2015, മാർച്ച് 20, വെള്ളിയാഴ്‌ച

വില്ലേജ് ആപ്പീസർ

രണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ടു മാസം അവധി. അതിനിടക്ക് നാട്ടിൽ എത്തിയാൽ ചെയ്യേണ്ടത് നൂറു കൂട്ടം കാര്യങ്ങൾ. അയാൾ വിമാനത്തിൽ ഇരുന്നു കൊണ്ട് തന്നെ അവധിക്കാല പരിപരികൾ ഓരോന്നായി പ്ലാൻ ചെയ്യാൻ തുടങ്ങി. അതിൽ ആദ്യം ഓർമ്മയിൽ വന്നത് കുറെ മുൻപ് വാങ്ങിയ ഒരു ഭൂമിയുടെ കാര്യമാണ്. വർഷങ്ങൾ ആയി അതിന്റെ ഭൂനികുതി അടച്ചിട്ടില്ല. അതാദ്യം ചെയ്യണം.
തീരുമാനിച്ച പോലെ നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ ആധാരവും അതുവരെ അടച്ച നികുതി ശീട്ടുകളും എല്ലാം എടുത്ത് അയാൾ വില്ലജാഫീസിലേക്ക് തിരിച്ചു.
ആപ്പീസിൽ എത്തിയതും ഒരു കാര്യം അയാളെ സമാധാനിപ്പിച്ചു. കസേരയിൽ ഒരു സ്ത്രീ ആണ്. സ്ത്രീ ഉദ്യോഗസ്ഥർ അധികം ബുദ്ധിമുട്ടിക്കില്ല എന്നാണല്ലോ വെപ്പ്. നിര കയറി തുടങ്ങിയ മുടിയിഴകളിൽ വിരലുകൾ ഒന്ന് പായിച്ചു കൊണ്ട് ആപ്പീസർ പറഞ്ഞു.
"ഇരിക്കൂ."
അയാൾ ഇരുന്നു. ആപ്പീസർ മുഖം ഉയർത്താതെ ഫയലുകൾ മറച്ചു കൊണ്ടിരിക്കുന്നു. നേരത്തെ മുൻപിൽ വന്ന അപേക്ഷകൾ വായിക്കുന്നു. അതിൽ ചിലതിൽ ഒപ്പിടുന്നു. മറ്റു ചിലത് മാറ്റി വെക്കുന്നു. പിന്നെ കണ്ണടക്ക് മുകളിലൂടെ അയാളെ നോക്കി ചോദിച്ചു.
"എന്താ വന്നത്". കയ്യിലെ ഡോക്യുമെന്റുകൾ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ഭൂനികുതി അടക്കാൻ വന്നതാ".
ആപ്പീസർ ആധാരം എടുത്ത് വായന തുടങ്ങി. പിന്നെ അയാൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു.
"അബ്ദുൽ റാഷീദ്. കുന്നുമ്മൽ വീട്ടിൽ"
"റാഷിദ് അല്ല മാഡം, സ്കൂൾ രജിസ്റ്റരിൽ അങ്ങനെ ആയിരുന്നു പക്ഷെ ആധാരത്തിൽ റഷീദ് എന്ന് തന്നെയാണ്".അയാൾ തിരുത്താൻ ശ്രമിച്ചു.
ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ ആപ്പീസർ വീണ്ടും
"നമ്പർ അഞ്ച്, ടെൻത്ത് ബി"
അയാൾ ആകെ അങ്കലാപ്പിൽ. ഇവർ ആധാരത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ കൂടി വായിക്കുന്നു. ഈ പെണ്ണുമ്പിള്ള പത്ത് മുപ്പത് കൊല്ലം മുൻപത്തേക്ക് ആണല്ലോ പോവുന്നത്. ഇവർക്കെങ്ങനെ തന്റെ സ്കൂൾ രജിസ്റ്റരിലെ പേരും ക്ലാസ് നമ്പരും ഓർമ്മ വന്നു. ഒരു പക്ഷെ ഇവർ കൂടെ പഠിച്ചതായിരിക്കുമോ? പ്രായം ഏതാണ്ട് തന്റെതിനോട് അടുത്ത് തോന്നിപ്പിക്കുന്നുമുണ്ട്. പക്ഷെ ആ അടുപ്പം ഒന്നും പെരുമാറ്റത്തിൽ കാണുന്നുമില്ല.
