2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആട് തന്ന പണി

കഴിഞ്ഞ വ്യായാഴ്ച രാത്രി നടന്ന സംഭവമാണ്. വ്യായാഴ്ച രാവുകൾ സുഹൃദ് കുടുംബങ്ങളുമൊന്നിച്ച് ഔട്ടിംഗും ഒരുമിച്ച് ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം പതിവുള്ളതാണ്.

അന്നും അതിനുള്ള ഒരുക്കത്തിലിരിക്കെ മറ്റാരു സുഹൃത്തിൻ്റെ ഫോൺ. ഒരു അറബിക്കല്യാണ പാർടിയിൽ നിന്നും ആടും മന്തിയും കിട്ടിയിട്ടുണ്ട്. ഉടനെ വന്നാൽ ചൂടോടെ തട്ടാം. തീറ്റി കഴിഞ്ഞാൽ പതിവ് നാടൻ പാട്ടും കളിയുമെല്ലാം കാണും.

ആകെ കൺഫ്യൂഷനിലായി. സ്ഥിരം വിഭവങ്ങളുമായുള്ള ഫാമിലി പാർടി വേണോ? ചൂരുള്ള  ഇളയ ആടും മന്തിയും വെച്ചുള്ള ബാച്ചിലർ പാർടി വേണോ?

ആദ്യം ആട്. അത് കഴിഞ്ഞ് വയറ്റിൽ സ്ഥലമുണ്ടെങ്കിൽ മറ്റുള്ളവയും ആവാം. രാത്രി നീണ്ടങ്ങനെ കിടക്കുകയല്ലേ... ഭാര്യയേയും കുട്ടികളേയും പാർക്കിലേക്ക് വിട്ട് ഉsനെ എത്തിക്കോളാമെന്നും പറഞ്ഞ് ഞാൻ ആടിൻ്റെ മണം പിടിച്ച് പോയി.

ആട് തീറ്റ കഴിയാറായതും വിളി വന്നു. അടുത്ത തീറ്റക്കുള്ളതും റെഡിയായിട്ടുണ്ട്. എല്ലാവരും എത്തിക്കഴിഞ്ഞു. ഉടനെ പാർക്കിലേക്കും പുറപ്പെട്ടു.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈഫിൻ്റെ ഫോൺ കാണാനില്ല. റിംഗ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.  ആ ഫോൺ പാർക്കിലേക്ക് എടുത്തിട്ടില്ലെന്ന് വൈഫ് ആണയിടുന്നു. എന്നെ വിളിച്ചതും മറ്റൊരു ഫോണിൽ നിന്നാണ്. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ. വീണ്ടും പാർക്കിലേക്ക്.. അരിച്ചു പെറുക്കി നോക്കി. അവിടെങ്ങുമില്ല. അതങ്ങ് പോയിക്കിട്ടി എന്ന് കരുതി ഉറങ്ങാൻ കിടന്നു. അതിനിടക്ക് വൈഫ് നഷ്ടപ്പെട്ട ഫോൺ ഉടനെ കിട്ടാൻ സ്വലാത്തും നേർച്ചയാക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് ഉച്ചക്കെണിറ്റ് ഒന്നുകൂടി ഡയൽ ചെയ്തു നോക്കി. അപ്പോഴും റിംഗ് ചെയ്യുന്നുണ്ട്. പിന്നെ ഒരു സംശയം. തലേന്നത്തെ ആട് പാർടിയിലേക്ക് ആ ഫോണും കൂടെ പോന്നിരുന്നോ? താമസിച്ചില്ല. പാർടിക്ക് വിളിച്ച സുഹൃത്തിനെ ഡയൽ ചെയ്തു. അവൻ കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഫോൺ കട്ടിലിൻ്റെ സൈഡിൽ വീണു കിടപ്പുണ്ട്. സൈലൻ്റ് മോഡിലാണ്.

സംഭവിച്ചതെന്തെന്നാൽ എൻ്റെ ഫോൺ പാൻ്റിൻ്റെ കീശയിൽ ഉള്ളതറിയാതെ വൈഫിൻ്റെ ഫോണും കയ്യിൽ എടുത്തോണ്ടായിരുന്നു ആട് പാർടിക്ക് പോയത്. പിന്നീട് വൈഫിൻ്റെ കോൾ വന്നപ്പോൾ സ്വന്തം ഫോൺ തന്നെ എടുത്ത് ആൻസർ ചെയ്യുകയും ചെയ്തു. അപ്പോൾ പിന്നെ അറിയാതെ കയ്യിൽ എടുത്ത് പിടിച്ച മറ്റേ ഫോണിനേകുറിച്ച് ഓർക്കാൻ വഴിയില്ലല്ലോ....

