൊണ്ട് അയാൾ യാത്രയാക്കി.

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

അച്ചി വീട്ടിലെ മോഷ്ടാവ്

വിവാഹ ശേഷം ആദ്യമായി ലീവിൽ നാട്ടിൽ പോയ കുഞ്ഞു മുഹമ്മദിനോട് ഭാര്യ പറഞ്ഞു.
" നിങ്ങളെ എന്റെ ബന്ധുക്കൾക്ക് അധികം പരിചയം ഇല്ലല്ലോ. കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോയതല്ലേ? എന്റെ വീടിനടുത്ത് ഒരു വിവാഹ സല്ക്കാരം ഉണ്ട്. നമുക്ക് ഒരുമിച്ചു പോവാം എല്ലാവരെയും ഒന്ന് പരിചയപ്പെടുകയും ആവാലോ"
കുഞ്ഞു മുഹമ്മദ്‌ സമ്മതിച്ചു. ലീവിന് നാട്ടിൽ ഉള്ളപ്പോൾ കല്യാണം കൂടാൻ കിട്ടുന്നത് പ്രവാസിക്ക് ഒരു ഭാഗ്യമാണ്. ഇരുവരും കല്യാണ വീട്ടിൽ എത്തി. പക്ഷെ ബിരിയാണി വയറ്റിൽ കേറിയതും കുഞ്ഞു മുഹമ്മദിനു കണ്ണിൽ ഉച്ചമയക്കത്തിന്റെ ആലസ്യം. ഗൾഫിലെ ചിട്ടകൾ പെട്ടെന്ന് മാറില്ലല്ലോ. ഭാര്യയെ ഈ സമയം വിളിച്ചാൽ ആളുകൾ ഗൾഫുകാരന്റെ ആക്രാന്തം ആണെന്ന് വിചാരിക്കും. അതിനാൽ ആരോടും പറയാതെ അയാൾ ഭാര്യ വീട്ടിലേക്കു തിരിച്ചു.
വീട് പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരും കല്യാണ വീട്ടിൽ തന്നെ. പക്ഷെ കുഞ്ഞു മുഹമ്മദിനു ഉള്ളിൾ കടക്കാൻ അറിയാം. മുൻപൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഭാര്യയോന്നിച്ചു വന്നപ്പോൾ അകത്തു കടക്കുന്ന രീതി അവൾ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാൾ അതോർത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നീങ്ങി. കയ്യിൽ ഒരു വടിയുമെടുത്ത് ജനാലയിൽ കയറി ഉള്ളിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് തട്ടിനീക്കി അകത്ത് കയറി.
വീടിനു പുറത്ത് മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ഒരു ഗൾഫുകാരൻ. കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുടെ ബന്ധു. അയാൾ കുഞ്ഞു മുഹമ്മദിനെ പരിചയപ്പെടാൻ വന്നതാണെങ്കിലും ഇരുവർക്കും പരസ്പരം അറിയില്ല. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു തിരിച്ചു പോവാൻ നിന്ന കക്ഷി പരിചയം ഇല്ലാത്ത മറ്റൊരാൾ പിൻവാതിൽ തുറന്നു അകത്ത് പോവുന്നത് കണ്ടു ഉടനെ തന്നെ അടുക്കള വാതിൽ പുറത്ത് നിന്ന് താഴിട്ടു. അടുത്ത അയല്ക്കാരെ വിളിച്ചു വിവരം അറീച്ചു. അകത്തു കടന്ന കുഞ്ഞു മുഹമ്മദ്‌ ഉടനെ മയക്കത്തിൽ വീണു. അത് അധികം നീണ്ടില്ല. അയാളുടെ മൊബൈൽ ശബ്ദിച്ചു. ഭാര്യ വിളിക്കുന്നു.
"നിങ്ങൾ എവിട്യാ നമുക്ക് വേഗം പോവണം. ഇന്റെ വീട്ടിൽ കള്ളൻ കയറീട്ടുണ്ട്‌. പോലീസ് ഇപ്പൊ വരും. കള്ളൻ പുറത്ത് കടന്നിട്ടില്ല. ഉള്ളിൽ തന്നെയുണ്ട്‌ ആളുകൾ പുറത്ത് കാവലുമുണ്ട്".
അല്പം ഒന്ന് അന്ധാളിച്ച കുഞ്ഞു മുഹമ്മദ്‌ ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കി . പിന്നെ നെഞ്ചിടിപ്പ് കൂടി. അയാൾ ഉറപ്പിച്ചു.
'ഇന്ന് എല്ലാവരെയും പരിചയപ്പെടാം. കുടുംബക്കാർ മാത്രമല്ല അയല്ക്കാരും നാട്ടുകാരും എല്ലാം ഉണ്ട് മുട്ടൻ വടികളുമായി'.
-00-

