2016, ജൂൺ 19, ഞായറാഴ്‌ച

നേന്ത്രക്കുല

കോളേജിൽ പഠിക്കുമ്പോൾ രാവിലത്തെ ഷിഫ്റ്റിൽ ആയിരുന്നു ഞാൻ. ഉച്ചയോടെ ക്ലാസ് കഴിയും. പിന്നെ വീട്ടിൽ ചെന്ന് ലഞ്ചും കഴിച്ച് ഒരൽപം വിശ്രമിച്ച ശേഷം മലകയറ്റമാണ്. കുറ്റിയും വടിയും ബാറ്റും പന്തുമെല്ലാമായി കശ്മീർ കുന്നിലേക്ക്.
വിശാലമായ ആ കുന്നിൻ മുകളിൽ എത്തിയാൽ സ്വർഗ്ഗീയ സുഖം തന്നെയാണ്. തീർത്തും വ്യത്യസ്തമായ കാലാവസ്ഥ. പടിഞ്ഞാറ് നിന്നും അറബിക്കടലിൻ്റെ കുളിർ കാറ്റ് പുൽമേടുകളെ തഴുകി കയറി വരും. വൈകീട്ട് ഫുട്ട്ബാൾ കളിക്കാർ വരുന്നത് വരേ ഞങ്ങളുടെ 20-20 മൽസരം പൊടി പൊടിക്കും. ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ജ്യോതിസ്സ് മയങ്ങാനൊരുങ്ങുമ്പോൾ പടിയിറക്കം. അതായിരുന്നു പതിവ്.
മൂന്ന് നാല് മണിക്കൂർ നീളുന്ന കളിക്കിടയിൽ കുടിക്കാൻ വെള്ളവും മലഞ്ചരിവിൽ നിന്ന് തന്നെ കരുതും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തലേന്ന് ഞാനൊരു കുല നേന്ത്രപ്പഴം വാങ്ങി വെച്ചിരുന്നു. വൈകീട്ട് പച്ചക്കറി വാങ്ങാൻ പോയപ്പോൾ കടക്കാരൻ പഴുത്തു മൂത്ത് കറുത്ത് തുടങ്ങിയ ഒരു നേന്ത്രക്കുല കാണിച്ച് അതങ്ങ് മൊത്തമായങ്ങ് എടുക്കട്ടെയെന്നൊരു ചോദ്യം.
ഞാനൊരു നേന്ത്രപ്പഴ ആരാധകനാണെന്ന കാര്യം അറിയാവുന്ന പുള്ളി എന്നെ കണ്ടാൽ, പഴുത്ത് തൂങ്ങിയ നേന്ത്രക്കുല പിടിച്ച് തിരിച്ചു കാണിക്കും. വീഴാറായ രണ്ടോ മൂന്നോ കായ ഇരിഞ്ഞു തരും. കയ്യിലുള്ള കാശ് എന്തെങ്കിലും കൊടുത്താൽ മതി. ഇത്തവണ പക്ഷേ കുല മൊത്തം കൊണ്ടു പോവുന്നോ എന്നാണല്ലോ ചോദ്യം. വിലയിൽ ഡിസ്കൌണ്ട് ഉണ്ട്. കാശ് പിന്നെ തന്നാൽ മതിയെന്നും കൂടി പറഞ്ഞപ്പോൾ ഞാനാ കുലയങ്ങു വാങ്ങി.
ഈ വാഴക്കുലയാണ് കഥയിലെ വില്ലനായി വരുന്നത്. പിറ്റേന്ന് ആ വാഴക്കുലയും ഞങ്ങളുടെ കൂടെ മല കയറി. ഞങ്ങൾ മാറി മാറി തോളിലേറ്റിക്കൊണ്ട് നിലം തൊടീക്കാതെ അവനെയും മുകളിലെത്തിച്ചു.
ക്രിക്കറ്റ് കളിയിൽ തോൽക്കുന്ന ടീമിനെക്കൊണ്ട് നേന്ത്രക്കുലയുടെ കാശ് കൊടുപ്പിക്കാം. മാർക്കറ്റ് വില വെച്ച് എല്ലാവരിൽ നിന്നും ഈടാക്കിയാൽ ഡിസ്കൌണ്ട് കിട്ടിയ കാശ് എൻ്റെ പോക്കറ്റിൽ വരുകയും ചെയ്യും. അതെല്ലാമായിരുന്നു കണക്ക് കൂട്ടലുകൾ. അതൊന്നും പിഴച്ചില്ല എൻ്റ ടീം കളി തോറ്റെങ്കിലും ലാഭം കീശയിൽ ഭദ്രമായിരുന്നു.
കളി കഴിഞ്ഞു. ഏല്ലാവരും ഓരോ പഴം വീതം എടുത്ത് കഴിച്ചു. ഞാനാണെങ്കിൽ അന്ന് ഉച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല. നല്ല വിശപ്പുണ്ട്. മറ്റുള്ളവർക്കാർക്കും ബാക്കി വന്ന പഴം വേണ്ട. പക്ഷേ ഞാനവ ഉപേക്ഷിച്ചില്ല. എത്രയെണ്ണം എന്നോർമയില്ല ബാക്കി വന്നതൊക്കെ അകത്താക്കി.
തിരിച്ചു പോരാൻ തുടങ്ങിയതും എനിക്ക് ചെറിയ തോതിൽ വയറ് വേദന തുടങ്ങി. മലയിറങ്ങി റോട്ടിൽ എത്തിയതും വേദന സഹിക്ക വയ്യാതായി. കൂട്ടുകാർ എല്ലാം പല വഴിക്ക് പിരിഞ്ഞിരുന്നു. ഞാൻ നിലത്ത് കിടന്നു ഉരുളാൻ തുടങ്ങി. അത് വഴി വന്നൊരു പരിചയക്കാരൻ എന്നെ പൊക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. നേരം ഇരുണ്ട് തുടങ്ങിയിരുന്നു.
