2014, മാർച്ച് 24, തിങ്കളാഴ്‌ച

ഇൽമിന്റെ സദസ്സ്

വിളക്കിൻ ചോട്ടിൽ ഔക്കു എന്ന വി കെ സി ഔക്കു വത്തക്ക കൃഷി തുടങ്ങി. വത്തക്ക വള്ളി പതുക്കെ വീടിന്റെ വിറകു പുരക്കു മുകളിലേക്ക് പടർന്നു. രാവിലെ മദ്രസയിൽ പോകുന്നതിനു മുൻപേ തന്നെ ഔക്കു വത്തക്ക തടത്തിൽ നനയ്ക്കും. വൈകീട്ട് സ്കൂൾ വിട്ടു വന്നാലും അത് തുടരും .

വത്തക്ക വള്ളിയിൽ,  പൂവും കായും വന്നു. ആദ്യത്തെ വത്തക്ക മൂപ്പെത്തിയതും ഉമ്മ പറഞ്ഞു. 

'ഔക്കൂ  ഈ വത്തക്ക ഞമ്മക്ക്  വയള്ലേക്കു കൊടുക്കാം. അനക്ക്‌  ഇൽമു    തീരെ ഇല്ല. ഇത് വരെ യാസീൻ പോലും ഇയ്യി കാണാതെ പഠിച്ചിട്ടില്ല. ഞാൻ വത്തക്കന്റെ കൂടെ ഒരു കടലാസും തരാം. ഇയ്യി അത് ഉസ്താദിനു കൊടുക്കണം. അനക്ക്  ഇൽമു  വെക്കാൻ ദുആ ഇരക്കാൻ  അയില്ല്  എഴുതും". ഉമ്മയുടെ വത്തക്ക നേർച്ചയുടെ കാരണം അതാണ് .

നാട്ടിൻ പുറങ്ങളിൽ , എല്ലാ ആണ്ടിലും പതിവുള്ള ഒന്നാണ്  രാത്രി കാലങ്ങളിലെ വയലള്  അഥവാ മത പ്രഭാഷണ പരമ്പര . ഒന്നോ രണ്ടോ ആഴ്ച വരെ അത് നീണ്ടു നിന്നേക്കാം. രണ്ടുണ്ട് കാര്യങ്ങൾ. ഒന്ന് ജങ്ങളെ ദീനീ വഴിയിൽ ഉറപ്പിച്ചു നിർത്തുക. പിന്നെ അതാത് മഹല്ലുകളുടെ കീഴിൽ ഉള്ള പള്ളി, മദ്രസകളുടെ വാർഷിക വരുമാനം സ്വരൂപിക്കുക. ആളുകൾ കാശിനു പുറമേ പല തരത്തിൽ ഉള്ള സാധനങ്ങളും അതിലേക്ക്  സംഭാവന ചെയ്യും. അവയിൽ ചിലത് അപ്പപ്പോൾ ലേലം ചെയ്തു വിറ്റു കാശ് സ്വരൂപിക്കും. അതാണ്‌ പതിവ്.


അങ്ങിനെ ഉള്ള ഒരു വയലള്  പരമ്പര നടക്കുക ആണ് . അതിലേക്ക് ആണ്  ഉമ്മ ഔക്കുവിന്റെ കന്നി വത്തക്ക നേർച്ച ചെയ്തിരിക്കുന്നത് .

ഇഷാ നിസ്കാരം കഴിഞ്ഞു ഔക്കുവും  ഉമ്മയും വത്തക്കയും ആയി വയളിന്റെ സദസ്സിലേക്ക് പോകാൻ തയ്യാർ എടുത്തു. 

പ്രഭാഷണം ആരംഭിക്കാൻ പോകുന്നത് ജനങ്ങളെ  അറിയിക്കുന്നതിന്റെ ഭാഗം ആയി ഉള്ള ബൈത്തുകൾ (കീർത്തനങ്ങൾ) ആരംഭിച്ചു. 

"അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ"........

