2014, മാർച്ച് 24, തിങ്കളാഴ്‌ച

ജിന്നും ബീവിയും പിന്നെ ഔക്കൂന്റെ ഉമ്മാന്റെ ആടും

നേർച്ചക്കാരി  ബീവിയുടെ വീട്ടിൽ ആണ്ടു നേർച്ച നടക്കുക ആണ് . സമയം  അർദ്ധ രാത്രി.  വെള്ളിയാഴ്ച രാവ് . പൗർണ്ണമി നിലാവും ഡിസംബറിന്റെ മഞ്ഞും നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം. എല്ലാവരും  മുട്ട് റാത്തീബിന്റെ നിർവൃതിയിൽ. കുറെ പേർ ദഫ്  മുട്ടിക്കൊണ്ട് ശൈഖിനു സ്തുതി പാടുന്നു അവർക്കിടയിൽ ഒരാൾ കത്തികൊണ്ട് വയറ്റിലും നെഞ്ചത്തും ഒക്കെ കത്തി  മുറിവ്  ഉണ്ടാക്കുന്നുണ്ട്. വേറെ ഒരാൾ നാവിൽ കമ്പി കേറ്റുന്നു. സംഘത്തിലെ പ്രധാനി ബീവി മന്ത്രിച്ചു വെച്ച  എണ്ണ ഇവർക്കെല്ലാം പുരട്ടി കൊടുക്കുമ്പോൾ മുറിവ് ഒക്കെ  പൂർവ്വ  സ്ഥിതി പ്രാപിക്കുന്നു.

അങ്ങനെ അത്ഭുത മായാലോകത്ത് വിഭ്രുംജിതർ ആയി  എല്ലാരും മയങ്ങി നിൽക്കുമ്പോൾ പുറത്ത് നിന്ന് ഏതോ ഒരു സ്ത്രീ ശബ്ദം. " അതാ ജിന്ന്  പോകുന്നു എല്ലാരും വരി....പടച്ചോനെ..... ജിന്ന് "

ഭക്തരിൽ ചിലരുടെ ശ്രദ്ധ ഒച്ച കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. " അതെ ശരിയാണ് വെളുത്ത രണ്ടു രൂപങ്ങൾ അതിവേഗം നീീങ്ങുന്നു. പക്ഷെ വിശാലമായ പറമ്പിന്റെ അങ്ങേ അറ്റത്ത് ആയതിനാൽ ഒന്നും വ്യക്തം അല്ല. എന്നാൽ നിലാ വെളിച്ചത്തിൽ ചെറുതും വലുതുമായ വെളുത്ത രണ്ടു രൂപങ്ങൾ അതിവേഗം മിന്നി മറഞ്ഞു പോയത് നെർച്ചക്കു വന്നവർ എല്ലാവരും കണ്ടു എന്നതാണ് വസ്തുത.

വി കെ സി ഔക്കു  എല്ലാ കൊല്ലത്തെയും പോലെ നേർച്ചയിൽ സജീവം ആയിരുന്നു. നേർച്ച  എല്ലാം കഴിഞ്ഞു പന്തൽ പൊളിച്ചു സാധന സാമഗ്രികൾ ഒക്കെ  വാങ്ങിയിടത്ത് കൊണ്ട് പോയി കൊടുത്തു. എല്ലാറ്റിലും ഔക്കുവിന്റെ നേതൃത്വം ഉണ്ട്. 

എല്ലാം കഴിഞ്ഞ്  ഔക്കു  വീട്ടിൽ എത്തി . " ഉമ്മാ ഞാൻ കുളിക്കാൻ പോണു, കഴിക്കാൻ ഉള്ളത് എന്തെങ്കിലും എടുത്തു വെക്കി. മൂന്നു ദിവസായി ഒന്നുറങ്ങീട്ട് ."

"എടാ ഔക്കൂ  നേർച്ച ചോറും അവടത്തെ പോത്ത്  ബരട്ട്യതും ഉണ്ട് ഞാൻ ചൂടാക്കി വെക്കാം ഇയ്യി കുളിച്ചു വാ" 

"ഈ ഹലാക്കിന്റെ നേർച്ച ചോറും പോത്തും അല്ലാതെ വേറെ ഒന്നും ഇല്ലെമ്മാ? മൂന്ന് ദെവസായി തിന്നു മടുത്തു" ഔക്കു പിറുപിറുത്തു 

"അനക്ക്  ഞാൻ രണ്ട്  ആനമുട്ട കൂടി പുഴുങ്ങി വെക്കാം ,,,ഹല്ല  പിന്നെ.... നാലഞ്ച്  ദെവസായി ചെക്കൻ നേർച്ചന്റെ പേരും പറഞ്ഞു പോരെല്ക്ക്  തിരിഞ്ഞു നോക്കീട്ടില്ല"  ഉമ്മാന്റെ സങ്കടം കേൾക്കാതെ ഔക്കു  കുളിക്കാൻ പോയി 

കുളി ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉമ്മ പറഞ്ഞു " എടാ ഔക്കു,   നെർച്ചക്കു പോയപ്പം ഇഷാ  നിസ്കാരം മറന്നു പോയിരുന്നു പിന്നെ പാതിരാക്ക്‌ പോരേൽ വന്നു    നിസ്ക്കരിച്ച്‌ ഇരിക്കുമ്പം ആണ്   ഇനിക്കക്കാര്യം ഓർമ്മ വന്നത്.     ഞമ്മളെ ആടിനെ ഇന്നലെ അയമ്മത്ക്കാന്റെ  പറമ്പിന്നു കഴിച്ചു കൊണ്ട്  പോരാൻ മറന്നു പോയി. നിസ്കാര കുപ്പായം അയിക്കുന്നതിനു മുൻപ് തന്നെ  ഞാൻ പോയി കയിച്ചോണ്ട് പോന്നു"

"ഉമ്മാ ഇക്കാര്യം ഇന്നോട് പറഞ്ഞത്  പറഞ്ഞു , വേറെ ആരോടും പറയണ്ട"

 "ഐലെന്താ  ഹംക്കേ ഒരു ഐബത്തരം ഞമ്മളെ ആടിനെ ഞമ്മള്  കഴിച്ചു കൊണ്ട്  പോന്നതിൽ നാട്ടുകാർക്കെന്താ?"

"ഇന്റെ ഉമ്മ വിവരം ഒന്നും അറിഞ്ഞീലെ.... ഇങ്ങളും ഇങ്ങളെ ആടും ഇന്നലെ ജിന്നായി മാറി " ഔക്കു  തലേന്നത്തെ കാര്യങ്ങൾ എല്ലാം വിവരിച്ചു. 

അങ്ങനെ  ജിന്ന്  കേറിയ നേർച്ചയും ബീവിയും കൂടുതൽ പ്രശസ്തിയിലേക്ക്  ഉയർന്നു.  ഔക്കുവും ഉമ്മയും ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും ഊറി ചിരിക്കും.
                                                 
                                                              -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