മറ്റു രോഗികൾ എല്ലാം വഴി മാറിത്തന്നു. മണ്ണിൽ കുഴഞ്ഞ എന്നെ താങ്ങി കൊണ്ട് വരുന്നത് കണ്ട അവിടെയുള്ള രോഗികൾ മാത്രമല്ല ഡോക്ടർ പോലും ചിന്തിച്ചത് സാമാന്യ യുക്തിയിൽ തന്നെയായിരുന്നു. ഫിറ്റായത് തന്നെ.
കട്ടിലിൽ കിടത്തിയ എൻ്റെ അടുത്തേക്ക്‌ വരുമ്പോൾ ഡോക്ടറുടെ ചോദ്യം.
''ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ തുടങ്ങിയാൽ എങ്ങിനെയാ കുട്ടീ... ലിവർ അടിച്ചു പോവില്ലേ?".
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഒരൽപം ദേഷ്യത്തോടെ തന്നെ ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കാഞ്ഞ വയറ്റിൽ പഴം അമിതമായി അടിച്ചു കയറ്റിയതാണ് പ്രശ്നം എന്ന് ഡോക്റും വ്യക്തമാക്കി.
പിന്നെ അദ്ധേഹം ചോദിച്ചു;
"വേദന നിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ട്. പക്ഷേ വീട് അടുത്താണെങ്കിൽ മാത്രം തരാം. കാരണം ഇത് വളരെ സ്ട്രോങ്ങ് ആണ്. മരുന്നെടുത്ത് അര മണിക്കൂറിനുള്ളിൽ രോഗി ഉറങ്ങിപ്പോവും. ഇനി ഇതും അടിച്ച് റോട്ടിൽ കിടന്നാൽ കഥ പൂർത്തിയാവും. എന്താ വേണോ?"
അര മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കോളാമെന്ന എൻ്റെ ഉറപ്പിൽ ഡോക്ടർ ഇഞ്ചക്ഷൻ തന്നു. മരുന്ന് ഉള്ളിൽ കയറിയതും വേദന കുറഞ്ഞ് വന്നു. പഴക്കുല വിറ്റ് കിട്ടിയ മുതലും ലാഭവും ഡോക്ടർക്ക് ഫീസായും നൽകി ഞാൻ വീട്ടിലേക്കോടി.
കാരണം, നടന്നാൽ ഒരു മണിക്കൂർ കൊണ്ടൊന്നും വീട്ടിലെത്തില്ല. വെള്ളമടിയല്ല കാരണമെന്ന് ഡോക്ടർക്ക്‌ മാത്രമേ ബോധ്യം വന്നുള്ളൂ. അവിടെ കണ്ട രോഗികൾ മുഴുവൻ നാട്ടുകാരാണ്. അവർ നാളെ പറയാൻ പോവുന്ന കഥയ്ക്ക് പൂർണ്ണ സ്ഥിരീകരണമാവും പോണ വഴിക്ക്‌ വഴിവക്കിൽ വീണുറങ്ങിയാൽ എന്ന ഡോക്ടറുടെ നിരീക്ഷണം ശരിയാണ്.
ഓടിക്കിതച്ച് വീട്ടിലെത്താൻ സമയമില്ല. അങ്ങാടിയിൽ തന്നെയുള്ള അമ്മാവൻ്റെ വീട്ടിൽ ഒരുവിധം പാഞ്ഞെത്തി. കട്ടിലിൽ ചാടിക്കയറി പുതപ്പെടുത്തണിഞ്ഞു ഉറക്കത്തെയും പ്രതീക്ഷിച്ചങ്ങനെ കിടന്നു പുലരുവോളം. ഉറക്കം മാത്രം വന്നില്ല.
ഇങ്ങനെയാണ് ഈ കഥ പറയേണ്ടത്. പക്ഷെ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു.
അന്നൊരു വെള്ളിയാഴചയായിരുന്നുവെന്നു പറഞ്ഞല്ലോ. കോളേജ് വിട്ടു വന്നപ്പോൾ ജുമാ നിസ്കാരം നടക്കുന്നുണ്ടായിരുന്നു. അങ്ങാടിയിൽ കടകൾ മിക്കതും അടഞ്ഞു കിടക്കുന്ന സമയം. പച്ചക്കറിക്കട സ്വന്തം ജ്യഷ്ഠന്റെ തന്നെ ആയിരുന്നു. പഴക്കുലയും പച്ചക്കറിയും ഒന്നും ആ സമയത്ത് അകത്തെടുത്ത് വെക്കാറില്ല. ചാക്കു കൊണ്ടു വെറുതെ മൂടിയിടുകയേ ഉള്ളൂ... ആ തക്കം നോക്കി ഏറ്റവും പഴുത്ത കുലയൊരെണ്ണവും പൊക്കി ഞാൻ മലയിലേക്ക് നടന്നു കയറി. കൂട്ടുകാർ എല്ലാം സാവധാനം ഭക്ഷണവും കഴിച്ചു വരുന്നത് വരെ നേന്ത്രപ്പഴത്തിന്റെ മധുരവും ആസ്വദിച്ചു കൊണ്ട് അവിടെ കാറ്റിനോട് കഥകളും പറഞ്ഞിരിക്കുകയായിരുന്നു ഞാൻ.

                                                            -0-
                                                                         

1 അഭിപ്രായം: