2014, മാർച്ച് 31, തിങ്കളാഴ്‌ച

നേർവഴിശരി താനെന്നതിലുണ്ടൊരു ശരിയത്-
ശരമായപരന് ഗതമായില്ലേൽ..
ശരിയായിന്നലെ കരുതിയ പലതും- 
പിശകായിന്നൊരു വശമായില്ലേ ...
ശരിയായിന്നും കരുതും പലതും- 
പിഴവായൊഴിവായി  തെളിയാം നാളെ.
കാലികമായൊരു ശരിവഴിയതുവഴി-
കാലുകൾ നീക്കുക  മാനവ നേർവഴി.

2014, മാർച്ച് 26, ബുധനാഴ്‌ച

ഏകാഗ്രത


എഴുത്തുകാരൻ ഏകാഗ്രത കിട്ടാത്ത വിഷമത്തിൽ മനോരോഗ വിദഗ്ദനെ കാണാൻ പോയി.
ഡോക്ടർ: " എന്താ പ്രശ്നം?"
എഴുത്തുകാരൻ: "എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എഴുത്തിനിടെ ബാഹ്യ ഇടപെടൽ വരുമ്പോൾ എഴുതാൻ വെച്ചത് മറന്നു പോകുന്നു".
ഡോക്ടർ: "ഇതൊരു മനോവൈകല്യം ആണ് . ചികിത്സ വേണ്ടി വരും. ആട്ടെ എന്തൊക്കെ ആണ് എഴുതാറ് ?"
എഴുത്തുകാരൻ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്ക് ഡോക്ടർക്ക് ഫോണ്‍ വന്നു.
ഡോക്ടർ: " ഒരു നിമിഷം ഈ ഫോണ്‍ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ."
ഫോണ്‍ വെച്ച ശേഷം ഡോക്ടർ: " അപ്പോൾ നമ്മൾ എവിടെ ആണ് പറഞ്ഞ് നിർത്തിയത് ?"
എഴുത്തുകാരൻ: " ഞാനും മറന്നു പോയി. സാരമില്ല ഡോക്ടർ മരുന്ന് കുറിച്ചോളൂ... നമുക്ക് ഒരുമിച്ചു കഴിക്കാം."
                        
                                                            -0-

കുറവ്

കുറവില്ലായിമയിലുണ്ടൊരു കുറവ്
കുറവേറിയാലതുമൊരു കുറവ്.

കറവന്മാരിലുമില്ലൊരു കുറവ്
കറവപ്പശുവാമതുമൊരു കുറവ് .

അറിവില്ലായിമയിലുണ്ടൊരു കുറവ്
പറയാഞ്ഞില്ലേലതുമൊരു കുറവ് .

കറിയിലയില്ലേലതിനൊരു  കുറവ്
കറിയിലയായാലതുമൊരു കുറവ്.

കറുമുറ തിന്നാലുണ്ടൊരു കുറവ്
പറപറ പോകണമെന്നൊരു കുറവ്.

                    -0-

2014, മാർച്ച് 24, തിങ്കളാഴ്‌ച

ഉമ്മയും മകനും

ഔക്കു രാവിലെ മീൻ വാങ്ങാൻ വീട്ടിൽ നിന്നും പോകുക ആണ്
"മുള്ളനോ നെത്തലൊ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ 5 ഉറുപ്പ്യക്ക്‌ വാങ്ങിക്ക്യോ, ഒരു കിലോ പൂളെയിം "
പോകുന്നതിനു മുൻപ് ഉമ്മ ഓർമ്മിപ്പിച്ചു

ഔക്കുവിനു ജാഥ ഒക്കെ വല്യ ഇഷ്ടാണ്. അതാ പോണ വഴിക്ക് ഒരു ജാഥ. ശരിക്കും ജാഥ അല്ല റൂട്ട് മാർച്ച്. അല്ല അതിനുള്ള പരിശീലന ജാഥ. ഔക്കുവിനു രസം കേറി അവനും അതിന്റെ ഭാഗം ആയി

അങ്ങനെ ഔക്കുവും തന്റെ വിരി നെഞ്ചു മുന്നോട്ടും വിരിക്കുണ്ടി പിന്നോട്ടും ആഞ്ഞു പിടിച്ചുകൊണ്ടു കൈകൾ രണ്ടും മുന്നോട്ടും പിന്നോട്ടും പായിച്ചു വിളിക്കാൻ തുടങ്ങി

"ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

മീനും പൂളയും വാങ്ങാൻ പോയ ചെക്കനെ കാണാതായപ്പോൾ ഉമ്മ പിറുപിറുത്തുകൊണ്ട് അന്വേഷിച്ചിറങ്ങി

"കള്ള ബഡ്കൂസ് ചെക്കൻ എവിടെ പോയി കേട്ക്കാ... "

ജാഥയുടെ കൂട്ടത്തിൽ ഉള്ള ഔക്കുവിനെ ഉമ്മ ദൂരെ നിന്ന് തന്നെ കണ്ടു ഔക്കു ഉമ്മാനെയും. മീനിന്റെ കാര്യം ഒക്കെ ഔക്കു മറന്നു പോയിരുന്നു

റൂട്ട് മാർച്ചിന്റെ ഇടയുലൂടെ ഔക്കു ചോദിച്ചു

"ന്തൈ മ്മാ ന്തൈ...... ന്തൈ മ്മാ ന്തൈ......
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

"പ്പോ... അംക്കെ ആട്ന്നു..." ഇതും പറഞ്ഞ് ഉമ്മ തന്നെ മീൻ ചാപ്പയിലേക്ക് പോയി.

                                                         -0-

ലാഭമില്ലാത്ത കച്ചവടം

ഇന്ന് രാവിലെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോകേണ്ടി വന്നു.

മലയാളി ആണെന്ന് തോന്നുന്ന ഒരു കക്ഷി, ചുണ്ടിൽ വിരലു കൊണ്ട് വരച്ചു എന്തോ ആവശ്യപ്പെടുന്നുണ്ട്. ആൾ പുതിയ പ്രവാസി ആയിരിക്കണം.

ഫാർമസിസ്റ്റിനു കാര്യം പിടി കിട്ടി. അദ്ദേഹം ഉടനെ സാധനം എടുത്തു കാണിച്ചു ചോദിച്ചു 

"ലാബല്ലോ ..? "

"ലാഭല്ലെ ഇത് വിക്കണോ?"

കക്ഷിയുടെ എടുത്തടിച്ച പോലുള്ള മറു ചോദ്യം

എനിക്കുറപ്പായി. കക്ഷി മലയാളി തന്നെ.


                                                                    -0-
               
                                               

മറക്കാത്ത കുറ്റം

അയമൂട്ടിക്കാക്ക് ഹജ്ജിനു പോകാനുള്ള നറുക്ക് കിട്ടി. ഇക്കാ സുഹൃത്തുക്കളെയും നാട്ടാരെയും ഒക്കെ കണ്ടു പൊരുത്തപ്പെടീക്കലിന്റെ തിരക്കിൽ ആണ്. എല്ലാവരോടും ചെന്ന് , വാക്കാലോ അല്ലാതെയോ തന്റെ ഭാഗത്ത് നിന്ന് വന്നു പോയ വല്ല പാകപ്പിഴകളും ഉണ്ടെങ്കിൽ പൊറുത്തു തരുവാൻ അപേക്ഷിച്ച് അങ്ങനെ ഒടുവിൽ വി കെ സി ഔക്കുവിനെയും കണ്ടു.

"മോനെ ഔക്കു അന്നോടും ഞാൻ പലപ്പോഴും ദേശ്യപ്പെട്ടിട്ടുണ്ട് . സമയത്തിനു പള്ളീൽ പോകാതെ തെണ്ടി തിരിഞ്ഞു നടന്നതിനും വെടക്ക് കൂട്ടുകെട്ടുകളും ആയി ചേർന്ന് സിനിമക്കും ഒക്കെ പോയി കറങ്ങി നടന്നതിനും മറ്റും ആയിരുന്നു അത് . ഒക്കെ അന്റെ നല്ലതിന് വേണ്ടി ആയിരുന്നു. എന്നാലും മോന് വല്ല വെഷമവും തോന്നിയിരുന്നു എങ്കിൽ എനിക്ക് പൊറുത്തു തരണം. ഞാൻ ഇക്കൊല്ലം ഹജ്ജിനു പോകുവാ"

ഔക്കു പറഞ്ഞു "ഒക്കെ പൊറുക്കാം ഒരു കാര്യം ഒഴിച്ച് അത് ഞാൻ മരിച്ചാലും പൊറുത്തു തരൂലാ"

"എന്താ മോനെ അത് " അയമൂട്ടിക്കാക്ക് കാര്യം അറിയാൻ തിടുക്കം ആയി.

"വേറെ ഒന്നും അല്ല ഇങ്ങളെ മോൾ ആമിനത്താത്തന്റെ പുതുക്കത്തിനു ഞാൻ ലോറീൽ കേറിയപ്പം ഇങ്ങള് പിടിച്ചു ഇറക്കീലെ.. എല്ലാരും കാണെ... അതിപ്പളും ഇന്റെ മനസ്സീന്നു പോയിട്ടില്ല."

                                                                         -0-

ഔക്കുവിന്റെ ക്രിക്കറ്റ്

കൗമാരത്തിലെ ക്രിക്കറ്റ് കളി. വലുതല്ലാത്ത ഗ്രൌണ്ട്. തൊട്ടടുത്ത് തന്നെ ഒരു പോട്ട കിണർ ഉണ്ട്. വീടണിയാൻ ഇല്ലാത്ത നാടോടികൾ അധികവും പ്രാഥമിക കൃത്യം അതിലേക്ക് നിവ്വഹിക്കും.

ഔക്കൂ  നല്ലൊരു  ആത്മാർഥത ഉള്ള ഫീൽഡർ ആണ്. ഇന്നവൻ കിണറിനു അടുത്താണ് ഫീൽഡ് ചെയ്യുന്നത് കളി നടക്കുന്നു. ഒരു ഉഗ്രൻ ഷോട്ട് പന്ത് നേരെ കിണറിനു മേലേക്ക്. ഔക്കൂ  ഒന്നാം തരം ഡയിവിലൂടെ പന്ത് ഗ്രൌണ്ടിനു ഉള്ളിലേക്ക് തട്ടി വിട്ടു. ഔക്കൂ കിണറിലേക്കും.

കിണറിനു ഉള്ളിൽ നിന്നും ഔക്കൂ " എന്നെ പോന്തിക്കിനെടാ പഹയമാരെ "

കിണറിനു മോളിൽ നിന്ന് എല്ലാരും ഒരേ സ്വരത്തിൽ "അന്നേ കിട്ടീട്ട് ഇനി കാര്യം ഇല്ല"

                                                                 -0-

ഔക്കുവും അപ്പൂട്ടി ഏട്ടനും

വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു എന്ന വി കെ സി ഔക്കു ഫ്രീ ആവുമ്പോൾ അപ്പൂട്ടി ഏട്ടന്റെ കൊപ്ര പീടികയിൽ സഹായിക്കാൻ പോകും. ചായക്കും സിനിമക്കും ഉള്ള വക പലപ്പോഴും അങ്ങനെ കിട്ടാറുണ്ട്.

ഒരു ദിവസം അപ്പൂട്ടി ഏട്ടൻ കൊപ്ര വെയിലത്ത് ചിക്കി കഴിഞ്ഞ ശേഷം ഔക്കുനോട് പറഞ്ഞു " ഔക്കൂ ഞാൻ ഒരു ചായ കുടിച്ചു വരാം ഇയ്യ് കാക്ക കൊപ്ര കൊത്തുന്നത് നോക്കണേ"

"ശരി അപ്പൂട്ടി ഏട്ടാ ഞാൻ നോക്കിക്കോളാം ഇങ്ങള് ചായ കുടിച്ചു വരി, വരുമ്പം ഇനിക്കും ഒന്ന് കൊണ്ടോരി" ഔക്കു മറുപടി കൊടുത്തു

അപ്പൂട്ടി ഏട്ടൻ ചായയും കുടിച്ചു ഔക്കുവിനു ഒരു ചായയും കടിയും ആയി വന്നു. അപ്പോൾ കണ്ട കാഴ്ച, കാക്കകൾ കൂട്ടമായി കൊപ്പര എല്ലാം കൊത്തി തിന്നുന്നു, ഔക്കു ചെങ്ങായിമാരുമായി സോറ പറഞ്ഞിരിക്കുന്നു.

"ഓ ശരിയാ ഔക്കൂനോട് കാക്കനെ നോക്കാനേ പറഞ്ഞിരുന്നുള്ളൂ തെളിക്കാൻ പറയാൻ വിട്ട് പോയി" അപ്പൂട്ടി ഏട്ടൻ തെറ്റ്  മനസ്സിലാക്കി.
                                   
                                                                  -0-

വീണ്ടും ചില വർഗ്ഗീയ ചിന്തകൾ

വർഗ്ഗീയത ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം എന്ന് ചിലരെങ്കിലും ഇപ്പോഴും ആണയിട്ടു പറയുന്നു. പ്രത്യേകിച്ചും ഇടതു പക്ഷം . മറ്റു പല പാർട്ടികളും   ഇതത്ര കാര്യമാക്കുന്നുമില്ല. പോരാത്തതിന് ബി ജെ പി ലീഗ് എസ ഡി പി ഐ തുടങ്ങിയ പാർട്ടികളുടെ ജീവനാഡിയും ഇത് തന്നെ.

