നുറുങ്ങുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നുറുങ്ങുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 1, ചൊവ്വാഴ്ച

നേരെ മുന്നോട്ട്

നമുക്ക് പൊതുവെ ഒരു ശീലമുണ്ട്. ആരെയങ്കിലും വഴിയിൽ കണ്ടാൽ ആദ്യം ചോദിക്കുക എങ്ങോട്ടാ പോവുന്നത്, അല്ലെങ്കിൽ എവിടെ നിന്ന് വരുന്നു എന്നൊക്കെയായിരിക്കും. സത്യത്തിൽ അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണിത്. ഒരിക്കൽ എന്റെ ഒരു സ്കൂൾ മാഷെ യാത്രാ വഴിയിൽ കണ്ടപ്പോൾ ഞാനും പെട്ടെന്ന് ചോദിച്ചു പോയി.
'മാഷെന്താ ഈ വഴിക്കൊക്കെ'...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹം കടന്നു പോയി.
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ ഈ സംഭവം പരാമർശിക്കാതെ മാഷ്‌ വിഷയം പറഞ്ഞു.

'വഴിയാത്രയിൽ നിങ്ങൾ ഒരു പരിചയക്കാരനെ  കണ്ടാൽ അവർ എങ്ങോട്ട് പോവുന്നു, എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിക്കരുത്. പിന്നെയോ ഒന്ന് പുഞ്ചിരിക്കുക, ഒരു ഹായ് പറയുക അത്രയും മതി'.
ഇതേ നിലപടുകാരൻ ആയ മറ്റൊരു വ്യക്തിയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു. പേര് അതിർമാൻക്ക. അദ്ദേഹത്തോട് ആരെങ്കിലും എങ്ങോട്ട് പോവുന്നു എന്ന് ചോദിച്ചാൽ ഉടൻ മറുപടി തരും;
'നേരെ മുന്നോട്ട്'.

2015, ഡിസംബർ 2, ബുധനാഴ്‌ച

മഷിനോട്ടം

ജ്യോതിഷം കൊണ്ടു കേസ് തെളിയിച്ചിട്ടുണ്ടെന്നു മുൻ ഡിജിപി...Read more at:...

Posted by Salim Edakuni on Tuesday, December 1, 2015

2015, ജനുവരി 31, ശനിയാഴ്‌ച

ചേര അത്ര പാവമല്ല.

