2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആട് തന്ന പണി

കഴിഞ്ഞ വ്യായാഴ്ച രാത്രി നടന്ന സംഭവമാണ്. വ്യായാഴ്ച രാവുകൾ സുഹൃദ് കുടുംബങ്ങളുമൊന്നിച്ച് ഔട്ടിംഗും ഒരുമിച്ച് ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം പതിവുള്ളതാണ്.

അന്നും അതിനുള്ള ഒരുക്കത്തിലിരിക്കെ മറ്റാരു സുഹൃത്തിൻ്റെ ഫോൺ. ഒരു അറബിക്കല്യാണ പാർടിയിൽ നിന്നും ആടും മന്തിയും കിട്ടിയിട്ടുണ്ട്. ഉടനെ വന്നാൽ ചൂടോടെ തട്ടാം. തീറ്റി കഴിഞ്ഞാൽ പതിവ് നാടൻ പാട്ടും കളിയുമെല്ലാം കാണും.

ആകെ കൺഫ്യൂഷനിലായി. സ്ഥിരം വിഭവങ്ങളുമായുള്ള ഫാമിലി പാർടി വേണോ? ചൂരുള്ള  ഇളയ ആടും മന്തിയും വെച്ചുള്ള ബാച്ചിലർ പാർടി വേണോ?

ആദ്യം ആട്. അത് കഴിഞ്ഞ് വയറ്റിൽ സ്ഥലമുണ്ടെങ്കിൽ മറ്റുള്ളവയും ആവാം. രാത്രി നീണ്ടങ്ങനെ കിടക്കുകയല്ലേ... ഭാര്യയേയും കുട്ടികളേയും പാർക്കിലേക്ക് വിട്ട് ഉsനെ എത്തിക്കോളാമെന്നും പറഞ്ഞ് ഞാൻ ആടിൻ്റെ മണം പിടിച്ച് പോയി.

ആട് തീറ്റ കഴിയാറായതും വിളി വന്നു. അടുത്ത തീറ്റക്കുള്ളതും റെഡിയായിട്ടുണ്ട്. എല്ലാവരും എത്തിക്കഴിഞ്ഞു. ഉടനെ പാർക്കിലേക്കും പുറപ്പെട്ടു.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈഫിൻ്റെ ഫോൺ കാണാനില്ല. റിംഗ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.  ആ ഫോൺ പാർക്കിലേക്ക് എടുത്തിട്ടില്ലെന്ന് വൈഫ് ആണയിടുന്നു. എന്നെ വിളിച്ചതും മറ്റൊരു ഫോണിൽ നിന്നാണ്. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ. വീണ്ടും പാർക്കിലേക്ക്.. അരിച്ചു പെറുക്കി നോക്കി. അവിടെങ്ങുമില്ല. അതങ്ങ് പോയിക്കിട്ടി എന്ന് കരുതി ഉറങ്ങാൻ കിടന്നു. അതിനിടക്ക് വൈഫ് നഷ്ടപ്പെട്ട ഫോൺ ഉടനെ കിട്ടാൻ സ്വലാത്തും നേർച്ചയാക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് ഉച്ചക്കെണിറ്റ് ഒന്നുകൂടി ഡയൽ ചെയ്തു നോക്കി. അപ്പോഴും റിംഗ് ചെയ്യുന്നുണ്ട്. പിന്നെ ഒരു സംശയം. തലേന്നത്തെ ആട് പാർടിയിലേക്ക് ആ ഫോണും കൂടെ പോന്നിരുന്നോ? താമസിച്ചില്ല. പാർടിക്ക് വിളിച്ച സുഹൃത്തിനെ ഡയൽ ചെയ്തു. അവൻ കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഫോൺ കട്ടിലിൻ്റെ സൈഡിൽ വീണു കിടപ്പുണ്ട്. സൈലൻ്റ് മോഡിലാണ്.

സംഭവിച്ചതെന്തെന്നാൽ എൻ്റെ ഫോൺ പാൻ്റിൻ്റെ കീശയിൽ ഉള്ളതറിയാതെ വൈഫിൻ്റെ ഫോണും കയ്യിൽ എടുത്തോണ്ടായിരുന്നു ആട് പാർടിക്ക് പോയത്. പിന്നീട് വൈഫിൻ്റെ കോൾ വന്നപ്പോൾ സ്വന്തം ഫോൺ തന്നെ എടുത്ത് ആൻസർ ചെയ്യുകയും ചെയ്തു. അപ്പോൾ പിന്നെ അറിയാതെ കയ്യിൽ എടുത്ത് പിടിച്ച മറ്റേ ഫോണിനേകുറിച്ച് ഓർക്കാൻ വഴിയില്ലല്ലോ....

ഫോൺ കയ്യിൽ കൊണ്ടു കൊടുത്തപ്പോൾ  ഭാര്യ:

"സ്വലാത്തിൻ്റെ ഫലം ഇപ്പഴെങ്കിലും ബോധ്യമാ‌യോ?".

ആട് എന്ന് കേൾക്കുമ്പോൾ ബോധം പോയാലുള്ള ഫലം ഇപ്പോൾ ബോധ്യമായി എന്ന് ഞാൻ...

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജുബ്ബാവാല

വല്യ പെരുന്നാൾ ആവാൻ കാത്തിരിക്കുകയായിരുന്നു ഔക്കു. ചെറിയ പെരുന്നാളിന് അവന് പുതു വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മാവൻമാരുടെയും മൂത്താപ്പമാരുടെയും എല്ലാം മക്കൾ പുതു പുത്തൻ കുപ്പായങ്ങളുമിട്ട് വിലസി നടക്കുന്നത് കണ്ട് നിരാശനായ  അവൻ ആ പെരുന്നാളിന് വീടു വിട്ട് പുറത്തിറങ്ങിയതേയിരുന്നില്ല.

അനാഥനാണെന്നും വിചാരിച്ചിരുന്നാൽ ജീവിത കാലം മുഴുവൻ അങ്ങനെ തന്നെ ആയിപ്പോവും. അത് പറ്റില്ല. സ്കൂൾ വിട്ട് വന്നാൽ ഔക്കു അടുത്തുള്ള പലചരക്ക് കടയിൽ സഹായിക്കാൻ പോവാൻ തുടങ്ങി. രണ്ട് മാസം കൊണ്ട് ചെറുതല്ലാത്തൊരു തുക സമ്പാദിച്ചെടുത്തു.

ജുബ്ബ വാങ്ങണം. തിളങ്ങുന്ന സിൽക്ക് ജുബ്ബ. കസവ് മുണ്ടും വേണം. ഒരു കൂളിംഗ് ഗ്ലാസ് കൂടി ഒപ്പിച്ചാൽ വലിയ പെരുന്നാൾ ദിനം തൻ്റേതായിരിക്കുമെന്ന്‌ ഔക്കു കണക്ക് കൂട്ടി. കാരണം വലിയ പണക്കാരല്ലാതെ സിൽക്ക് ജുബ്ബ ധരിക്കുന്നത് ഔക്കു കണ്ടിട്ടില്ല. അത് തന്നെ സിനിമയിൽ മാത്രം.

