2014, മാർച്ച് 24, തിങ്കളാഴ്‌ച

വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു

ഔക്കുവിന്റെ  മുഴുവൻ പേര്‌ അബൂബക്കർ. 

വിളക്കിൻ കാലിന്റെ ചോട്ടിൽ വീട്ടുപെരല്ല. അങ്ങാടിയിൽ  നിന്നും വിട്ടു ചെറിയ മണ്ണിട്ട റോഡിലൂടെ   കുറച്ചു ഉള്ളോട്ടു നീങ്ങിയാൽ പിന്നെ രണ്ടു ഇട വഴികളായി പിരിയുന്ന ഒരു മുക്കിൽ ആണ് ഔക്കുവിന്റെ വീട്.

വീട്ടു പടിക്ക് മുന്നിൽ തന്നെ ഒരു വൈദ്യുതി പോസ്റ്റും അതിൽ വഴി വിളക്കും ഉണ്ട് .വിളക്ക് ആ പോസ്റ്റിൽ തന്നെ വരാൻ വേറെ ഒരു കാരണം കൂടി ഉണ്ട്. അവിടെ തന്നെ ആണ് അവരുടെ നാട്ടിലെ പ്രശസ്ത ആയ ഒരു ബീവിയുടെ വീടും. ഈ ബീവി ആണ് ആ നാട്ടിലെ മാറാ രോഗങ്ങൾ, തുമ്പ് കിട്ടാത്ത മോഷണങ്ങൾ  തുടങ്ങിയവയ്ക്ക് ഒക്കെ പരിഹാരം ഉണ്ടാക്കുന്നത്. ആയതിനാൽ പഞ്ചായത്ത് അധികാരികൾ തന്നെ മുൻകൈ എടുത്ത് അവിടെ ഒരു വഴി വിളക്ക് വെച്ചു.   സന്ധ്യ ആയി തുടങ്ങിയാൽ ഔക്കുവും കൂട്ടുകാരും സൊറ പറഞ്ഞു കൊണ്ട് അവിടെ തന്നെ കാണും. വിളക്കിനു മാത്രം അല്ല ബീവിയുടെ വീടിനും ഒരു കാവൽ എന്ന പോലെ.  അങ്ങനെ ഔക്കു, വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു  എന്നറിയപ്പെടാൻ തുടങ്ങി. വർഷം തോറും ഉള്ള ആണ്ടു നെർച്ചക്കും ഒക്കെ ബീവിക്ക് ആണ്‍ തുണ ആയി ഔക്കു അവിടെ തന്നെ കാണും. എല്ലാത്തിനും മേൽനോട്ടം വഹിച്ചു കൊണ്ട് 

ബീവിയും ഔക്കുവും തമ്മിൽ അടുക്കാൻ അവന്റെ  ചെറുപ്പത്തിൽ നടന്ന ഒരു സംഭവം കൂടി കാരണമാണ്.

അതായത് ഔക്കുവിന്റെ സുന്നത്ത് കല്യാണം നടക്കുന്ന ദിവസം. കുടുംബക്കാർ എല്ലാം വന്നിരുന്നു . വന്നവർ പലരും ഔക്കുവിനു പല തരം സമ്മാനങ്ങൾ നൽകി.  ഒരു അമ്മായി അര പവൻ മോതിരം ഇട്ടു കൊടുത്തു. എന്നാൽ ഇതൊന്നും ഔക്കുവിനെ സന്തോഷിപ്പിക്കാൻ പോന്നത് ആയിരുന്നില്ല. വൈകിട്ട് നടക്കാൻ പോകുന്ന ക്രൂര  കൃത്യം അവന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തി കൊണ്ടിരുന്നു. കൂട്ടുകാർ പറഞ്ഞു കൊടുത്ത ഭീകര രംഗങ്ങൾ ആണ് അവന്റെ മനസ്സ്  നിറയെ. ഒസാൻ വന്നാൽ  ആ സാധനം വലിച്ചു നീട്ടി ഒരു പലകയിൽ വെച്ച് ഒരൊറ്റ വെട്ടാണ്. അങ്ങനെ ബെജാരിൽ വെന്തുരുകി സമയം രാത്രി ആയി. കോലായിൽ മൗലൂദും  ദിക്രും പൊടി  പൊടിക്കുന്നു. എല്ലാരും നല്ല സന്തോഷത്തിൽ. ചന്ദനത്തിരികളുടെ പുകയും മണവും എല്ലാം നിറഞ്ഞ വല്ലാത്ത ഒരു അന്തരീക്ഷത്തിൽ ഒസാൻ അമ്മദ്ക്കാ റൂമിലേക്ക്‌ വന്നു. രാവിലെ മുതൽ ഔക്കുവിനെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്ന അമ്മാവന്മാരിൽ ഒരാൾ അവനെ പിടിച്ചു ബന്ദിയാക്കി അമ്മദ്ക്കക്കു മുൻപിൽ ഇരുത്തി. മറ്റു രണ്ടു പേർ അവനെ ഇരു കാലുകളും പിടിച്ചു വെച്ചു. അതിനിടയിൽ ഒരു കാൽ ഒന്ന് പിടി വിട്ടതും ഔക്കു മമ്മദ്ക്കാന്റെ നെഞ്ചത്തെക്കു ആഞ്ഞു ചവുട്ടി. മമ്മദ്ക്കാ മലർന്നടിച്ചു വീണു. നിമിഷങ്ങൾക്കകം കൂടി നിന്നവർ എല്ലാം കൂടി ഔക്കുവിനെ പിടിച്ചോതുക്കി. സംഭവം നടന്നു. ഔക്കുവിനെ കട്ടിലിൽ കിടത്തി. എന്താ നടന്നതെന്ന് അപ്പോൾ ഔക്കുവിനും പിടുത്തം കിട്ടിയിരുന്നില്ല. പിന്നെ പിന്നെ അവനിൽ കുറ്റബോധം വളർന്നു തുടങ്ങി. വിചാരിച്ച അത്രേം ഒന്നും ഉണ്ടായില്ല കാര്യങ്ങൾ.മമ്മദ്ക്കാനെ അങ്ങനെ ചവുട്ടണ്ടായിരുന്നു.   പിന്നെ അവൻ ദിവസങ്ങൾ എണ്ണി തുടങ്ങി. മമ്മദക്ക ഒന്നരാടൻ വരും. നേരിയ ചൂട് വെള്ളം   തുണി കൊണ്ട് കെട്ടിയ ഭാഗത്ത് ഒഴിക്കുമ്പോൾ ഉണ്ടാവുന്ന ചെറിയ നീറ്റൽ ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല. 

രണ്ടാഴ്ച കഴിഞ്ഞു. മുറിവ് എല്ലാം ഉണങ്ങി. ഔക്കുവിനെ പള്ളീൽ കൊണ്ട് പോകേണ്ട വെള്ളിയാഴ്ച വന്നു. ഔക്കു ആഘോഷപൂർവ്വം പള്ളിയിലേക്ക് ആനയിക്കപ്പെട്ടു. ഔക്കു അഭിമാന പൂർവ്വം മോതിരം എല്ലാവരെയും കാണിച്ചു. വുളു എടുക്കാൻ നേരം അമ്മാവൻ പറഞ്ഞു 

'മോനെ മോതിരം ഊരി കീശയിൽ ഇട്ടോ. നീ അതിനി ഇടരുത്. ആണുങ്ങൾ സ്വർണ്ണം ധരിക്കരുത്.'