അപ്പോൾ ഇതൽപം ചർച്ചക്ക് എടുക്കേണ്ട വിഷയം തന്നെ അല്ലെ?   ജനിതകമായിർ ഓരോ ജീവിയും അതിന്റെ ജീനിൽ തന്നെ കുടി കൊള്ളുന്ന സ്വാർഥത എന്ന വികാരം നില നിൽപ്പിന്റെ അടിസ്ഥാന ഘടകം ആയി നിൽകുമ്പോൾ തന്റെത് എന്ന് തോന്നുന്ന എല്ലാറ്റിനോടും സ്വാഭാവികം ആയി തോന്നുന്ന അടുപ്പം ഒരു പരിധി വിടുമ്പോൾ വർഗ്ഗീയതയിൽ പരിണമിച്ചെത്തും എന്നത് അന്ഗീകരിച്ചാലും സാമൂഹ്യമായ നില നിൽപ്പിന് ഒരൽപം വിശാല കാഴ്ചപ്പാട് അനിവാര്യമായിടത്ത് മനുഷ്യൻ സ്വാർത്വ വികാരങ്ങൾക്കപ്പുറത്തേക്ക്  തീർച്ചയായും നയിക്കപ്പെടും

ഇവിടെ നമ്മൾ പ്രകടമായ വർഗ്ഗീയതയെ കുറിച്ച് വ്യാകുലപ്പെടുന്നത് എവിടെയങ്കിലും ഒരു വർഗ്ഗീയ കലാപമോ മറ്റോ ഉണ്ടാവുമ്പോൾ മാത്രമാണ്. കലാപങ്ങളും കൂട്ടക്കൊലകളും മനുഷ്യരിലെ വർഗ്ഗീയ ചിന്ത ഏതെങ്കിലും ഒരു ഘട്ടത്തിൽ എവിടെയെങ്കിലും പെട്ടെന്ന് ആസൂത്രിതം ആയോ അല്ലാതെയോ കേന്ത്രീകൃത സ്വഭാവം കൈവരിക്കുമ്പോൾ ആണ് സംഭവിക്കുന്നത്. എന്നാൽ ഇതിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് അപകടകരമാം വിധം വർധിച്ചു വരുന്നു. ഇതിൽ ഓരോ പാർട്ടിയും വഹിക്കുന്ന പങ്ക് ഒന്ന് പരിശോധിച്ച് നോക്കിയാൽ

സംഘ പരിവാർ ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയം അവരുടെ ഭാഷയിൽ ഉയർന്ന ദേശീയ ബോധവും അതുവഴി സ്വന്തം പാരമ്പര്യത്തിലെക്കും തിരിഞ്ഞു നടക്കാൻ ആവശ്യപ്പെടുന്ന ഒന്നാണ്. ഈ പാരമ്പര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് വൈദേശിക സെമിറ്റിക് മതങ്ങൾ ആണെന്ന് അവർ ആണ ഇടുന്നു. അതായത് ചരിത്രത്തോട് പ്രതികാരം ചെയ്യണം. എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം ഹിന്ദുക്കൾ തന്നെ. അവർ സ്വന്തം പാരമ്പര്യത്തിലേക്ക് തിരിച്ചു വരണം.

അപ്പോൾ എന്താണ് നമ്മുടെ പാരമ്പര്യം? വർണ്ണ വ്യവസ്ഥിതിയുടെ  ദുരിദത്തിൽ നിന്നും രക്ഷ തേടി ഈ മതങ്ങളിൽ ഒക്കെ എത്തിപ്പെട്ട അധകൃതർ  തന്നെ ആണ് ഈ വിഭാഗങ്ങളിൽ ഭൂരിപക്ഷവും. ഇന്നും ഇന്ത്യയിലെ അധകൃത വർഗ്ഗത്തോട് സംഘ പരിവാരിന് പഴയ പാരമ്പര്യം മുറുകെ പിടിക്കാൻ ആവശ്യപ്പെടുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. ചിലപ്പോൾ ഒക്കെ അവർ തമാശയും പറയും മുക്കുവനെയും മുനിയാക്കും ഒരിക്കൽ തൊഗാടിയ കേരളത്തിൽ വന്ന് പറഞ്ഞതോർക്കുക കടലിലെ മീൻ പിടിക്കാൻ മുസ്ലീങ്ങളെ അനുവധിക്കരുത് അത് ഹിന്ദുക്കളുടെ അവകാശം ആണ്. അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്ന സന്ഘി ഭാഷ്യം പലപ്പോഴും അങ്ങനെ ആണ് .   

ഇനി മുസ്ലീം വർഗ്ഗീയ രാഷ്ട്രീയത്തിന്റെ കാര്യം എടുത്താൽ അതിൽ ലീഗ്, ജമാഅത്തെ ഇസ്ലാമി, പിന്നെ തൃശൂർ പൂരത്തിലെ  കുടമാറ്റത്തെക്കാൾ വേഗത്തിൽ പേര് മാറ്റുന്ന എസ ഡി പി ഐ തുടങ്ങിയ കക്ഷികളും ആണ് ഇവരുടെ ഒക്കെ  അടിസ്ഥാന വാദം വർഗീയതയിൽ ഊന്നി ആണെങ്കിലും വ്യത്യസ്ത രീതികളിലൂടെ ആണ് അവർ അത് അവതരിപ്പിക്കുന്നത്. ലീഗ് പറയുന്നു ന്യുനപക്ഷം ആയതിനാൽ തന്നെ സംഘടിതമായി നിന്ന് കൊണ്ട് ജനാധിപത്യപരമായി വില പേശണം . എസ ഡി പി ഐ ആവട്ടെ ഇതിന്റെ കൂടെ കുറച്ചു കായിക പ്രതിരോധം കൂടി ആവശ്യപ്പെടുന്നു. ഇനി ജമാഅത്തിന്റെ കാര്യം എടുത്താൽ ദൈവിക നിയമം ആണ് നടപ്പാക്കേണ്ടത്, അതിനാൽ ആ ഒരു നിയമ വ്യവസ്ഥിതി കൊണ്ട് വരാൻ ആവശ്യപ്പെടുന്നു. മുസ്ലീങ്ങളിൽ തന്നെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഈ വാദത്തിന് ഇല്ലാത്തതിനാൽ ഇതിനെ കേവല മൗദൂദി ഫലിതം എന്നതിനപ്പുറം ജമാഅത്ത് കാരും ഇപ്പോൾ കാണുന്നില്ല. പിന്നെ ഇതിലൊക്കെ വലിയ ആശ്വാസം സൂഫിയിസം  ആണ് ഇന്ത്യയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിയതും വളർത്തിയതും. അവർ വർഗ്ഗീയത ഉയർത്തിയിരുന്നില്ല. അതിൽ തന്നെ ഇപ്പോൾ വേറിട്ട്‌ നിൽക്കുന്ന കാന്തപുരം വിഭാഗം പോലും ആ വാദം ഉയർത്തുന്നില്ല.  ഉസ്താദും കൂട്ടരും ഇടക്കൊക്കെ ചില മുടിയും മാത്രവും ഒക്കെ കൊണ്ട് വന്ന് ആളുകളെ ചിരിപ്പിച്ചു കളിക്കും എന്നല്ലാതെ മറ്റു ഉപദ്രവം ഇല്ല.

ഇവിടെ സാമാന്യ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മേൽ പറഞ്ഞ കക്ഷികൾ ഒന്നും ഉന്നയിക്കുന്നില്ല എന്ന് മാത്രം അല്ല, ഉപരിപ്ലവവും വിഭാഗീയവും വൈകാരികവും ആയ വിഷയങ്ങൾ  സമൂഹത്തിൽ ഉയർത്തി  കൊണ്ട് വന്ന്, ജനങ്ങളിൽ ചേരി തിരിവുണ്ടാക്കി തങ്ങളുടെതായ വോട്ടു ബാങ്കുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്. ഈ രാഷ്ട്രീയ സംസ്കാരത്തിന് അറുതി വേണമെങ്കിൽ ഇത്തരം പാർട്ടികൾ തങ്ങളുടെ ഇത്തരം നിലപാടുകൾ മാറ്റി വെക്കുകയും  വിശാലമായ മതേതര ദേശീയ കാഴ്ചപ്പാടുകൾ ഉയർത്തി പിടിക്കാൻ തയ്യാറാവുകയും വേണം. എങ്കിൽ കുറച്ചെങ്കിലും ആളുകളിലെ വർഗ്ഗീയ ചിന്തയെ തളച്ചിടാൻ കഴിഞ്ഞേക്കും.

ശുഭ പ്രതീക്ഷയോടെ,

ജയ് ഹിന്ദ്‌ 

വർഗ്ഗീയതയെ നേരിട്ട് എതിർത്ത് തോൽപ്പിക്കാൻ കഴിയുമോ?

എന്താണ് വർഗ്ഗീയത?

ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പല കേന്ദ്രങ്ങളും കാര്യമായി ഉന്നയിക്കുന്ന ഒരു ചോദ്യം ആണിത്. അഴിമതി മുഖ്യ വിഷയം ആയി എടുത്തുകൊണ്ട് ആപ് രംഗ പ്രവേശം ചെയ്തത് മുതൽ ആണ് ഈ ആശങ്ക ഉടലെടുത്തത്. അതിന് ആദ്യം ഈ വർഗ്ഗീയത എന്നതിനെ നാം ഒരൽപം മനസ്സാസ്ത്രപരമായി തന്നെ കാണണം. ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളിലൂടെ വെർതിർക്കപ്പെട്ടു കിടക്കുന്നത് ആണ് മനുഷ്യ വർഗ്ഗം. ഈ വർഗ്ഗ ക്ലാസ്സുകളിൽ ഉള്ള ഓരോ മനുഷ്യനും സ്വന്തം ക്ലാസ്സിൽ പെടുന്ന ആളുകളോട് പൊതുവെ അടുപ്പം കാണിക്കുന്നു. എന്നാൽ ഇതിനെ ഒരു വികാരം ആക്കി വളർത്തി എടുക്കുകയും അത് കടുത്ത അസഹിഷ്ണുതാ രൂപം കൈവരിക്കുകയും ചെയ്യുമ്പോൾ ആണ് അതിനെ നാം വർഗ്ഗീയത  എന്ന് വിളിക്കുന്നത്. 

വർഗ്ഗീയതക്ക്‌ സാമ്പത്തിക വശമുണ്ടോ?  

ഉണ്ടെന്നു തന്നെ ആണ് മനസ്സിലാക്കേണ്ടത്. പൊതുവെ മനുഷ്യൻ പരോപകാരശീലം ഉള്ള  ജീവി തന്നെ ആണ് . എന്നാൽ സമൂഹത്തിൽ ചില ക്ലാസ്സുകളിൽ ഉണ്ടാവുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ അസംതൃപ്‌തി ആയും പിന്നീടത് വർഗ്ഗീയ വിധ്വെഷ്വമായും പരിണമിചേക്കാം. ഈ അവസ്ഥയിൽ  ആണ് ഏറ്റവും വലിയ അപകടം ഇരിക്കുന്നത്. ഇത്തരം ആളുകളിൽ തങ്ങളുടെ ദൈനതക്ക് കാരണം മറ്റൊരു ക്ലാസ്സിന്റെ അസന്തുലിതമായ വളർച്ച ആണെന്ന് അവരെ ബോധ്യപ്പെടുത്താൻ എളുപ്പം കഴിയും.  ഇവിടെ ആണ് ഫാഷിസം രംഗ പ്രവേശം ചെയ്യുന്നത്. ഈ അസന്തുലിത വളർച്ച എന്ന് പറയുന്നത്  ഏതു രീതിയിൽ ഉള്ളതും ആവാം. ഒരു പക്ഷെ യാഥാർത്ഥ്യവുമായി അതിന് ഒരു ബന്ദവും  ഉണ്ടായിക്കൊള്ളണം  എന്നില്ല. പിന്നീട് ഒരു തീപ്പൊരി മാത്രം മതി കാര്യങ്ങൾ അക്രമത്തിലേക്ക് വഴുതി വീഴാൻ.

ചുർക്കത്തിൽ വർഗ്ഗീയതയെ നേരിട്ട്  എതിർത്ത് തോൽപ്പിക്കാൻ കഴിയില്ല. കാരണം അത് കുടി കൊള്ളുന്നത് മനസ്സുകളിൽ ആണ്. അതിനാൽ തന്നെ നേരിട്ട് എതിർക്കുകയും തോൽപ്പിക്കുകയും  ചെയ്യേണ്ടത് ആദ്യം സമൂഹത്തിലെ അഴിമതിയും അതുപോലുള്ള മറ്റു ദൂശ്യങ്ങളെയും തന്നെ ആണ് . സമൂഹത്തിൽ സാമ്പത്തികായ അച്ചടക്കവും   ക്ഷേമവും സ്വുസ്ഥിരതയും ഉരുത്തിരിയുന്നതോട് കൂടി മാത്രമേ മനുഷ്യ മനസ്സുകളിൽ അതിന്റെ നൈസർഗ്ഗികമായ മാനവ ബോധവും പരസ്പര വിശ്വാസവും അതുവഴി ഉള്ള സാംസ്കാരിക ഉന്നമനവും ഒക്കെ സാധ്യമാവൂ. 