കാഴ്ചയിൽ ഭീകരൻ എങ്കിലും അപകടകാരിയല്ലാത്ത ഒരു ഉരകം ആണല്ലോ ചേര. എന്നാൽ എന്റെ കാര്യത്തിൽ ഇവൻ പലപ്പോഴും വില്ലനായി വന്നിട്ടുണ്ട്. പുഴയും തോടും വയലും നീർച്ചാലുകളും എല്ലാം ഉള്ള തനി ഗ്രാമീണ പശ്ചാത്തലം ഉണ്ടായിരുന്ന ഒരിടത്തായിരുന്നു എന്റെ തറവാട് എടക്കുനി. അത് എല്ലാ തരം ഇഴ ജാതി ജന്തുക്കളുടെയും ആവാസ സ്ഥലം കൂടിയായിരുന്നു. വേനലിലും മഴയിലും വസന്തത്തിലും എല്ലാം വ്യത്യസ്ത ഭാവങ്ങൾ കാഴ്ച വച്ചിരുന്ന നെല്പാടങ്ങളും അതിനൊത്ത് വന്നും പോയുമിരുന്ന പക്ഷി മൃഗാദികളും ഒക്കെ ചേർന്ന് ഋതുഭേദങ്ങളുടെ വസന്തഭൂമിയായി ഗ്രാമത്തെ നില നിർത്തി. ഇന്ന് അതെല്ലാം പോയി. വയലോന്നും ഇല്ല. പാർപ്പിട സമുച്ചയങ്ങൾ ആ സ്ഥലങ്ങൾ ഒക്കെ കയ്യടക്കി. ഇനി ചേരയിലേക്ക് തന്നെ പോവാം. രണ്ടു തവണ അവൻ വലിയ പണി തന്നു.
ഒരിക്കൽ സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങി വരവേ പാട വരമ്പത്ത് എത്തിയപ്പോൾ ചൂട്ടിന്റെ വെളിച്ചത്തിൽ അവനെ കണ്ടു. കാലിനടിയിൽ തന്നെ. പേടിച്ചരണ്ട വെപ്രാളത്തിൽ ഞാൻ വേനലിൽ മൂത്ത് കുലച്ച നെല്പാടത്തിലേക്ക് എടുത്ത് ചാടി. കയ്യിലെ ചൂട്ട് തെറിച്ചു പോയി. അത് പിന്നെ പൊൻ കതിർ പുല്ലുകളിൽ ആളിപ്പടർന്നു. തീ കണ്ട അയൽവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തുടങ്ങുമ്പോഴേക്കും കുറെയൊക്കെ കത്തി നശിച്ചിരുന്നു.
കല്യാണം കഴിഞ്ഞാൽ പുയ്യാപ്ല സൽക്കാരത്തിന് വിളിക്കാൻ പെണ്ണിന്റെ ബാപ്പ തന്നെ വരാറുണ്ടല്ലോ. കക്ഷി കല്യാണ പിറ്റേന്ന് തന്നെ വരും. അത് മറ്റൊന്നും കൊണ്ടല്ല. മകളുടെ മുഖഭാവത്തിൽ നിന്നു തന്നെ എതൊരു പിതാവിനും പലതും വായിച്ചെടുക്കാൻ ഉണ്ടാവും. എന്റെ കാര്യത്തിലും അമ്മോശൻ പിറ്റേന്ന് തന്നെ വന്നു. അദ്ദേഹം സന്തോഷവാനായി കാണപ്പെട്ടു. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ. ഉച്ച ഭക്ഷത്തിന്റെ സമയമായി. തീൻ മേശയിൽ വിഭവങ്ങൾ നിരന്നു. പുയ്യാപ്ല എന്ന ഞാനും പുതിയോട്ടിയും മറ്റു വീട്ടുകാരും എല്ലാം ഒന്നിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങി. ഡൈനിംഗ് ഹാൾ കോലായിയോട് അടുത്ത ചെരുവിൽ ആയിരുന്നു. പെട്ടെന്ന് ആണ് അത് സംഭവിച്ചത്. ആദ്യം കണ്ടതും പുതിയോട്ടി തന്നെ. മുകളിലെ കഴുക്കോലിൽ തൂങ്ങി അവൻ ഇരിക്കുന്നു. ഭക്ഷണത്തിനു തന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ല എന്ന ചോദ്യ ഭാവത്തിൽ. ഒരു മൂട്ടൻ ചേര. അവൾ നിലവിളിച്ചു ഓടിയതും ചേര നടുവിലെ വലിയ ബിരിയാണി പാത്രത്തിലേക്ക് വീണതും ഒരുമിച്ച്. പിന്നെ അവൻ ഡൈനിംഗ് ടേബിളിൽ മൊത്തം വളഞ്ഞു പുളഞ്ഞു ഓടിക്കളിച്ചു. എല്ലാവരും കസേര വിട്ടു ഓടി. പിന്നെ അമ്മോശന്റെ കൂടെ അവളും.

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മുഹമ്മദ്‌

ഷംസുദ്ദീൻ നായരും മോഹനൻ ഇബനു മൊയ്തീനും

2014, ജൂലൈ 15, ചൊവ്വാഴ്ച

ആദ്യത്തെ കൊച്ചി യാത്ര.....

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. നേവിയിലും എയർ ഫൊർസിലും ഒക്കെ ആളെ എടുക്കുന്ന പരസ്യം കാണുമ്പോൾ വെറുതെ നോക്കി ചിരിക്കും. കാരണം അതിനു വേണ്ട നെഞ്ചളവും ആരോഗ്യവും ഒന്നും പണ്ടേ ഇല്ല. എന്നാലും ഒരിക്കൽ ഒന്നപേക്ഷിച്ചു. വായു സേനയിലേക്ക് . കൊച്ചിയിൽ ആദ്യ എഴുത്ത് പരീക്ഷ. അത് കഴിഞ്ഞു ജയിച്ചാൽ മാത്രം ഫിസിക്കൽ ടെസ്റ്റ്‌. പരീക്ഷ എഴുതാനുള്ള കത്ത് കിട്ടിയതും വളരെ സന്തോഷത്തിലായി. മറ്റൊന്നും കൊണ്ടല്ല. കൊച്ചിയും കപ്പലും ഒക്കെ കാണാലോ.....