അങ്ങനെ വലിയ പെരുന്നാൾ ദിനം വന്നെത്തി. ഔക്കു കുളിച്ചൊരുങ്ങി  നീല ജുബ്ബയും കസവ് മുണ്ടും അണിഞ്ഞു നല്ലവണ്ണം അത്തറും പൂശി കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. മേൽ ചുണ്ടിന് മുകളിൽ ഒരു മീശ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് പിരിച്ചു വെക്കാമായിരുന്നെന്ന് അവനാശിച്ചു.

പെരുന്നാൾ നിസ്കാരത്തിന് പളളിയിലെത്തിയപ്പോഴാണ് കൂളിംഗ് ഗ്ലാസ് വെക്കാൻ മറന്നു പോയ കാര്യം അവനോർത്തത്. സാരമില്ല പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതിരാവിലെ കൂളിംഗ്‌ ഗ്ലാസുമണിഞ്ഞ് വന്നാൽ ചെങ്കണ്ണ് ബാധിച്ചതാണെന്നേ ആളുകൾ ധരിക്കൂ.

പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് മരണപ്പെട്ട  ബന്ധുക്കളുടെ ഖബറ് സിയാറത്ത് ചെയ്യാൻ ഔക്കുവും പോയി.

മഴ കനത്തു. ഖബറിടങ്ങൾക്ക് ചുറ്റും കുടകൾ വട്ടമിട്ടു തുടങ്ങി. ഔക്കു ആദ്യം വാപ്പയുടെ തന്നെ ഖബറിനടുത്തെത്തി. മറ്റുള്ളവരോടൊപ്പം ദുആയിൽ കൂടി. മറ്റു ബന്ധുക്കളെ ചുഴന്നു മാറ്റി അവൻ ഖബറിന് മുമ്പിലേക്ക് കടന്നു നിന്നു. വാപ്പ കാണട്ടെ ചുള്ളൻ മകനെ..

അത് പക്ഷേ പ്രശ്നത്തിൻ്റെ തുടക്കമായിരുന്നു. അമ്മാവൻമാരുടെയും മറ്റു ബന്ധുക്കളുടെയുമെല്ലാം മക്കൾ മുറുമുറുപ്പ് തുടങ്ങി. അവർ ഉപ്പമാരുടെ ഷർട്ടിന് വലിച്ച് കൊണ്ട് ഔക്കുവിൻ്റെ പളപള ജുബ്ബ ചൂണ്ടിക്കാട്ടി കരയാൻതുടങ്ങി.

ഔക്കുവിന് സന്തോഷമായി. ദുആ തീർന്നതും മൂത്ത മാമൻ ഗൗരവത്തിൽ ചോദിച്ചു.

" നീ ആരൂടെ മോനാന്നാ വിചാരം? എവിടുന്ന് കിട്ടിയെടാ ഈ ജുബ്ബ?"

ഔക്കു ഉടനെ പള്ളിക്കാടിൽന്നും നടന്നകന്നു.

അമ്മാവൻ്റെ ശകാരം പതിവുള്ളതാണ്. അതിൽ പ്രശ്നമില്ല. പക്ഷേ അത് വാപ്പയ്ക്കിഷ്ടമാവണമെന്നില്ലല്ലോ.

പക്ഷേ അവൻ നേരെ പോയത് അമ്മാവൻമാരുടെ തന്നെ വീട്ടിലേക്കാണ്. അമ്മായിമാർ ജുബ്ബാവാല ചെറുക്കനെ കണ്ടതും ചിരി തുടങ്ങി. അവർ നൽകിയ പായസവും കുടിച്ചങ്ങനെ നിൽക്കവെ അമ്മാവൻമാരും അവരുടെ മക്കളും ജാഥയായി വരുന്നത് കണ്ടു. കണ്ടിട്ട് ഒരു യുദ്ധം കഴിഞ്ഞ് വരുന്ന പോലുണ്ട്. കുട്ടികളിൽ പലരും ചളിയിൽ കുഴഞ്ഞിട്ടുണ്ട്. ചിലർക്ക് കുപ്പായവും മറ്റു ചിലർക്ക് ട്രൗസറും ഇല്ല. എല്ലാം അവരവരുടെ ഉപ്പമാരുടെ കൈകളിലാണ്. മൊത്തം ചെളിമയം.

ഔക്കുവിനെ കണ്ടതും മൂത്ത മാമൻ വരമ്പത്ത് നിന്നും ഒരു ശീമക്കൊന്നയുടെ കൊമ്പും ഒടിച്ചെടുത്ത് അവൻ്റെ നേരെയോടി. ഔക്കൂ തിരിഞ്ഞോടിയെങ്കിലും മുറ്റത്ത് വഴുതി വീണു.

അമ്മാവൻ അവനെ പൊതിരെ തല്ലി. വില്ലൻ ജുബ്ബ വലിച്ചൂരി ചെളിയിലിട്ട് കുഴച്ചു. പിന്നെ അത് അടുത്ത തോട്ടിലേക്ക് വലിച്ചെറിഞ്ഞു. മഴയ്ക്ക് ശക്തി കൂടി. ഏറെ നേരം മഴയിൽ കുളിർന്നു കൊണ്ട് അവനങ്ങനെ കിടന്നു.

പിന്നെ എണീറ്റ് സ്വന്തം വീട്ടിലേക്ക്‌ പോയി. ചെളിയിൽ പൂണ്ട് വന്ന മകനെ കണ്ട് ഉമ്മ അമ്പരന്നു.

" അത് പിന്നെ ഉമ്മാ ഞാൻ മാമൻ്റെ വീട്ടുമുറ്റത്ത് വഴുതി വീണതാ. ജുബ്ബ അമ്മായി അലക്കാൻ ഇട്ടിട്ടുണ്ട്. ഇങ്ങൾ പായസമെടുത്ത് വെക്കി. ഞാൻ കുളിച്ചു വരാം."

ഔക്കു മൂളിപ്പാട്ടും പാടി കുളിമുറിയിലേക്ക് പോയി. കുളിച്ച് വന്ന് അവൻ അടുത്ത ജുബ്ബയും കസവ് മുണ്ടുമെടുത്തണിഞ്ഞു. ആ ജുബ്ബ സ്വർണ്ണക്കളറിലുള്ളതായിരുന്നു. ഒന്നല്ല അഞ്ച് കളറിൽ അഞ്ച് ജുബ്ബയും അഞ്ച് കസവ് മുണ്ടും വാങ്ങിച്ച് തയ്ച്ചു വച്ചിരുന്നു ഔക്കു.

പുറത്ത് മഴ നിന്നു. വെയിൽ പരന്നു തുടങ്ങി. ഉമ്മയുടെ അടുത്ത് നിന്ന് ഒരു ഗ്ലാസ് പായസവും വാങ്ങി കുടിച്ച ശേഷം കൂളിംഗ് ഗ്ലാസും അണിഞ്ഞ് അത്തറും പൂശി ഔക്കു വീണ്ടും അമ്മാവൻമാരുടെ വീട് ലക്ഷ്യമാക്കി നീങ്ങി.

...........................

2016, ജൂലൈ 8, വെള്ളിയാഴ്‌ച

ഡോക്ടർ സുഹൃത്ത്....

