2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാട് വിട്ട് പോകണം പോൽ !!!

ശംഖു വിളിച്ചവൻ പാടുന്നു കരിഷത്താൽ 
ശൂലം പിടിച്ചവനാടുന്നു പരുഷത്തിൽ 
ഗർഭം പറിച്ചവൻ ചൊല്ലുന്നരീശത്തിൽ,
സ്വത്വത്തെ വിട്ടുടൻ പോയിടേണം
നാടിനെ വിട്ടുടൻ പോയിടേണം
അമ്മയേ വിട്ടുടൻ പോയിടേണം
മറു നാടിനെ തേടി നീ പോയിടേണം.
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മണ്ണിടം വിട്ടതെങ്ങും.
കയ്യിലെ ശൂലമെൻ ചങ്കിൽ തറച്ചാലും
കത്തിച്ച പന്തമെൻ ജീവനെടുത്താലും
മങ്കകൾ മാനം നീ പിച്ചിയെറിഞ്ഞാലും,
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മാറിടം വിട്ടതെങ്ങും.
എങ്കിലും ചൊല്ലിടുമന്ത്യശ്വാസത്തിലും
എന്നമ്മ,  നിന്നമ്മയൊന്നു തന്നെ,
എൻ  മണ്ണും നിൻ മണ്ണുമൊന്നു തന്നെ.
പാഷാണഹൃദയത്തിൽ വേദാന്തമേൽക്കില്ല-
യെങ്കിലും ചൊല്ലിടാം മദമൊന്നു നില്ക്കുകിൽ,
മക്കൾ തൻ ചോരകൊണ്ടർപ്പണം ചെയ്യുകിൽ,
അമ്മ തൻ മാറും പിളർന്നൊലിക്കും
ചുടു ചോരയിൽ നാമങ്ങോലിച്ചു പോകും.

3 അഭിപ്രായങ്ങൾ:

  1. തിളക്കവും,മൂര്‍ച്ചയുമുള്ള വരികള്‍
    ആശംസകള്‍
    Word verification മാറ്റിയാല്‍ നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. തുടക്കം ഇഷ്ടം ആയില്ല പോകില്ല എന്ന് തുടങ്ങുന്ന ഇടം മുതല്‍ ഇഷ്ടം ആയി അപ്പോഴാണ്‌ കയ്യടക്കം വന്നത്

    മറുപടിഇല്ലാതാക്കൂ