ഉമ്മ സമ്മതം മൂളിയില്ല എന്ന് മാത്രമല്ല 'നീ അവിടെ പരീക്ഷക്ക് എത്താതെ ആയിപ്പോട്ടെ' എന്ന് പ്രാകുകയും ചെയ്തു. അതിന് കാരണമുണ്ട് മൂത്ത മകൻ നിലവിൽ വായുസേനയിൽ ഉണ്ട്. രണ്ടു മക്കളെ രാജ്യസേവനത്തിനു വിട്ടു കൊടുക്കാൻ വേണ്ട മനോവിശാലതയോന്നും നമ്മുടെ ഉമ്മക്കില്ല.

അമ്മാവൻ കൊച്ചിയിൽ ഉണ്ട്.ഏറണാകുളം കെ എസ് ആർ ടി സി ഡിപ്പോയിൽ ആണ് ജോലി.അവിടെയെത്തിയാൽ പിന്നെ മറ്റു കാര്യങ്ങൾ മൂപ്പർ നോക്കിക്കോളും. എന്നാലും സുഹൃത്ത് കൂടിയായ മറ്റൊരു സഹോദരൻ നിരന്തരം എന്നെ ഭയപ്പെടുത്തി. അതിൽ ചിലത് ഇങ്ങനെ;

'നീ കോഴിക്കോട് ജില്ല വിട്ട് പുറത്ത് പോയിട്ടുണ്ടോ? പോണ വഴിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും? പിന്നെ ഞമ്മക്ക് നിന്റെ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസം അവിടെ തങ്ങാം. കപ്പൽ ശാല കാണാം. വിവരണം നീണ്ടു പോയപ്പോൾ കക്ഷിയെ കൂടി കൂടെ കൂട്ടാൻ തീരുമാനിച്ചു.

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും വൈകുന്നേരത്തോടെ യാത്ര തിരിച്ചു. രാത്രി കുറച്ചായപ്പോൾ കുറ്റിപ്പുറം സ്റ്റാൻഡിൽ എത്തി.

 ' അര മണിക്കൂർ ഭക്ഷണ സമയം'. കണ്ടക്ടർ പറഞ്ഞു.

ഞങ്ങൾ ഡ്രൈവറും കണ്ടക്ടറും കയറിയ ഹോട്ടലിൽ തന്നെ കയറി. പോക്കറ്റിൽ 50 രൂപയുണ്ട് . അത് തന്നെ ധാരാളം. കൊച്ചിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെയൊക്കെ അമ്മാവൻ നോക്കിക്കൊള്ളുമല്ലോ.
ഞങ്ങൾ ബീഫ് ഫ്രൈയിയും പൊറാട്ടയും ഒർഡർ ചെയ്തു.

'നാളെ പരീക്ഷ ഒക്കെ എഴുതനുള്ളതല്ലേ നല്ല സ്റ്റാമിന വേണം നന്നായി തട്ടിക്കൊ'

സഹോദരന്റെ വാക്കുകളിൽ ഞാനും പരീക്ഷയുമായുള്ള ബന്ധം വ്യക്തം. വയറു നിറച്ചും കഴിച്ചു. ആദ്യം കൈ കഴുകാൻ പോയത് ഞാനാണ്. കയ്യിൽ തുവാല ഉണ്ടായിരുന്നില്ല. കയ്യും മുഖവും കഴുകിയതും മൂക്കിൽ നിന്നും ചീരാപ്പ് വരാൻ തുടങ്ങി. കുറെ ഒക്കെ കുപ്പായത്തിൽ തുടച്ചു. എന്നാൽ ചീരാപ് നിക്കുന്നില്ല. ഒന്ന് തഴൊട്ട് നോക്കിയപ്പോൾ കാണുന്നത് ചീരാപ്പല്ല ചോര.... അന്നിട്ട പുതിയ കുപ്പായം നിറയെ ചോര...... മൂക്കിൽ നിന്നും മലവെള്ളം പോലെ വരുന്നു.