മുഹ്യുദ്ദീൻ മാല  (ഒരു സൂഫി ഗീതം) ചൊല്ലാൻ തുടങ്ങീട്ടുണ്ട് . ലൌഡ്  സ്പീക്കർ വഴി നേരിയ തോതിൽ ആണെങ്കിലും വീട്ടിലേക്ക്  കേൾക്കാം.  ഉമ്മാക്ക്  വയള്  പോലെ  തന്നെ പ്രിയപ്പെട്ടത് ആണ് മൊയ്തീൻ മാലയും. 

ഔക്കു വത്തക്ക എടുത്ത് തലയിൽ വെച്ചു, ഉമ്മ ചൂട്ടും കത്തിച്ചു പിടിച്ചു, ഇരുവരും ഇൽമിന്റെ ( അറിവിന്റെ ) സദസ്സിനെ ലക്ഷ്യം വെച്ച്  നീങ്ങി.

വയള്  നടക്കുന്നത്  പള്ളിയോടു ചേർന്നുള്ള ഒരു പറമ്പിൽ ആണ് . വെള്ള തുണിയിൽ കെട്ടിയ ഒരു സ്റ്റേജ്  ഉണ്ട്. സദസ്യരിൽ ആണുങ്ങൾക്ക് ഇരിക്കാൻ മുന്നിൽ തന്നെ ബെഞ്ചുകൾ നിരത്തി ഇട്ടിട്ടുണ്ട്. സ്ത്രീകൾക്കുള്ള ഇരിപ്പിടം ഒരു മറ വെച്ച് അടച്ചിട്ടുണ്ട്.

പള്ളിയുടെ അടുത്ത്  എത്തിയപ്പോൾ ഔക്കു പറഞ്ഞു.

'ഉമ്മാ  ഞമ്മക്ക് പള്ളിക്കാട്  വഴി പോകാം. എളുപ്പം സദസ്സിലേക്ക് കേറാം'

'അയിന്  ഹമുക്കെ കബറിനുള്ളിൽ റൂഹാനീങ്ങൾ കാണൂലേ. പെണ്ണുങ്ങൾ കബറിന് മോളൂടെ പോകാൻ പാടില്ല'. 

'ഉമ്മാ ഈ റൂഹാനീങ്ങളിൽ  ഒന്ന് ഇന്റെ  ഉപ്പയും ബാക്കി നാട്ടാരും  സ്വന്തക്കാരും  ഒക്കെ തന്നെ അല്ലെ, അല്ലേലും ആറടി മണ്ണിനു ഉള്ളിൽ കെടക്കണ ഓല് ഞമ്മളെ എങ്ങനെ കാണാനാ'. ഔക്കുവിനു ചെറിയ തോതിൽ യുക്തി ചിന്ത.

'കാണും'.  ഉമ്മ ഉറപ്പിച്ചു പറഞ്ഞു 

'ഇന്നാ പോരി.. ഞമ്മക്ക് ഉപ്പാനെ വത്തക്ക കാണിക്കാം'. ഔക്കു നല്ല ധൈര്യത്തിൽ ആണ്. ഉമ്മ കൂടെ ഉള്ളപ്പോൾ അവനു പേടി ഉണ്ടാവില്ല. ഏത് പാതിരാക്ക്‌ ആയാലും . ഇപ്പോൾ ഇതാ ഉമ്മാനെയും ഉപ്പാനെയും ഒരുമിച്ചു കിട്ടുന്നു. അവന്റെ ധൈര്യം ഇരട്ടിച്ചു . 

ഔക്കുവിന്റെ നിർബന്ധത്തിനു ഉമ്മ വഴങ്ങി. അവർ ഔക്കുവിന്റെ ഉപ്പാന്റെ കബറിന് അടുത്തെത്തി. ഔക്കുവിനു ഇപ്പോൾ പത്തു വയസ്സുണ്ട്. അവനു അഞ്ച് വയസ്സുള്ളപ്പോൾ ആണ് ഉപ്പ പോയത്. ഔക്കു എല്ലാ വെള്ളിയാഴ്ചയും ഉപ്പാന്റെ കബറിടത്തിൽ പോയി ദുആ ചെയ്യാറുണ്ട്. 

'ഉപ്പാ ഇങ്ങോട്ട് നോക്കിയേ. ഞാൻ നട്ട്  വളർത്തിയ ആദ്യത്തെ വത്തക്ക ആണിത് . ഉമ്മാനെയും കണ്ടില്ലേ ഉപ്പാ'

ഔക്കു ഉമ്മാനെ നോക്കി. ആ കണ്ണിൽ നിന്നും ഉറവകൾ വരുന്നു. 

