2017, ജൂൺ 8, വ്യാഴാഴ്‌ച

സംശയ രോഗി

തരക്കേടില്ലാത്ത സംശയരോഗിയായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. നാല് പേര് കൂടി നിന്ന് സംസാരിക്കുന്നതിനിടയ്ക്ക് അവരിലൊരാൾ അവനെ നോക്കിപ്പോയാൽ ഉടൻ പറയും അവർ അവനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന്.

അയൽക്കാരിൽ ചിലർക്ക് തന്നോട് കടുത്ത ശത്രുതയുണ്ടെന്നും രാത്രിയായാൽ അവർ വീടിനു നേരെ കല്ലെറിയാറുണ്ടെന്നും അവൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. സത്യം മനസ്സിലാക്കാൻ ഒരു ദിവസം രാത്രി ഞാൻ അവൻ്റെ വീട്ടിൽ പോയി. ഞങ്ങൾ ഇരുവരും കോലായിൽ ഉറക്കമിളച്ച് കിടന്നു. നല്ല തണുപ്പുള്ള ഒരു ജനുവരി മാസം. ഏതാണ്ട് പുലർച്ചെ രണ്ടു മണിയായിക്കാണും. ഓടിന് മുകളിൽ എന്തോ വന്നു വീഴുന്ന ശബ്ദം ഞാനും കേട്ടു. പെട്ടെന്ന് ഞങ്ങൾ ടോർച്ചുമെടുത്ത് മുറ്റത്തേക്കിറങ്ങി നോക്കി. കല്ലൊന്നും കണ്ടില്ല.

'ദേണ്ടെ ഒരു മൊച്ചിങ്ങ വീണു കിടക്കുന്നു. നീ വെറുതെ മറ്റുള്ളവരെ സംശയിക്കരുത്.  ഈ തെങ്ങ് ഒന്നു കമ്പിയിട്ട് വലിച്ചു കെട്ടിച്ചാൽ നിൻ്റെ പ്രശ്നം തീരും'.

വീടിനു മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങ് ചൂണ്ടി ഞാൻ പറഞ്ഞു.

'അവർ നിന്നെ പോലെ പൊട്ടൻമാരല്ല. മൊച്ചിങ്ങ കൊണ്ട് എറിഞ്ഞാൽ തെളിവ് കിട്ടില്ലല്ലോ. അതിനാണവർ അങ്ങനെ ചെയ്യുന്നത്. അതേ തന്ത്രം ഞാനും പ്രയോഗിക്കാൻ പോവുകയാ'

ഇതും പറഞ്ഞ് ആ മൊച്ചിങ്ങയെടുത്ത് അവൻ അയലുപക്കത്തെ വീടിനു നേരെയെറിഞ്ഞു.
ആ വീട്ടിലെ ലൈറ്റുകൾ കത്തി. ഓട് പൊട്ടുന്ന ശബ്ദം അവരെ ഉണർത്തിക്കാണും.

'നീയിത് നിത്യവും ചെയ്യാറുണ്ടോ?' ഞാൻ ചോദിച്ചു.

'ഇല്ല അവർ എറിയുമ്പോൾ മാത്രം.' അവൻ്റെ കൃത്യമായ മറുപടി.

അതോടെ സംഗതിയുടെ കിടപ്പ് ഏതാണ്ട് ബോധ്യമായി. പിന്നെ അധികം സംസാരിക്കാതെ ഞങ്ങളുറങ്ങി.

കുറച്ച് ദിവസം കഴിഞ്ഞതും ചെങ്ങായി പോലീസ് കസ്റ്റഡിയിലായ വിവരം കിട്ടി. ഇത്തവണ അവൻ മൊച്ചിങ്ങയുമായി ചെന്ന് അയൽ വീട്ടിലെ കോലായിലിരിക്കുകയായിരുന്ന കാരണവരുടെ തലക്കിട്ട് തന്നെയായിരുന്നു എറിഞ്ഞത്. തന്തക്ക് ഏറ് കിട്ടിയത് കണ്ടപ്പോൾ മക്കളെല്ലാം  കൂടി അവനെ പിടിച്ചു കൊണ്ടു പോയി നന്നായി പൂശിയ ശേഷം പോലീസിൽ ഏൽപിക്കുകയായിരുന്നു. എന്നിട്ട് തന്തയും മക്കളും പോയി ആശുപത്രിയിൽ അഡ്മിറ്റുമായി.

വെറുതെ കയറി ചെന്നപ്പോൾ അയൽ വീട്ടുകാർ പൂർവ്വ വൈരാഗ്യം മൂലം  മർദ്ദിച്ചതാണെന്ന് കാണിച്ചു കൗണ്ടർ കേസ് കൊടുക്കാനും ആശുപത്രിയിൽ അഡ്മിറ്റാവാനും ചിലരൊക്കെ ഉപദേശിച്ചപ്പോൾ അവൻ്റെ മറുപടി ഇതായിരുന്നു.

'ഞാൻ അവരുടെ വീട്ടിൽ കയറി തന്തയെയും മക്കളെയും അടിച്ചു ശരിപ്പെടുത്തി എന്നല്ലേ കേസ്? അതങ്ങനെ തന്നെ കിടക്കട്ടെ. നാലാള് കേട്ടാൽ നാണക്കേട് അവർക്കാ.. പരിക്കിപ്പോൾ അവർക്കല്ലേ?'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