വർഷങ്ങൾക്ക് മുമ്പ് എനിക്കിവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ഹൈദരാബാദി ഡോക്ടർ. എനിക്ക് കാറില്ലായിരുന്നു. ഇപ്പഴും ഇല്ല. ഓടിക്കാൻ അറിയാത്തത് തന്നെ കാരണം.

അന്നൊക്കെ എൻ്റെയും കുടുംബത്തിൻ്റെയും ഏത് അവശ്യത്തിനും ഡോക്ടർ സുഹൃത്ത് സ്വന്തം കാറുമായി വരുമായിരുന്നു. മാർക്കറ്റിൽ പോവുമ്പോഴും മീൻ വാങ്ങാനും എല്ലാം കൂടെ വരും. എന്ന് വേണ്ട കുടിക്കാനുള്ള വെള്ളം വരേ അദ്ധേഹം എത്തിച്ച് തരുമായിരുന്നു. ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ ഇരു ഫാമിലികളും ഒന്നിച്ച് പുറത്ത് പോവും.

ഈ ഡോക്ടർ നല്ലൊരു ഭക്തൻ കൂടിയാണ്. നീണ്ട താടി. തലയിൽ എപ്പാഴും തൊപ്പി കാണും. പാൻ്റ്സ് നെരിയാണിക്ക് മുകളിൽ കയറി കിടക്കും.

ഒരു ദിവസം ഞങ്ങൾ ഡോക്ടറുടെ വീട്ടിൽ പോയപ്പോൾ രണ്ടു ദിവസം മുമ്പ് അവർ വാങ്ങിയ TV അവിടെ കണ്ടില്ല. അത് കാണാൻ കൂടിയായിരുന്നു  പോയത്. പറ്റുമെങ്കിൽ അതുപോലൊന്ന് വാങ്ങിക്കാനും. കാരണം ആ സമയത്ത് മാർക്കറ്റിൽ ഇറങ്ങിയ മികച്ചയിനങ്ങളിൽ ഒന്നായിരുന്നു അത്.

ഡോക്ടറുടെ ഭാര്യ, മുഖത്തെ സങ്കടം മറച്ചു വെക്കാതെ പറഞ്ഞു. ഡോക്ടർ അതെടുത്ത് ബലദിയ പെട്ടിയിൽ കളഞ്ഞു. TV കാണൽ ഹറാം ആണെന്ന ഫത്വ അദ്ധേഹത്തിന് എവിടെ നിന്നോ കിട്ടി പോൽ.

ഞാനുടനെ ജനാല വഴി താഴെ റോട്ടിലുള്ള ബലദിയ പെട്ടിയിലേക്ക് നോക്കി. അപ്പോൾ ഡോക്ടറുടെ ഭാര്യ പറഞ്ഞു.

'നോക്കിയിട്ട് കാര്യമില്ല. അതപ്പോൾ തന്നെ ബലദിയ ജീവനക്കാർ എടുത്ത് കൊണ്ട് പോയിരുന്നു'.

ഇനി ഫ്രിഡ്ജ്, വാഷിംഗ് മഷീൻ തുടങ്ങിയ വല്ലതിനും എതിരെ ഫത്വ കിട്ടിയാൽ ഉടനെ അറീക്കണേന്ന് പറഞ്ഞു കൊണ്ട് നിരാശയോടെ ഞങ്ങൾ അവിടെ നിന്നും  തിരിച്ചു പോന്നു.

രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറെ നേരിൽ കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോഴദ്ദേഹം പറഞ്ഞു.

'ജോലി കഴിഞ്ഞു വന്നാൽ എനിക്കിപ്പോൾ ഒരു ഗ്ലാസ് ചായ കിട്ടുന്നുണ്ട്'.
...........................