മറ്റു യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ഒക്കെ ഓടിയെത്തി. തൊട്ടടുത്ത നർസിംഗ് ഹോമിൽ എന്നെ എത്തിച്ചു. ഡ്രൈവറും കണ്ടക്ടറും ഒരേ സ്വരത്തിൽ പറഞ്ഞു ആക്സിഡന്റ്റ് അല്ല. ബ്ളീഡിംഗ് ആണ്. ആശാസത്തോടെ നർസുമാർ പ്രാഥമിക ശുശ്രൂഷ ആരംഭിച്ചു. മുഖത്തും വായിലും ഐസ് വെച്ചു നോക്കി. ഫലമില്ല രക്തം വായിലൂടെ കട്ടയായി തുപ്പുന്നു. ഞാനുടനെ അവരോടു ചോദിച്ചു.

'ഇവിടെ ചോര കിട്ടുമോ? എന്റെ ഗ്രൂപ്പ് അറിയില്ല. ആദ്യം അത് നോക്കൂ. എന്നിട്ട് ഉടനെ രക്തം സംഘടിപ്പിക്കൂ. എന്റെ ചോര ഇപ്പോത്തീരും.ഇത് പുതിയ കുപ്പായമാണ് ഇതിലെ ചോരക്കറ ഇനി പോകില്ല.'

നെർസുമാർ നിർദയം പരസ്പരം നോക്കി ചിരിച്ചു. ഉടനെ ഡോക്ടറും എത്തി. ഞാൻ ഡോക്ടറോടും ചോദ്യം ആവർത്തിച്ചു. അദ്ധേഹം എന്റെ മൂക്കിലേക്ക് കയറ്റി വെക്കാനുള്ള തുണിക്കഷണം ചുറ്റുന്ന തിരക്കിലാണ്. അങ്ങനെ അത് മുഴുവനും മൂക്കിൽ തിരുകി കയറ്റി. പിന്നെ പറഞ്ഞു. ' മിണ്ടരുത്'.
ഞാൻ വായ തുറക്കാൻ ശ്രമിച്ചപ്പോൾ ഡോക്ടർ ആവർത്തിച്ചു. 

' മിണ്ടിയാൽ താൻ തുമ്മും. തുമ്മിയാൽ മൂക്കിലെ തുണി തെറിക്കും. പിന്നെ രക്തം വീണ്ടും വരും'. 

ഡോക്ടർ സഹോദരനും പണി കൊടുത്തു. 'കുറച്ചു നേരത്തേക്ക് ഇവന്റെ മൂക്ക് പൊത്തി പിടിക്കുക. വായ വഴി ശ്വസിച്ചോളും'. 

കുറച്ചു കഴിഞ്ഞപ്പോൾ രക്തമൊക്കെ വരുന്നത് നിന്നു. എങ്കിലും നേരം പുലരുവോളം സഹോദരൻ മൂക്ക് പിടിച്ചു തന്നെയിരുന്നു.

നർസിങ്ങ് ഹോമിൽ അഡ്മിറ്റായ വിവരം വീട്ടുകാരെ അറിയിക്കണമല്ലോ. തൊട്ടടുത്ത കട്ടിലിലിൽ ഒരു വൃദ്ധൻ കിടക്കുന്നുണ്ട്. മൂപ്പർ പതുക്കെ എണീറ്റ് എന്റെ അടുത്ത് വന്നു. എന്നിട്ട് ഒരു പാത്രം നീട്ടി പറഞ്ഞു.

'വായ തുറക്കെടാ... ത്തിരി പോടിയരിക്കഞ്ഞിയാ ഇതാട്ട് കുടിച്ചേ'.