ലാഭവും വികസനവും

നിങ്ങൾ ഒരു ദിവസത്തിലെ ജീവിതത്തിലേക്ക് വരൂ .., രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു. ആഹാരം കഴിക്കുന്നു വാഹനം ഓടിക്കുന്നു ജോലിക്ക് പോകുന്നു. ഇവിടെ ജോലിക്ക് എത്തുന്നത് വരെ നമ്മൾ ഒരു പാട് ക്രയ വിക്രയങ്ങളുടെ വഴികളിലൂടെ കടന്നു പോയി. ആദ്യം തന്നെ പല്ല് തേക്കാൻ ബ്രഷും പേസ്റ്റും കയ്യിൽ എടുത്തപ്പോൾ ഒരു പക്ഷെ 50 രൂപക്ക്   നമ്മൾ അത് വാങ്ങിയത് ആവാം എങ്കിലും ആ രണ്ടു സാധങ്ങളും ആ രീതിയിൽ ആക്കി എടുക്കാൻ ഒരു നിർമ്മാണ കമ്പനി  ഇല്ലായിരുന്നു എങ്കിൽ നമുക്ക് ഒരു പാട് കാശ് വേണ്ടി വന്നേനെ. ഇവിടെ ഈ സൗകര്യം  ആണ് കൻസ്യുമരുടെ ലാഭം, എന്നാൽ അതിന്റെ നർമ്മാതാവിന്റെ ലാഭം അത്തരത്തിൽ ഉള്ള നൂറു കണക്കിന് ഉത്പന്നങ്ങൾ  വിൽക്കപ്പെടുകയും ആ വിൽപന തുക  അതിന്റെ നിർമ്മാണ ചിലവിനു മുകളിൽ എത്തി നിൽക്കുകയും ചെയ്യുമ്പോൾ  ആണ്. ഇത്രയും പറഞ്ഞതിൽ നിന്ന് ലാഭം ലാഭം എന്നത് എങ്ങനെ വികസനം ആയി മാറുന്നു എന്ന് മനസ്സിലാക്കാം, അല്ലാതെ മാർക്സിയൻ വാദ ഗതി അനുസരിച്ചുള്ള തൊഴിലാളിയുടെ മിച്ച മൂല്യത്തിൽ നിന്നൊന്നും അല്ല ലാഭം ഉരുത്തിരിയുന്നത് 

ഇനി നമ്മൾ ജോലിയിൽ പ്രവേശിക്കുന്നു. ഒരു ദിവസത്തെ അധ്വാനം നമ്മൾ തൊഴിൽ ഉടമക്ക് വിൽക്കുമ്പോൾ കിട്ടുന്ന വരുമാനം ഉപയോഗിച്ച് അതിന്റെ മൂല്യത്തേക്കാൾ എത്രയോ മടങ്ങ്‌  മൂല്യമുള്ള കാര്യങ്ങളിൽ നമ്മൾ ആ പണം വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ കുട്ടികൾ പഠിക്കുന്നു വളരുന്നു. നമ്മളിലൂടെ കഴിവും ആരോഗ്യമുള്ള വലിയ ഒരു തലമുറ വീണ്ടും ജനിക്കുന്നു. അപ്പോൾ നമ്മൾ വിറ്റ നമ്മുടെ അധ്വാനവും നമുക്ക് ലാഭം അത് സ്വീകരിച്ച തൊഴിൽ ഉടമക്ക് അതിലും എത്രയോ ലാഭം. 

അതായത് ഈ ലാഭം എന്നത് മനുഷ്യന്റെ ഇതുവരെ ഉള്ള ജീവിത വിജയങ്ങളും  അതുവഴി ഉണ്ടായ വികസന നേട്ടങ്ങളും ആണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. ഒറ്റയാന്മാരായി മൃഗ ജീവിതം നയിച്ചിരുന്ന നമ്മുടെ പൂർവ്വികർ കാർഷിക സംസ്കൃതിയിലേക്ക് കാൽ വെച്ചത് മുതൽ ഇത് തുടങ്ങി. ഓരോ ഗ്രൂപും വ്യത്യസ്ത ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടു . അങ്ങനെ ഉൽപന്ന വിനിമയത്തിൽ തുടങ്ങി ഇന്നത്തെ ആധുനിക ഇ കൊമെർസിൽ എത്തി നിൽക്കുന്ന മനുഷ്യന്റെ  ചരിത്രം പറയുന്നത് കമ്മ്യുനിസവും സോഷ്യലിസവും ഒന്നും അല്ല. പച്ചയായ മുതലാളിത്വം അഥവാ കാലന്തരങ്ങളിലൂടെ രൂപവും ഭാവവും സ്വയം മാറിയും മറിഞ്ഞും വരുന്ന സ്വതന്ത്ര വ്യാപാരം ആണ് . 

എന്നാൽ ഇതൊന്നും എന്നും സമാധാന പരമായി തന്നെ വിനിമയം ചെയ്യപ്പെട്ടു എന്ന് പറയുന്നില്ല  ഇതിനൊക്കെ വേണ്ടി നിരവധി മനുഷ്യ ജീവനുകൾ ബലി കഴിക്കപ്പെട്ടിട്ടുണ്ട്. അടിമ ഉടമ വ്യവസ്ഥയിൽ നിരവധി അടിമ ജീവനുകൾ, ജന്മി കുടിയാൻ വ്യവസ്ഥയിൽ നിരവധി കുടിയാൻ ജീവനുകൾ, മുതലാളി  തൊഴിലാളി വ്യവസ്ഥയിൽ, നിരവധി തൊഴിലാളികളുടെ അധ്വാനവും വിയർപ്പും. ഇന്ന് അവയിൽ പലതിനും  രാഷ്ട്രീയ പരിഹാരം കാണാൻ മാത്രം നമ്മുടെ ജനാധിപത്യ ചിന്ത വളർച്ച പ്രാപിച്ചിട്ടുണ്ട്. അങ്ങനെ  മനുഷ്യ സംസ്കാരത്തോടൊപ്പം തന്നെ ഉള്ള സ്വതന്ത്ര വ്യാപാരം അതിന്റെ യാത്ര തുടർന്ന് കൊണ്ടേ ഇരിക്കും മനുഷ്യർ ഉള്ള കാലത്തോളം 

ആട് നക്കിയ ജീവിതം

പഠനം എല്ലാം ഒരു വഴിക്ക് ആയി തൊഴിൽ തെണ്ടി തേരാ പാരാ നടക്കുന്ന കാലം, ബാപ്പാന്റെ ഓഹരിയിൽ കിട്ടിയ ഒരു പീടിക ഉണ്ട്, എന്നാൽ മുതൽ മുടക്കാൻ കാശില്ല. അങ്ങനെ ഇരിക്കെ ഒരാശയം മനസ്സിൽ ഉദിച്ചു. പച്ചക്കറി കച്ചോടം തുടങ്ങിയാൽ എന്താ? വലിയ മുതൽ മുടക്കൊന്നും വേണ്ട. പറ്റിയ ഒരു പാർട്ണറെയും കിട്ടി. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ  കൊച്ചു അങ്ങാടിയിൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന പച്ചക്കറി കട തുറന്നു.

പങ്കാളി പകൽ, ഞാൻ രാത്രിയിൽ. പകൽ വെളിച്ചം ദുഖമാണല്ലോ രാത്രി അല്ലെ സുഖപ്രദം എന്ന് ആരോ പറഞ്ഞത് എന്റെ കാര്യത്തിൽ അന്നൊക്കെ വളരെ ശരിയും ആയിരുന്നു. രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ അധികം ആരും കാണില്ല. അങ്ങനെ ഒറ്റക്കിരിക്കുമ്പോൾ എനിക്കൊരു കൂട്ട്‌കാരൻ വരുമായിരുന്നു കഴുത്തിൽ പണ സഞ്ചിയും തൂക്കി കൊണ്ട് ഉള്ളാളിൽ നിന്നുള്ള നേര്ച്ചക്കാരൻ ആട്. ഉള്ളാളിലേക്ക് വല്ല നേർച്ചയും ഉണ്ടെങ്കിൽ  ആ പണം കക്ഷിയുടെ സഞ്ചിയിൽ ഇട്ടാൽ മതി. സഞ്ചി നിറഞ്ഞാൽ ഈ ആട് മൂപ്പർ  അത് ഉള്ളാൽ പള്ളിയിൽ എത്തിക്കും. അതാണ്‌ വിശ്വാസം.  നാട്ടിലെ പല അവിഹിത ഗർഭങ്ങളുടെയും കാരണക്കാരൻ ഈ കക്ഷി തന്നെ ആണെന്ന് അറിയാമെങ്കിലും ഓസിക്ക്‌ കിട്ടീയ  വിശുദ്ധ ഗർഭത്തിൽ അവിടത്തെ പെണ് ആടുകളും സന്തോഷവതികൾ ആയി കാണപ്പെട്ടു.വാടിപ്പോകുന്ന പച്ചക്കറികൽ എല്ലാം ഞാൻ രാത്രിയിൽ അവനെ കൊണ്ട് തീറ്റിക്കും. അത് നോക്കി നിൽക്കുന്നതും ഒരു രസം തന്നെ ആയിരുന്നു. 

അങ്ങനെയിരിക്കെ ഒരു രാത്രി, വളരെ നേരം എന്റെ ആട് സുഹൃത്തിനെയും കാത്ത് അങ്ങനെ ഇരുന്നെങ്കിലും പഹയൻ എവിടെയോ വേലി ചാടാൻ പോയത് തന്നെ ആയിരക്കും എന്ന ധാരണയിൽ അവനോടു തെല്ലൊരു അസൂയയോടെ പലതും ആലോചിച്ചു എപ്പോഴോ മയക്കത്തിലേക്ക് വീണു പോയി. 

പിന്നെ ഉണരുമ്പോൾ യൗവനത്തിലെ തീക്ഷ്ണ  ചിന്തകൾക്ക് ചൊറിയാൻ വെച്ചിരുന്ന എന്റെ കുറ്റി താടിയിൽ വേറെ ആരോ വന്നു ചൊറിയുന്നു. അത് അവൻ തന്നെ ആയിരുന്നു. പഹയൻ എന്തിനാ എന്റെ മോന്തമ്മൽ വന്നിട്ട് ഉരസുന്നത് എന്ന് നോക്കി പകച്ചു നിൽക്കുമ്പോൾ ആണ് ആ ദയനീയ അവസ്ഥ കാണുന്നത്.
കടയിൽ അവൻ നന്നായി മേഞ്ഞിരിക്കുന്നു. എല്ലാം കുറേശ്ശെ മാത്രം കടിച്ചിട്ടിരിക്കുന്നു.  നേന്ത്ര പഴവും പൂവൻ പഴവും പയറും വെണ്ടക്കയും എന്ന് വേണ്ട എല്ലാം ഓരോ കടി കടിച്ചു ബാക്കി എനിക്ക് വിൽക്കാൻ വെച്ച് തന്ന അവന്റെ സ്നേഹത്തെ വാഴ്ത്താൻ എനിക്കിപ്പോഴും വാക്കുകൾ ഇല്ല. 

                                                              
-വരകൾക്ക്  കടപ്പാട്  - സക്കി -

ചൈന എന്ന കമ്മ്യുണിസ്റ്റ് മുതലാളി

കമ്മ്യുണിസത്തെ മൊത്തത്തിൽ നിരാകരിക്കുമ്പൊഴും  നമുക്ക് മുൻപിൽ ചൈന എന്നൊരു രാജ്യം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്നും നില നിൽക്കുന്നു എന്നതും അധികം താമസിയാതെ അത് അമേരിക്കയെ പിന്തള്ളി ഒന്നാമത്തെ ശക്തിയായി വളരും എന്ന നിരീക്ഷണവും കാണാതെ പോയിക്കൂട.

അപ്പോൾ ഇന്ത്യ, ചൈന എന്നി രണ്ടു രാജ്യങ്ങളെ ഒന്ന് താരതമ്യത്തിൽ എടുത്താൽ എന്ത് കൊണ്ട് നമുക്കും ഒരൽപം ചൈനീസ് ലൈൻ പിന്തുടർന്ന് കൂടാ എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ ചൈന ആദ്യം കമ്മ്യുണിസ്റ്റ് പാതയിൽ ബഹുദൂരം മുന്നോട്ട് പോയെങ്കിലും സ്റ്റേറ്റ് കാപിറ്റലിസം എന്ന പഴി കേൾക്കാൻ തുടങ്ങിയിടത്ത് അത് പിന്നീട് കുറെ ഒക്കെ വികേന്ദ്രീകൃത മുതലാളിത്വ വഴിയും സ്വീകരിച്ചു തുടങ്ങിയത് വഴി അതിന്റെ വളർച്ച വീണ്ടും ത്വരിത ഗതിയിൽ തന്നെ ആണ്. ചരമ ഗീതം എഴുതി തുടങ്ങിയ പബ്ലിക് സെക്ടരുകളിലേക്ക് അവർ സ്റ്റെറ്റിന്റെ നിയന്ത്രണത്തോടെ തന്നെ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങി. അതും ബഹുരാഷ്ട്ര ഭീമന്മാരിൽ നിന്ന് പോലും.
പിന്നെ  ചൈന എന്റെ ഒരു കാഴ്ചയിൽ അവിടത്തെ കമ്മ്യുണിസ്റ്റ് പാർടിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു പബ്ലിക് മിറ്റഡ് കമ്പനി ആണ്. അവിടുത്തെ ജനങ്ങൾ ആ കമ്പനിയിലെ തൊഴിലാളികളും. ആ നിലക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനി. അവരുടെ ഏറ്റവും വലിയ മൂലധനം എന്ന് പറയുന്നത് അവിടത്തെ ജനങ്ങൾ ആണ്. ലോകത്തിലെ ഏറ്റവും വലിയ മാനവ നിഭവ ശക്തി . അവർ ലോക മാർക്കറ്റ് പിടിച്ചടക്കുന്നത് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എന്നാൽ ടോപ്‌ ക്വാളിറ്റി ആവശ്യം ഇല്ലാത്തതുമായ ഉൽപന്നങ്ങൾ കൊണ്ടാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ ഇത്തരം ഉൽപന്നങ്ങൾ മാർക്കറ്റിൽ ഇറക്കാൻ രണ്ടാമത്തെ മാനവ നിഭവ  ശക്തിയായ ഇന്ത്യക്ക് പോലും സാധ്യമല്ല. ഇതാണ് ചൈനയുടെ വിജയ രഹസ്യം. അപ്പോഴും ഒരു സത്യം അവശേഷിക്കുന്നു. സാധാരണ ഏതൊരു കമ്പനിയിൽ നിന്നും തൊഴിലാളികൾക്ക്‌ വിടുതൽ  വാങ്ങാം. ചൈനയിലെ തൊഴിലാളികൾക്ക് അതും സാധ്യമല്ല. കാരണം അവരുടെ കമ്പനി അവരുടെ രാജ്യം തന്നെ ആണല്ലോ.