ഔക്കുവിനു നിരാശ ആയി എങ്കിലും അവൻ അത് അനുസരിച്ചു. ഔക്കു അങ്ങാടിയിൽ ഒക്കെ വരാൻ തുടങ്ങി. വലിയ ആണ്‍ ആയെന്ന തോന്നൽ അവനെ നയിക്കാൻ തുടങ്ങി.   സമ്മാനം കിട്ടിയ വകയിൽ കുറച്ചു കാശും കയ്യിൽ ഉണ്ട്. ഇടയ്ക്കൊക്കെ  അവൻ സിനിമക്കും പോകും 

ഏതാനും ദിവസങ്ങൾ അങ്ങനെ പോയി. ഒരു ദിവസം ഔക്കു ഓടി വന്നു ഉമ്മാനോട് പരാതിപ്പെട്ടു 

'ഉമ്മാ മോതിരം കാണാൻ ഇല്ല '

'അവിടെ എവിടെങ്കിലും കാണും നീ ശരിക്ക് നോക്കിയോ ഉമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു' 

ഉമ്മയും ഔക്കുവും വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും മോതിരം കിട്ടിയില്ല. ഒടുവിൽ ബീവിയുടെ അടുത്ത് തന്നെ പോയി കാര്യം പറയാം എന്നു വെച്ചു.

അധികം താമസിച്ചില്ല. ഉമ്മ ഔക്കുവിനെയും കൂട്ടി ബീവിയുടെ അടുത്ത് പോയി. പോകുന്ന വഴിക്ക് ആക്കു പിറുപിറുക്കുന്നുണ്ടായിരുന്നു. 

'ബീവിക്ക് ഇതൊക്കെ കണ്ടു പിടിക്കാം എങ്കിൽ ഇവിടെ പോലീസെന്തിനാ? '

ബീവിയുടെ അടുത്ത് എത്തി. മാറ്റാൻ ആണുങ്ങളെ ബീവീ അകത്തേക്ക് കടത്തില്ല. ജനലിനു ഉള്ളിൽ  നിന്ന് ഉത്തരം നൽകും. ഇവിടെ ഇപ്പൊ ഔക്കുവിനു പ്രായം ആയെന്നു അവനു തോന്നി തുടങ്ങി എങ്കിലും ബീവിയുടെ കണക്കിൽ അവൻ കുട്ടിയാണ്. അതിനാൽ ഉമ്മയും അവനും അകത്തേക്ക് പ്രവേശനം കിട്ടി. 

സംഗതി എല്ലാം കേട്ട ശേഷം കുറെ നേരം മൌനത്തിൽ ഇരുന്ന ബീവി മോതിരത്തിന്റെ അവസ്ഥ വിവരിച്ചു 

'നിങ്ങൾ ഇനി മോതിരം അന്വേഷിക്കേണ്ട. അത്  തിരിച്ചു കിട്ടാൻ കഴിയാത്ത വിധം കൈമാറ്റം ചെയ്യപ്പെട്ടു പോയി. ഇനി അത് മൂലം കൂടുതൽ അനർത്ഥങ്ങൾ വരാതിരിക്കാൻ ഒരു ചരട് മന്ത്രിച്ചു തരാം അത് ഔക്കുവിന്റെ അരയിൽ  കെട്ടണം'

ഔക്കുവിനു സന്തോഷം ആയി. കുറെ കാലത്തേക്ക് സിനിമക്ക് പോകാൻ ഉള്ള കാശ് മോതിരം വഴി കിട്ടും. അല്ലേലും ആണുങ്ങൾക്ക് അത് അണിയാൻ പറ്റില്ലല്ലോ. പിന്നെ ഉമ്മ അത് വിളക്കി വേറെ എന്തെങ്കിലും ആക്കുന്നതിനു മുൻപ് അത് കാശാക്കിയ ഞാൻ ആരാ മോൻ. ഇതൊക്കെ എളുപ്പം മനസ്സിലാക്കിയ ബീവി ആരാ മോൾ. അന്ന് മുതൽ അവനും ബീവിയുടെ ആരാധകൻ ആയി .
                                                                                                                   -വരകൾക്ക്  കടപ്പാട്  - സക്കി -
                                                             -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