ഫോൺ കയ്യിൽ കൊണ്ടു കൊടുത്തപ്പോൾ  ഭാര്യ:

"സ്വലാത്തിൻ്റെ ഫലം ഇപ്പഴെങ്കിലും ബോധ്യമാ‌യോ?".

ആട് എന്ന് കേൾക്കുമ്പോൾ ബോധം പോയാലുള്ള ഫലം ഇപ്പോൾ ബോധ്യമായി എന്ന് ഞാൻ...

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജുബ്ബാവാല

വല്യ പെരുന്നാൾ ആവാൻ കാത്തിരിക്കുകയായിരുന്നു ഔക്കു. ചെറിയ പെരുന്നാളിന് അവന് പുതു വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മാവൻമാരുടെയും മൂത്താപ്പമാരുടെയും എല്ലാം മക്കൾ പുതു പുത്തൻ കുപ്പായങ്ങളുമിട്ട് വിലസി നടക്കുന്നത് കണ്ട് നിരാശനായ  അവൻ ആ പെരുന്നാളിന് വീടു വിട്ട് പുറത്തിറങ്ങിയതേയിരുന്നില്ല.

അനാഥനാണെന്നും വിചാരിച്ചിരുന്നാൽ ജീവിത കാലം മുഴുവൻ അങ്ങനെ തന്നെ ആയിപ്പോവും. അത് പറ്റില്ല. സ്കൂൾ വിട്ട് വന്നാൽ ഔക്കു അടുത്തുള്ള പലചരക്ക് കടയിൽ സഹായിക്കാൻ പോവാൻ തുടങ്ങി. രണ്ട് മാസം കൊണ്ട് ചെറുതല്ലാത്തൊരു തുക സമ്പാദിച്ചെടുത്തു.

ജുബ്ബ വാങ്ങണം. തിളങ്ങുന്ന സിൽക്ക് ജുബ്ബ. കസവ് മുണ്ടും വേണം. ഒരു കൂളിംഗ് ഗ്ലാസ് കൂടി ഒപ്പിച്ചാൽ വലിയ പെരുന്നാൾ ദിനം തൻ്റേതായിരിക്കുമെന്ന്‌ ഔക്കു കണക്ക് കൂട്ടി. കാരണം വലിയ പണക്കാരല്ലാതെ സിൽക്ക് ജുബ്ബ ധരിക്കുന്നത് ഔക്കു കണ്ടിട്ടില്ല. അത് തന്നെ സിനിമയിൽ മാത്രം.

അങ്ങനെ വലിയ പെരുന്നാൾ ദിനം വന്നെത്തി. ഔക്കു കുളിച്ചൊരുങ്ങി  നീല ജുബ്ബയും കസവ് മുണ്ടും അണിഞ്ഞു നല്ലവണ്ണം അത്തറും പൂശി കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. മേൽ ചുണ്ടിന് മുകളിൽ ഒരു മീശ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് പിരിച്ചു വെക്കാമായിരുന്നെന്ന് അവനാശിച്ചു.

പെരുന്നാൾ നിസ്കാരത്തിന് പളളിയിലെത്തിയപ്പോഴാണ് കൂളിംഗ് ഗ്ലാസ് വെക്കാൻ മറന്നു പോയ കാര്യം അവനോർത്തത്. സാരമില്ല പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതിരാവിലെ കൂളിംഗ്‌ ഗ്ലാസുമണിഞ്ഞ് വന്നാൽ ചെങ്കണ്ണ് ബാധിച്ചതാണെന്നേ ആളുകൾ ധരിക്കൂ.

പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് മരണപ്പെട്ട  ബന്ധുക്കളുടെ ഖബറ് സിയാറത്ത് ചെയ്യാൻ ഔക്കുവും പോയി.

മഴ കനത്തു. ഖബറിടങ്ങൾക്ക് ചുറ്റും കുടകൾ വട്ടമിട്ടു തുടങ്ങി. ഔക്കു ആദ്യം വാപ്പയുടെ തന്നെ ഖബറിനടുത്തെത്തി. മറ്റുള്ളവരോടൊപ്പം ദുആയിൽ കൂടി. മറ്റു ബന്ധുക്കളെ ചുഴന്നു മാറ്റി അവൻ ഖബറിന് മുമ്പിലേക്ക് കടന്നു നിന്നു. വാപ്പ കാണട്ടെ ചുള്ളൻ മകനെ..

അത് പക്ഷേ പ്രശ്നത്തിൻ്റെ തുടക്കമായിരുന്നു. അമ്മാവൻമാരുടെയും മറ്റു ബന്ധുക്കളുടെയുമെല്ലാം മക്കൾ മുറുമുറുപ്പ് തുടങ്ങി. അവർ ഉപ്പമാരുടെ ഷർട്ടിന് വലിച്ച് കൊണ്ട് ഔക്കുവിൻ്റെ പളപള ജുബ്ബ ചൂണ്ടിക്കാട്ടി കരയാൻതുടങ്ങി.