അപ്പോൾ പിന്നെ സമ്പൂർണ്ണ സതന്ത്ര സാമ്പത്തിക നയം മാത്രം ആണ് പോംവഴി എന്ന ധാരണ പൂർണ്ണമായും ശരിയായി കരുതാൻ വയ്യ. എന്നിരുന്നാലും, ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭൂതി ആസ്വദിച്ചു കഴിഞ്ഞു പോയ ഇന്ത്യൻ ജനതയ്ക്ക് ഏക ധ്രുവ പാർടി ഘടന യിലേക്ക് മാറി വരുന്നതും വ്യത്യസ്ത സംസ്കാരികതകളെ എല്ലാം  ഉരുക്കി ചേർത്ത് ഒന്നാക്കി മാറ്റുക എന്നതോക്കെയോ ആലോചനയിൽ വരുത്താൻ കഴിയുന്ന കാര്യങ്ങൾ പോലും അല്ല. നമുക്കിങ്ങനെ ഒക്കെ തന്നെ അങ്ങനെ പോകാം 

ന്നാലും ന്റെ ശശിയേട്ടാ.......

ഔക്കുവിന്റെ ആട് പെറ്റു. നല്ല ഓമനത്തമുള്ള രണ്ട് ആട്ടിൻ കുട്ടികളെ  അവനു കൂട്ടിനായി കിട്ടി.  സ്ക്കൂൾ വിട്ടു വന്നാൽ അവൻ അവയെ കളിപ്പിച്ചു കൊണ്ടിരിക്കും. ഒരുമിച്ചുറങ്ങും.

ആയിടെ ഔക്കുവിന്റെ ഉമ്മാക്ക് പനി വന്നു. കടുത്ത പനി തന്നെ. പുതപ്പിന് ഉള്ളിൽ കിടന്നുകൊണ്ട് ഉമ്മ പറഞ്ഞു. 

" ഔക്കൂ ഇയ്യി പോയി ഞമ്മളെ കുട്ട്യെസൻ മൊല്ലാക്കന്റെ അടുത്തുന്നു ഒരു കുപ്പി വെള്ളം മന്തിരിച്ചു കൊണ്ട് വാ. ഞാൻ കറന്നു വെച്ച ഒരു കുപ്പി ആട്ടിൻ പാല് മൂപ്പർക്ക് കൊടുക്കെയിം ചെയ്യി ".

ഔക്കുവിന്റെ നിലപാട് മറ്റൊന്നായിരുന്നു. " അതൊന്നും വേണ്ട. ഞാൻ ഞമ്മളെ ശശിയേട്ടന്റെ മെഡിക്കൽ ഷോപ്പീന്നു പനീന്റെ  മരുന്നും മാങ്ങി ഇപ്പം വരാ...". 

ഔക്കു മരുന്ന് ഷാപ്പിൽ എത്തി, കാര്യം പറഞ്ഞു. ശശിയേട്ടൻ കുറച്ചു പാരസൈറ്റമോൾ ഗുളിക എടുത്ത്  കൊടുത്ത് പറഞ്ഞു. "ഇത്  ഒന്ന് വീതം മൂന്നു നേരം വെച്ച് ഏഴ് ദിവസം കഴിക്കണം. പനി മാറും ".

" കഴിച്ചില്ലെങ്കിലോ". ഔക്കുവിന്റെ കുരുട്ട് ചോദ്യം.

"കഴിച്ചില്ലേങ്കീ  പനി മാറാൻ ഒരാഴ്ച എടുക്കും". ശശിയേട്ടന്റെ കുരുട്ട് മറുപടി.

"എത്ര പൈസ ആയി ". ഔക്കു  പെർസ്  എടുത്തു.

"ചെലക്കാതെ പോടാ അവിടുന്ന്. പോയി ഉമ്മാക്ക് ഗുളിക കൊടുക്ക്‌ ". 

ശശിയേട്ടൻ അങ്ങനാ. അല്ലറ ചില്ലറ മരുന്നിനോന്നും ഔക്കുവിനോട് കാശ് വാങ്ങില്ല.

ഉമ്മ ഗുളിക ഒന്നും കഴിക്കാൻ തയ്യാറില്ല.

"എടാ ഹമുക്കേ അന്നോടല്ലേ മൊല്ലാക്കന്റെ അടുത്തുന്നു വെള്ളം മന്തിരിച്ചു കൊണ്ടൊരാൻ പറഞ്ഞത്. അനക്ക്  ഞാൻ മയ്യത്തായി കാണാനാണോ പൂതി".

ആ വാക്കുകൾ  ഔക്കുവിന്  സഹിക്കാൻ പറ്റിയില്ല. അവൻ ഉമ്മ കറന്നു വെച്ച  പാലും ഒരു കുപ്പി വെള്ളവുമായി കുട്ടിയേസൻ മൊല്ലാക്കന്റെ അടുത്തെത്തി. കാര്യങ്ങൾ പറഞ്ഞു.

മൊല്ലാക്ക സന്തോഷത്തോടെ  പാൽ വാങ്ങി വെച്ചു, കുപ്പി വെള്ളത്തിൽ മന്ത്രിച്ച്‌ ഊതാൻ തുടങ്ങി. 

'ഇസ്സഫ്ഫൂ....... ഇസ്സഫ്ഫൂൂ ...... അതാണ്‌ ഊത്തിന്റെ ശബ്ദം. മൊല്ലാക്കക്ക്  കുറേശ്ശെ ചുമ ഉണ്ട്. ഊത്തും ചുമയും വഴി കുറേശ്ശെ തുപ്പൽ വെള്ളത്തിലേക്ക് തെറിക്കുന്നതായി ഔക്കുവിനു തോന്നി. ഉമ്മാക്ക് ഇപ്പൊ പനിയെ ഉള്ളൂ. ഈ മന്ത്രിച്ച വെള്ളം കൊടുത്താൽ ഒരു പക്ഷെ ചുമയും കൂടി വരുമോ എന്ന്  അവന് സംശയം.

മന്ത്രിച്ച വെള്ളം മൊല്ലാക്ക ഔക്കുവിനു നീട്ടി പറഞ്ഞു, " എടാ ഔക്കൂ ഇയ്യി ഈ വെള്ളം ഉമ്മാനെ കൊണ്ട് കുടിപിക്കണം. ഏഴു ദെവസം ഏഴു കുപ്പി അതാണ്‌ കണക്ക് . അതോടെ പനി മാറും". 

"കുടിച്ചില്ലേ ഒരാഴ്ച്ച കൊണ്ട് പനി മാറുഓ ഉസ്താദെ....." ഔക്കു കുരുട്ടു ചോദ്യം അവിടെയും ആവർത്തിച്ചു 

" കുരുത്തം കെട്ട ചെക്കൻ, വെറുതല്ല അന്റെ തല കണ്ടതും ബാപ്പ മയ്യത്തായത് ". 

" അയിന്  ഇനിക്ക് അഞ്ചു വയസ്സുള്ളപ്പം അല്ലെ ബാപ്പ പോയത് ?".... ഔക്കു തിരുത്തി.

അധികം തർക്കിക്കാൻ നിക്കാതെ ഔക്കു മന്ത്രിച്ച വെള്ളവുമായി തിരിച്ചു നടന്നു. പോകുന്ന വഴിയിൽ ദാമോദരേട്ടന്റെ വാഴത്തോട്ടത്തിൽ ഒരു കിണർ ഉണ്ട്.  മന്ത്രിച്ച വെള്ളം  അവിടെ കളഞ്ഞു, കിണറ്റിൽ നിന്നും വെള്ളം നിറച്ചു ഉമ്മാക്ക് കൊണ്ട് പോയി കൊടുത്തു. പിറ്റേന്നും ഒരു കുപ്പി വെള്ളവും ഒരു കുപ്പി ആട്ടിൻ പാലുമായി ഔക്കു മൊല്ലാക്കന്റെ അടുത്തേക്ക് നടന്നു. 

മൊല്ലാക്കനെ എന്നും ഇങ്ങനെ ശുദ്ധ ആട്ടിൻ പാൽ കുടിപ്പിക്കേണ്ട. ഔക്കു ഉറച്ചു. കുറച്ചു പാൽ വഴിയിൽ വെച്ച് കുടിച്ച ശേഷം ബാക്കി ദാമോദരേട്ടന്റെ കിണറ്റിലെ വെള്ളവും നിറച്ച് മൊല്ലാക്കക്ക് കൊണ്ട് പോയി കൊടുത്തു. 

" എടാ ഇന്നത്തെ പാൽ കണ്ടിട്ട് നെർത്തിരിക്കുന്നല്ലൊ"

" മൊല്ലാക്ക കുറച്ച് പുണ്ണാക്ക്  മന്തിരിച്ചു തെരി.. ഞാൻ ആടിന് കൊടുക്കാം.. ആട് മുഴുത്ത പാൽ തരുവായിരിക്കും".  

" അത് അന്റെ തലക്കകത്ത് തന്നെ ഉണ്ടല്ലോ, ഇങ്ങോട്ട് വാ.. ഞാൻ മന്തിരിച്ചു തെരാ....." 

ഔക്കൂ മന്ത്രിച്ച വെള്ളവുമായി വീണ്ടും തിരിച്ചു പോയി. ദാമോദരേട്ടന്റെ കിണറ്റിൽ നിന്നും വെള്ളം മാറ്റി. അതങ്ങനെ ഏഴ്‌  ദിവസവും തുടർന്നു. വെള്ളംചേർത്ത  ആട്ടിൻ പാൽ മൊല്ലാക്കയും ഏഴു ദിവസം കുടിച്ചു.  ഉമ്മാന്റെ പനി ഒക്കെ മാറി. എന്നാൽ ഔക്കുവിന്റെ ആടിന് വയറിളക്കം തുടങ്ങി. 

" മോനെ ഔക്കൂ ഇയ്യി പോയി ഒരു കുപ്പി വെള്ളം കൂടി മന്തിരിപ്പിച്ചു കൊണ്ട് വാ. ന്നാലെ ആടിന്റെ സൂക്കേട്‌ മാറൂ......"

" ഫലിക്കുവോന്നു തോന്നുന്നില്ല ഇമ്മാ, ആട് മനുഷ്യൻ അല്ലല്ലോ അയിനു മന്ത്രത്തിലും കൂടോത്രത്തിലും ഒന്നും വിശ്വാസം ഉണ്ടാവുലല്ലോ....." ഔക്കുവിന്റെ സ്വാത്വികമായ നിരീക്ഷണം.

ഔക്കു ഉപയോഗിക്കാത്ത ഗുളികകളുമായി ശശിയേട്ടന്റെ അടുത്ത് പോയി പറഞ്ഞു. 

" ഉമ്മ ഗുളിക കഴിച്ചിട്ടില്ല . പൊട്ടിച്ചിട്ടും ഇല്ല . ഇവിടെ  തന്നെ വെച്ചോളി. ഇങ്ങക്ക് ഞാൻ ദാമോദരേട്ടന്റെ കിണറ്റിലെ വെള്ളം കുറച്ച്  കൊണ്ട് തരട്ടെ. അത് വിറ്റൊളി... പനിക്ക് പറ്റിയ മരുന്നാ... ഒരാഴ്ച്ച കുടിച്ചാ മതി. ന്നാലും ന്റെ ശശിയേട്ടാ...." .

                                                                              -0-

ഒരു പാതിരാ പടത്തിന്റെ ഓർമ്മയിൽ

1987 ലെ ഒരു ഗ്രീഷ്മം. വി കെ സി ഔക്കുവിനു ഇപ്പോൾ കൊയിസ്സൻക്കാന്റെ  പല ചരക്ക്  കടയിൽ ആണ് ജോലി. ഔക്കുവിനു ഒരു ആത്മ സുഹൃത്ത് ഉണ്ട്. സതീശൻ , ഇരുവരും സമപ്രായക്കാർ . സഹപാഠികളും. സതീശൻ ലോറി ക്ളീനർ ആണ്. ലോന്ഗ്  ട്രിപ്പ് കഴിഞ്ഞു വന്നാൽ അവൻ കടയിൽ വന്നിരുന്ന് ഔക്കുവുമായി ബഡായി പറഞ്ഞിരിക്കും. ഇന്ന്  വ്യാഴം, നാളെ പടം മാറുന്ന ദിവസം. സമയം രാത്രി 8 മണി കഴിഞ്ഞു. കടയിൽ ഇപ്പോൾ ഔക്കുവും സതീശനും മാത്രം. കോയിസ്സൻക്കാ പുറത്ത് പോയതാണ്. 