2016, ജൂൺ 19, ഞായറാഴ്‌ച

നേന്ത്രക്കുല

കോളേജിൽ പഠിക്കുമ്പോൾ രാവിലത്തെ ഷിഫ്റ്റിൽ ആയിരുന്നു ഞാൻ. ഉച്ചയോടെ ക്ലാസ് കഴിയും. പിന്നെ വീട്ടിൽ ചെന്ന് ലഞ്ചും കഴിച്ച് ഒരൽപം വിശ്രമിച്ച ശേഷം മലകയറ്റമാണ്. കുറ്റിയും വടിയും ബാറ്റും പന്തുമെല്ലാമായി കശ്മീർ കുന്നിലേക്ക്.
വിശാലമായ ആ കുന്നിൻ മുകളിൽ എത്തിയാൽ സ്വർഗ്ഗീയ സുഖം തന്നെയാണ്. തീർത്തും വ്യത്യസ്തമായ കാലാവസ്ഥ. പടിഞ്ഞാറ് നിന്നും അറബിക്കടലിൻ്റെ കുളിർ കാറ്റ് പുൽമേടുകളെ തഴുകി കയറി വരും. വൈകീട്ട് ഫുട്ട്ബാൾ കളിക്കാർ വരുന്നത് വരേ ഞങ്ങളുടെ 20-20 മൽസരം പൊടി പൊടിക്കും. ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ജ്യോതിസ്സ് മയങ്ങാനൊരുങ്ങുമ്പോൾ പടിയിറക്കം. അതായിരുന്നു പതിവ്.
മൂന്ന് നാല് മണിക്കൂർ നീളുന്ന കളിക്കിടയിൽ കുടിക്കാൻ വെള്ളവും മലഞ്ചരിവിൽ നിന്ന് തന്നെ കരുതും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തലേന്ന് ഞാനൊരു കുല നേന്ത്രപ്പഴം വാങ്ങി വെച്ചിരുന്നു. വൈകീട്ട് പച്ചക്കറി വാങ്ങാൻ പോയപ്പോൾ കടക്കാരൻ പഴുത്തു മൂത്ത് കറുത്ത് തുടങ്ങിയ ഒരു നേന്ത്രക്കുല കാണിച്ച് അതങ്ങ് മൊത്തമായങ്ങ് എടുക്കട്ടെയെന്നൊരു ചോദ്യം.
ഞാനൊരു നേന്ത്രപ്പഴ ആരാധകനാണെന്ന കാര്യം അറിയാവുന്ന പുള്ളി എന്നെ കണ്ടാൽ, പഴുത്ത് തൂങ്ങിയ നേന്ത്രക്കുല പിടിച്ച് തിരിച്ചു കാണിക്കും. വീഴാറായ രണ്ടോ മൂന്നോ കായ ഇരിഞ്ഞു തരും. കയ്യിലുള്ള കാശ് എന്തെങ്കിലും കൊടുത്താൽ മതി. ഇത്തവണ പക്ഷേ കുല മൊത്തം കൊണ്ടു പോവുന്നോ എന്നാണല്ലോ ചോദ്യം. വിലയിൽ ഡിസ്കൌണ്ട് ഉണ്ട്. കാശ് പിന്നെ തന്നാൽ മതിയെന്നും കൂടി പറഞ്ഞപ്പോൾ ഞാനാ കുലയങ്ങു വാങ്ങി.
ഈ വാഴക്കുലയാണ് കഥയിലെ വില്ലനായി വരുന്നത്. പിറ്റേന്ന് ആ വാഴക്കുലയും ഞങ്ങളുടെ കൂടെ മല കയറി. ഞങ്ങൾ മാറി മാറി തോളിലേറ്റിക്കൊണ്ട് നിലം തൊടീക്കാതെ അവനെയും മുകളിലെത്തിച്ചു.
ക്രിക്കറ്റ് കളിയിൽ തോൽക്കുന്ന ടീമിനെക്കൊണ്ട് നേന്ത്രക്കുലയുടെ കാശ് കൊടുപ്പിക്കാം. മാർക്കറ്റ് വില വെച്ച് എല്ലാവരിൽ നിന്നും ഈടാക്കിയാൽ ഡിസ്കൌണ്ട് കിട്ടിയ കാശ് എൻ്റെ പോക്കറ്റിൽ വരുകയും ചെയ്യും. അതെല്ലാമായിരുന്നു കണക്ക് കൂട്ടലുകൾ. അതൊന്നും പിഴച്ചില്ല എൻ്റ ടീം കളി തോറ്റെങ്കിലും ലാഭം കീശയിൽ ഭദ്രമായിരുന്നു.
കളി കഴിഞ്ഞു. ഏല്ലാവരും ഓരോ പഴം വീതം എടുത്ത് കഴിച്ചു. ഞാനാണെങ്കിൽ അന്ന് ഉച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല. നല്ല വിശപ്പുണ്ട്. മറ്റുള്ളവർക്കാർക്കും ബാക്കി വന്ന പഴം വേണ്ട. പക്ഷേ ഞാനവ ഉപേക്ഷിച്ചില്ല. എത്രയെണ്ണം എന്നോർമയില്ല ബാക്കി വന്നതൊക്കെ അകത്താക്കി.
തിരിച്ചു പോരാൻ തുടങ്ങിയതും എനിക്ക് ചെറിയ തോതിൽ വയറ് വേദന തുടങ്ങി. മലയിറങ്ങി റോട്ടിൽ എത്തിയതും വേദന സഹിക്ക വയ്യാതായി. കൂട്ടുകാർ എല്ലാം പല വഴിക്ക് പിരിഞ്ഞിരുന്നു. ഞാൻ നിലത്ത് കിടന്നു ഉരുളാൻ തുടങ്ങി. അത് വഴി വന്നൊരു പരിചയക്കാരൻ എന്നെ പൊക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. നേരം ഇരുണ്ട് തുടങ്ങിയിരുന്നു.
മറ്റു രോഗികൾ എല്ലാം വഴി മാറിത്തന്നു. മണ്ണിൽ കുഴഞ്ഞ എന്നെ താങ്ങി കൊണ്ട് വരുന്നത് കണ്ട അവിടെയുള്ള രോഗികൾ മാത്രമല്ല ഡോക്ടർ പോലും ചിന്തിച്ചത് സാമാന്യ യുക്തിയിൽ തന്നെയായിരുന്നു. ഫിറ്റായത് തന്നെ.
കട്ടിലിൽ കിടത്തിയ എൻ്റെ അടുത്തേക്ക്‌ വരുമ്പോൾ ഡോക്ടറുടെ ചോദ്യം.
''ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ തുടങ്ങിയാൽ എങ്ങിനെയാ കുട്ടീ... ലിവർ അടിച്ചു പോവില്ലേ?".
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഒരൽപം ദേഷ്യത്തോടെ തന്നെ ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കാഞ്ഞ വയറ്റിൽ പഴം അമിതമായി അടിച്ചു കയറ്റിയതാണ് പ്രശ്നം എന്ന് ഡോക്റും വ്യക്തമാക്കി.
പിന്നെ അദ്ധേഹം ചോദിച്ചു;
"വേദന നിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ട്. പക്ഷേ വീട് അടുത്താണെങ്കിൽ മാത്രം തരാം. കാരണം ഇത് വളരെ സ്ട്രോങ്ങ് ആണ്. മരുന്നെടുത്ത് അര മണിക്കൂറിനുള്ളിൽ രോഗി ഉറങ്ങിപ്പോവും. ഇനി ഇതും അടിച്ച് റോട്ടിൽ കിടന്നാൽ കഥ പൂർത്തിയാവും. എന്താ വേണോ?"
അര മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കോളാമെന്ന എൻ്റെ ഉറപ്പിൽ ഡോക്ടർ ഇഞ്ചക്ഷൻ തന്നു. മരുന്ന് ഉള്ളിൽ കയറിയതും വേദന കുറഞ്ഞ് വന്നു. പഴക്കുല വിറ്റ് കിട്ടിയ മുതലും ലാഭവും ഡോക്ടർക്ക് ഫീസായും നൽകി ഞാൻ വീട്ടിലേക്കോടി.
കാരണം, നടന്നാൽ ഒരു മണിക്കൂർ കൊണ്ടൊന്നും വീട്ടിലെത്തില്ല. വെള്ളമടിയല്ല കാരണമെന്ന് ഡോക്ടർക്ക്‌ മാത്രമേ ബോധ്യം വന്നുള്ളൂ. അവിടെ കണ്ട രോഗികൾ മുഴുവൻ നാട്ടുകാരാണ്. അവർ നാളെ പറയാൻ പോവുന്ന കഥയ്ക്ക് പൂർണ്ണ സ്ഥിരീകരണമാവും പോണ വഴിക്ക്‌ വഴിവക്കിൽ വീണുറങ്ങിയാൽ എന്ന ഡോക്ടറുടെ നിരീക്ഷണം ശരിയാണ്.
ഓടിക്കിതച്ച് വീട്ടിലെത്താൻ സമയമില്ല. അങ്ങാടിയിൽ തന്നെയുള്ള അമ്മാവൻ്റെ വീട്ടിൽ ഒരുവിധം പാഞ്ഞെത്തി. കട്ടിലിൽ ചാടിക്കയറി പുതപ്പെടുത്തണിഞ്ഞു ഉറക്കത്തെയും പ്രതീക്ഷിച്ചങ്ങനെ കിടന്നു പുലരുവോളം. ഉറക്കം മാത്രം വന്നില്ല.
ഇങ്ങനെയാണ് ഈ കഥ പറയേണ്ടത്. പക്ഷെ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു.
അന്നൊരു വെള്ളിയാഴചയായിരുന്നുവെന്നു പറഞ്ഞല്ലോ. കോളേജ് വിട്ടു വന്നപ്പോൾ ജുമാ നിസ്കാരം നടക്കുന്നുണ്ടായിരുന്നു. അങ്ങാടിയിൽ കടകൾ മിക്കതും അടഞ്ഞു കിടക്കുന്ന സമയം. പച്ചക്കറിക്കട സ്വന്തം ജ്യഷ്ഠന്റെ തന്നെ ആയിരുന്നു. പഴക്കുലയും പച്ചക്കറിയും ഒന്നും ആ സമയത്ത് അകത്തെടുത്ത് വെക്കാറില്ല. ചാക്കു കൊണ്ടു വെറുതെ മൂടിയിടുകയേ ഉള്ളൂ... ആ തക്കം നോക്കി ഏറ്റവും പഴുത്ത കുലയൊരെണ്ണവും പൊക്കി ഞാൻ മലയിലേക്ക് നടന്നു കയറി. കൂട്ടുകാർ എല്ലാം സാവധാനം ഭക്ഷണവും കഴിച്ചു വരുന്നത് വരെ നേന്ത്രപ്പഴത്തിന്റെ മധുരവും ആസ്വദിച്ചു കൊണ്ട് അവിടെ കാറ്റിനോട് കഥകളും പറഞ്ഞിരിക്കുകയായിരുന്നു ഞാൻ.