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

നല്ലവരിൽ നല്ലവൻ കുഞ്ഞി മുഹമ്മദ്‌

അതായിരുന്നു കുഞ്ഞി മുഹമ്മദ്‌. പുക വലിക്കില്ല, പെപ്സി കുടിക്കില്ല. നാട്ടിലേക്ക് ഫോണ്‍ പോലും ചെയ്തു കാശ് കളയില്ല. വന്നിട്ട് നാല് കൊല്ലമായി നാട്ടിൽ പോയിട്ടില്ല, എന്തിനു പറയുന്നു ഭാര്യക്ക്‌ കത്ത് പോലും എഴുതുന്നത് ബാപ്പയുടെ പേർക്ക്. ഇതിന്റെ ഗുട്ടൻസ് അവനോരിക്കൽ പറഞ്ഞു.
"ഭാര്യക്ക് എഴുതുമ്പോൾ ബാപ്പാക്കും എഴുത്തില്ലേൽ മൂപ്പർ ചൂടാവും. ബാപ്പക്ക് വായിക്കാൻ അറിയില്ല. രണ്ടു പേർക്കും കൂടി ഒരു കവറിൽ ഇട്ടു അയച്ചാൽ രണ്ടും വായിച്ചു കൊടുക്കുക ഭാര്യ തന്നെ. അങ്ങനെ ആ കാശും ലാഭിക്കാം. ഇങ്ങനെ പിശുക്കി ജീവിച്ചിട്ടെന്തു കാര്യം എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ കിട്ടിയ മറുപടി;
"അതുകൊണ്ടെന്തായി 10 സെന്റ്‌ സ്ഥലം വാങ്ങി, വീട് പണി തീരാറായി. നിങ്ങളുടെ ഒക്കെ കാര്യമോ? എന്നെ കണ്ടു പടിക്ക്".
അവന് കൊടുക്കാൻ ആർക്കും മറുപടി ഇല്ലായിരുന്നു.
അങ്ങനെ നാളുകൾ കഴിഞ്ഞു പോയി. ബലി പെരുന്നാൾ വന്നു. ഇത്തവണ കുഞ്ഞി മുഹമ്മദിന് ഒരു പണി കൊടുക്കണം. എല്ലാവരും തീരുമാനിച്ചു. അക്കാലത്ത് മൊബൈൽ ഫോണൊന്നും പ്രചാരത്തിൽ വന്നിട്ടില്ല. എല്ലാവരും കൂടി നിർബന്ദിച്ചു അവനെ ടെലഫോണ്‍ ബൂത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി. കുഞ്ഞി മുഹമ്മദിന്റെ വീട്ടിൽ ഫോണില്ല. അടുത്ത വീട്ടിലേക്കു വിളിച്ചു. വീട്ടുകാരെ വിളിക്കാൻ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു കാത്തിരുന്നു. എന്നാൽ ആദ്യം ബാപ്പ മാത്രം വന്നു. ഞങ്ങളിൽ ഒരാൾ ഫോണെടുത്ത് സംസാരിച്ചു. കഫീലിന്റെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്. പെരുന്നാൾ ആയതിനാൽ ജോലിക്കാർക്ക് എല്ലാം ഫ്രീ ആയിട്ട് നാട്ടിലേക്ക് വിളിക്കാൻ അനുമതി ഉണ്ട് എന്നങ്ങ് തട്ടി വിട്ടു. ബാപ്പാക്ക് സന്തോഷം. ഫോണ്‍ വീണ്ടും കട്ട് ചെയ്തു കക്ഷി ഉമ്മാനെയും ഭാര്യയേയും മക്കളെയും പിന്നെ അടുത്ത സുഹൃത്തുക്കളെയും ഒക്കെ കൂട്ടി വന്നു. ഓരോരുത്തർ ആയി സംസാരം തുടർന്നു. ഫോണ്‍ കട്ട് ചെയ്യാൻ കുഞ്ഞി മുഹമ്മദ്‌ ആവശ്യപ്പെടുമ്പോഴും അപ്പുറത്ത് നിന്ന് ആരും കേട്ട ഭാവം ഇല്ല. ഒടുവിൽ ബൂത്തിൽ നിന്ന് പുറത്ത് വരുമ്പഴേക്കും അവൻ വിയർത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കൌണ്ടറിൽ ചെന്ന് ബില്ലടിച്ചു പുഞ്ചിരിയോടെ വരുന്ന കുഞ്ഞി മുഹമ്മദിനെ കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു.