"അഞ്ചു കൊല്ലായിട്ട് നികുതി ഒന്നും അടച്ചിട്ടില്ല അല്ലെ"?
ആപ്പീസർ വീണ്ടും ഗൌരവ ഭാവത്തിൽ.
അതിനിടക്ക് ആപ്പീസർക്ക് ചായയും കടിയും വന്നിരുന്നു.
പക്ഷെ അയാൾ തന്റെ മനസ്സിനെ 30 വർഷം മുൻപത്തെ ക്ലാസ് മുറിയിൽ തിരയുകയായിരുന്നു അപ്പോഴും. ദാരിദ്ര്യം നിറഞ്ഞ സ്ക്കൂൾ ജീവിത കാലം.. സഹപാഠികൾ എല്ലാം ഉച്ച ഭക്ഷണത്തിന് പോവുമ്പോൾ സ്കൂൾ കിണറ്റിലെ പച്ച വെള്ളവും കുടിച്ചു ഡെസ്ക്കിൽ തല ചാഴ്ച്ചു വിശപ്പിനെ മറക്കാൻ ശ്രമിച്ചിരുന്ന നാളുകൾ. അന്നൊക്കെ പല ദിവസങ്ങളിലും തന്റെ ഉറക്ക നാട്യത്തെ തോണ്ടി ഉണർത്തി കൊണ്ട് കുപ്പി വളയിട്ട ഒരു കൊച്ചു കൈ നീണ്ടു വരുമായിരുന്നു. കൂടെ കഴിക്കാൻ വിളിക്കും. വേണ്ടെന്നു പറഞ്ഞാൽ പിന്നെ കൊണ്ട് വന്ന എന്തെങ്കിലും പലഹാരം എടുത്ത് 'ഇതെങ്കിലും കഴിക്ക്' എന്ന് പറഞ്ഞു നീട്ടും.
"ചായ കുടിക്കുന്നോ?" ആപ്പീസറുടെ ചോദ്യം അയാളെ വീണ്ടും വില്ലേജ് ആപ്പീസിൽ എത്തിച്ചു.
"ഒരു ചായ അല്ലെ ഉള്ളൂ. അത് നിങ്ങൾ തന്നെ കുടിക്ക്. ഞാൻ വീട്ടിൽ നിന്ന് കുടിച്ചു ഇറങ്ങിയതാ".
അയാൾ മനസ്സിനെ വീണ്ടും സ്കൂളിലേക്ക് തന്നെ കൊണ്ടുപോയി. തലയും താഴ്‌ത്തി ഇരുന്നു ചിന്തയിൽ മുഴുകി. അതിനിടക്ക് ആപ്പീസർ വീണ്ടും.
" എന്നാ ഇതെങ്കിലും കഴിക്ക്"
ആ വാക്കുകൾ അയാളെ സ്ഥലകാലബോധത്തിൽ നിന്നും മാറ്റി. നേരെ നീണ്ടു വന്ന കൈകളിൽ നിന്ന് സ്വർണ്ണ വളകൾക്ക് പകരം കുപ്പി വളകളുടെ കിലുക്കം അയാൾ കേട്ടു. പിന്നെ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
"മീനാ കുമാരി. പുതിയോട്ടിൽ. നമ്പർ ഇരുപത്തൊന്ന്. ടെൻത്ത് ബി".
ഇരുവരുടെയും കണ്ണടകൾ പതുക്കെ ഉയർന്നു. പിന്നെ തുവാലകൾ നീർ കണങ്ങൾ ഒപ്പിയെടുത്ത് കൊണ്ടിരുന്നു.
******************************************************************************************************************************

4 അഭിപ്രായങ്ങൾ:

 1. ഹൃദ്യം!
  ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു കഥ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. വായനക്കും അഭിപ്രായത്തിനും നന്ദി സർ

  മറുപടിഇല്ലാതാക്കൂ
 3. ആഹാ.നന്നായി ഇഷ്ടപ്പെട്ടു.
  ചായ കുടിക്കുന്നോന്ന് ചോദിക്കുന്ന വില്ലേജ്‌ ഓഫ്ഫിസറോന്നു സംശയിച്ച്‌ വായിച്ചു വരികയായിരുന്നു.അവസാന ഭാഗം നന്നായി .

  മറുപടിഇല്ലാതാക്കൂ