'ചോര ഇനിയും വന്നാലോ? ഗ്ളുകോസ് കേറുന്നുണ്ടല്ലോ അത് മതിയാവും'. എനിക്ക് ചോര കണ്ട പേടി പോയിട്ടില്ല.

' ഒരു പെട അങ്ങ് വെച്ചുതരും. മിണ്ടാതെ കഞ്ഞി കുടിയെടാ'. അദ്ധേഹത്തിന്റെ ഗൌരവ ഭാവം എന്നെ ഭയപ്പെടുത്തി. കഞ്ഞി വാങ്ങി വലിച്ചു കുടിച്ചു. പിന്നെ ഞാൻ നാട്ടിൽ വിവരം അറിയിക്കേണ്ടതിനെ പറ്റി മൂപ്പരോട് ചോദിച്ചു.

'നീ മിണ്ടാതിരി അതിനൊക്കെ ആള് പോയിട്ടുണ്ട്. ഇന്റെ മോൻ ഇപ്പൊ അവിടെ എത്തിക്കാണും'.

വൈകുന്നേരം ആവുമ്പഴെക്കും വീട്ടിൽ നിന്ന് ആളെത്തി. ഞങ്ങളെ കാണാണ്ട് യാത്ര തിരിച്ച അമ്മാവനെയും സഹോദരൻ കുറ്റിപ്പുറത്ത് വച്ച് തന്നെ കണ്ടു. ഒരു ദിവസം കൂടി നർസിങ്ങ് ഹോമിൽ തങ്ങി. ഉമ്മ പറഞ്ഞ പോലെ തന്നെ കൊച്ചി കാണാതെ വീട്ടിലേക്ക് മടങ്ങി.

മൂന്ന് ദിവസം മുൻപ് വിട പറഞ്ഞ അമ്മാവനെ ഓർത്തപ്പോൾ മനസ്സിൽ വന്ന ഒരു സംഭവമാണിത് . എങ്കിലും 28 വർഷങ്ങൾക്കിപ്പുറവും വേദനയോടെ ഒരു കുറ്റബോധം മനസ്സിൽ കിടക്കുന്നു. അന്ന് സഹായിച്ച ആ വൃദ്ധനോട് സ്വന്തം അസുഖം എന്തെന്ന് പോലും ചോദിച്ചിരുന്നില്ല. ആ നല്ല മനുഷ്യന്റെ ഓർമ്മകൾക്ക് മുൻപിലും ഈ കുറിപ്പ് സമർപ്പിക്കുന്നു.

2014, മേയ് 7, ബുധനാഴ്‌ച

കുറ്റിചൂളാൻ

കുറ്റിചൂളാൻ എന്ന് വിളിക്കപ്പെടുന്ന ഈ റൂഹാൻ കിളി, ഇവനെ ചിലർ കാലൻ കോഴി എന്നും വിളിക്കാറുണ്ട് .
കുട്ടി പ്രായത്തിൽ പലപ്പോഴും രാത്രി കാലങ്ങളിൽ ഇവന്റെ ശബ്ദം കേട്ടാൽ ഉമ്മ പറയും, ശബ്ദം അക്കരെ നിന്നാണെങ്കിൽ ഇക്കരെ മരണം. ഇനി ഇക്കരെ നിന്നാണെങ്കിൽ അക്കരെ മരണം. വീടിനു അധികം അകലെ അല്ലാതെ പുഴ ഉള്ളതിനാൽ പിറ്റേന്നത്തെ ആ ദുഃഖ വാർത്ത പുഴക്കക്കര നിന്നോ ഇക്കര നിന്നോ എന്നോർത്തും കൊണ്ട് ചെറിയ ഒരു ഉൾകിടിലത്തോടെ ഉറങ്ങിയിരുന്ന അന്നത്തെ രാത്രികൾ. എങ്കിലും കേവല യുക്തി ഉള്ളിൽ പറയുമായിരുന്നു അതിലൊന്നും വലിയ കാര്യം ഉണ്ടാവില്ല.