                                                            -0-
                                                                         

2016, ജൂൺ 17, വെള്ളിയാഴ്‌ച

അന്യ ദേശി

പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി ഒരു മാസം കഴിയുമ്പഴേക്കും അയാളുടെ ലീവും തീർന്നിരുന്നു. പക്ഷേ അതിനിടയിൽ വീടിനു ചുറ്റും നല്ല ഉയരത്തിലൊരു മതിലും മുന്നിൽ ഉറപ്പുള്ളൊരു ഗേറ്റും പണിതു വെക്കാൻ അയാൾ മറന്നിരുന്നില്ല.
വീടിനടുത്ത് താൻ തന്നെ നിർമ്മിച്ച ലോഡ്ജിൽ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു അയാളുടെ ടെൻഷൻ.
ലീവ് കഴിഞ്ഞു തിരിച്ചെത്തി, ലേബർ ക്യാമ്പിലെ തൻ്റെ മുറിയിലെ ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെയുള്ള കഫീലിൻ്റെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ ഉയരത്തിൻ്റെ കാരണം അന്നാദ്യമായി അയാൾക്ക്‌ ബോധ്യമായി..
                                                                         -0-

മറുനാടനും പ്രവാസിയും...

ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ.
പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട്ട ഒരാൾ എന്തോ ഒരു സാധനം വാങ്ങി. കടക്കാരൻ പന്ത്രണ്ട് രൂപ എന്ന് പറഞ്ഞപ്പോൾ അയാൾ 15 രൂപ എടുത്ത് നീട്ടി.
ഞാനുടനെ രണ്ടു പേരെയും തിരുത്താൻ ശ്രമിച്ചു. ഗൾഫിൽ ആയതിനാൽ അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് കടക്കാരൻ സുഹൃത്തിനേയും മറുനാടൻ തൊഴിലാളിയേയും അറിയിക്കണമല്ലോ..
ഞാൻ കടക്കാരനോട് പറഞ്ഞു. "നമ്മൾ പന്ത്രണ്ട് എന്ന് പറഞ്ഞാൽ അവർ പന്ത്ര, അതായത് 15 എന്നാണ് മനസ്സിലാക്കുക."
പിന്നെ മറുനാടനോടും പറഞ്ഞു.
"പന്ത്ര നഹി ബായി, ബാരാ റുപയ് ഹെ.. കേരളാ മേം ബാരാ കോ പന്ത്രണ്ട് കഹ്തെ ഹെ."
മറുനാടൻ എന്നെയൊന്ന് തുറിച്ച് നോക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ;
" അറിയാം. പന്ത്രണ്ടിനോട് മൂന്ന് കൂട്ടിയാൽ പതിനഞ്ചാവുമെന്നുമറിയാം".
കടക്കാരൻ സുഹൃത്ത് ബാക്കി മൂന്ന് രൂപ തിരിച്ചു കൊടുക്കുമ്പോൾ ചിരിയsക്കാൻ മുഖം പൊത്തുന്നുണ്ടായിരുന്നു.
                                                        -0-

2016, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലത്തെ പ്രധാന ദരിദ്രൻ

ഗൾഫിൽ എത്തിയപ്പോൾ ദരിദ്രരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്.
രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് തൊഴിലാളിയുടെതും. വലിയ ശമ്പളമൊന്നുമില്ല.
കുഞ്ഞിയുടെ നെരിയാണിക്ക് മുകളിൽ മടക്കി വെച്ച പാൻ്റും ഇസ്തിരി കാണാത്ത കുപ്പായവും ഹവായി ചെരുപ്പും വെള്ളത്തൊപ്പിയും എല്ലാം കൂടി കണ്ടാൽ ആർക്കും ദയ തോന്നിപ്പോവും.
കാണുന്നവർക്കെല്ലാം നല്ലൊരു പാവപ്പെട്ടവനെ കിട്ടിയ സന്തോഷമായിരുന്നു. അവരെല്ലാം പണമായോ ഭക്ഷണമായോ എന്തെങ്കിലും കൊടുത്തു കൊണ്ട് കുഞ്ഞി മുഹമ്മദിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പ്രദേശത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റായതിനാൽ കസ്റ്റമേർസിനെല്ലാം കുഞ്ഞി മുഹമ്മദിനെ പരിചിതമായിരുന്നു. അവരിൽ പലരും വണ്ടി കഴുകാനും മറ്റും കുഞ്ഞിയെ തന്നെ വിളിക്കും. അവരുടെ വീടുകളിലും മറ്റും എന്ത് പരിപാടി ഉണ്ടായാലും അന്നുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും പലഹാരത്തിൽ നിന്നുമെല്ലാം കുറച്ച് കുഞ്ഞിക്ക് എത്തിച്ച്‌ കൊടുക്കും. ആരോടെങ്കിലും മറന്നു പോയാൽ മറ്റുള്ളവർ അവരെ കുഞ്ഞിയുടെ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യും.
അവിടുത്തുകാരെല്ലാം വലിയ ധനികരായത് കൊണ്ടൊന്നുമല്ല അവരെല്ലാം കുഞ്ഞിയെ ഇങ്ങനെ സഹായിക്കുന്നത്. സത്യത്തിൽ അവരിൽ പലരും കുഞ്ഞിയേക്കാൾ ദരിദ്രരാണ്. സ്വന്തമായി നല്ലൊരു ജോലിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം പോലും കഴിക്കാൻ കഴിയാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. എങ്കിലും കുഞ്ഞി മുഹമ്മദ് തങ്ങളെക്കാൾ കഷ്ടത്തിലാണെന്ന് അവർക്കുറപ്പാണ്.
കൊല്ലങ്ങൾ പത്തിരുപത് കഴിഞ്ഞു പോയി. കുഞ്ഞി മുഹമ്മദിൻ്റെ താടിയിലും മുടിയിലുമെല്ലാം വെള്ള നിരകൾ ആധിപത്യം ഉറപ്പിച്ചു. രണ്ടു പെൺമക്കളും പഠിച്ചു എൻജിനിയർമാരായി. രണ്ടു പേരെയും വിവാഹം കഴിച്ചതും എൻജിനീയർമാർ. തെറ്റില്ലാത്തൊരു വീടും സ്വന്തമായുണ്ട്. ഇനിയുള്ള കാലം നാട്ടിൽ കഴിഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
പക്ഷേ കുഞ്ഞി മുഹമ്മദിൻ്റെ ചിന്ത മറ്റൊന്നായിരുന്നു. താൻ ഇട്ടേച്ചു പോയാൽ ഈ നാട്ടുകാർക്ക്‌ മറ്റൊരു പാവപ്പെട്ടവനെ ആര് കൊണ്ടു വന്നു കൊടുക്കും?
                                                                   -0-