" ഔക്കൂ... പടം എവിടാടാ നല്ലത് ഓടുന്നത്?" സതീശന്റെ ചോദ്യം. അവന് ഇന്ന് തന്നെ ഒരു പടം കാണണം. 

"ത്രിവേണിയിൽ പോകാം നല്ല ബിറ്റുണ്ട് , സംഗീതയിലേതും തെറ്റില്ല, പക്ഷെ  പുഴ കടക്കണം.  നേരത്തെ പോകണേങ്കിൽ , കോയിസ്സൻക്കാ സമ്മതിച്ചും കിട്ടണം " 

"എങ്ങോട്ട് ആണേലും ഞാൻ റെഡി. ഇയ്യി കോയിസ്സൻക്കാനോട്  പറയി.. ഉമ്മാക്കു സുഖം ഇല്ല നേരത്തെ വീട്ടിൽ പോണം. മൂപ്പര് വിടും." സതീശൻ ഉപായം പറഞ്ഞു കൊടുത്തു. 

സതീശന്റെ ഉപായം ഫലം കണ്ടു. കോയിസ്സൻക്കാ വന്ന ഉടനെ ഔക്കു വിവരം പറഞ്ഞു. സമ്മതം കിട്ടി. അവൻ  കടയിൽ നിന്നും പുറത്തിറങ്ങി. ഇരുവരും അത്തായം കഴിക്കാൻ ഹോട്ടലിൽ കയറി.  ഏത്  ടാക്കീസിൽ പോകണം എന്നത് ഔക്കുവിന്റെ തീരുമാനത്തിനു വിട്ടതാണ്. ഔക്കു ചിന്തയിൽ മുഴുകി.

ത്രിവേണിയിലേക്ക്  പോകാന്നു വെച്ചാൽ, പോകുന്ന വഴിക്ക് പള്ളിക്കാട്  കാണും. ഇന്ന് വെള്ളിയാഴ്ച രാവ്  (വ്യായാഴച്ച  രാത്രി ആയാൽ അങ്ങനെ പറയും) റൂഹാനീങ്ങൾ ഇറങ്ങി നടക്കുന്ന സമയം. സ്വന്തക്കാരും  ബന്ധുക്കളും ഒക്കെ ആണെങ്കിലും റൂഹാനീങ്ങൾ, റൂഹാനീങ്ങൾ തന്നെ. റിസ്ക്‌ എടുക്കേണ്ട. സംഗീതയിലേക്കുള്ള വഴിയിലും ഉണ്ട് പ്രശ്നങ്ങൾ. ദൂരം കൂടുതൽ ആണ്, പോകുന്ന വഴിക്ക് കാവ്  ഉണ്ട്, പുഴ കടക്കണം.  കാവിന്റെയും, ചുടലയുടെയും നടുക്കാണ് ഔക്കുവിന്റെ വീട് . രാത്രി ഒരു സമയം കഴിഞ്ഞാൽ കാവിനെ ലക്ഷ്യമാക്കി മരിച്ചവരുടെ ആത്മാക്കൾ സഞ്ചരിക്കും എന്ന് ഉമ്മ പറയാറുണ്ട്‌ . എതിരു പോക്ക്  എന്നാണു അതിനു പറയുക. കുട്ടികളും ഋതുമതികൾ ആയ സ്ത്രീകളും ഒക്കെ അതിനിടയിൽ പെട്ട് പോയാൽ പെട്ടത് തന്നെ.  എന്തൊക്കെ ആയാലും ബിറ്റുകളുടെ ദൈർഘ്യം, കേട്ടറിവ് വെച്ച് സംഗീതയിൽ ആണ് കൂടുതൽ . ഇന്ന്   സംഗീതയെ  തന്നെ  പ്രാപിക്കാം. ഔക്കു തീരുമാനിച്ചുറച്ചു. 

"ഞമ്മക്ക് സംഗീതയിൽ പോകടാ... "  പോറാട്ടക്ക്  മത്തിച്ചാർ ഒഴിക്കുന്നതിനിടയിൽ ഔക്കു തീരുമാനം പ്രഖ്യാപിച്ചു.

സതീശനും സമ്മതമായി. പുഴക്ക്‌  അക്കരെ ആണ് അവന്റെ വീട്. സിനിമ കഴിഞ്ഞാൽ തിരിച്ചു പോരുമ്പോൾ  പുഴ കടന്ന്  പേടിത്തൊണ്ടൻ ഔക്കു ഒറ്റയ്ക്ക്   പോകുന്ന  രംഗം മനസ്സിൽ കണ്ടു കൊണ്ട് സതീശൻ പറഞ്ഞു " നേരം കളയാതെ നമുക്ക് വേഗം വിടാം"

അങ്ങനെ ഇരുവരും പുഴയും കടന്നു സംഗീതയെ ലക്ഷ്യം വെച്ച് നീങ്ങി.

ട്ടാക്കീസിൽ  എത്തുമ്പോൾ പടം തുടങ്ങി കുറച്ചായിരുന്നു. എന്നാലും ഇരുവരും ആസ്വദിച്ചു കണ്ടു. ഇന്റർവെൽ കഴിഞ്ഞു . രംഗങ്ങൾ ഉഗ്രത്രസിപ്പിൽ എത്തി. കാണികൾക്കും. സതീശനും ഔക്കുവും   ടോയിലെറ്റിൽ പോയി വന്നു. കാണികൾ ഓരോരുത്തരും സ്ഥലം വിടാൻ തുടങ്ങി.

"ഔക്കൂ...  വാ...പോകാം" സതീശൻ  എണീറ്റു.

"അല്ല പടം തീരണ്ടേ, ലാസ്റ്റ് എന്താവും എന്നറിയണ്ടേ ?"

" ഇനി എന്ത് കുന്തം കാണാനാ. ഒടുക്കം ഇയ്യെ ഇവിടെ ഉണ്ടാവൂ എല്ലാരും പോയി തുടങ്ങി. ഇപ്പൊ പോയാൽ തന്നെ നട്ട പാതിരാക്കെ പോരേൽ എത്തൂ... വാ.... എണീക്ക് " 

സതീശന്റെ വാദം ശരിയാണെന്ന് ഔക്കുവിനും തോന്നി. ഇരുവരും വീട് ലക്ഷ്യമാക്കി നടന്നു. 

കൂരാ കൂരി ഇരുട്ട് സതീശൻ മുന്നിലും ഔക്കു പിന്നിലും ആയി അവരങ്ങനെ നടന്നു നീങ്ങി. സതീശൻ കീശയിൽ നിന്നും ദിനേശ് ബീഡി കെട്ട്  എടുത്ത് ഒന്ന് ചുണ്ടിൽ  വച്ചു മറ്റൊന്നു  ഔക്കുവിനും വെച്ചു നീട്ടി.

"എടാ ഔക്കൂ ഇയ്യി ഈ അങ്ങാടിയിൽ ഇങ്ങനെ ചുറ്റി തിരിഞ്ഞിട്ട്  എന്ത് കിട്ടാനാ. ഇന്റെ കൂടെ ലോറീൽ പോര് "

"ഞാനില്ല ഇനിക്ക് രാത്രി ആയാൽ പൊരേൽ പോണം ഉമ്മ ഒറ്റക്കാ" സതീശന്റെ ക്ഷണം ഔക്കു  ഒറ്റയടിക്ക്  നിരസിച്ചു.

 " അല്ല ഔക്കൂ .... അനക്കറിയോ കേരളം വിടുന്ന വരെ ഞാനെ ഉള്ളൂ കിളി ആയിട്ട്. പിന്നെ അവിടുന്നങ്ങോട്ട് കിളികളോട് കിളികകളാ വേണേ പോര് "

"പോടാ അവിടുന്ന്.., അനക്ക്  ഇങ്ങനെ പോയാ  എയിഡ്സ് പിടിക്കും. "

"അയ്യേ ഞാനാ ടൈപ്പ് അല്ല. ഞാൻ ഉറങ്ങും ഡ്രൈവർ അയമുക്കാ ആണ് അയിന്റെ ഉസ്താദ്‌ " 

രണ്ടു പേരും നടന്നു നടന്ന്   ഒരു വാഴത്തൊട്ടത്തിനു അടുത്തെത്തി.

"ഔക്കൂ ..... ഇയ്യി ഇവിടെ  നിക്ക് , ഞാനിപ്പം വരാം" 

സതീശൻ ഔക്കുവിനെ വരമ്പത്ത് നിർത്തി തോട്ടത്തിലേക്ക്  പോയി. അവനറിയാം വാഴക്കുല ഒക്കെ മൂത്ത് നിക്കുന്ന സമയം ആണ് . കുറെ എണ്ണം ഒക്കെ പഴുത്തതും കാണും. അധികം താമസിയാതെ സതീശൻ അഞ്ചാറ് പഴുത്ത നെന്ദ്രക്കായകളും ആയി വന്നു. അതും തിന്ന് അവരങ്ങനെ നടന്നു. ഒടുവിൽ   പുഴക്ക്‌  അടുത്ത്  തിരിച്ചെത്തി. 

സതീശന്റെ വീട് പുഴ വക്കത്താണ് . ഔക്കുവിനു പോകാൻ  അടുത്ത പറമ്പിൽ നിന്നും കുറച്ചു ഓലക്കണ്ണി പെറുക്കി കെട്ടി ചൂട്ടാക്കി കത്തിച്ചു കൊടുത്തു. അവരങ്ങനെ കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ പുഴ കടന്നു ഒരാൾ ഇങ്ങോട്ട് വരുന്നുണ്ട്. അടുത്ത് എത്താറായപ്പോൾ ആളെ മുഖം തെളിഞ്ഞു വന്നു. അത്  ഞമ്മളെ കോയിസ്സൻക്കാ തന്നെ. മൂപ്പരെ വീടും ഇക്കരെ തന്നെ ആണ്.  ഏതാണ്ട് അടുത്തെത്താറായതും ഔക്കു ചൂട്ട് കുത്തി കെടുത്തി കളഞ്ഞു. അല്ലാതെ വഴി ഇല്ല. ഉമ്മാക്ക് സുഖമില്ല എന്ന് പറഞ്ഞു മുങ്ങിയത് അല്ല  പ്രശ്നം. സിനിമക്ക്  പോയതാണെന്ന് പറഞ്ഞാൽ  മൂപ്പർ വിശ്വസിക്കില്ല, ഈ സമയത്ത് കണ്ടാൽ വേലി ചാടാൻ പോയി വരുക ആണെന്നെ പറയൂ .  കോയിസ്സൻക്കാ പേടിച്ചു വിറച്ചു പോയി പിന്നെ നിലവിളിച്ചു കൊണ്ട് ഒറ്റ ഓട്ടം. സതീശനും പോയി. ഔക്കു നേരെ പുഴിലേക്ക് നടന്നു.

ഏതാണ്ട് പുഴക്ക്‌ നടുക്കെത്തി. വേനൽ കാലം ആയതിനാൽ അധികം വെള്ളം ഇല്ല. ഏതാണ്ട് മുട്ടിനേ ഉള്ളൂ. എന്നാലും വെള്ളം അൽപം കൂടിയോ എന്ന് ഒരു സംശയം. ഭയം കൊണ്ട് ഔക്കുവിന് അങ്ങനെ ഒക്കെ തോന്നി തുടങ്ങി.

" ഇങ്ങൊട്ട്  വരുമ്പം കണ്ട വെള്ളം അല്ലല്ലോ" ഔക്കു ആരോടെന്നില്ലാതെ പറഞ്ഞു. 

"ഏയി..... ഐനാത്തിരം വെള്ളം ഒന്നും ഇല്ലേയി........"

ഞെട്ടിത്തരിച്ചു കൊണ്ട് ഔക്കു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ഒരു തല വട്ടത്തിന്  അകത്ത് കത്തുന്ന നേരിയ  തിരി നാളം മാത്രം തൊട്ടു മുൻപിൽ.  വേറെ ഒന്നും കാണാനില്ല ഔക്കു അലറി വിളിച്ചു കൊണ്ട് ഓടാൻ തുടങ്ങി. വെള്ളത്തിൽ വീണു മുങ്ങി. ഒരു വിധം എണീറ്റ് വീണ്ടും ഓടി. കാലുകൾ പൂഴിയിൽ താഴ്ന്നു പോകുന്നു . ശരീരം ആകെ കുഴഞ്ഞു പോയ  പോലെ അവനു തോന്നി . ഒരു വിധം ഇഴഞ്ഞും മറിഞ്ഞും മറുകര എത്തി. തിരിഞ്ഞു നോക്കാതെ  നേരെ നടന്നു.

കാവിനു നേരെ എത്താറായപ്പോൾ നെഞ്ചിന്റെ മിടിപ്പ് കൂടാൻ തുടങ്ങി. കുറ്റിചൂളാൻ  കൂവുന്നതായി അവന് തോന്നി. ഇക്കരെ കൂവിയാൽ അക്കരെ മരണം. അതാണ്‌  പതിവ്. ഒരു നേരിയ വെളിച്ചം കാണുന്നുണ്ട് കാവിൽ നിന്നാണോ എന്നറിയില്ല ഈ പാതിരാക്ക്‌ കാവിൽ ആരാ വിളക്ക് വെച്ചത്? ഇങ്ങോട്ട് വരുമ്പോൾ കണ്ടിരുന്നില്ലല്ലോ.  കുറച്ചു കൂടി നീങ്ങിയപ്പോൾ വ്യക്തത വന്നു. വെളിച്ചം കാവിൽ നിന്നല്ല. തൊട്ടടുത്ത് ഒരു ഓവ് പാലം ഉണ്ട് .  ഇരുവശത്തും തിണ്ടുകളോടെ . വെളിച്ചം അവിടെ നിന്നാണ്. അതെ അവിടെ രണ്ടു പേർ ഇരിക്കുന്നു. ഔക്കു അവരെ ഗൌനിക്കാതെ അതിവേഗം നടക്കാൻ നോക്കി.