ഔക്കുവിന് സന്തോഷമായി. ദുആ തീർന്നതും മൂത്ത മാമൻ ഗൗരവത്തിൽ ചോദിച്ചു.

" നീ ആരൂടെ മോനാന്നാ വിചാരം? എവിടുന്ന് കിട്ടിയെടാ ഈ ജുബ്ബ?"

ഔക്കു ഉടനെ പള്ളിക്കാടിൽന്നും നടന്നകന്നു.

അമ്മാവൻ്റെ ശകാരം പതിവുള്ളതാണ്. അതിൽ പ്രശ്നമില്ല. പക്ഷേ അത് വാപ്പയ്ക്കിഷ്ടമാവണമെന്നില്ലല്ലോ.

പക്ഷേ അവൻ നേരെ പോയത് അമ്മാവൻമാരുടെ തന്നെ വീട്ടിലേക്കാണ്. അമ്മായിമാർ ജുബ്ബാവാല ചെറുക്കനെ കണ്ടതും ചിരി തുടങ്ങി. അവർ നൽകിയ പായസവും കുടിച്ചങ്ങനെ നിൽക്കവെ അമ്മാവൻമാരും അവരുടെ മക്കളും ജാഥയായി വരുന്നത് കണ്ടു. കണ്ടിട്ട് ഒരു യുദ്ധം കഴിഞ്ഞ് വരുന്ന പോലുണ്ട്. കുട്ടികളിൽ പലരും ചളിയിൽ കുഴഞ്ഞിട്ടുണ്ട്. ചിലർക്ക് കുപ്പായവും മറ്റു ചിലർക്ക് ട്രൗസറും ഇല്ല. എല്ലാം അവരവരുടെ ഉപ്പമാരുടെ കൈകളിലാണ്. മൊത്തം ചെളിമയം.

ഔക്കുവിനെ കണ്ടതും മൂത്ത മാമൻ വരമ്പത്ത് നിന്നും ഒരു ശീമക്കൊന്നയുടെ കൊമ്പും ഒടിച്ചെടുത്ത് അവൻ്റെ നേരെയോടി. ഔക്കൂ തിരിഞ്ഞോടിയെങ്കിലും മുറ്റത്ത് വഴുതി വീണു.

അമ്മാവൻ അവനെ പൊതിരെ തല്ലി. വില്ലൻ ജുബ്ബ വലിച്ചൂരി ചെളിയിലിട്ട് കുഴച്ചു. പിന്നെ അത് അടുത്ത തോട്ടിലേക്ക് വലിച്ചെറിഞ്ഞു. മഴയ്ക്ക് ശക്തി കൂടി. ഏറെ നേരം മഴയിൽ കുളിർന്നു കൊണ്ട് അവനങ്ങനെ കിടന്നു.

പിന്നെ എണീറ്റ് സ്വന്തം വീട്ടിലേക്ക്‌ പോയി. ചെളിയിൽ പൂണ്ട് വന്ന മകനെ കണ്ട് ഉമ്മ അമ്പരന്നു.

" അത് പിന്നെ ഉമ്മാ ഞാൻ മാമൻ്റെ വീട്ടുമുറ്റത്ത് വഴുതി വീണതാ. ജുബ്ബ അമ്മായി അലക്കാൻ ഇട്ടിട്ടുണ്ട്. ഇങ്ങൾ പായസമെടുത്ത് വെക്കി. ഞാൻ കുളിച്ചു വരാം."

ഔക്കു മൂളിപ്പാട്ടും പാടി കുളിമുറിയിലേക്ക് പോയി. കുളിച്ച് വന്ന് അവൻ അടുത്ത ജുബ്ബയും കസവ് മുണ്ടുമെടുത്തണിഞ്ഞു. ആ ജുബ്ബ സ്വർണ്ണക്കളറിലുള്ളതായിരുന്നു. ഒന്നല്ല അഞ്ച് കളറിൽ അഞ്ച് ജുബ്ബയും അഞ്ച് കസവ് മുണ്ടും വാങ്ങിച്ച് തയ്ച്ചു വച്ചിരുന്നു ഔക്കു.

പുറത്ത് മഴ നിന്നു. വെയിൽ പരന്നു തുടങ്ങി. ഉമ്മയുടെ അടുത്ത് നിന്ന് ഒരു ഗ്ലാസ് പായസവും വാങ്ങി കുടിച്ച ശേഷം കൂളിംഗ് ഗ്ലാസും അണിഞ്ഞ് അത്തറും പൂശി ഔക്കു വീണ്ടും അമ്മാവൻമാരുടെ വീട് ലക്ഷ്യമാക്കി നീങ്ങി.

...........................