2016, ഏപ്രിൽ 3, ഞായറാഴ്‌ച

മൂന്ന് ഭ്രാന്തന്മാർ

സ്ഥലം മദീനയിലെ ഒരു തുർക്കി ബാർബർ ഷോപ്പ് . സമയം രാത്രി. ഞാനും ഒരു മിസിരിയും (ഈജിപ്ഷ്യൻ) മാത്രമേയുള്ളൂ ബാർബറുടെ അടുത്ത വിളിക്കായി കാത്തിരിക്കുന്നത്.
ഞങ്ങൾ ഇരുവരും പക്ഷേ തിരക്കിൽ തന്നെയാണ് അവരവരുടെ മൊബൈൽ ഫോണുകൾ കയ്യിലും കാതിൽ ഇയർ ഫോണും ഫിറ്റ് ചെയ്തു കൊണ്ടാണ് ഇരുത്തം. മിസിരി സുഹൃത്ത് ഫുട്ട്ബാൾ കളിയാണ്‌ കാണുന്നത്. എന്റെത് പ്രത്യേകം പറയണ്ടല്ലോ. ഇത് തന്നെ. ഞാൻ ഒരു തമാശ വായിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിസിരി സുഹൃത്തിന്റെ ടീം പന്തുമായി ഗോൾ വലയത്തിൽ എത്തിയതും അയാളുടെ കോലവും മാറിത്തുടങ്ങി. പുള്ളി കൈ കൊണ്ടും കാലുകൊണ്ടും എല്ലാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇടയ്ക്കിടെ സ്വയം തലക്കടിച്ചു കൊണ്ട് പലതും വിളിച്ചു പറയുന്നുന്മുണ്ട്. ബാർബർ സുഹൃത്തും ഫുട്ട്ബാൾ സ്നേഹിയാണ്. ആയാളും മുടി വെട്ടുന്നതിനിടയിലൂടെ കളിയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക് അതത്ര ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. അയാൾ ഒരു അഫ്ഗാനിയാണ് .
അപ്പോഴാണ് മനോരോഗിയായ ഒരാൾ കയറി വന്നത്. മുഷിഞ്ഞ വേഷം. മുടി വെട്ടലല്ല ലക്ഷ്യം. ഒരു സിഗരട്ട്. അതാണ് ആവശ്യം. കക്ഷിയെ എനിക്കറിയാം. പതിവായി കണാറുള്ളതാണ്. ഞാൻ വലി നിർത്തിയതിനാൽ എന്റെ കയ്യിൽ സിഗരറ്റില്ല. പക്ഷെ മിസിരിയുടെ കീശയിൽ ഉണ്ട്. എന്നാൽ മിസിരിയുണ്ടോ കേൾക്കുന്നു.
ഞങ്ങളുടെ മട്ടും കളിയും കണ്ട അയാൾ താടിക്ക് കയ്യും കൊടുത്തു കൊണ്ട് കുറച്ചു നേരം ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു.
പിന്നെ ഒരു ചോദ്യം, ഞങ്ങൾ രണ്ടിനെയും എപ്പോൾ പുറത്ത് വിട്ടൂ എന്ന്. ആ ചോദ്യം കേട്ട തുർക്കി ബാർബറും ചിരിയോടു ചിരി. മിസിരി അപ്പോഴും തന്റെ പുറം കളിയിൽ തന്നെ. കസേരയിൽ കെട്ടി ഇട്ടിരിക്കുന്ന അഫഗാനിയുടെ ക്ഷമ നശിക്കുന്ന ഘട്ടമെത്തി.
പിന്നെ കണ്ടത് ഞങ്ങൾ മൂന്ന് പേരുടെയും ഒരുമിച്ചുള്ള പ്രകടനം ആയിരുന്നു. മാനസിക രോഗി നൃത്തം വയ്ക്കുന്നു. മിസിരി താളം പിടിക്കുന്നു. ഞാൻ ചിരിക്കുന്നു. ഒടുവിൽ തുർക്കിക്ക് തന്നെ ഇടപെടേണ്ടി വന്നു. മൂന്നു രോഗികളിൽ അവസാനം വന്ന രോഗിയെ തന്നെ രണ്ടു സിഗരറ്റും കീശയിൽ ഇട്ടു കൊടുത്തു കൊണ്ട് അയാൾ യാത്രയാക്കി.

2016, മാർച്ച് 19, ശനിയാഴ്‌ച

യമുനാ മാതാ കീ ജയ്‌ ...

ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്. 

'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷങ്ങൾ എത്തിയിരുന്നു. അധികാരി വർഗ്ഗം പല വഴിക്കും തിരുമേനിയെയും ഭക്തരെയും തടയാൻ ശ്രമിച്ചു. സർക്കാരിൽ ഒരു കൂട്ടർ കോടികണക്കിന് രൂപയുടെ പരിസ്ഥിതി നാശത്തിന്റെ കേസുമായി തടസ്സപ്പെടുത്താൻ വന്നു. രാഷ്ട്രപതി പരിപാടി ബഹിഷ്ക്കരിച്ചു. എന്നാൽ തിരുമേനിയുടെ അത്ഭുത സിദ്ധിയാൽ അതേ അതികാരി വർഗ്ഗം തന്നെ സൈന്യത്തെ അയച്ചു തിരുമേനിക്കും അനുയായികൾക്കും നദി കടന്നു നീങ്ങാനുള്ള പാലം പണിതു കൊടുത്തു. കാൽക്കൽ വീണു മാപ്പു പറഞ്ഞു.

പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇന്നേ ദിവസം ആവുമ്പോഴേക്കും യമുനാമ്മയുടെ തീരം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു കൊണ്ടേയിരുന്നു. ഭക്തരുടെ എണ്ണം ലക്ഷങ്ങളിൽ നിന്ന് കോടികൾ ആയി ഉയർന്നപ്പോൾ യമുനാ മാതാ തന്നെ സ്വയം പിൻവാങ്ങി അതിവിശാലമായ ഈ മൈദാനം ഭക്തർക്കായി ഒരുക്കിത്തന്നു. ഉടനെ ഭക്തർ ഒന്നടക്കം ആർത്തു വിളിച്ചു'

യമുനാ മാതാ കീ ജയ്‌ ...

മതേതര ഇന്ത്യ ഇനിയും എത്ര അകലെ:

