2014, മാർച്ച് 24, തിങ്കളാഴ്‌ച

ന്നാലും ന്റെ ശശിയേട്ടാ.......

ഔക്കുവിന്റെ ആട് പെറ്റു. നല്ല ഓമനത്തമുള്ള രണ്ട് ആട്ടിൻ കുട്ടികളെ  അവനു കൂട്ടിനായി കിട്ടി.  സ്ക്കൂൾ വിട്ടു വന്നാൽ അവൻ അവയെ കളിപ്പിച്ചു കൊണ്ടിരിക്കും. ഒരുമിച്ചുറങ്ങും.

ആയിടെ ഔക്കുവിന്റെ ഉമ്മാക്ക് പനി വന്നു. കടുത്ത പനി തന്നെ. പുതപ്പിന് ഉള്ളിൽ കിടന്നുകൊണ്ട് ഉമ്മ പറഞ്ഞു. 

" ഔക്കൂ ഇയ്യി പോയി ഞമ്മളെ കുട്ട്യെസൻ മൊല്ലാക്കന്റെ അടുത്തുന്നു ഒരു കുപ്പി വെള്ളം മന്തിരിച്ചു കൊണ്ട് വാ. ഞാൻ കറന്നു വെച്ച ഒരു കുപ്പി ആട്ടിൻ പാല് മൂപ്പർക്ക് കൊടുക്കെയിം ചെയ്യി ".

ഔക്കുവിന്റെ നിലപാട് മറ്റൊന്നായിരുന്നു. " അതൊന്നും വേണ്ട. ഞാൻ ഞമ്മളെ ശശിയേട്ടന്റെ മെഡിക്കൽ ഷോപ്പീന്നു പനീന്റെ  മരുന്നും മാങ്ങി ഇപ്പം വരാ...". 

ഔക്കു മരുന്ന് ഷാപ്പിൽ എത്തി, കാര്യം പറഞ്ഞു. ശശിയേട്ടൻ കുറച്ചു പാരസൈറ്റമോൾ ഗുളിക എടുത്ത്  കൊടുത്ത് പറഞ്ഞു. "ഇത്  ഒന്ന് വീതം മൂന്നു നേരം വെച്ച് ഏഴ് ദിവസം കഴിക്കണം. പനി മാറും ".

" കഴിച്ചില്ലെങ്കിലോ". ഔക്കുവിന്റെ കുരുട്ട് ചോദ്യം.

"കഴിച്ചില്ലേങ്കീ  പനി മാറാൻ ഒരാഴ്ച എടുക്കും". ശശിയേട്ടന്റെ കുരുട്ട് മറുപടി.

"എത്ര പൈസ ആയി ". ഔക്കു  പെർസ്  എടുത്തു.

"ചെലക്കാതെ പോടാ അവിടുന്ന്. പോയി ഉമ്മാക്ക് ഗുളിക കൊടുക്ക്‌ ". 

ശശിയേട്ടൻ അങ്ങനാ. അല്ലറ ചില്ലറ മരുന്നിനോന്നും ഔക്കുവിനോട് കാശ് വാങ്ങില്ല.

ഉമ്മ ഗുളിക ഒന്നും കഴിക്കാൻ തയ്യാറില്ല.

"എടാ ഹമുക്കേ അന്നോടല്ലേ മൊല്ലാക്കന്റെ അടുത്തുന്നു വെള്ളം മന്തിരിച്ചു കൊണ്ടൊരാൻ പറഞ്ഞത്. അനക്ക്  ഞാൻ മയ്യത്തായി കാണാനാണോ പൂതി".

ആ വാക്കുകൾ  ഔക്കുവിന്  സഹിക്കാൻ പറ്റിയില്ല. അവൻ ഉമ്മ കറന്നു വെച്ച  പാലും ഒരു കുപ്പി വെള്ളവുമായി കുട്ടിയേസൻ മൊല്ലാക്കന്റെ അടുത്തെത്തി. കാര്യങ്ങൾ പറഞ്ഞു.

മൊല്ലാക്ക സന്തോഷത്തോടെ  പാൽ വാങ്ങി വെച്ചു, കുപ്പി വെള്ളത്തിൽ മന്ത്രിച്ച്‌ ഊതാൻ തുടങ്ങി. 

'ഇസ്സഫ്ഫൂ....... ഇസ്സഫ്ഫൂൂ ...... അതാണ്‌ ഊത്തിന്റെ ശബ്ദം. മൊല്ലാക്കക്ക്  കുറേശ്ശെ ചുമ ഉണ്ട്. ഊത്തും ചുമയും വഴി കുറേശ്ശെ തുപ്പൽ വെള്ളത്തിലേക്ക് തെറിക്കുന്നതായി ഔക്കുവിനു തോന്നി. ഉമ്മാക്ക് ഇപ്പൊ പനിയെ ഉള്ളൂ. ഈ മന്ത്രിച്ച വെള്ളം കൊടുത്താൽ ഒരു പക്ഷെ ചുമയും കൂടി വരുമോ എന്ന്  അവന് സംശയം.

മന്ത്രിച്ച വെള്ളം മൊല്ലാക്ക ഔക്കുവിനു നീട്ടി പറഞ്ഞു, " എടാ ഔക്കൂ ഇയ്യി ഈ വെള്ളം ഉമ്മാനെ കൊണ്ട് കുടിപിക്കണം. ഏഴു ദെവസം ഏഴു കുപ്പി അതാണ്‌ കണക്ക് . അതോടെ പനി മാറും". 