അങ്ങനെയിരിക്കെ 1977ലെ ആഗസ്ത് 17, ഒരു ബുധനാഴ്ച, നോമ്പ് മാസം രണ്ടാം തിയ്യതി, എനിക്ക് പ്രായം 8 വയസ്സ് . ബാപ ആശുപത്രിയിൽ ആണ്. നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിൽ. നോമ്പെല്ലാം തുറന്ന് അങ്ങനെ ഇരിക്കുമ്പോൾ കുറ്റി ചൂളാന്റെ ശബ്ദം കേട്ടു. ഹൂ..ഹാ..ഹാ ... എന്ന രീതിയിൽ പേടിപ്പെടുത്തുന്ന ആ ശബ്ദം പുഴക്ക്‌ അക്കരെ നിന്ന് തന്നെ. ഉമ്മയുടെ മുഖം വല്ലാതായി. അതൊന്നും വലിയ കാര്യം ആക്കാതെ ഞാനും സഹോദരങ്ങളും കോലായിൽ കളിച്ചു കൊണ്ടിരുന്നു. രാത്രി ഒരു 12 മണിയോളം ആയിക്കാണും ഒരു മഞ്ചൽ റാന്തൽ വിളക്കിന്റെ അകമ്പടിയിൽ വീടിനു മുൻപിലേക്ക് വലിയൊരു ജനാവലിയോടെ വന്നടുക്കുന്നത് ഇന്നും ഓർമയിലെ മായാത്ത ചിത്രം ആണ്.

ചില കാര്യങ്ങൾ അങ്ങനെ ആണ്. ആകസ്മികം ആയി സംഭവിക്കുന്ന പലതും അവയ്ക്ക് മുൻപ് മനസ്സിൽ കയറിപ്പോയ അന്ധ വിശ്വാസങ്ങളുമായി ചേർന്ന് വരുമ്പോൾ അതൊരു വല്ലാത്ത ന്യായീകരണം സൃഷ്ടിക്കും. പിന്നീട് പലപ്പോഴും ഈ കാലൻ കിളിയുടെ കൂവൽ കേട്ടിട്ടുണ്ട്. വിശ്വാസം ഉറപ്പിക്കാൻ പത്ര താളുകളിലെ ചരമ കോളങ്ങൾ തേടി പോയെങ്കിലും കണ്ടില്ല.

നാട്ടു മാങ്ങ

നാട്ടു മാങ്ങ എല്ലാവർക്കും വല്ലാത്ത ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണല്ലോ. ബാല്യത്തിലെ വേനൽ കാലം മിക്കതും അറ്റം കടിച്ചീമ്പി രസിച്ചു നടന്നിരുന്ന ആ കൊച്ചു മാങ്ങയിൽ ചെന്നെത്തി നിൽക്കും.

വീട്ടു പറമ്പിൽ വലിയ ഉയരത്തിൽ വളർന്നു നിൽക്കുന്ന ഒരു നാട്ടു മാവ് ഉണ്ടായിരുന്നു. ഉണങ്ങി കരിഞ്ഞ മാവിലകൽക്കും പുല്ലിനുമിടയിൽ പച്ചയും മഞ്ഞയും നിറത്തിൽ ഒരു കോഴി മുട്ടയോളം വലുപ്പം മാത്രമുള്ള നാട്ടു മാങ്ങ വീണു കിടക്കുന്നത് കാണുമ്പോൾ ഉള്ള ആഹ്ളാദം പ്രത്യകം പറയേണ്ടതില്ലല്ലോ. എങ്കിലും പകലത്തെ മാങ്ങ അങ്ങനെ കിട്ടാറില്ല. അതിനാൽ രാത്രി വീണു കിടക്കുന്ന മാങ്ങ പെറുക്കാൻ വേണ്ടി മാത്രം അന്നൊക്കെ അതിരാവിലെ എണീക്കും. ഒരിക്കൽ ഒരു അമളി പറ്റി. മാങ്ങ വീഴുന്ന ശബ്ദം കേട്ട് മാഞ്ചുവട്ടിൽ എത്തി. വെളിച്ചം ഉണ്ട്. വീണ മാങ്ങകളും പെറുക്കി രണ്ടാം കാര്യവും നിർവ്വഹിച്ചു കൊണ്ട് കുറെ നേരം അങ്ങനെ ഇരുന്നു. എന്നാൽ നേരം വെളുക്കുന്നതിനു പകരം പെട്ടെന്ന് ഇരുളുന്നത് ആണ് കാണുന്നത്. അപ്പോൾ ആണ് അറിയുന്നത് ആകാശത്ത് പൂർണ്ണ വട്ടത്തിൽ ഉള്ള അമ്പിളി അമ്മാവൻ മേഘ കൂട്ടത്തിൽ ഒളിക്കാൻ പോകുന്നു. പേടിച്ചരണ്ടു വീട്ടിൽ കയറി ക്ളോക്കിൽ നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