'നല്ല ആളാ, എന്താ  ഇത്? ഇങ്ങക്ക് എന്തേലും സ്വകാര്യം പറയാൻ ഉണ്ടെങ്കിൽ  ഞാൻ മാറി തരാം'. ഔക്കു പെട്ടെന്ന് വിഷയം മാറ്റാൻ ശ്രമിച്ചു. പിന്നെ അധികം അവിടെ നിന്നില്ല. ഇരുവരും സദസ്സിൽ എത്തി.

"മൌലായ  സ്വല്ലി  വാ....സാ ....  " എന്ന്  തുടങ്ങുന്ന അറബി ബൈത്ത് ആണ് ഇപ്പോൾ നടക്കുന്നത്. അത് കഴിയുന്നതും വയല്ള്  തുടങ്ങും. 

മുഖ്യ  പ്രാസംഗികൻ ഉസ്താദ് സ്റ്റേജ്ൽ എത്തിയിട്ടുണ്ട്. ഉമ്മ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. ഔക്കു സ്റ്റേജ്ൽ കയറി വത്തക്ക ഒരു ഭാഗത്ത് വെച്ച് ഉമ്മ കൊടുത്ത കുറിപ്പ് ഉസ്താദിനെ ഏൽപ്പിച്ചു. ഇറങ്ങി വന്നു മുന്നിൽ തന്നെ ഉള്ള ബെഞ്ചിൽ ഇരുന്നു. 

സംഭാവനകൾ ഒരു പാട് വന്നിടുണ്ട്. നെന്ദ്രക്കുല, കൈതച്ചക്ക, തുടങ്ങി കോഴി മുട്ട വരെ ഉണ്ട്.

വയള്  തുടങ്ങി.  അധികം വൈകാതെ ഔക്കുവിനു ഉറക്കം തൂകി തുടങ്ങി. എങ്കിലും അവൻ പരമാവധി ഉണർന്നിരിക്കാൻ ശ്രമിച്ചു. താൻ ആറ്റ്നോറ്റുണ്ടാക്കിയ വത്തക്ക എത്ര വിലക്ക് ലേലത്തിൽ പോകും എന്ന് അറിയാൻ അവന്  ആകാംക്ഷ ഉണ്ടായിരുന്നു. വയള്ന്റെ ഒടുക്കത്തിലേ  ലേലം വിളി തുടങ്ങൂ. വയള്  നീണ്ടു പോയതും ഉറക്കം ഔക്കുവിനെ കീഴടക്കി അവൻ ബെഞ്ചിന്റെ അരുകിൽ ചുരുണ്ടു കൂടി. 

സമയം രാത്രി മൂന്ന് മണിയോടടുത്തു. ലേലത്തിറെ കാര്യവട്ടങ്ങൾ ആരംഭിച്ചു. 

ഉസ്താദ് ആദ്യം കൈതച്ചക്ക എടുത്തു കാണിച്ചു. പേര്  പറയാൻ ഇഷ്ട്ടപെടാത്ത ഒരു സ്ത്രീ ഭർത്താവിനു  സൽബുദ്ധി വരുത്താൻ സംഭാവന ചെയ്തത് ആണ് . ഉസ്താദ് അക്കാര്യം ആദ്യമേ പറഞ്ഞു ദുആ ഇരന്നു. സദസ്സ്യർ ആമീൻ പറഞ്ഞു. പിന്നെ  സദസ്സ്യരിൽ ഒരാൾ കൈതച്ചക്കക്ക്   ആദ്യ വില പറഞ്ഞു. പത്ത് രൂപ. ഉസതാദ്   അത്  പത്ത് രൂപ  ഒരു തരം, രണ്ട് തരം എന്നിങ്ങനെ പറഞ്ഞു തുടങ്ങുന്നതിന് ഇടയ്ക്കു തന്നെ അടുത്ത വിളി വന്നു അൻപത്   രൂപ. അതങ്ങനെ നീണ്ടു പോയി. ഒടുക്കം അഞ്ഞൂറ്  രൂപക്ക്  കൈതച്ചക്ക ലേലത്തിൽ പോയി. അങ്ങനെ കോഴിമുട്ട, നെന്ദ്രക്കുല ഒക്കെ വലിയ വലിയ തുകക്ക് ഓരോരുത്തർ ലേലത്തിൽ പിടിച്ചു.

