2015, ജനുവരി 31, ശനിയാഴ്‌ച

ചേര അത്ര പാവമല്ല.

കാഴ്ചയിൽ ഭീകരൻ എങ്കിലും അപകടകാരിയല്ലാത്ത ഒരു ഉരകം ആണല്ലോ ചേര. എന്നാൽ എന്റെ കാര്യത്തിൽ ഇവൻ പലപ്പോഴും വില്ലനായി വന്നിട്ടുണ്ട്. പുഴയും തോടും വയലും നീർച്ചാലുകളും എല്ലാം ഉള്ള തനി ഗ്രാമീണ പശ്ചാത്തലം ഉണ്ടായിരുന്ന ഒരിടത്തായിരുന്നു എന്റെ തറവാട് എടക്കുനി. അത് എല്ലാ തരം ഇഴ ജാതി ജന്തുക്കളുടെയും ആവാസ സ്ഥലം കൂടിയായിരുന്നു. വേനലിലും മഴയിലും വസന്തത്തിലും എല്ലാം വ്യത്യസ്ത ഭാവങ്ങൾ കാഴ്ച വച്ചിരുന്ന നെല്പാടങ്ങളും അതിനൊത്ത് വന്നും പോയുമിരുന്ന പക്ഷി മൃഗാദികളും ഒക്കെ ചേർന്ന് ഋതുഭേദങ്ങളുടെ വസന്തഭൂമിയായി ഗ്രാമത്തെ നില നിർത്തി. ഇന്ന് അതെല്ലാം പോയി. വയലോന്നും ഇല്ല. പാർപ്പിട സമുച്ചയങ്ങൾ ആ സ്ഥലങ്ങൾ ഒക്കെ കയ്യടക്കി. ഇനി ചേരയിലേക്ക് തന്നെ പോവാം. രണ്ടു തവണ അവൻ വലിയ പണി തന്നു.
ഒരിക്കൽ സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങി വരവേ പാട വരമ്പത്ത് എത്തിയപ്പോൾ ചൂട്ടിന്റെ വെളിച്ചത്തിൽ അവനെ കണ്ടു. കാലിനടിയിൽ തന്നെ. പേടിച്ചരണ്ട വെപ്രാളത്തിൽ ഞാൻ വേനലിൽ മൂത്ത് കുലച്ച നെല്പാടത്തിലേക്ക് എടുത്ത് ചാടി. കയ്യിലെ ചൂട്ട് തെറിച്ചു പോയി. അത് പിന്നെ പൊൻ കതിർ പുല്ലുകളിൽ ആളിപ്പടർന്നു. തീ കണ്ട അയൽവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തുടങ്ങുമ്പോഴേക്കും കുറെയൊക്കെ കത്തി നശിച്ചിരുന്നു.
കല്യാണം കഴിഞ്ഞാൽ പുയ്യാപ്ല സൽക്കാരത്തിന് വിളിക്കാൻ പെണ്ണിന്റെ ബാപ്പ തന്നെ വരാറുണ്ടല്ലോ. കക്ഷി കല്യാണ പിറ്റേന്ന് തന്നെ വരും. അത് മറ്റൊന്നും കൊണ്ടല്ല. മകളുടെ മുഖഭാവത്തിൽ നിന്നു തന്നെ എതൊരു പിതാവിനും പലതും വായിച്ചെടുക്കാൻ ഉണ്ടാവും. എന്റെ കാര്യത്തിലും അമ്മോശൻ പിറ്റേന്ന് തന്നെ വന്നു. അദ്ദേഹം സന്തോഷവാനായി കാണപ്പെട്ടു. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ. ഉച്ച ഭക്ഷത്തിന്റെ സമയമായി. തീൻ മേശയിൽ വിഭവങ്ങൾ നിരന്നു. പുയ്യാപ്ല എന്ന ഞാനും പുതിയോട്ടിയും മറ്റു വീട്ടുകാരും എല്ലാം ഒന്നിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങി. ഡൈനിംഗ് ഹാൾ കോലായിയോട് അടുത്ത ചെരുവിൽ ആയിരുന്നു. പെട്ടെന്ന് ആണ് അത് സംഭവിച്ചത്. ആദ്യം കണ്ടതും പുതിയോട്ടി തന്നെ. മുകളിലെ കഴുക്കോലിൽ തൂങ്ങി അവൻ ഇരിക്കുന്നു. ഭക്ഷണത്തിനു തന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ല എന്ന ചോദ്യ ഭാവത്തിൽ. ഒരു മൂട്ടൻ ചേര. അവൾ നിലവിളിച്ചു ഓടിയതും ചേര നടുവിലെ വലിയ ബിരിയാണി പാത്രത്തിലേക്ക് വീണതും ഒരുമിച്ച്. പിന്നെ അവൻ ഡൈനിംഗ് ടേബിളിൽ മൊത്തം വളഞ്ഞു പുളഞ്ഞു ഓടിക്കളിച്ചു. എല്ലാവരും കസേര വിട്ടു ഓടി. പിന്നെ അമ്മോശന്റെ കൂടെ അവളും.

2015, ജനുവരി 13, ചൊവ്വാഴ്ച

നേർക്കു നേർ....

2015, ജനുവരി 11, ഞായറാഴ്‌ച

താൽ ഹിന....