ഇന്ത്യയിൽ മുസ്ലീങ്ങൾ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ ഇതൊരു വലിയ പാകിസ്ഥാൻ മാത്രമേ ആവുമായിരുന്നുള്ളൂ. അത്പോലെ ഭരണഘടന എഴുതി ഉണ്ടാക്കുന്ന സമയത്ത് ഇന്ത്യ മതേതരം ആവണമോ ഹിന്ദു രാഷ്ട്രം ആവണമോ എന്നൊരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കിൽ ഹിന്ദു രാഷ്ട്രവും ആയി മാറിയേനെ. കാരണം ഇന്ത്യയിൽ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ ഒന്നും മനസ്സ് അന്നും ഇന്നും മതേതരം ആയി മാറിയിട്ടില്ല. കൊണ്ഗ്രസ്സിനെ പലരും മൃദു ഹിന്ദുത്വ പാർട്ടി എന്ന് വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ കോണ്ഗ്രസ് വസ്തുതകൾ മനസ്സിലാക്കി അത്തരം ഒരു നിലപാട് സ്വീകരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. ഇന്നും സംഘ പരിവാർ മാത്രമല്ല ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലീം സംഘടനകളും മതേതരത്വം എന്ന വാക്കിനെ അംഗീകരിക്കാൻ തയാറും അല്ല.
മതേതരത്വം എന്നത് ഏറ്റവും ആധുനികമായ ഒരു കാഴ്ച്ചപ്പാട് ആണ്. അതാവട്ടെ ജനാധിപത്യം പോലെ തന്നെ പാശ്ചാത്യരുടെ സംഭാവനയും. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്രു, അംബേദ്‌കർ തുടങ്ങിയവരുടെ ആശയം ബോധപൂർവ്വം നേരത്തെ നടപ്പാക്കപ്പെടുകയായിരുന്നു എന്ന് ചുരുക്കം. മതേതരം എന്നത് രേഖാപരമായി അംഗീകരിക്കാൻ 1976 ലെ 42 ആം ഭേദഗതി വരെ കാത്തിരിക്കേണ്ടിയും വന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നും നമ്മൾ മതേതരം ആയി കഴിഞ്ഞിട്ടില്ല. പക്ഷെ ആയി തീരുക തന്നെ ചെയ്യും. സമയം എടുക്കുമെന്ന് മാത്രം.
കാരണം, ജനാധിപത്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ വ്യക്തമാക്കുന്നത് ഭൂരിപക്ഷ തീരുമാനം ന്യുനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുക എന്നതല്ല, ന്യുനപക്ഷത്തിന്റെ താല്പര്യങ്ങൾ കൂടി അതിൽ സംരക്ഷിക്കുക എന്നത് കൂടിയാണ്. അത് കൊണ്ടാണ് ജനാധിപത്യ രാജ്യങ്ങൾ മിക്കതും മതേതരവും ആവാൻ ശ്രമിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങൾ ആയ നേപ്പാളും ബംഗ്ലാദേശും എല്ലാം ആദ്യം മത രാഷ്ട്രം ആയിയിടത്ത് നിന്ന് പിന്നീട് മതേതരം ആയതാണ്.
ഇന്നത്തെ ഇന്ത്യയുടെ ആവശ്യം ജനങ്ങൾക്കിടയിൽ ശാസ്ത്രീയ വിദ്യാഭ്യാസവും അത് വഴിയുള്ള ജഞാനോദയവും ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ഭരണ ഘടന തന്നെ അത് ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭരണകൂടം ചെയ്യുന്നത് ജനങ്ങളെ പരമാവധി അന്ധവിശ്വാസങ്ങളിൽ തളച്ചിടുകയും വിദ്യാഭ്യാസ മേഖലയെ പോലും അത്തരം അന്ധവിശ്വസങ്ങളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനായവർ കോടികൾ മുടിക്കുന്നു. യാഗ ശാലകളും യോഗ കേന്ദ്രങ്ങളും പണിയുന്നു.

ധർമ്മം തൂക്കുകയറിൽ

അല്ലയോ മഹാ തരു നിൻ
ശാഖയിൽ തന്നെയോ 
സ്വാതന്ത്ര്യമൊരു വശം
മറു വശം ധർമ്മവും
ഒരുപോൽ തൂങ്ങിയാടിയിട്ടും
എന്തെയീ ശാന്തത?
എന്തെയീ മൂകത?
മർദ്ദകർ, ഭീകരർ 
പറിച്ചെറിയും
നിൻ കായ് കനികൾ
മുറിച്ചെടുക്കും
നിൻ താഴ് വേരുകൾ.
നീതി തൻ മൗനത്തിൽ
മൂക സാക്ഷിയായൊടുവിൽ
സ്വയമൊടുങ്ങീടുന്നോ
നീയും മഹാ ഭാരതേ....?

2016, മാർച്ച് 1, ചൊവ്വാഴ്ച

നേരെ മുന്നോട്ട്

നമുക്ക് പൊതുവെ ഒരു ശീലമുണ്ട്. ആരെയങ്കിലും വഴിയിൽ കണ്ടാൽ ആദ്യം ചോദിക്കുക എങ്ങോട്ടാ പോവുന്നത്, അല്ലെങ്കിൽ എവിടെ നിന്ന് വരുന്നു എന്നൊക്കെയായിരിക്കും. സത്യത്തിൽ അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണിത്. ഒരിക്കൽ എന്റെ ഒരു സ്കൂൾ മാഷെ യാത്രാ വഴിയിൽ കണ്ടപ്പോൾ ഞാനും പെട്ടെന്ന് ചോദിച്ചു പോയി.
'മാഷെന്താ ഈ വഴിക്കൊക്കെ'...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹം കടന്നു പോയി.
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ ഈ സംഭവം പരാമർശിക്കാതെ മാഷ്‌ വിഷയം പറഞ്ഞു.

'വഴിയാത്രയിൽ നിങ്ങൾ ഒരു പരിചയക്കാരനെ  കണ്ടാൽ അവർ എങ്ങോട്ട് പോവുന്നു, എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിക്കരുത്. പിന്നെയോ ഒന്ന് പുഞ്ചിരിക്കുക, ഒരു ഹായ് പറയുക അത്രയും മതി'.
ഇതേ നിലപടുകാരൻ ആയ മറ്റൊരു വ്യക്തിയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു. പേര് അതിർമാൻക്ക. അദ്ദേഹത്തോട് ആരെങ്കിലും എങ്ങോട്ട് പോവുന്നു എന്ന് ചോദിച്ചാൽ ഉടൻ മറുപടി തരും;
'നേരെ മുന്നോട്ട്'.

