2014, മാർച്ച് 24, തിങ്കളാഴ്‌ച

ചില സിദ്ധ യാഥാർത്ഥ്യങ്ങൾ..

എന്റെ അറിവിൽ പെട്ട ഒരു കല്യാണം നടക്കുക ആണ്. പെണ്‍കുട്ടിയുടെ വാപ്പ ആൾ ഒന്നൊനൊര സിദ്ധൻ ആണ് താനും. കക്ഷി പലപ്പോഴും സുബഹി മക്കയിലും ദുഹർ മദീനയിലും മഖരിബ് ചിലപ്പോൾ അജ്മീരിലും പോയി നിസ്കരിച്ചു കളയും എന്നാലും ഇഷാക്കു വീട്ടിൽ തന്നെ കാണും. സിദ്ധൻ ആയതിനാൽ കല്യാണത്തിന്റെ എല്ലാ ചുറ്റുവട്ടങ്ങളും പലരുടെയും വക കിട്ടിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിനു വേണ്ട മൂരിക്കുട്ടന്റെ  കാര്യം മാത്രം സിദ്ധൻ ബാപ്പ സ്വയം ഏറ്റെടുത്തു. പന്തൽ പൊങ്ങി നാട്ടുകാരും കൂട്ട് കുടുംബവും എല്ലാം തലേന്ന് തന്നെ എത്തി തുടങ്ങി. പക്ഷെ  കല്യാണ തലേന്ന് രാത്രി വളരെ വൈകീട്ടും പിറ്റെന്നെത്തെക്കുള്ള മൂരിക്കുട്ടൻ  എത്തിയിട്ടില്ല. 

'മൂരി എവിടേ' ? ആളുകൾ പരിഭ്രമം പറയാൻ തുടങ്ങി.

സിദ്ധൻ ബാപ്പക്ക് ഒരു കുലുക്കവും ഇല്ല. പുള്ളി വെറ്റില മുറുക്കി ചിരിച്ചു കൊണ്ട് എല്ലാരോടും പറഞ്ഞു. മൂരി കുട്ടൻ തെക്ക് നിന്ന് പുറപ്പെട്ടിട്ടു ഉണ്ട്. ഉടനെ എത്തും. പലരും ആശങ്കയിൽ തന്നെ. എന്നാൽ കൂട്ടത്തിൽ പെണ്‍കുട്ടിയുടെ ഒരു അമ്മാവന് സംഗതി പന്തികേട് ആണെന്ന് തോന്നി. മൂപ്പർ   തല പുകഞ്ഞാലോചിച്ചു. ഈ നട്ട പാതിരാക്ക്‌ മൂരി കുട്ടനെ എവിടേ കിട്ടും. അങ്ങനെ ആലോചിച്ചു നടന്നപ്പോൾ ആണ് തെക്കേ വീട്ടിലെ കാദർക്കന്റെ മൂരിക്കുട്ടനെ ഓർമ്മ വന്നത്. അധികം താമസിയാതെ കാദർക്കനോട് കാര്യം പറഞ്ഞു. പുള്ളി മൂരിയും കൊണ്ട് വന്നു.

അപ്പോൾ നമ്മുടെ സിദ്ധൻ കാക്ക കോലായിൽ ഇരുന്നു കൊണ്ട്, വായിലെ വെറ്റില വെള്ളം നീട്ടി തുപ്പിയ ശേഷം പറഞ്ഞു. 'ഞാൻ പറഞ്ഞില്ലേ മൂരി കുട്ടൻ തെക്ക് നിന്ന് പുറപ്പെട്ടു എന്ന്. ദാ... നോക്കൂ .... സംഗതി എത്തീലെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