"മോനെ ഔക്കൂ  ഇയ്യി  ഈ പാതിരാക്ക് എവിടുന്നാ?"

പരിചയം ഉള്ള ശബ്ദം. അതെ അത് മ്മളെ വേലുക്കുട്ടിയേട്ടനും  കുട്ടപ്പായിയേട്ടനും  ആണ്. വിളക്കും കത്തിച്ചു വെച്ച്  ഉള്ള മദ്യ സേവയിൽ . പൂള പുഴുങ്ങിയതും പുഴ മീൻ പൊരിച്ചതിന്റെയും ഒക്കെ മണം  വരുന്നു. 

"ഞാൻ സംഗീതയിൽ സെക്കണ്ട് ഷോ കയിഞ്ഞി വര്വാ...."

"ഇന്നാ നിക്ക് മോനെ ഒരു ചൂട്ടു കത്തിച്ചു തെരാ.... എടെക്കൂടെ പോണ്ടതല്ലേ...... എഴാതികൾ കാണും" കുട്ടപ്പായിയേട്ടൻ ഔക്കുവിനു ചൂട്ട്  ഉണ്ടാക്കാൻ പോയി.

"ഔക്കുവെ..... ഇയ്യി നനഞ്ഞിരിക്കണല്ലോ, പൊഴേല് വീണോ" വേലുക്കുട്ടിയേട്ടൻ നാവു കുഴഞ്ഞു കൊണ്ട് ചോദിച്ചു.

ഔക്കു പുഴയിൽ കണ്ട കാര്യങ്ങൾ പറഞ്ഞു. 

"അത് മ്മളെ മൈതീൻ അല്ലെ ഓൻ ഇപ്പ ഇബടിന്നു ആട്ട് ...പോയതെ... ള്ളൂ. പഹേന്  കള്ളും പൂളെയിം പള്ളേൽ നിറഞ്ഞാൽ പിന്നെ ഒരു കെട്ട്  ബീഡിയും  ആയി പോഴേ...പോയി ഒറ്റ കെടത്താ..... " 

വേലുക്കുട്ടിയേട്ടന്റെ വിവരണം കേട്ടതും ഔക്കുവിനു ശ്വാസം നേരെ കിട്ടി

കുട്ടപ്പായിയേട്ടൻ കത്തിച്ചു കൊടുത്ത ചൂട്ടുമായി ഔക്കു വീട്ടിലേക്ക്  നടന്നു. ഭയം ഒക്കെ കുറേശ്ശെ പോയീട്ടുണ്ട്. ഇനി ഉമ്മാന്റെ ചോദ്യം ചെയ്യൽ കൂടി ബാക്കി ഉണ്ട്. വീടെത്തി ഉറക്കത്തിൽ ആയ ഉമ്മ സമയം വൈകിയത് ഒന്നും അറിഞ്ഞിരുന്നില്ല അധികം ചോദ്യം ചെയ്യലും ഉണ്ടായില്ല. ഔക്കു കട്ടിലിൽ എത്തിയതും ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ ഔക്കു ഉണരുമ്പോൾ 10 മണി ആയിക്കാണും. കൊയിസ്സൻക്കാക്ക് ചരക്കെടുക്കാൻ പോകേണ്ടതാ. രാവിലത്തെ കാര്യങ്ങൾ ഒക്കെ വേഗം കഴിച്ചു കൂട്ടി ഔക്കു കടയിലേക്ക് നടന്നു. 

സതീശൻ രാവിലെ തന്നെ കടത്തിണ്ണയിൽ ദിനേശ് ബീഡിയും വലിച്ച്  ഇരിപ്പുണ്ട് . 

"ഔക്കൊ ഇയ്യെത്തിയോ. ഞാൻ സതീശനോട് ഇന്നലത്തെ കാര്യം പറഞ്ഞിരിക്കായിരുന്നു. ഇയ്യി പോയതും കടേൽ നല്ല തെരക്ക്. പൂട്ടാൻ വൈകിപ്പോയി. പൊയ അക്കരെ കടന്നതും രണ്ടു കള്ളന്മാർ ഇന്റടുത്തെത്തിയതും ഓര്  ചൂട്ടും കെടുത്തി ഇന്നെ  പിടിക്കാൻ  വന്നു. പീടിയ പൂട്ടി വര്വല്ലേ, കയ്യിലുള്ള കാശ് അടിച്ചെടുക്കാനുള്ള പൊറപ്പാടിൽ ആയിരുന്നു പഹയന്മാർ. എങ്ങനാ പൊരേൽ എത്തിയതുന്നു ഇനിക്കും പടച്ചോനും മാത്രേ അറിയൂ...."

സതീശൻ ചിരി അടക്കാൻ വായ പൊത്തി പിടിക്കുന്നുണ്ട്. 

അധികം കഴിഞ്ഞില്ല മൊയിതീൻക്കായും എത്തി.

കോയിസ്സൻക്കാ മൊയ്തീൻക്കാനോടും കാര്യങ്ങൾ വിവരിച്ചു 

" അയിന്  കോയിസ്സാ  ഇയ്യി അക്കരക്ക്‌  പോയതും പിന്നെ ഔക്കു പോയെലേക്ക് എറങ്ങി വരുന്നത് ആണല്ലോ ഞാൻ കണ്ടത്. ഓൻ ഇന്നെ കണ്ടപ്പം പേടിച്ച്  ഓടേയിം ചെയ്തു "

കോയിസ്സൻക്കാ ചെറിയ ഒരു മൌനത്തിനു ശേഷം.  " ഔക്കൂ... അപ്പം ഇയ്യി ആയിരുന്നു  അല്ലെ അത്. എന്തിനാടാ ചൂട്ട് കെടുത്തിയത്? എവെടെടാ മറ്റവൻ"

സതീശൻ അപ്പഴേക്കും മുങ്ങിയിരുന്നു.
                                                                                                               
                                                                     ------------------

ജിന്നും ബീവിയും പിന്നെ ഔക്കൂന്റെ ഉമ്മാന്റെ ആടും

നേർച്ചക്കാരി  ബീവിയുടെ വീട്ടിൽ ആണ്ടു നേർച്ച നടക്കുക ആണ് . സമയം  അർദ്ധ രാത്രി.  വെള്ളിയാഴ്ച രാവ് . പൗർണ്ണമി നിലാവും ഡിസംബറിന്റെ മഞ്ഞും നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം. എല്ലാവരും  മുട്ട് റാത്തീബിന്റെ നിർവൃതിയിൽ. കുറെ പേർ ദഫ്  മുട്ടിക്കൊണ്ട് ശൈഖിനു സ്തുതി പാടുന്നു അവർക്കിടയിൽ ഒരാൾ കത്തികൊണ്ട് വയറ്റിലും നെഞ്ചത്തും ഒക്കെ കത്തി  മുറിവ്  ഉണ്ടാക്കുന്നുണ്ട്. വേറെ ഒരാൾ നാവിൽ കമ്പി കേറ്റുന്നു. സംഘത്തിലെ പ്രധാനി ബീവി മന്ത്രിച്ചു വെച്ച  എണ്ണ ഇവർക്കെല്ലാം പുരട്ടി കൊടുക്കുമ്പോൾ മുറിവ് ഒക്കെ  പൂർവ്വ  സ്ഥിതി പ്രാപിക്കുന്നു.

അങ്ങനെ അത്ഭുത മായാലോകത്ത് വിഭ്രുംജിതർ ആയി  എല്ലാരും മയങ്ങി നിൽക്കുമ്പോൾ പുറത്ത് നിന്ന് ഏതോ ഒരു സ്ത്രീ ശബ്ദം. " അതാ ജിന്ന്  പോകുന്നു എല്ലാരും വരി....പടച്ചോനെ..... ജിന്ന് "

ഭക്തരിൽ ചിലരുടെ ശ്രദ്ധ ഒച്ച കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. " അതെ ശരിയാണ് വെളുത്ത രണ്ടു രൂപങ്ങൾ അതിവേഗം നീീങ്ങുന്നു. പക്ഷെ വിശാലമായ പറമ്പിന്റെ അങ്ങേ അറ്റത്ത് ആയതിനാൽ ഒന്നും വ്യക്തം അല്ല. എന്നാൽ നിലാ വെളിച്ചത്തിൽ ചെറുതും വലുതുമായ വെളുത്ത രണ്ടു രൂപങ്ങൾ അതിവേഗം മിന്നി മറഞ്ഞു പോയത് നെർച്ചക്കു വന്നവർ എല്ലാവരും കണ്ടു എന്നതാണ് വസ്തുത.

വി കെ സി ഔക്കു  എല്ലാ കൊല്ലത്തെയും പോലെ നേർച്ചയിൽ സജീവം ആയിരുന്നു. നേർച്ച  എല്ലാം കഴിഞ്ഞു പന്തൽ പൊളിച്ചു സാധന സാമഗ്രികൾ ഒക്കെ  വാങ്ങിയിടത്ത് കൊണ്ട് പോയി കൊടുത്തു. എല്ലാറ്റിലും ഔക്കുവിന്റെ നേതൃത്വം ഉണ്ട്. 

എല്ലാം കഴിഞ്ഞ്  ഔക്കു  വീട്ടിൽ എത്തി . " ഉമ്മാ ഞാൻ കുളിക്കാൻ പോണു, കഴിക്കാൻ ഉള്ളത് എന്തെങ്കിലും എടുത്തു വെക്കി. മൂന്നു ദിവസായി ഒന്നുറങ്ങീട്ട് ."

"എടാ ഔക്കൂ  നേർച്ച ചോറും അവടത്തെ പോത്ത്  ബരട്ട്യതും ഉണ്ട് ഞാൻ ചൂടാക്കി വെക്കാം ഇയ്യി കുളിച്ചു വാ" 

"ഈ ഹലാക്കിന്റെ നേർച്ച ചോറും പോത്തും അല്ലാതെ വേറെ ഒന്നും ഇല്ലെമ്മാ? മൂന്ന് ദെവസായി തിന്നു മടുത്തു" ഔക്കു പിറുപിറുത്തു 

"അനക്ക്  ഞാൻ രണ്ട്  ആനമുട്ട കൂടി പുഴുങ്ങി വെക്കാം ,,,ഹല്ല  പിന്നെ.... നാലഞ്ച്  ദെവസായി ചെക്കൻ നേർച്ചന്റെ പേരും പറഞ്ഞു പോരെല്ക്ക്  തിരിഞ്ഞു നോക്കീട്ടില്ല"  ഉമ്മാന്റെ സങ്കടം കേൾക്കാതെ ഔക്കു  കുളിക്കാൻ പോയി 

കുളി ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉമ്മ പറഞ്ഞു " എടാ ഔക്കു,   നെർച്ചക്കു പോയപ്പം ഇഷാ  നിസ്കാരം മറന്നു പോയിരുന്നു പിന്നെ പാതിരാക്ക്‌ പോരേൽ വന്നു    നിസ്ക്കരിച്ച്‌ ഇരിക്കുമ്പം ആണ്   ഇനിക്കക്കാര്യം ഓർമ്മ വന്നത്.     ഞമ്മളെ ആടിനെ ഇന്നലെ അയമ്മത്ക്കാന്റെ  പറമ്പിന്നു കഴിച്ചു കൊണ്ട്  പോരാൻ മറന്നു പോയി. നിസ്കാര കുപ്പായം അയിക്കുന്നതിനു മുൻപ് തന്നെ  ഞാൻ പോയി കയിച്ചോണ്ട് പോന്നു"

"ഉമ്മാ ഇക്കാര്യം ഇന്നോട് പറഞ്ഞത്  പറഞ്ഞു , വേറെ ആരോടും പറയണ്ട"

 "ഐലെന്താ  ഹംക്കേ ഒരു ഐബത്തരം ഞമ്മളെ ആടിനെ ഞമ്മള്  കഴിച്ചു കൊണ്ട്  പോന്നതിൽ നാട്ടുകാർക്കെന്താ?"

"ഇന്റെ ഉമ്മ വിവരം ഒന്നും അറിഞ്ഞീലെ.... ഇങ്ങളും ഇങ്ങളെ ആടും ഇന്നലെ ജിന്നായി മാറി " ഔക്കു  തലേന്നത്തെ കാര്യങ്ങൾ എല്ലാം വിവരിച്ചു. 

അങ്ങനെ  ജിന്ന്  കേറിയ നേർച്ചയും ബീവിയും കൂടുതൽ പ്രശസ്തിയിലേക്ക്  ഉയർന്നു.  ഔക്കുവും ഉമ്മയും ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും ഊറി ചിരിക്കും.
                                                 
                                                              -0-

വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു

ഔക്കുവിന്റെ  മുഴുവൻ പേര്‌ അബൂബക്കർ. 

വിളക്കിൻ കാലിന്റെ ചോട്ടിൽ വീട്ടുപെരല്ല. അങ്ങാടിയിൽ  നിന്നും വിട്ടു ചെറിയ മണ്ണിട്ട റോഡിലൂടെ   കുറച്ചു ഉള്ളോട്ടു നീങ്ങിയാൽ പിന്നെ രണ്ടു ഇട വഴികളായി പിരിയുന്ന ഒരു മുക്കിൽ ആണ് ഔക്കുവിന്റെ വീട്.