2014, മാർച്ച് 26, ബുധനാഴ്‌ച

ഏകാഗ്രത


എഴുത്തുകാരൻ ഏകാഗ്രത കിട്ടാത്ത വിഷമത്തിൽ മനോരോഗ വിദഗ്ദനെ കാണാൻ പോയി.
ഡോക്ടർ: " എന്താ പ്രശ്നം?"
എഴുത്തുകാരൻ: "എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എഴുത്തിനിടെ ബാഹ്യ ഇടപെടൽ വരുമ്പോൾ എഴുതാൻ വെച്ചത് മറന്നു പോകുന്നു".
ഡോക്ടർ: "ഇതൊരു മനോവൈകല്യം ആണ് . ചികിത്സ വേണ്ടി വരും. ആട്ടെ എന്തൊക്കെ ആണ് എഴുതാറ് ?"
എഴുത്തുകാരൻ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്ക് ഡോക്ടർക്ക് ഫോണ്‍ വന്നു.
ഡോക്ടർ: " ഒരു നിമിഷം ഈ ഫോണ്‍ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ."
ഫോണ്‍ വെച്ച ശേഷം ഡോക്ടർ: " അപ്പോൾ നമ്മൾ എവിടെ ആണ് പറഞ്ഞ് നിർത്തിയത് ?"
എഴുത്തുകാരൻ: " ഞാനും മറന്നു പോയി. സാരമില്ല ഡോക്ടർ മരുന്ന് കുറിച്ചോളൂ... നമുക്ക് ഒരുമിച്ചു കഴിക്കാം."
                        
                                                            -0-

2014, മാർച്ച് 24, തിങ്കളാഴ്‌ച

ലാഭമില്ലാത്ത കച്ചവടം

ഇന്ന് രാവിലെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോകേണ്ടി വന്നു.

മലയാളി ആണെന്ന് തോന്നുന്ന ഒരു കക്ഷി, ചുണ്ടിൽ വിരലു കൊണ്ട് വരച്ചു എന്തോ ആവശ്യപ്പെടുന്നുണ്ട്. ആൾ പുതിയ പ്രവാസി ആയിരിക്കണം.

ഫാർമസിസ്റ്റിനു കാര്യം പിടി കിട്ടി. അദ്ദേഹം ഉടനെ സാധനം എടുത്തു കാണിച്ചു ചോദിച്ചു 

"ലാബല്ലോ ..? "

"ലാഭല്ലെ ഇത് വിക്കണോ?"

കക്ഷിയുടെ എടുത്തടിച്ച പോലുള്ള മറു ചോദ്യം

എനിക്കുറപ്പായി. കക്ഷി മലയാളി തന്നെ.


                                                                    -0-
               
                                               

അമ്മാവൻ കണ്ട സൌന്ദര്യം


കേളു അമ്മാവൻ സ്റ്റോപ്പ്‌ എത്തിയിട്ടും ഇറങ്ങാൻ വൈകി ബസ്സ്‌ സ്റ്റോപ്പ്‌ വിട്ടു

അമ്മാവൻ കണ്ടകടരോട് "മോനെ ബെല്ലടി എനെക്കെരങ്ങണം "

കണ്ടക്ടർ " കെളവൻ സ്വപ്നം കണ്ടു നിക്കുവാർന്നൊ"

അമ്മാവൻ "അല്ല മോന്റെ സൌന്ദര്യം കണ്ടു നോക്കി നിന്ന് പോയതാ"




                                                    -o-