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

എതിരു പോക്ക്

എന്റെ വീടിന്റെ കിഴക്കു വശത്ത് ഒരു വലിയ കുളം ഉണ്ട്. കുളത്തിന്റെ അടുത്ത് തന്നെ ചുടല പറമ്പും ഉണ്ട്. ചുടല എന്ന് പറയുമ്പോൾ പണ്ടെങ്ങാനോ ശവങ്ങൾ ദഹിപ്പിച്ചിരിക്കാം എന്നേയുള്ളൂ.. വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് ക്ഷേത്രം. അതങ്ങ് കുറെ ദൂരെ തന്നെയാണ്. എങ്കിലും ഈ ചുടലയ്ക്കും കുളത്തിനും ക്ഷേത്രത്തിനും ഇടയിൽ ഒരു നേർ രേഖയുണ്ട്. ആ നേർ രേഖയുടെ ഇടയ്ക്ക് വീടുകളോ കെട്ടിടങ്ങളോ ഒന്നും തന്നെ  ഉണ്ടായിരുന്നില്ല. കാരണം രാത്രികാലങ്ങളിൽ മരിച്ചവരുടെ ആത്മാക്കൾ ചുടലയിൽ നിന്നും എണീറ്റ്‌ കുളത്തിലിറങ്ങി  ശുദ്ധി വരുത്തി ക്ഷേത്ര ദർശനം നടത്താറുണ്ടായിരുന്നു. അവരുടെ സഞ്ചാര പഥത്തിൽ ഗർഭിണികൾ വന്നാൽ, ഗർഭം അലസി പോവും. ആർത്തകാലത്ത് സ്ത്രീകളും ചെന്ന് പെട്ടു പോവരുത്. കുട്ടികളും വളരെ ശ്രദ്ധിക്കണം. കാരണം കുട്ടികളുടെ നിഷ്ക്കളങ്ക മനസ്സിന് ആത്മാക്കളെ കാണാൻ കഴിയും. എന്റെ വീടിന്റെ മുറ്റത്ത് കൂടിയാണ് ആ എതിരു പോക്കിന്റെ രേഖ കടന്നു പോവുന്നത്. അതിനാൽ രാത്രിയായാൽ ഞങ്ങൾ കുട്ടികൾ ആരും മുറ്റത്തിറങ്ങാറില്ല.
പണ്ടൊരിക്കൽ ഒരു ഉമ്മയും മകളും കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുളത്തിന്റെ മദ്ധ്യത്തിൽ നിന്നും പെട്ടെന്ന് സ്വർണ്ണവും, വൈരങ്ങളും, രത്നങ്ങളും എല്ലാം പൊന്തി വരുന്നത് അവർ കണ്ടു. മകൾ അതെടുക്കാൻ കുളത്തിന്റെ നടുവിലേക്ക് നീന്തി. ഉമ്മ തടയാൻ ശ്രമിച്ചെങ്കിലും അവൾ കേട്ടില്ല. ഉമ്മ അത്തരം കാഴ്ചകൾ നിരവധി കണ്ടതാണ്. കുളത്തിന്റെ അടിയിൽ വലിയ നിധി ശേഖരം ഉണ്ടെന്ന് അവർക്കും പഴമക്കർക്കും എല്ലാം നന്നായി അറിയാമായിരുന്നു. മകൾ കുളത്തിന് നടുവിൽ എത്തിയതും ഒരു കൈ ഉയർന്നു പൊങ്ങി മകളെയും കൊണ്ട് ആ കൈ താഴ്ന്നു പോയി. മകളെ രക്ഷിക്കാൻ ഉമ്മയും കുളത്തിന്റെ നടുവിലേക്ക് നീങ്ങി. ഒരുവിധം ഇരുവരും കരയണഞ്ഞു. ഒരാഴച്ചയോളം ഉമ്മയ്ക്കും മകൾക്കും ചിത്ത ഭ്രമം അനുഭവപ്പെട്ടു.ആ സംഭവം നടന്ന നാൾ വരുമ്പോൾ എല്ലാ വർഷവും അവർ ഇരുവർക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന മാനസിക വിഭ്രാന്തി ഉണ്ടാവാറുണ്ടായിരുന്നു.
ഇങ്ങനെ പല കഥകളും ആ കുളത്തേക്കുറിച്ചും എതിരുപോക്കിനെ കുറിച്ചും കുഞ്ഞു നാളിൽ കേട്ടിട്ടുണ്ട്. വീട്ടിലെ മുകളിലെ നിലയിൽ ആയിരുന്നു എന്റെ കിടത്തം. രാത്രിയിൽ മൂത്ര ശങ്ക വന്നാൽ ജനാല വഴി കാര്യം സാധിക്കും. അതാണ്‌ പതിവ്. കാരണം കുട്ടികൾ രാത്രി പുറത്തിറങ്ങി എതിരു പോക്കിൽ പെട്ടു പോവരുതല്ലോ.
ഒരിക്കൽ വീട്ടിൽ ഒരു ഉസ്താദും അത്താഴത്തിന് ഉണ്ടായിരുന്നു. ഉസ്താദ് ഉള്ള വിവരം എനിക്ക് അറിയില്ലായിരുന്നു. കോലായിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉസ്താദ്,
"എന്തായിത്? ഈ വേനൽ കാലത്തും മഴയോ? ഓടിന്റെ ചാലിൽ കൂടി മുറ്റത്ത് വെള്ളം വീഴുന്നല്ലോ"....
-----------------------------

2016, ജനുവരി 4, തിങ്കളാഴ്‌ച

പാരമ്പര്യത്തിന്റെ അവകാശികൾ

ചരിത്രത്തിലെ മനോഹര നിർമിതികൽ എല്ലാം അതാതു കാലത്തെ രാജാക്കന്മാരുടെ പേരിൽ ആണ് അറിയപ്പെടുക. എന്നാൽ അവർ ആരും തന്നെ അത്തരം നിർമ്മിതികളിൽ വ്യക്തിപരമായി ഒരു സംഭാവനയും നൽകിയവർ ആയിരിക്കുകയും ഇല്ല. സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടി അതിനു പിന്നിൽ പ്രവർത്തിച്ചവരെ അവർ ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റാൻ മടി കാണിക്കാറുമില്ല. താജ്മഹലിന്റെ നിർമ്മാണത്തിനു പിന്നിലെ ആർകിറ്റെക്റ്റുകൾ ആരെന്നതിന് ഔദ്യോഗിക രേഖകൾ ഇല്ലാത്തത് ഒരു ഉദാഹരണം.

അതുപോലെ തന്നെ പാലസ് ഓഫ് പരലമെന്റ് എന്ന പേരിൽ അറിയപ്പെടുന്ന ആധുനിക ലോകത്ത് ഏറ്റവും ആർഭാടത്തോടെ നിർമിച്ച കൊട്ടാരവും ഒരു കമ്യുണിസ്റ്റ് നേതാവിന്റെ വകയാണ്. പേര് റുമേനിയൻ ഏകാധിപതിയയിരുന്ന നികോളാസ് ചെഷസ്ക്യു. അതോടെ ആ രാജ്യത്തെ തന്നെ അയാൾ കുത്തുപാളയെടുപ്പിച്ചു.

നമ്മുടെ തന്നെ അതിമനോഹരമായ പുരാതന ക്ഷേത്ര-കൊട്ടാര ശില്പങ്ങളുടെ എല്ലാം നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെ കുറിച്ചോ ആർകിറ്റെക്റ്റുകളേ കുറിച്ചോ അതാത് കാലത്തെ ഭരണാധികാരികൾ ഒരു രേഖയും നമുക്ക് നൽകിയിട്ടില്ല. സത്യത്തിൽ ആ കലാകാരന്മാരും ആർകിറ്റെക്റ്റുകളും ആണ് നമ്മുടെ ഇത്തരം സാംസ്കാരിക പാരമ്പര്യങ്ങളുടെ എല്ലാം നേരവകാശികൾ.

നിർമ്മാണം കഴിയുന്നതോടെ ആട്ടിയോടിക്കപ്പെടുന്ന അവരുടെ പിൻതലമുറയാവട്ടെ 'അമ്മി കൊത്താനുണ്ടോ... അമ്മി കൊത്താനുണ്ടോ.....' എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ ഇടയിലൂടെ ഇപ്പോഴും നടന്നു പോവുന്നുമുണ്ട്. നാമവരെ നാടോടികൾ എന്ന് വിളിച്ചു നാട്ടിലൂടെ ഓടിക്കും. അവരുടെ ഒക്കത്ത് അല്പം തൊലി വെളുപ്പുള്ള കുഞ്ഞിനെ കണ്ടാൽ പിടിച്ചു വെക്കും. അടുത്ത പോലീസ് സ്റ്റെഷനിൽ വിവരവും അറിയിക്കും.