2014, മേയ് 7, ബുധനാഴ്‌ച

കുറ്റിചൂളാൻ

കുറ്റിചൂളാൻ എന്ന് വിളിക്കപ്പെടുന്ന ഈ റൂഹാൻ കിളി, ഇവനെ ചിലർ കാലൻ കോഴി എന്നും വിളിക്കാറുണ്ട് .
കുട്ടി പ്രായത്തിൽ പലപ്പോഴും രാത്രി കാലങ്ങളിൽ ഇവന്റെ ശബ്ദം കേട്ടാൽ ഉമ്മ പറയും, ശബ്ദം അക്കരെ നിന്നാണെങ്കിൽ ഇക്കരെ മരണം. ഇനി ഇക്കരെ നിന്നാണെങ്കിൽ അക്കരെ മരണം. വീടിനു അധികം അകലെ അല്ലാതെ പുഴ ഉള്ളതിനാൽ പിറ്റേന്നത്തെ ആ ദുഃഖ വാർത്ത പുഴക്കക്കര നിന്നോ ഇക്കര നിന്നോ എന്നോർത്തും കൊണ്ട് ചെറിയ ഒരു ഉൾകിടിലത്തോടെ ഉറങ്ങിയിരുന്ന അന്നത്തെ രാത്രികൾ. എങ്കിലും കേവല യുക്തി ഉള്ളിൽ പറയുമായിരുന്നു അതിലൊന്നും വലിയ കാര്യം ഉണ്ടാവില്ല.

അങ്ങനെയിരിക്കെ 1977ലെ ആഗസ്ത് 17, ഒരു ബുധനാഴ്ച, നോമ്പ് മാസം രണ്ടാം തിയ്യതി, എനിക്ക് പ്രായം 8 വയസ്സ് . ബാപ ആശുപത്രിയിൽ ആണ്. നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിൽ. നോമ്പെല്ലാം തുറന്ന് അങ്ങനെ ഇരിക്കുമ്പോൾ കുറ്റി ചൂളാന്റെ ശബ്ദം കേട്ടു. ഹൂ..ഹാ..ഹാ ... എന്ന രീതിയിൽ പേടിപ്പെടുത്തുന്ന ആ ശബ്ദം പുഴക്ക്‌ അക്കരെ നിന്ന് തന്നെ. ഉമ്മയുടെ മുഖം വല്ലാതായി. അതൊന്നും വലിയ കാര്യം ആക്കാതെ ഞാനും സഹോദരങ്ങളും കോലായിൽ കളിച്ചു കൊണ്ടിരുന്നു. രാത്രി ഒരു 12 മണിയോളം ആയിക്കാണും ഒരു മഞ്ചൽ റാന്തൽ വിളക്കിന്റെ അകമ്പടിയിൽ വീടിനു മുൻപിലേക്ക് വലിയൊരു ജനാവലിയോടെ വന്നടുക്കുന്നത് ഇന്നും ഓർമയിലെ മായാത്ത ചിത്രം ആണ്.

ചില കാര്യങ്ങൾ അങ്ങനെ ആണ്. ആകസ്മികം ആയി സംഭവിക്കുന്ന പലതും അവയ്ക്ക് മുൻപ് മനസ്സിൽ കയറിപ്പോയ അന്ധ വിശ്വാസങ്ങളുമായി ചേർന്ന് വരുമ്പോൾ അതൊരു വല്ലാത്ത ന്യായീകരണം സൃഷ്ടിക്കും. പിന്നീട് പലപ്പോഴും ഈ കാലൻ കിളിയുടെ കൂവൽ കേട്ടിട്ടുണ്ട്. വിശ്വാസം ഉറപ്പിക്കാൻ പത്ര താളുകളിലെ ചരമ കോളങ്ങൾ തേടി പോയെങ്കിലും കണ്ടില്ല.

1 അഭിപ്രായം: