2014, മേയ് 20, ചൊവ്വാഴ്ച

പ്രവാസം

വെണ്മണൽത്തരിയിട്ടു മൂടിയാ
കൻ മരുഭൂവിന്നുള്ളിലായ്
ദൂരെയങ്ങകൽ ദിക്കിലേക്കായി
നീട്ടി വച്ചൊരാപാതയിൽ.....
ജീവിത ഭാരം കൈകൾക്കേകിയാ
ചക്ര വീണയിൽ മീട്ടി ഞാൻ
ചക്രവാളത്തിന്നപ്പുറത്തുള്ള
പൊൻ കിനാവിനെയോർത്തു പോയി.
സ്വന്തമായോരാമന്ദിരത്തിനായ്
വന്നതല്ലെയീ മണ്ണിതിൽ
ആഗ്രഹിച്ചോരാഗൃഹാ  സാഫല്യം
ആയിടാനാവതാകുമോ?...
ചൊല്ലിടട്ടെയെൻ പാതി ജീവനോ-
ടുള്ളിലുള്ളോരാ  സങ്കടം.
ഒഴികഴിവത് ചൊല്ലീടാനെനി-
ക്കർഹതയൊന്നുമില്ലേലും
എത്ര കാലമതെത്ര കാലമീ യാത്ര-
യെന്നതറിയില്ല .
ജീവിത സഖി കാത്തു നില്ക്ക നീ
സാന്ദ്രമായൊരാ രാവിനെ.
നഷ്ട ജീവിത ദാഹ മോഹങ്ങൾ
തീർത്തിടുന്നൊരാ നാളിനെ.
നാടണഞ്ഞോരാ നാളതിൽ കണ്ടോ-
രോർമ്മകൾ തിര തള്ളുമ്പോൾ,
കുഞ്ഞു മോളവൾ പുഞ്ചിരിയതെൻ
നെഞ്ചകം നിറകൊള്ളുമ്പോൾ,
ആർദ്രമാവുമെൻ മിഴിയിണകളി -
ലാശാ മന്ത്രം ചൊരിയൂ നീ....
അമ്പിളിയവൾ തന്നിടുന്നോരാ
ചുംബന മണി മുത്തുകൾ
ശോകമാർന്ന നിൻ കന്ദളങ്ങളിൽ
പൂവിതൾ സ്പർശമേകുമ്പോൾ,
പ്രേയസീ നിൻ  മാനസമതിൽ
ചന്ദനക്കുളിർ വീശില്ലേ?....
അത്ര പൊലുമൊരാശ്വാസമെനി-
ക്കേകീടാനാരുമില്ലല്ലോ.
ഏകനാണു ഞാനേകനാണു ഞാനീ
മരുഭൂവിൻ പാതയിൽ.
അർത്ഥമെത്തിര വന്നണഞ്ഞാലും,
വ്യർത്ഥമാകുമീ യൌവനം,
വ്യർത്ഥമാകുമീ ജീവിതം.
 ഓഡിയോ ഈ ലിങ്കിൽ ലഭ്യമാണ്

4 അഭിപ്രായങ്ങൾ: