2014, മാർച്ച് 24, തിങ്കളാഴ്‌ച

ആട് നക്കിയ ജീവിതം

പഠനം എല്ലാം ഒരു വഴിക്ക് ആയി തൊഴിൽ തെണ്ടി തേരാ പാരാ നടക്കുന്ന കാലം, ബാപ്പാന്റെ ഓഹരിയിൽ കിട്ടിയ ഒരു പീടിക ഉണ്ട്, എന്നാൽ മുതൽ മുടക്കാൻ കാശില്ല. അങ്ങനെ ഇരിക്കെ ഒരാശയം മനസ്സിൽ ഉദിച്ചു. പച്ചക്കറി കച്ചോടം തുടങ്ങിയാൽ എന്താ? വലിയ മുതൽ മുടക്കൊന്നും വേണ്ട. പറ്റിയ ഒരു പാർട്ണറെയും കിട്ടി. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ  കൊച്ചു അങ്ങാടിയിൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന പച്ചക്കറി കട തുറന്നു.

പങ്കാളി പകൽ, ഞാൻ രാത്രിയിൽ. പകൽ വെളിച്ചം ദുഖമാണല്ലോ രാത്രി അല്ലെ സുഖപ്രദം എന്ന് ആരോ പറഞ്ഞത് എന്റെ കാര്യത്തിൽ അന്നൊക്കെ വളരെ ശരിയും ആയിരുന്നു. രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ അധികം ആരും കാണില്ല. അങ്ങനെ ഒറ്റക്കിരിക്കുമ്പോൾ എനിക്കൊരു കൂട്ട്‌കാരൻ വരുമായിരുന്നു കഴുത്തിൽ പണ സഞ്ചിയും തൂക്കി കൊണ്ട് ഉള്ളാളിൽ നിന്നുള്ള നേര്ച്ചക്കാരൻ ആട്. ഉള്ളാളിലേക്ക് വല്ല നേർച്ചയും ഉണ്ടെങ്കിൽ  ആ പണം കക്ഷിയുടെ സഞ്ചിയിൽ ഇട്ടാൽ മതി. സഞ്ചി നിറഞ്ഞാൽ ഈ ആട് മൂപ്പർ  അത് ഉള്ളാൽ പള്ളിയിൽ എത്തിക്കും. അതാണ്‌ വിശ്വാസം.  നാട്ടിലെ പല അവിഹിത ഗർഭങ്ങളുടെയും കാരണക്കാരൻ ഈ കക്ഷി തന്നെ ആണെന്ന് അറിയാമെങ്കിലും ഓസിക്ക്‌ കിട്ടീയ  വിശുദ്ധ ഗർഭത്തിൽ അവിടത്തെ പെണ് ആടുകളും സന്തോഷവതികൾ ആയി കാണപ്പെട്ടു.വാടിപ്പോകുന്ന പച്ചക്കറികൽ എല്ലാം ഞാൻ രാത്രിയിൽ അവനെ കൊണ്ട് തീറ്റിക്കും. അത് നോക്കി നിൽക്കുന്നതും ഒരു രസം തന്നെ ആയിരുന്നു. 

അങ്ങനെയിരിക്കെ ഒരു രാത്രി, വളരെ നേരം എന്റെ ആട് സുഹൃത്തിനെയും കാത്ത് അങ്ങനെ ഇരുന്നെങ്കിലും പഹയൻ എവിടെയോ വേലി ചാടാൻ പോയത് തന്നെ ആയിരക്കും എന്ന ധാരണയിൽ അവനോടു തെല്ലൊരു അസൂയയോടെ പലതും ആലോചിച്ചു എപ്പോഴോ മയക്കത്തിലേക്ക് വീണു പോയി. 

പിന്നെ ഉണരുമ്പോൾ യൗവനത്തിലെ തീക്ഷ്ണ  ചിന്തകൾക്ക് ചൊറിയാൻ വെച്ചിരുന്ന എന്റെ കുറ്റി താടിയിൽ വേറെ ആരോ വന്നു ചൊറിയുന്നു. അത് അവൻ തന്നെ ആയിരുന്നു. പഹയൻ എന്തിനാ എന്റെ മോന്തമ്മൽ വന്നിട്ട് ഉരസുന്നത് എന്ന് നോക്കി പകച്ചു നിൽക്കുമ്പോൾ ആണ് ആ ദയനീയ അവസ്ഥ കാണുന്നത്.
കടയിൽ അവൻ നന്നായി മേഞ്ഞിരിക്കുന്നു. എല്ലാം കുറേശ്ശെ മാത്രം കടിച്ചിട്ടിരിക്കുന്നു.  നേന്ത്ര പഴവും പൂവൻ പഴവും പയറും വെണ്ടക്കയും എന്ന് വേണ്ട എല്ലാം ഓരോ കടി കടിച്ചു ബാക്കി എനിക്ക് വിൽക്കാൻ വെച്ച് തന്ന അവന്റെ സ്നേഹത്തെ വാഴ്ത്താൻ എനിക്കിപ്പോഴും വാക്കുകൾ ഇല്ല. 

                                                              




-വരകൾക്ക്  കടപ്പാട്  - സക്കി -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