വീട്ടു പടിക്ക് മുന്നിൽ തന്നെ ഒരു വൈദ്യുതി പോസ്റ്റും അതിൽ വഴി വിളക്കും ഉണ്ട് .വിളക്ക് ആ പോസ്റ്റിൽ തന്നെ വരാൻ വേറെ ഒരു കാരണം കൂടി ഉണ്ട്. അവിടെ തന്നെ ആണ് അവരുടെ നാട്ടിലെ പ്രശസ്ത ആയ ഒരു ബീവിയുടെ വീടും. ഈ ബീവി ആണ് ആ നാട്ടിലെ മാറാ രോഗങ്ങൾ, തുമ്പ് കിട്ടാത്ത മോഷണങ്ങൾ  തുടങ്ങിയവയ്ക്ക് ഒക്കെ പരിഹാരം ഉണ്ടാക്കുന്നത്. ആയതിനാൽ പഞ്ചായത്ത് അധികാരികൾ തന്നെ മുൻകൈ എടുത്ത് അവിടെ ഒരു വഴി വിളക്ക് വെച്ചു.   സന്ധ്യ ആയി തുടങ്ങിയാൽ ഔക്കുവും കൂട്ടുകാരും സൊറ പറഞ്ഞു കൊണ്ട് അവിടെ തന്നെ കാണും. വിളക്കിനു മാത്രം അല്ല ബീവിയുടെ വീടിനും ഒരു കാവൽ എന്ന പോലെ.  അങ്ങനെ ഔക്കു, വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു  എന്നറിയപ്പെടാൻ തുടങ്ങി. വർഷം തോറും ഉള്ള ആണ്ടു നെർച്ചക്കും ഒക്കെ ബീവിക്ക് ആണ്‍ തുണ ആയി ഔക്കു അവിടെ തന്നെ കാണും. എല്ലാത്തിനും മേൽനോട്ടം വഹിച്ചു കൊണ്ട് 

ബീവിയും ഔക്കുവും തമ്മിൽ അടുക്കാൻ അവന്റെ  ചെറുപ്പത്തിൽ നടന്ന ഒരു സംഭവം കൂടി കാരണമാണ്.

അതായത് ഔക്കുവിന്റെ സുന്നത്ത് കല്യാണം നടക്കുന്ന ദിവസം. കുടുംബക്കാർ എല്ലാം വന്നിരുന്നു . വന്നവർ പലരും ഔക്കുവിനു പല തരം സമ്മാനങ്ങൾ നൽകി.  ഒരു അമ്മായി അര പവൻ മോതിരം ഇട്ടു കൊടുത്തു. എന്നാൽ ഇതൊന്നും ഔക്കുവിനെ സന്തോഷിപ്പിക്കാൻ പോന്നത് ആയിരുന്നില്ല. വൈകിട്ട് നടക്കാൻ പോകുന്ന ക്രൂര  കൃത്യം അവന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തി കൊണ്ടിരുന്നു. കൂട്ടുകാർ പറഞ്ഞു കൊടുത്ത ഭീകര രംഗങ്ങൾ ആണ് അവന്റെ മനസ്സ്  നിറയെ. ഒസാൻ വന്നാൽ  ആ സാധനം വലിച്ചു നീട്ടി ഒരു പലകയിൽ വെച്ച് ഒരൊറ്റ വെട്ടാണ്. അങ്ങനെ ബെജാരിൽ വെന്തുരുകി സമയം രാത്രി ആയി. കോലായിൽ മൗലൂദും  ദിക്രും പൊടി  പൊടിക്കുന്നു. എല്ലാരും നല്ല സന്തോഷത്തിൽ. ചന്ദനത്തിരികളുടെ പുകയും മണവും എല്ലാം നിറഞ്ഞ വല്ലാത്ത ഒരു അന്തരീക്ഷത്തിൽ ഒസാൻ അമ്മദ്ക്കാ റൂമിലേക്ക്‌ വന്നു. രാവിലെ മുതൽ ഔക്കുവിനെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്ന അമ്മാവന്മാരിൽ ഒരാൾ അവനെ പിടിച്ചു ബന്ദിയാക്കി അമ്മദ്ക്കക്കു മുൻപിൽ ഇരുത്തി. മറ്റു രണ്ടു പേർ അവനെ ഇരു കാലുകളും പിടിച്ചു വെച്ചു. അതിനിടയിൽ ഒരു കാൽ ഒന്ന് പിടി വിട്ടതും ഔക്കു മമ്മദ്ക്കാന്റെ നെഞ്ചത്തെക്കു ആഞ്ഞു ചവുട്ടി. മമ്മദ്ക്കാ മലർന്നടിച്ചു വീണു. നിമിഷങ്ങൾക്കകം കൂടി നിന്നവർ എല്ലാം കൂടി ഔക്കുവിനെ പിടിച്ചോതുക്കി. സംഭവം നടന്നു. ഔക്കുവിനെ കട്ടിലിൽ കിടത്തി. എന്താ നടന്നതെന്ന് അപ്പോൾ ഔക്കുവിനും പിടുത്തം കിട്ടിയിരുന്നില്ല. പിന്നെ പിന്നെ അവനിൽ കുറ്റബോധം വളർന്നു തുടങ്ങി. വിചാരിച്ച അത്രേം ഒന്നും ഉണ്ടായില്ല കാര്യങ്ങൾ.മമ്മദ്ക്കാനെ അങ്ങനെ ചവുട്ടണ്ടായിരുന്നു.   പിന്നെ അവൻ ദിവസങ്ങൾ എണ്ണി തുടങ്ങി. മമ്മദക്ക ഒന്നരാടൻ വരും. നേരിയ ചൂട് വെള്ളം   തുണി കൊണ്ട് കെട്ടിയ ഭാഗത്ത് ഒഴിക്കുമ്പോൾ ഉണ്ടാവുന്ന ചെറിയ നീറ്റൽ ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല. 

രണ്ടാഴ്ച കഴിഞ്ഞു. മുറിവ് എല്ലാം ഉണങ്ങി. ഔക്കുവിനെ പള്ളീൽ കൊണ്ട് പോകേണ്ട വെള്ളിയാഴ്ച വന്നു. ഔക്കു ആഘോഷപൂർവ്വം പള്ളിയിലേക്ക് ആനയിക്കപ്പെട്ടു. ഔക്കു അഭിമാന പൂർവ്വം മോതിരം എല്ലാവരെയും കാണിച്ചു. വുളു എടുക്കാൻ നേരം അമ്മാവൻ പറഞ്ഞു 

'മോനെ മോതിരം ഊരി കീശയിൽ ഇട്ടോ. നീ അതിനി ഇടരുത്. ആണുങ്ങൾ സ്വർണ്ണം ധരിക്കരുത്.'

ഔക്കുവിനു നിരാശ ആയി എങ്കിലും അവൻ അത് അനുസരിച്ചു. ഔക്കു അങ്ങാടിയിൽ ഒക്കെ വരാൻ തുടങ്ങി. വലിയ ആണ്‍ ആയെന്ന തോന്നൽ അവനെ നയിക്കാൻ തുടങ്ങി.   സമ്മാനം കിട്ടിയ വകയിൽ കുറച്ചു കാശും കയ്യിൽ ഉണ്ട്. ഇടയ്ക്കൊക്കെ  അവൻ സിനിമക്കും പോകും 

ഏതാനും ദിവസങ്ങൾ അങ്ങനെ പോയി. ഒരു ദിവസം ഔക്കു ഓടി വന്നു ഉമ്മാനോട് പരാതിപ്പെട്ടു 

'ഉമ്മാ മോതിരം കാണാൻ ഇല്ല '

'അവിടെ എവിടെങ്കിലും കാണും നീ ശരിക്ക് നോക്കിയോ ഉമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു' 

ഉമ്മയും ഔക്കുവും വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും മോതിരം കിട്ടിയില്ല. ഒടുവിൽ ബീവിയുടെ അടുത്ത് തന്നെ പോയി കാര്യം പറയാം എന്നു വെച്ചു.

അധികം താമസിച്ചില്ല. ഉമ്മ ഔക്കുവിനെയും കൂട്ടി ബീവിയുടെ അടുത്ത് പോയി. പോകുന്ന വഴിക്ക് ആക്കു പിറുപിറുക്കുന്നുണ്ടായിരുന്നു. 

'ബീവിക്ക് ഇതൊക്കെ കണ്ടു പിടിക്കാം എങ്കിൽ ഇവിടെ പോലീസെന്തിനാ? '

ബീവിയുടെ അടുത്ത് എത്തി. മാറ്റാൻ ആണുങ്ങളെ ബീവീ അകത്തേക്ക് കടത്തില്ല. ജനലിനു ഉള്ളിൽ  നിന്ന് ഉത്തരം നൽകും. ഇവിടെ ഇപ്പൊ ഔക്കുവിനു പ്രായം ആയെന്നു അവനു തോന്നി തുടങ്ങി എങ്കിലും ബീവിയുടെ കണക്കിൽ അവൻ കുട്ടിയാണ്. അതിനാൽ ഉമ്മയും അവനും അകത്തേക്ക് പ്രവേശനം കിട്ടി. 

സംഗതി എല്ലാം കേട്ട ശേഷം കുറെ നേരം മൌനത്തിൽ ഇരുന്ന ബീവി മോതിരത്തിന്റെ അവസ്ഥ വിവരിച്ചു 

'നിങ്ങൾ ഇനി മോതിരം അന്വേഷിക്കേണ്ട. അത്  തിരിച്ചു കിട്ടാൻ കഴിയാത്ത വിധം കൈമാറ്റം ചെയ്യപ്പെട്ടു പോയി. ഇനി അത് മൂലം കൂടുതൽ അനർത്ഥങ്ങൾ വരാതിരിക്കാൻ ഒരു ചരട് മന്ത്രിച്ചു തരാം അത് ഔക്കുവിന്റെ അരയിൽ  കെട്ടണം'

ഔക്കുവിനു സന്തോഷം ആയി. കുറെ കാലത്തേക്ക് സിനിമക്ക് പോകാൻ ഉള്ള കാശ് മോതിരം വഴി കിട്ടും. അല്ലേലും ആണുങ്ങൾക്ക് അത് അണിയാൻ പറ്റില്ലല്ലോ. പിന്നെ ഉമ്മ അത് വിളക്കി വേറെ എന്തെങ്കിലും ആക്കുന്നതിനു മുൻപ് അത് കാശാക്കിയ ഞാൻ ആരാ മോൻ. ഇതൊക്കെ എളുപ്പം മനസ്സിലാക്കിയ ബീവി ആരാ മോൾ. അന്ന് മുതൽ അവനും ബീവിയുടെ ആരാധകൻ ആയി .
                                                                                                                   -വരകൾക്ക്  കടപ്പാട്  - സക്കി -
                                                             -0-

ഇൽമിന്റെ സദസ്സ്

വിളക്കിൻ ചോട്ടിൽ ഔക്കു എന്ന വി കെ സി ഔക്കു വത്തക്ക കൃഷി തുടങ്ങി. വത്തക്ക വള്ളി പതുക്കെ വീടിന്റെ വിറകു പുരക്കു മുകളിലേക്ക് പടർന്നു. രാവിലെ മദ്രസയിൽ പോകുന്നതിനു മുൻപേ തന്നെ ഔക്കു വത്തക്ക തടത്തിൽ നനയ്ക്കും. വൈകീട്ട് സ്കൂൾ വിട്ടു വന്നാലും അത് തുടരും .

വത്തക്ക വള്ളിയിൽ,  പൂവും കായും വന്നു. ആദ്യത്തെ വത്തക്ക മൂപ്പെത്തിയതും ഉമ്മ പറഞ്ഞു. 

'ഔക്കൂ  ഈ വത്തക്ക ഞമ്മക്ക്  വയള്ലേക്കു കൊടുക്കാം. അനക്ക്‌  ഇൽമു    തീരെ ഇല്ല. ഇത് വരെ യാസീൻ പോലും ഇയ്യി കാണാതെ പഠിച്ചിട്ടില്ല. ഞാൻ വത്തക്കന്റെ കൂടെ ഒരു കടലാസും തരാം. ഇയ്യി അത് ഉസ്താദിനു കൊടുക്കണം. അനക്ക്  ഇൽമു  വെക്കാൻ ദുആ ഇരക്കാൻ  അയില്ല്  എഴുതും". ഉമ്മയുടെ വത്തക്ക നേർച്ചയുടെ കാരണം അതാണ് .

നാട്ടിൻ പുറങ്ങളിൽ , എല്ലാ ആണ്ടിലും പതിവുള്ള ഒന്നാണ്  രാത്രി കാലങ്ങളിലെ വയലള്  അഥവാ മത പ്രഭാഷണ പരമ്പര . ഒന്നോ രണ്ടോ ആഴ്ച വരെ അത് നീണ്ടു നിന്നേക്കാം. രണ്ടുണ്ട് കാര്യങ്ങൾ. ഒന്ന് ജങ്ങളെ ദീനീ വഴിയിൽ ഉറപ്പിച്ചു നിർത്തുക. പിന്നെ അതാത് മഹല്ലുകളുടെ കീഴിൽ ഉള്ള പള്ളി, മദ്രസകളുടെ വാർഷിക വരുമാനം സ്വരൂപിക്കുക. ആളുകൾ കാശിനു പുറമേ പല തരത്തിൽ ഉള്ള സാധനങ്ങളും അതിലേക്ക്  സംഭാവന ചെയ്യും. അവയിൽ ചിലത് അപ്പപ്പോൾ ലേലം ചെയ്തു വിറ്റു കാശ് സ്വരൂപിക്കും. അതാണ്‌ പതിവ്.