ബില്ല് നോക്കിയപ്പോൾ വെറും രണ്ടു റിയാൽ. പെരുന്നാൾ ആയതിനാൽ തിരക്ക് കാരണം അവൻ ആദ്യം വിളിച്ച ബില്ലാണ് കിട്ടിയത് മറ്റു ബില്ലുകൾ സ്ഥലം മാറി വച്ചു കാണണം. എങ്കിലും മുഹമ്മദ്‌ അത് തിരുത്താൻ പോയില്ല.

പിന്നെ മൊബൈൽ ഫോണ്‍ ഒക്കെ വന്ന ശേഷം അവൻ നിത്യവും ഭാര്യയെ വിളിക്കുമായിരുന്നു. ചില്ലിക്കാശിന്റെ ചിലവില്ലാതെ. അവൻ ആദ്യമേ ചില കാര്യങ്ങൾ ഭാര്യയോടു പറഞ്ഞിട്ടുണ്ട്. ആദ്യം വിളിച്ചാൽ ഫോണ്‍ എടുക്കരുത്. പിന്നെ വീണ്ടും വിളിക്കും. അപ്പോഴും എടുക്കരുത് . മൂന്നാമതും വിളിച്ചാൽ എടുക്കണം. അതായത് ആദ്യത്തെ വിളിയുടെ അർത്ഥം ഇവിടെ സുഖമാണ് എന്ന് അറിയിക്കാൻ,. രണ്ടാമത്തെ വിളി അവിടെ സുഖം ആണോ എന്ന് ചോദിക്കാൻ ആണ്. അപ്പോഴും ഫോണ്‍ എടുത്തില്ലെങ്കിൽ അവിടെയും സുഖം എന്ന് കരുതും. മൂന്നാമത്തെ വിളി കൊണ്ട് ഉദ്ദേശിക്കുന്നത് കുഞ്ഞി മുഹമ്മദിന് എന്തോ പറയാനുണ്ട് എന്നാണ്. അപ്പോൾ ഫോണ്‍ എടുക്കണം. 

ഒരിക്കൽ കുഞ്ഞു മുഹമ്മദിന്റെ റൂമിൽ കള്ളൻ കയറി. അവൻ കുളിക്കാൻ പോയ നേരത്ത് നല്ലവനായ കള്ളൻ ഇഖാമ അവിടെ ഇട്ട് അവന്റെ 500 റിയാലും കൊണ്ട് പോയി. കുഞ്ഞു മുഹമ്മദ്‌ കരച്ചിലോടു കരച്ചിൽ. കമ്പനി ജോലി കൂടാതെ പലയിടത്തും പാർട്ട് ടൈം പണി കൂടി എടുത്ത് ഇറുക്കി പിടിച്ചാണ് പാവം പത്ത് കാശുണ്ടാക്കുന്നത്. എല്ലാവർക്കും സങ്കടമായി. വിവരം അറിഞ്ഞവർ എല്ലാം അവന് 10 ഉം 50 ഉം എക്കെ ആയി കാശ് നൽകി സഹായിച്ചു. ഒടുവിൽ 500 പോയതിന് 1000 കിട്ടി. കുഞ്ഞു മുഹമ്മദിന് എന്നിട്ടും വലിയ സന്തോഷം ആയില്ല. അവൻ സങ്കടത്തോടെ പറഞ്ഞു;
"ആ പോയ 500 കൂടി കിട്ടിയിരുന്നീൽ റിയാൽ 1500 കയ്യിൽ ആവുമായിരുന്നില്ലെ......?".
   --00--

2015, ജനുവരി 11, ഞായറാഴ്‌ച

താൽ ഹിന....