'വിളക്കിൻ  കാലിന്റെ ചോട്ടിൽ ഔക്കുനു  ഇൽമു പഠിക്കാൻ സ്വന്തം ഉമ്മ സംഭാവന ചെയ്ത വത്തക്ക ' ഉസ്താദ് ഉമ്മയുടെ കുറിപ്പ്  വത്തക്ക ഉയർത്തി പിടിച്ചു കൊണ്ട് വായിച്ചു. 

ഉറക്കത്തിൽ ആണെങ്കിലും സ്വന്തം പേര്  മൈക്കിലൂടെ പുറത്ത് വന്നത് ഔക്കുവിനെയും ഉണർത്തി. 

അൻപത്  രൂപ , നൂറു രൂപ എന്നിങ്ങനെ വിലകൾ  ഉയരാൻ തുടങ്ങി. ഔക്കുവിനു സന്തോഷവും ഉറക്കവും ഒരു പോലെ വരുന്നു. അവൻ കൊട്ട് വായി ഇട്ടുകൊണ്ട്‌ തലയിൽ കൈ വച്ച് ഇരുന്നു. ലെലേം അഞ്ഞൂറും കടന്നു ആയിരത്തിൽ എത്തി 

ആയിരം രൂപ ഒരു തരം. 
ആയിരം രൂപ രണ്ടു തരം. 
ആയിരം രൂപ രണ്ടേകാൽ തരം. 
ആയിരം രൂപ രണ്ടര തരം. 
ആയിരം രൂപ രണ്ടേ മുക്കാൽ തരം. 

ഔക്കുവിനു ക്ഷമ കെട്ടു. 'ആയിരം ഉറുപ്പ്യ  മൂന്നു തരം'. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.  ഈ പ്രഖ്യാപനത്തോടെ ഔക്കു വീണ്ടും ബെഞ്ചിലേക്ക് ചാഞ്ഞു. നിദ്രയിൽ വീണു.

പുലർക്കാല മഞ്ഞു തുള്ളികൾ ഔക്കുവിന്റെ കവിൾതടങ്ങളെ നനച്ചു കൊണ്ടിരുന്നു. ആരോ അവനെ തോണ്ടി വിളിച്ചു ഔക്കു ഉറക്കത്തിൽ നിന്ന് എണീറ്റു. വയള്  കഴിഞ്ഞു. സദസ്സിൽ ആരുമില്ല. ശുഭ്ര വസ്ത്ര ധാരിയായ ഒരാൾ രൂപം തന്റെ വത്തക്കയുമായി മുന്നിൽ നില്ക്കുന്നു. 

'ഉപ്പ.. അതെ ഉപ്പ തന്നെ'. അഞ്ചാം വയസ്സിലെ നേരിയ ഓർമ്മയിലെ ആ മുഖം അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു. വത്തക്കയുമായി നിന്ന ആൾ ഔക്കുവിന്റെ തോളിൽ തട്ടി വീണ്ടും വിളിച്ചു. 

'മോനെ ഔക്കു എണീക്ക്  നീ നിന്റെ വത്തക്കയുമായി ഉമ്മയോടൊപ്പം വീട്ടിൽ പോയിക്കോ. ഇത് ലേലത്തിൽ എടുത്ത ആൾ അത് നിനക്ക് സംഭാവന ചെയ്തിരിക്കുന്നു'

ഔക്കു  ശരിക്കും കണ്ണ് തുറന്നു. ലേലം കഴിഞ്ഞിട്ടില്ല. സദസ്യർ ആരും പോയിട്ടില്ല. മുന്നിൽ വത്തക്കയുമായി നില്ക്കുന്നത്, വയള്  പറയുന്ന ഉസ്താദ് തന്നെ. 

വത്തക്കയുമായി ഔക്കുവും ഉമ്മയും ചൂട്ടും കത്തിച്ചു വീട്ടിലേക്കു തന്നെ തിരിച്ചു നടന്നു.

                                                                 -o-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