2015, മാർച്ച് 2, തിങ്കളാഴ്‌ച

സ്വപ്നാടനം:

കണ്ണ് സ്വയം കാണുന്നില്ല, ചെവി സ്വയം കേൾക്കുന്നില്ല. ഇന്ദ്രിയങ്ങൾ തലച്ചോറിന്റെ പുറം ലോകവുമായുള്ള ശൃംഗലാംഗം മാത്രം. തലച്ചോർ നാം ഉണർന്നിരിക്കുമ്പോൾ കണ്ണിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തും. എന്നാൽ ചിലപ്പോൾ സ്വപ്നത്തിലും ചിന്താവേളകളിലും അത് മുൻപ് റെക്കോർഡ്‌ ചെയ്ത കാര്യങ്ങളെ അല്പം അതിശയോക്തിയോടെ അവതരിപ്പിച്ചു തരും. ഇതും രണ്ടു വിധം ഉണ്ട്. സ്വപനത്തിൽ കാണുന്ന കാര്യത്തിൽ നമുക്ക് നിയന്ത്രണം ഇല്ല. ഉണർന്നിരിക്കുമ്പോൾ നെയ്യുന്ന ഭാവനക്ക് കടിഞ്ഞാൻ നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയും ചെയ്യും.
എന്നാൽ ഇത് രണ്ടും കൂടി ചേർത്ത് വച്ചുകൊണ്ട് സ്വപ്ന യാത്ര ചെയ്യാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? എനിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ അത് സ്വപ്നം തന്നെ ആണെന്ന് തിരിച്ചറിയും. പിന്നെ ആ സ്വപ്നത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യും. ഇത് കൌമാരത്തിൽ തുടങ്ങിയതാണ്‌. പലപ്പോഴും വായുവിലൂടെ ഒഴുകി നടക്കും ശരീരം തീർത്തും ഭാര രഹിതം ആയിരിക്കും. കാലൊന്നു ഉയർത്തിയാൽ ശരീരം മുഴുവൻ വായുവിലേക്ക് പൊങ്ങി പോവും. പിന്നെ വായുവിലൂടെ നടക്കാം. പലപ്പൊഴൂം വീട്ടിൽ നിന്ന് കൊഴിക്കൊട്ട് അങ്ങാടി വരെ ഇങ്ങനെ പറന്നു പോയിട്ടുണ്ട്. സിനിമക്ക് ടിക്കറ്റ് എടുക്കാൻ ഉള്ള കാശ് മാത്രം കയ്യിൽ ഉള്ളപ്പോൾ ബസ് യാത്ര ഇങ്ങനെ ഒഴിവാക്കിയിരുന്നു.
ഈയിടെ നാട്ടിലേക്ക് പോയി. വിമാനത്തിൽ കയറി ഇരുന്നു ജനാല വഴി മുകിൽ പടലങ്ങളെ നോക്കിയിരിക്കെ സ്വീറ്റിനു തൊട്ടടുത്ത് തന്നെയുള്ള ഡോർ പെട്ടെന്ന് തുറന്നു പോയി. ഞാൻ സ്വീറ്റിൽ നിന്ന് തെറിച്ചു മേഘങ്ങളിൽ മുങ്ങി താണു. അപ്പോൾ എനിക്കറിയാം ഇത് സ്വപ്നമാണ്. പിന്നെ ആലോചിച്ചില്ല വായുവിലൂടെ ഒന്ന് നീന്താൻ തന്നെ ഉറച്ചു. നല്ല തണുപ്പ്. താഴെ അറബിക്കടൽ. വിമാനം പറന്നകലുന്നത് കാണാം. എങ്കിലും ഇന്ത്യയുടെ കര കാണുന്നുണ്ട്. പിന്നെ കരയോടടുപ്പിച്ചു കൊണ്ട് താഴ്‌ന്നു നീങ്ങി. താഴെ എത്താറായപ്പോൾ ബുർജ് ഖലീഫ പോലെ തോന്നിപ്പിക്കുന്ന ഒരു കൂറ്റൻ സ്തൂപം കടലിൽ കൂർത്തു പൊങ്ങി കിടക്കുന്നു. പിന്നെ സംശയം.നാടെത്തിയില്ലേ? താഴെ ദുബായി ആണോ? എന്തായാലും ഇറങ്ങണം. നേരം പുലർന്നു വരുന്നതേയുള്ളൂ. പതുക്കെ അതിന്റെ മുനമ്പിൽ ഇറങ്ങി. അതൊരു കുത്തനെയുള്ള പർവ്വതം. കുറച്ചകലെ കോഴിക്കോടിന്റെ തീരം കാണാം. കോഴിക്കോട് മെഡിക്കൽ കോളേജ് ക്ലോക്ക് ടവർ കണ്ടതോടെ സമാധാനമായി. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ കൂടി പറന്നാൽ വീട്ടിൽ എത്താം. അപ്പോഴാണ്‌ ആ കാര്യം ഓർമ്മ വന്നത്. പാസ്സ്പോർട്ട് കയ്യിൽ ഇല്ല. ഇനി തരിച്ചു പോരണേൽ ഇതുപോലെ പറക്കെണ്ടേ...

3 അഭിപ്രായങ്ങൾ: