2014, മാർച്ച് 24, തിങ്കളാഴ്‌ച

ഒരു പാതിരാ പടത്തിന്റെ ഓർമ്മയിൽ

1987 ലെ ഒരു ഗ്രീഷ്മം. വി കെ സി ഔക്കുവിനു ഇപ്പോൾ കൊയിസ്സൻക്കാന്റെ  പല ചരക്ക്  കടയിൽ ആണ് ജോലി. ഔക്കുവിനു ഒരു ആത്മ സുഹൃത്ത് ഉണ്ട്. സതീശൻ , ഇരുവരും സമപ്രായക്കാർ . സഹപാഠികളും. സതീശൻ ലോറി ക്ളീനർ ആണ്. ലോന്ഗ്  ട്രിപ്പ് കഴിഞ്ഞു വന്നാൽ അവൻ കടയിൽ വന്നിരുന്ന് ഔക്കുവുമായി ബഡായി പറഞ്ഞിരിക്കും. ഇന്ന്  വ്യാഴം, നാളെ പടം മാറുന്ന ദിവസം. സമയം രാത്രി 8 മണി കഴിഞ്ഞു. കടയിൽ ഇപ്പോൾ ഔക്കുവും സതീശനും മാത്രം. കോയിസ്സൻക്കാ പുറത്ത് പോയതാണ്. 

" ഔക്കൂ... പടം എവിടാടാ നല്ലത് ഓടുന്നത്?" സതീശന്റെ ചോദ്യം. അവന് ഇന്ന് തന്നെ ഒരു പടം കാണണം. 

"ത്രിവേണിയിൽ പോകാം നല്ല ബിറ്റുണ്ട് , സംഗീതയിലേതും തെറ്റില്ല, പക്ഷെ  പുഴ കടക്കണം.  നേരത്തെ പോകണേങ്കിൽ , കോയിസ്സൻക്കാ സമ്മതിച്ചും കിട്ടണം " 

"എങ്ങോട്ട് ആണേലും ഞാൻ റെഡി. ഇയ്യി കോയിസ്സൻക്കാനോട്  പറയി.. ഉമ്മാക്കു സുഖം ഇല്ല നേരത്തെ വീട്ടിൽ പോണം. മൂപ്പര് വിടും." സതീശൻ ഉപായം പറഞ്ഞു കൊടുത്തു. 

സതീശന്റെ ഉപായം ഫലം കണ്ടു. കോയിസ്സൻക്കാ വന്ന ഉടനെ ഔക്കു വിവരം പറഞ്ഞു. സമ്മതം കിട്ടി. അവൻ  കടയിൽ നിന്നും പുറത്തിറങ്ങി. ഇരുവരും അത്തായം കഴിക്കാൻ ഹോട്ടലിൽ കയറി.  ഏത്  ടാക്കീസിൽ പോകണം എന്നത് ഔക്കുവിന്റെ തീരുമാനത്തിനു വിട്ടതാണ്. ഔക്കു ചിന്തയിൽ മുഴുകി.

ത്രിവേണിയിലേക്ക്  പോകാന്നു വെച്ചാൽ, പോകുന്ന വഴിക്ക് പള്ളിക്കാട്  കാണും. ഇന്ന് വെള്ളിയാഴ്ച രാവ്  (വ്യായാഴച്ച  രാത്രി ആയാൽ അങ്ങനെ പറയും) റൂഹാനീങ്ങൾ ഇറങ്ങി നടക്കുന്ന സമയം. സ്വന്തക്കാരും  ബന്ധുക്കളും ഒക്കെ ആണെങ്കിലും റൂഹാനീങ്ങൾ, റൂഹാനീങ്ങൾ തന്നെ. റിസ്ക്‌ എടുക്കേണ്ട. സംഗീതയിലേക്കുള്ള വഴിയിലും ഉണ്ട് പ്രശ്നങ്ങൾ. ദൂരം കൂടുതൽ ആണ്, പോകുന്ന വഴിക്ക് കാവ്  ഉണ്ട്, പുഴ കടക്കണം.  കാവിന്റെയും, ചുടലയുടെയും നടുക്കാണ് ഔക്കുവിന്റെ വീട് . രാത്രി ഒരു സമയം കഴിഞ്ഞാൽ കാവിനെ ലക്ഷ്യമാക്കി മരിച്ചവരുടെ ആത്മാക്കൾ സഞ്ചരിക്കും എന്ന് ഉമ്മ പറയാറുണ്ട്‌ . എതിരു പോക്ക്  എന്നാണു അതിനു പറയുക. കുട്ടികളും ഋതുമതികൾ ആയ സ്ത്രീകളും ഒക്കെ അതിനിടയിൽ പെട്ട് പോയാൽ പെട്ടത് തന്നെ.  എന്തൊക്കെ ആയാലും ബിറ്റുകളുടെ ദൈർഘ്യം, കേട്ടറിവ് വെച്ച് സംഗീതയിൽ ആണ് കൂടുതൽ . ഇന്ന്   സംഗീതയെ  തന്നെ  പ്രാപിക്കാം. ഔക്കു തീരുമാനിച്ചുറച്ചു. 

"ഞമ്മക്ക് സംഗീതയിൽ പോകടാ... "  പോറാട്ടക്ക്  മത്തിച്ചാർ ഒഴിക്കുന്നതിനിടയിൽ ഔക്കു തീരുമാനം പ്രഖ്യാപിച്ചു.

സതീശനും സമ്മതമായി. പുഴക്ക്‌  അക്കരെ ആണ് അവന്റെ വീട്. സിനിമ കഴിഞ്ഞാൽ തിരിച്ചു പോരുമ്പോൾ  പുഴ കടന്ന്  പേടിത്തൊണ്ടൻ ഔക്കു ഒറ്റയ്ക്ക്   പോകുന്ന  രംഗം മനസ്സിൽ കണ്ടു കൊണ്ട് സതീശൻ പറഞ്ഞു " നേരം കളയാതെ നമുക്ക് വേഗം വിടാം"

അങ്ങനെ ഇരുവരും പുഴയും കടന്നു സംഗീതയെ ലക്ഷ്യം വെച്ച് നീങ്ങി.

ട്ടാക്കീസിൽ  എത്തുമ്പോൾ പടം തുടങ്ങി കുറച്ചായിരുന്നു. എന്നാലും ഇരുവരും ആസ്വദിച്ചു കണ്ടു. ഇന്റർവെൽ കഴിഞ്ഞു . രംഗങ്ങൾ ഉഗ്രത്രസിപ്പിൽ എത്തി. കാണികൾക്കും. സതീശനും ഔക്കുവും   ടോയിലെറ്റിൽ പോയി വന്നു. കാണികൾ ഓരോരുത്തരും സ്ഥലം വിടാൻ തുടങ്ങി.

"ഔക്കൂ...  വാ...പോകാം" സതീശൻ  എണീറ്റു.

"അല്ല പടം തീരണ്ടേ, ലാസ്റ്റ് എന്താവും എന്നറിയണ്ടേ ?"

" ഇനി എന്ത് കുന്തം കാണാനാ. ഒടുക്കം ഇയ്യെ ഇവിടെ ഉണ്ടാവൂ എല്ലാരും പോയി തുടങ്ങി. ഇപ്പൊ പോയാൽ തന്നെ നട്ട പാതിരാക്കെ പോരേൽ എത്തൂ... വാ.... എണീക്ക് " 

സതീശന്റെ വാദം ശരിയാണെന്ന് ഔക്കുവിനും തോന്നി. ഇരുവരും വീട് ലക്ഷ്യമാക്കി നടന്നു. 

കൂരാ കൂരി ഇരുട്ട് സതീശൻ മുന്നിലും ഔക്കു പിന്നിലും ആയി അവരങ്ങനെ നടന്നു നീങ്ങി. സതീശൻ കീശയിൽ നിന്നും ദിനേശ് ബീഡി കെട്ട്  എടുത്ത് ഒന്ന് ചുണ്ടിൽ  വച്ചു മറ്റൊന്നു  ഔക്കുവിനും വെച്ചു നീട്ടി.

"എടാ ഔക്കൂ ഇയ്യി ഈ അങ്ങാടിയിൽ ഇങ്ങനെ ചുറ്റി തിരിഞ്ഞിട്ട്  എന്ത് കിട്ടാനാ. ഇന്റെ കൂടെ ലോറീൽ പോര് "

"ഞാനില്ല ഇനിക്ക് രാത്രി ആയാൽ പൊരേൽ പോണം ഉമ്മ ഒറ്റക്കാ" സതീശന്റെ ക്ഷണം ഔക്കു  ഒറ്റയടിക്ക്  നിരസിച്ചു.

 " അല്ല ഔക്കൂ .... അനക്കറിയോ കേരളം വിടുന്ന വരെ ഞാനെ ഉള്ളൂ കിളി ആയിട്ട്. പിന്നെ അവിടുന്നങ്ങോട്ട് കിളികളോട് കിളികകളാ വേണേ പോര് "

"പോടാ അവിടുന്ന്.., അനക്ക്  ഇങ്ങനെ പോയാ  എയിഡ്സ് പിടിക്കും. "

"അയ്യേ ഞാനാ ടൈപ്പ് അല്ല. ഞാൻ ഉറങ്ങും ഡ്രൈവർ അയമുക്കാ ആണ് അയിന്റെ ഉസ്താദ്‌ " 

രണ്ടു പേരും നടന്നു നടന്ന്   ഒരു വാഴത്തൊട്ടത്തിനു അടുത്തെത്തി.

"ഔക്കൂ ..... ഇയ്യി ഇവിടെ  നിക്ക് , ഞാനിപ്പം വരാം" 

സതീശൻ ഔക്കുവിനെ വരമ്പത്ത് നിർത്തി തോട്ടത്തിലേക്ക്  പോയി. അവനറിയാം വാഴക്കുല ഒക്കെ മൂത്ത് നിക്കുന്ന സമയം ആണ് . കുറെ എണ്ണം ഒക്കെ പഴുത്തതും കാണും. അധികം താമസിയാതെ സതീശൻ അഞ്ചാറ് പഴുത്ത നെന്ദ്രക്കായകളും ആയി വന്നു. അതും തിന്ന് അവരങ്ങനെ നടന്നു. ഒടുവിൽ   പുഴക്ക്‌  അടുത്ത്  തിരിച്ചെത്തി. 

സതീശന്റെ വീട് പുഴ വക്കത്താണ് . ഔക്കുവിനു പോകാൻ  അടുത്ത പറമ്പിൽ നിന്നും കുറച്ചു ഓലക്കണ്ണി പെറുക്കി കെട്ടി ചൂട്ടാക്കി കത്തിച്ചു കൊടുത്തു. അവരങ്ങനെ കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ പുഴ കടന്നു ഒരാൾ ഇങ്ങോട്ട് വരുന്നുണ്ട്. അടുത്ത് എത്താറായപ്പോൾ ആളെ മുഖം തെളിഞ്ഞു വന്നു. അത്  ഞമ്മളെ കോയിസ്സൻക്കാ തന്നെ. മൂപ്പരെ വീടും ഇക്കരെ തന്നെ ആണ്.  ഏതാണ്ട് അടുത്തെത്താറായതും ഔക്കു ചൂട്ട് കുത്തി കെടുത്തി കളഞ്ഞു. അല്ലാതെ വഴി ഇല്ല. ഉമ്മാക്ക് സുഖമില്ല എന്ന് പറഞ്ഞു മുങ്ങിയത് അല്ല  പ്രശ്നം. സിനിമക്ക്  പോയതാണെന്ന് പറഞ്ഞാൽ  മൂപ്പർ വിശ്വസിക്കില്ല, ഈ സമയത്ത് കണ്ടാൽ വേലി ചാടാൻ പോയി വരുക ആണെന്നെ പറയൂ .  കോയിസ്സൻക്കാ പേടിച്ചു വിറച്ചു പോയി പിന്നെ നിലവിളിച്ചു കൊണ്ട് ഒറ്റ ഓട്ടം. സതീശനും പോയി. ഔക്കു നേരെ പുഴിലേക്ക് നടന്നു.

ഏതാണ്ട് പുഴക്ക്‌ നടുക്കെത്തി. വേനൽ കാലം ആയതിനാൽ അധികം വെള്ളം ഇല്ല. ഏതാണ്ട് മുട്ടിനേ ഉള്ളൂ. എന്നാലും വെള്ളം അൽപം കൂടിയോ എന്ന് ഒരു സംശയം. ഭയം കൊണ്ട് ഔക്കുവിന് അങ്ങനെ ഒക്കെ തോന്നി തുടങ്ങി.

" ഇങ്ങൊട്ട്  വരുമ്പം കണ്ട വെള്ളം അല്ലല്ലോ" ഔക്കു ആരോടെന്നില്ലാതെ പറഞ്ഞു. 

"ഏയി..... ഐനാത്തിരം വെള്ളം ഒന്നും ഇല്ലേയി........"

ഞെട്ടിത്തരിച്ചു കൊണ്ട് ഔക്കു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ഒരു തല വട്ടത്തിന്  അകത്ത് കത്തുന്ന നേരിയ  തിരി നാളം മാത്രം തൊട്ടു മുൻപിൽ.  വേറെ ഒന്നും കാണാനില്ല ഔക്കു അലറി വിളിച്ചു കൊണ്ട് ഓടാൻ തുടങ്ങി. വെള്ളത്തിൽ വീണു മുങ്ങി. ഒരു വിധം എണീറ്റ് വീണ്ടും ഓടി. കാലുകൾ പൂഴിയിൽ താഴ്ന്നു പോകുന്നു . ശരീരം ആകെ കുഴഞ്ഞു പോയ  പോലെ അവനു തോന്നി . ഒരു വിധം ഇഴഞ്ഞും മറിഞ്ഞും മറുകര എത്തി. തിരിഞ്ഞു നോക്കാതെ  നേരെ നടന്നു.

കാവിനു നേരെ എത്താറായപ്പോൾ നെഞ്ചിന്റെ മിടിപ്പ് കൂടാൻ തുടങ്ങി. കുറ്റിചൂളാൻ  കൂവുന്നതായി അവന് തോന്നി. ഇക്കരെ കൂവിയാൽ അക്കരെ മരണം. അതാണ്‌  പതിവ്. ഒരു നേരിയ വെളിച്ചം കാണുന്നുണ്ട് കാവിൽ നിന്നാണോ എന്നറിയില്ല ഈ പാതിരാക്ക്‌ കാവിൽ ആരാ വിളക്ക് വെച്ചത്? ഇങ്ങോട്ട് വരുമ്പോൾ കണ്ടിരുന്നില്ലല്ലോ.  കുറച്ചു കൂടി നീങ്ങിയപ്പോൾ വ്യക്തത വന്നു. വെളിച്ചം കാവിൽ നിന്നല്ല. തൊട്ടടുത്ത് ഒരു ഓവ് പാലം ഉണ്ട് .  ഇരുവശത്തും തിണ്ടുകളോടെ . വെളിച്ചം അവിടെ നിന്നാണ്. അതെ അവിടെ രണ്ടു പേർ ഇരിക്കുന്നു. ഔക്കു അവരെ ഗൌനിക്കാതെ അതിവേഗം നടക്കാൻ നോക്കി.

"മോനെ ഔക്കൂ  ഇയ്യി  ഈ പാതിരാക്ക് എവിടുന്നാ?"

പരിചയം ഉള്ള ശബ്ദം. അതെ അത് മ്മളെ വേലുക്കുട്ടിയേട്ടനും  കുട്ടപ്പായിയേട്ടനും  ആണ്. വിളക്കും കത്തിച്ചു വെച്ച്  ഉള്ള മദ്യ സേവയിൽ . പൂള പുഴുങ്ങിയതും പുഴ മീൻ പൊരിച്ചതിന്റെയും ഒക്കെ മണം  വരുന്നു. 

"ഞാൻ സംഗീതയിൽ സെക്കണ്ട് ഷോ കയിഞ്ഞി വര്വാ...."

"ഇന്നാ നിക്ക് മോനെ ഒരു ചൂട്ടു കത്തിച്ചു തെരാ.... എടെക്കൂടെ പോണ്ടതല്ലേ...... എഴാതികൾ കാണും" കുട്ടപ്പായിയേട്ടൻ ഔക്കുവിനു ചൂട്ട്  ഉണ്ടാക്കാൻ പോയി.

"ഔക്കുവെ..... ഇയ്യി നനഞ്ഞിരിക്കണല്ലോ, പൊഴേല് വീണോ" വേലുക്കുട്ടിയേട്ടൻ നാവു കുഴഞ്ഞു കൊണ്ട് ചോദിച്ചു.

ഔക്കു പുഴയിൽ കണ്ട കാര്യങ്ങൾ പറഞ്ഞു. 

"അത് മ്മളെ മൈതീൻ അല്ലെ ഓൻ ഇപ്പ ഇബടിന്നു ആട്ട് ...പോയതെ... ള്ളൂ. പഹേന്  കള്ളും പൂളെയിം പള്ളേൽ നിറഞ്ഞാൽ പിന്നെ ഒരു കെട്ട്  ബീഡിയും  ആയി പോഴേ...പോയി ഒറ്റ കെടത്താ..... " 

വേലുക്കുട്ടിയേട്ടന്റെ വിവരണം കേട്ടതും ഔക്കുവിനു ശ്വാസം നേരെ കിട്ടി

കുട്ടപ്പായിയേട്ടൻ കത്തിച്ചു കൊടുത്ത ചൂട്ടുമായി ഔക്കു വീട്ടിലേക്ക്  നടന്നു. ഭയം ഒക്കെ കുറേശ്ശെ പോയീട്ടുണ്ട്. ഇനി ഉമ്മാന്റെ ചോദ്യം ചെയ്യൽ കൂടി ബാക്കി ഉണ്ട്. വീടെത്തി ഉറക്കത്തിൽ ആയ ഉമ്മ സമയം വൈകിയത് ഒന്നും അറിഞ്ഞിരുന്നില്ല അധികം ചോദ്യം ചെയ്യലും ഉണ്ടായില്ല. ഔക്കു കട്ടിലിൽ എത്തിയതും ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ ഔക്കു ഉണരുമ്പോൾ 10 മണി ആയിക്കാണും. കൊയിസ്സൻക്കാക്ക് ചരക്കെടുക്കാൻ പോകേണ്ടതാ. രാവിലത്തെ കാര്യങ്ങൾ ഒക്കെ വേഗം കഴിച്ചു കൂട്ടി ഔക്കു കടയിലേക്ക് നടന്നു. 

സതീശൻ രാവിലെ തന്നെ കടത്തിണ്ണയിൽ ദിനേശ് ബീഡിയും വലിച്ച്  ഇരിപ്പുണ്ട് . 

"ഔക്കൊ ഇയ്യെത്തിയോ. ഞാൻ സതീശനോട് ഇന്നലത്തെ കാര്യം പറഞ്ഞിരിക്കായിരുന്നു. ഇയ്യി പോയതും കടേൽ നല്ല തെരക്ക്. പൂട്ടാൻ വൈകിപ്പോയി. പൊയ അക്കരെ കടന്നതും രണ്ടു കള്ളന്മാർ ഇന്റടുത്തെത്തിയതും ഓര്  ചൂട്ടും കെടുത്തി ഇന്നെ  പിടിക്കാൻ  വന്നു. പീടിയ പൂട്ടി വര്വല്ലേ, കയ്യിലുള്ള കാശ് അടിച്ചെടുക്കാനുള്ള പൊറപ്പാടിൽ ആയിരുന്നു പഹയന്മാർ. എങ്ങനാ പൊരേൽ എത്തിയതുന്നു ഇനിക്കും പടച്ചോനും മാത്രേ അറിയൂ...."

സതീശൻ ചിരി അടക്കാൻ വായ പൊത്തി പിടിക്കുന്നുണ്ട്. 

അധികം കഴിഞ്ഞില്ല മൊയിതീൻക്കായും എത്തി.

കോയിസ്സൻക്കാ മൊയ്തീൻക്കാനോടും കാര്യങ്ങൾ വിവരിച്ചു 

" അയിന്  കോയിസ്സാ  ഇയ്യി അക്കരക്ക്‌  പോയതും പിന്നെ ഔക്കു പോയെലേക്ക് എറങ്ങി വരുന്നത് ആണല്ലോ ഞാൻ കണ്ടത്. ഓൻ ഇന്നെ കണ്ടപ്പം പേടിച്ച്  ഓടേയിം ചെയ്തു "

കോയിസ്സൻക്കാ ചെറിയ ഒരു മൌനത്തിനു ശേഷം.  " ഔക്കൂ... അപ്പം ഇയ്യി ആയിരുന്നു  അല്ലെ അത്. എന്തിനാടാ ചൂട്ട് കെടുത്തിയത്? എവെടെടാ മറ്റവൻ"

സതീശൻ അപ്പഴേക്കും മുങ്ങിയിരുന്നു.
                                                                                                               
                                                                     ------------------

2 അഭിപ്രായങ്ങൾ:

  1. GOOD STORY, REMINDS KERALA VILLAGES OF 60'S AND 70'S.

    മറുപടിഇല്ലാതാക്കൂ
  2. ഹായ് !
    നേരത്തെ പോയ സ്ഥലമായത് കൊണ്ട് എല്ലാം എന്റെ കണ്ണിനു മുന്നിൽ കാണുന്നത്‌ പോലെ. ഇന്നത്തെ ഉറക്കത്തിൽ ആ കാവ് സ്വപ്നം കണ്ടിരുന്നെങ്കിൽ.... !

    മറുപടിഇല്ലാതാക്കൂ