അങ്ങിനെ ഉള്ള ഒരു വയലള്  പരമ്പര നടക്കുക ആണ് . അതിലേക്ക് ആണ്  ഉമ്മ ഔക്കുവിന്റെ കന്നി വത്തക്ക നേർച്ച ചെയ്തിരിക്കുന്നത് .

ഇഷാ നിസ്കാരം കഴിഞ്ഞു ഔക്കുവും  ഉമ്മയും വത്തക്കയും ആയി വയളിന്റെ സദസ്സിലേക്ക് പോകാൻ തയ്യാർ എടുത്തു. 

പ്രഭാഷണം ആരംഭിക്കാൻ പോകുന്നത് ജനങ്ങളെ  അറിയിക്കുന്നതിന്റെ ഭാഗം ആയി ഉള്ള ബൈത്തുകൾ (കീർത്തനങ്ങൾ) ആരംഭിച്ചു. 

"അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ"........

മുഹ്യുദ്ദീൻ മാല  (ഒരു സൂഫി ഗീതം) ചൊല്ലാൻ തുടങ്ങീട്ടുണ്ട് . ലൌഡ്  സ്പീക്കർ വഴി നേരിയ തോതിൽ ആണെങ്കിലും വീട്ടിലേക്ക്  കേൾക്കാം.  ഉമ്മാക്ക്  വയള്  പോലെ  തന്നെ പ്രിയപ്പെട്ടത് ആണ് മൊയ്തീൻ മാലയും. 

ഔക്കു വത്തക്ക എടുത്ത് തലയിൽ വെച്ചു, ഉമ്മ ചൂട്ടും കത്തിച്ചു പിടിച്ചു, ഇരുവരും ഇൽമിന്റെ ( അറിവിന്റെ ) സദസ്സിനെ ലക്ഷ്യം വെച്ച്  നീങ്ങി.

വയള്  നടക്കുന്നത്  പള്ളിയോടു ചേർന്നുള്ള ഒരു പറമ്പിൽ ആണ് . വെള്ള തുണിയിൽ കെട്ടിയ ഒരു സ്റ്റേജ്  ഉണ്ട്. സദസ്യരിൽ ആണുങ്ങൾക്ക് ഇരിക്കാൻ മുന്നിൽ തന്നെ ബെഞ്ചുകൾ നിരത്തി ഇട്ടിട്ടുണ്ട്. സ്ത്രീകൾക്കുള്ള ഇരിപ്പിടം ഒരു മറ വെച്ച് അടച്ചിട്ടുണ്ട്.

പള്ളിയുടെ അടുത്ത്  എത്തിയപ്പോൾ ഔക്കു പറഞ്ഞു.

'ഉമ്മാ  ഞമ്മക്ക് പള്ളിക്കാട്  വഴി പോകാം. എളുപ്പം സദസ്സിലേക്ക് കേറാം'

'അയിന്  ഹമുക്കെ കബറിനുള്ളിൽ റൂഹാനീങ്ങൾ കാണൂലേ. പെണ്ണുങ്ങൾ കബറിന് മോളൂടെ പോകാൻ പാടില്ല'. 

'ഉമ്മാ ഈ റൂഹാനീങ്ങളിൽ  ഒന്ന് ഇന്റെ  ഉപ്പയും ബാക്കി നാട്ടാരും  സ്വന്തക്കാരും  ഒക്കെ തന്നെ അല്ലെ, അല്ലേലും ആറടി മണ്ണിനു ഉള്ളിൽ കെടക്കണ ഓല് ഞമ്മളെ എങ്ങനെ കാണാനാ'. ഔക്കുവിനു ചെറിയ തോതിൽ യുക്തി ചിന്ത.

'കാണും'.  ഉമ്മ ഉറപ്പിച്ചു പറഞ്ഞു 

'ഇന്നാ പോരി.. ഞമ്മക്ക് ഉപ്പാനെ വത്തക്ക കാണിക്കാം'. ഔക്കു നല്ല ധൈര്യത്തിൽ ആണ്. ഉമ്മ കൂടെ ഉള്ളപ്പോൾ അവനു പേടി ഉണ്ടാവില്ല. ഏത് പാതിരാക്ക്‌ ആയാലും . ഇപ്പോൾ ഇതാ ഉമ്മാനെയും ഉപ്പാനെയും ഒരുമിച്ചു കിട്ടുന്നു. അവന്റെ ധൈര്യം ഇരട്ടിച്ചു . 

ഔക്കുവിന്റെ നിർബന്ധത്തിനു ഉമ്മ വഴങ്ങി. അവർ ഔക്കുവിന്റെ ഉപ്പാന്റെ കബറിന് അടുത്തെത്തി. ഔക്കുവിനു ഇപ്പോൾ പത്തു വയസ്സുണ്ട്. അവനു അഞ്ച് വയസ്സുള്ളപ്പോൾ ആണ് ഉപ്പ പോയത്. ഔക്കു എല്ലാ വെള്ളിയാഴ്ചയും ഉപ്പാന്റെ കബറിടത്തിൽ പോയി ദുആ ചെയ്യാറുണ്ട്. 

'ഉപ്പാ ഇങ്ങോട്ട് നോക്കിയേ. ഞാൻ നട്ട്  വളർത്തിയ ആദ്യത്തെ വത്തക്ക ആണിത് . ഉമ്മാനെയും കണ്ടില്ലേ ഉപ്പാ'

ഔക്കു ഉമ്മാനെ നോക്കി. ആ കണ്ണിൽ നിന്നും ഉറവകൾ വരുന്നു. 

'നല്ല ആളാ, എന്താ  ഇത്? ഇങ്ങക്ക് എന്തേലും സ്വകാര്യം പറയാൻ ഉണ്ടെങ്കിൽ  ഞാൻ മാറി തരാം'. ഔക്കു പെട്ടെന്ന് വിഷയം മാറ്റാൻ ശ്രമിച്ചു. പിന്നെ അധികം അവിടെ നിന്നില്ല. ഇരുവരും സദസ്സിൽ എത്തി.

"മൌലായ  സ്വല്ലി  വാ....സാ ....  " എന്ന്  തുടങ്ങുന്ന അറബി ബൈത്ത് ആണ് ഇപ്പോൾ നടക്കുന്നത്. അത് കഴിയുന്നതും വയല്ള്  തുടങ്ങും. 

മുഖ്യ  പ്രാസംഗികൻ ഉസ്താദ് സ്റ്റേജ്ൽ എത്തിയിട്ടുണ്ട്. ഉമ്മ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. ഔക്കു സ്റ്റേജ്ൽ കയറി വത്തക്ക ഒരു ഭാഗത്ത് വെച്ച് ഉമ്മ കൊടുത്ത കുറിപ്പ് ഉസ്താദിനെ ഏൽപ്പിച്ചു. ഇറങ്ങി വന്നു മുന്നിൽ തന്നെ ഉള്ള ബെഞ്ചിൽ ഇരുന്നു. 

സംഭാവനകൾ ഒരു പാട് വന്നിടുണ്ട്. നെന്ദ്രക്കുല, കൈതച്ചക്ക, തുടങ്ങി കോഴി മുട്ട വരെ ഉണ്ട്.

വയള്  തുടങ്ങി.  അധികം വൈകാതെ ഔക്കുവിനു ഉറക്കം തൂകി തുടങ്ങി. എങ്കിലും അവൻ പരമാവധി ഉണർന്നിരിക്കാൻ ശ്രമിച്ചു. താൻ ആറ്റ്നോറ്റുണ്ടാക്കിയ വത്തക്ക എത്ര വിലക്ക് ലേലത്തിൽ പോകും എന്ന് അറിയാൻ അവന്  ആകാംക്ഷ ഉണ്ടായിരുന്നു. വയള്ന്റെ ഒടുക്കത്തിലേ  ലേലം വിളി തുടങ്ങൂ. വയള്  നീണ്ടു പോയതും ഉറക്കം ഔക്കുവിനെ കീഴടക്കി അവൻ ബെഞ്ചിന്റെ അരുകിൽ ചുരുണ്ടു കൂടി. 

സമയം രാത്രി മൂന്ന് മണിയോടടുത്തു. ലേലത്തിറെ കാര്യവട്ടങ്ങൾ ആരംഭിച്ചു. 

ഉസ്താദ് ആദ്യം കൈതച്ചക്ക എടുത്തു കാണിച്ചു. പേര്  പറയാൻ ഇഷ്ട്ടപെടാത്ത ഒരു സ്ത്രീ ഭർത്താവിനു  സൽബുദ്ധി വരുത്താൻ സംഭാവന ചെയ്തത് ആണ് . ഉസ്താദ് അക്കാര്യം ആദ്യമേ പറഞ്ഞു ദുആ ഇരന്നു. സദസ്സ്യർ ആമീൻ പറഞ്ഞു. പിന്നെ  സദസ്സ്യരിൽ ഒരാൾ കൈതച്ചക്കക്ക്   ആദ്യ വില പറഞ്ഞു. പത്ത് രൂപ. ഉസതാദ്   അത്  പത്ത് രൂപ  ഒരു തരം, രണ്ട് തരം എന്നിങ്ങനെ പറഞ്ഞു തുടങ്ങുന്നതിന് ഇടയ്ക്കു തന്നെ അടുത്ത വിളി വന്നു അൻപത്   രൂപ. അതങ്ങനെ നീണ്ടു പോയി. ഒടുക്കം അഞ്ഞൂറ്  രൂപക്ക്  കൈതച്ചക്ക ലേലത്തിൽ പോയി. അങ്ങനെ കോഴിമുട്ട, നെന്ദ്രക്കുല ഒക്കെ വലിയ വലിയ തുകക്ക് ഓരോരുത്തർ ലേലത്തിൽ പിടിച്ചു.

'വിളക്കിൻ  കാലിന്റെ ചോട്ടിൽ ഔക്കുനു  ഇൽമു പഠിക്കാൻ സ്വന്തം ഉമ്മ സംഭാവന ചെയ്ത വത്തക്ക ' ഉസ്താദ് ഉമ്മയുടെ കുറിപ്പ്  വത്തക്ക ഉയർത്തി പിടിച്ചു കൊണ്ട് വായിച്ചു. 

ഉറക്കത്തിൽ ആണെങ്കിലും സ്വന്തം പേര്  മൈക്കിലൂടെ പുറത്ത് വന്നത് ഔക്കുവിനെയും ഉണർത്തി. 

അൻപത്  രൂപ , നൂറു രൂപ എന്നിങ്ങനെ വിലകൾ  ഉയരാൻ തുടങ്ങി. ഔക്കുവിനു സന്തോഷവും ഉറക്കവും ഒരു പോലെ വരുന്നു. അവൻ കൊട്ട് വായി ഇട്ടുകൊണ്ട്‌ തലയിൽ കൈ വച്ച് ഇരുന്നു. ലെലേം അഞ്ഞൂറും കടന്നു ആയിരത്തിൽ എത്തി 

ആയിരം രൂപ ഒരു തരം. 
ആയിരം രൂപ രണ്ടു തരം. 
ആയിരം രൂപ രണ്ടേകാൽ തരം. 
ആയിരം രൂപ രണ്ടര തരം. 
ആയിരം രൂപ രണ്ടേ മുക്കാൽ തരം. 

ഔക്കുവിനു ക്ഷമ കെട്ടു. 'ആയിരം ഉറുപ്പ്യ  മൂന്നു തരം'. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.  ഈ പ്രഖ്യാപനത്തോടെ ഔക്കു വീണ്ടും ബെഞ്ചിലേക്ക് ചാഞ്ഞു. നിദ്രയിൽ വീണു.

പുലർക്കാല മഞ്ഞു തുള്ളികൾ ഔക്കുവിന്റെ കവിൾതടങ്ങളെ നനച്ചു കൊണ്ടിരുന്നു. ആരോ അവനെ തോണ്ടി വിളിച്ചു ഔക്കു ഉറക്കത്തിൽ നിന്ന് എണീറ്റു. വയള്  കഴിഞ്ഞു. സദസ്സിൽ ആരുമില്ല. ശുഭ്ര വസ്ത്ര ധാരിയായ ഒരാൾ രൂപം തന്റെ വത്തക്കയുമായി മുന്നിൽ നില്ക്കുന്നു. 

'ഉപ്പ.. അതെ ഉപ്പ തന്നെ'. അഞ്ചാം വയസ്സിലെ നേരിയ ഓർമ്മയിലെ ആ മുഖം അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു. വത്തക്കയുമായി നിന്ന ആൾ ഔക്കുവിന്റെ തോളിൽ തട്ടി വീണ്ടും വിളിച്ചു. 

'മോനെ ഔക്കു എണീക്ക്  നീ നിന്റെ വത്തക്കയുമായി ഉമ്മയോടൊപ്പം വീട്ടിൽ പോയിക്കോ. ഇത് ലേലത്തിൽ എടുത്ത ആൾ അത് നിനക്ക് സംഭാവന ചെയ്തിരിക്കുന്നു'

ഔക്കു  ശരിക്കും കണ്ണ് തുറന്നു. ലേലം കഴിഞ്ഞിട്ടില്ല. സദസ്യർ ആരും പോയിട്ടില്ല. മുന്നിൽ വത്തക്കയുമായി നില്ക്കുന്നത്, വയള്  പറയുന്ന ഉസ്താദ് തന്നെ. 

വത്തക്കയുമായി ഔക്കുവും ഉമ്മയും ചൂട്ടും കത്തിച്ചു വീട്ടിലേക്കു തന്നെ തിരിച്ചു നടന്നു.

                                                                 -o-