"കുടിച്ചില്ലേ ഒരാഴ്ച്ച കൊണ്ട് പനി മാറുഓ ഉസ്താദെ....." ഔക്കു കുരുട്ടു ചോദ്യം അവിടെയും ആവർത്തിച്ചു 

" കുരുത്തം കെട്ട ചെക്കൻ, വെറുതല്ല അന്റെ തല കണ്ടതും ബാപ്പ മയ്യത്തായത് ". 

" അയിന്  ഇനിക്ക് അഞ്ചു വയസ്സുള്ളപ്പം അല്ലെ ബാപ്പ പോയത് ?".... ഔക്കു തിരുത്തി.

അധികം തർക്കിക്കാൻ നിക്കാതെ ഔക്കു മന്ത്രിച്ച വെള്ളവുമായി തിരിച്ചു നടന്നു. പോകുന്ന വഴിയിൽ ദാമോദരേട്ടന്റെ വാഴത്തോട്ടത്തിൽ ഒരു കിണർ ഉണ്ട്.  മന്ത്രിച്ച വെള്ളം  അവിടെ കളഞ്ഞു, കിണറ്റിൽ നിന്നും വെള്ളം നിറച്ചു ഉമ്മാക്ക് കൊണ്ട് പോയി കൊടുത്തു. പിറ്റേന്നും ഒരു കുപ്പി വെള്ളവും ഒരു കുപ്പി ആട്ടിൻ പാലുമായി ഔക്കു മൊല്ലാക്കന്റെ അടുത്തേക്ക് നടന്നു. 

മൊല്ലാക്കനെ എന്നും ഇങ്ങനെ ശുദ്ധ ആട്ടിൻ പാൽ കുടിപ്പിക്കേണ്ട. ഔക്കു ഉറച്ചു. കുറച്ചു പാൽ വഴിയിൽ വെച്ച് കുടിച്ച ശേഷം ബാക്കി ദാമോദരേട്ടന്റെ കിണറ്റിലെ വെള്ളവും നിറച്ച് മൊല്ലാക്കക്ക് കൊണ്ട് പോയി കൊടുത്തു. 

" എടാ ഇന്നത്തെ പാൽ കണ്ടിട്ട് നെർത്തിരിക്കുന്നല്ലൊ"

" മൊല്ലാക്ക കുറച്ച് പുണ്ണാക്ക്  മന്തിരിച്ചു തെരി.. ഞാൻ ആടിന് കൊടുക്കാം.. ആട് മുഴുത്ത പാൽ തരുവായിരിക്കും".  

" അത് അന്റെ തലക്കകത്ത് തന്നെ ഉണ്ടല്ലോ, ഇങ്ങോട്ട് വാ.. ഞാൻ മന്തിരിച്ചു തെരാ....." 

ഔക്കൂ മന്ത്രിച്ച വെള്ളവുമായി വീണ്ടും തിരിച്ചു പോയി. ദാമോദരേട്ടന്റെ കിണറ്റിൽ നിന്നും വെള്ളം മാറ്റി. അതങ്ങനെ ഏഴ്‌  ദിവസവും തുടർന്നു. വെള്ളംചേർത്ത  ആട്ടിൻ പാൽ മൊല്ലാക്കയും ഏഴു ദിവസം കുടിച്ചു.  ഉമ്മാന്റെ പനി ഒക്കെ മാറി. എന്നാൽ ഔക്കുവിന്റെ ആടിന് വയറിളക്കം തുടങ്ങി. 

" മോനെ ഔക്കൂ ഇയ്യി പോയി ഒരു കുപ്പി വെള്ളം കൂടി മന്തിരിപ്പിച്ചു കൊണ്ട് വാ. ന്നാലെ ആടിന്റെ സൂക്കേട്‌ മാറൂ......"

" ഫലിക്കുവോന്നു തോന്നുന്നില്ല ഇമ്മാ, ആട് മനുഷ്യൻ അല്ലല്ലോ അയിനു മന്ത്രത്തിലും കൂടോത്രത്തിലും ഒന്നും വിശ്വാസം ഉണ്ടാവുലല്ലോ....." ഔക്കുവിന്റെ സ്വാത്വികമായ നിരീക്ഷണം.

ഔക്കു ഉപയോഗിക്കാത്ത ഗുളികകളുമായി ശശിയേട്ടന്റെ അടുത്ത് പോയി പറഞ്ഞു. 

" ഉമ്മ ഗുളിക കഴിച്ചിട്ടില്ല . പൊട്ടിച്ചിട്ടും ഇല്ല . ഇവിടെ  തന്നെ വെച്ചോളി. ഇങ്ങക്ക് ഞാൻ ദാമോദരേട്ടന്റെ കിണറ്റിലെ വെള്ളം കുറച്ച്  കൊണ്ട് തരട്ടെ. അത് വിറ്റൊളി... പനിക്ക് പറ്റിയ മരുന്നാ... ഒരാഴ്ച്ച കുടിച്ചാ മതി. ന്നാലും ന്റെ ശശിയേട്ടാ...." .

                                                                              -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