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

അരസികൻ

ബാച്ചിലർ ലൈഫ് പ്രവാസ ജീവിതത്തിൽ ആർക്കും മറക്കാൻ കഴിയില്ല. ആ കാലങ്ങളിൽ ഒരുമിച്ചു ജൊലി ചെയ്തും ഒന്നിച്ചുറങ്ങിയും കഴിച്ചു കൂട്ടിയ നാളുകളിൽ ഓരോ പ്രവാസിയും ഓരോ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കപെടുന്നു. ആരോ ചരടിൽ കോർത്ത് ഇറക്കി വിട്ട കളിപ്പാവകൾ ആയി നാം സ്വയം മാറുന്നു. അല്ലെങ്കിലും ജീവിതം തന്നെ ഒരു പാവക്കൂത്ത് ആണല്ലോ.
സൈയ്തു അടക്കം ഞങ്ങൾ ആറു പേർ ഒരു കമ്പനിയിൽ ജോലി ചെയ്തു, ഒരേ റൂമിൽ മൂന്ന് ഇരട്ടക്കട്ടിലുകളിലായി കഴിഞ്ഞു കൂടിയ കാലം. ജോലി കഴിഞ്ഞു വന്നാൽ ഹാഷിം ഏതെങ്കിലും സിനിമാ കാസ്റ്റുമായി വരും. ചപ്പാത്തിയും ദാലും കഴിച്ചു കഴിഞ്ഞാൽ പിന്നെ പടം തുടങ്ങും. സൈയ്തു പടം കാണില്ല. അവൻ മുകളിലെ കട്ടിലിൽ കയറി വേഗം പുതപ്പിനുള്ളിൽ ചുരുളും. ഈ ഒരു അരസികൻ ഒഴിച്ചാൽ അശോകേട്ടനും മത്യുച്ചായനും കൊയക്കായും എല്ലാം സിനിമാ പ്രിയരാണ്.
ഒരു ദിവസം 'ആകാശദൂത് ' വന്നു. മലയാളക്കരയാകെ കണ്ണീരിൽ കുളിപ്പിച്ച ചിത്രം. പ്രവാസികൾ പൊതുവെ ഇത്തരം ചിത്രങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. ഉള്ളിലെ താപം ഒഴുക്കിക്കളയാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കില്ല. പടം തുടങ്ങി ഞങ്ങൾ ലൈറ്റണച്ചു ഓരോരുത്തരും ഓരോ തോർത്ത് കയ്യിൽ കരുതി. അരസികൻ സൈയ്തു കട്ടിലിൽ അഭയം പ്രാപിച്ചു. ഓരോ തവണ ഞങ്ങൾ തോർത്ത് കൊണ്ട് കണ്ണ് തുടയ്കുമ്പോഴും സൈയ്തു പൊട്ടിച്ചിരിക്കാൻ തുടങ്ങും. പിന്നെ അവൻ ലൈറ്റിടും ഞങ്ങളുടെ കരച്ചിൽ കണ്ട് അവൻ തുള്ളിച്ചാടും. ഒടുവിൽ സഹികെട്ട് അവനെ റൂമിൽ നിന്ന് പുറത്താക്കി വാതിലടച്ചു. ഞങ്ങൾ കരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞ് സൈയ്തു വാതിലിൽ മുട്ടി. ഞങ്ങൾ വാതിൽ തുറന്നു
അവൻ കട്ടൻ ചായ കൊണ്ട് വന്നിരിക്കുന്നു. ഞങ്ങൾക്കത് കുടിക്കാൻ കഴിയുന്നില്ല പടം കളൈമാക്സിലെത്തി. ഞങ്ങൾക്ക് നിയന്ത്രണം വിട്ടു പിന്നെ കൂട്ടക്കരച്ചിലായി. സൈയ്തു നടുവിൽ നിന്ന് നൃത്തം വെയ്ക്കാൻ തുടങ്ങി. ആകെ ബഹളമയം. തൊട്ടടുത്ത റൂമിൽ നിന്നും ബംഗാളികൾ ഇറങ്ങി വന്നു. കാര്യം തിരക്കി. സെയ്തു സംഗതി പറഞ്ഞു. അവർക്ക് പൊട്ടിച്ചിരി. സെയ്തിനെ പിടിച്ചു കട്ടിലിൽ കൊണ്ടിട്ടു ഞങ്ങളും ഉറക്കത്തിലേക്ക് വീണു.
നാളുകൾ കുറേ കഴിഞ്ഞു. ഒരു ദിവസം ഞങ്ങൾ അത്താഴത്തിനു സെയ്തിനെ കാത്തിരിക്കുന്നു. അവനെ കാണാഞ്ഞു റോട്ടിലേക്കിറങ്ങി. ദൂരെ നിന്നും അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് വരുന്നു. റൂമിലെത്തിയതും അവന്റെ ചിരി അട്ടഹാസമായി. പിന്നെ തളർന്നു കട്ടിലിൽ വീണു. കുറച്ചു കഴിഞ്ഞു ഞങ്ങൾ ആ വിവരം അറിഞ്ഞു. അവന്റെ വാപ്പ മരിച്ചു.